January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എന്താണ് ബ്ലാക്ക് ബോക്സ്?

ജോബി ബേബി,(നഴ്‌സ്‌,കുവൈറ്റ്)

വിമാനങ്ങളിൽ ഘടിപ്പിക്കുന്ന ഇലക്ട്രോണിക് റെക്കോഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. ഹെലികോപ്റ്ററോ വിമാനമോ അപകടത്തിൽപെട്ടാൽ അതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകുന്നത് ബ്ലാക്ക് ബോക്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. കോക്ക്പിറ്റ് ശബ്ദത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ സംരക്ഷിക്കാനും അത് വിശകലനം ചെയ്ത് അപകടത്തിനിരയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുന്നു. ഭാവിയിൽ സമാനമായ അപകടങ്ങൾ തടയാനും ഇത് ഉപകരിക്കും.

കോക്ക്പിറ്റ് സംഭാഷണങ്ങളും ഒരു വിമാനത്തിന്റെ, അല്ലെങ്കിൽ ഹെലികോപ്റ്ററിന്റെ പ്രവർത്തനവും ഇതിൽ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തും. ഇതുവഴി പറക്കലിനിടെയുള്ള വിമാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദാംശങ്ങളും അത് തകരുന്നതിന് മുമ്പ് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും അവസാന സംഭാഷണങ്ങളും കൃത്യമായി അറിയാൻ അപകടത്തെപ്പറ്റി അന്വേഷിക്കുന്നവരെ ബ്ലാക് ബോക്സ് സഹായിക്കുന്നു.ഏകദേശം നാലര കിലോഗ്രാമാണ് ബ്ലാക് ബോക്സിന്റെ ഭാരം. നാല് പ്രധാന ഭാഗങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അപകടത്തിൽ കേടുപാട് സംഭവിച്ചാൽ അത് പരിഹരിക്കാനും റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദങ്ങളുടെ പ്ലേബാക്ക് സുഗമമാക്കാനും രൂപകൽപ്പന ചെയ്ത ചേസ്സിസ്, ഒരു അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച ‘ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റ്’ എന്നിവയാണ് പ്രധാന ഭാഗങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ, ഒരു നാണയത്തേക്കാൾ വലിപ്പം കുറഞ്ഞ റെക്കോർഡിങ് ചിപ്പുകൾ ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റിന് ഉള്ളിലായി സ്ഥിതിചെയ്യുന്നു.

എഫ്ഡിആറും സിവിആറും

ബ്ലാക്ക് ബോക്സിൽ രണ്ട് തരം ഫ്ലൈറ്റ് റെക്കോഡിങ് ഡിവൈസുകളാണ് ഉള്ളത്. ആദ്യത്തേത് ഫ്ലൈറ്റ് ഡാറ്റ റെക്കോഡറാണ് (FDR). വിമാനത്തിന്റെ ഓരോ പ്രവർത്തനങ്ങളെയും ചലനങ്ങളെയും സെക്കന്റ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, വെർട്ടിക്കൽ ആക്സിലറേഷൻ, ഇന്ധന ഉപയോഗത്തിന്റെ വിവരങ്ങൾ എന്നിവയാണ് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ രേഖപ്പെടുത്തുന്നത്. ഏകദേശം 25 മണിക്കൂറോളം ഡാറ്റ റെക്കോർഡ് ചെയ്യാനുള്ള സംഭരണശേഷിയാണ് ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിനുള്ളത്.രണ്ടാമത്തേത് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR) ആണ്. കോക്ക്പിറ്റിലെ പൈലറ്റുമാരുമായുള്ള സംഭാഷണങ്ങൾ അടക്കം ഓരോ ശബ്ദങ്ങളും റെക്കോർഡ് ചെയ്യുന്ന ഉപകരണമാണ് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ. എഞ്ചിന്റെ ശബ്ദം മുതൽ സ്വിച്ചുകളുടെ ശബ്ദംവരെ ഇതിൽ റെക്കോർഡ് ചെയ്യപ്പെടും.ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ തന്നെ വിമാനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിവരങ്ങളെല്ലാം ലഭ്യമാകും. അപകടത്തിൽപ്പെട്ട വിമാനത്തിന് ഉണ്ടായിരുന്ന തകരാറുകളും മനസിലാക്കാൻ ഇതിലൂടെ സാധിക്കും.

എങ്ങനെ കണ്ടെത്തും?

സമുദ്രത്തിലോ മറ്റോ വെച്ചാണ് അപകടം സംഭവിക്കുന്നതെങ്കിൽ പോലും ബ്ലാക് ബോക്സ് കണ്ടെത്താൻ കഴിയും. ബ്ലാക്ക് ബോക്സുകളിലുള്ള അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ ഉപയോഗിച്ചാണ് ഇത് കണ്ടെത്താനാകുക. ഉപകരണത്തിന്റെ പുറത്തുള്ള സെൻസർ വെള്ളത്തിൽ സ്പർശിക്കുമ്പോൾ മുതൽ തന്നെ ഒരു അൾട്രാസോണിക് പൾസ് പുറപ്പെടുവിക്കാൻ തുടങ്ങും. പെട്ടി വെള്ളത്തിനടിയിലാണെങ്കിൽ മാത്രമേ ഈ മാർഗത്തിലൂടെ ഇത് കണ്ടെത്താനാകുകയുള്ളു.കരയിൽവെച്ചാണ് അപകടം സംഭവിക്കുന്നതെങ്കിൽ തിരച്ചിൽ നടത്തുന്നവർക്ക് ബ്ലാക് ബോക്സ് കണ്ടെത്താൻ അതിന്റെ ശോഭയുള്ള ഓറഞ്ച് നിറത്തെ തന്നെ ആശ്രയിക്കേണ്ടി വരും.

ഡാറ്റ പ്രോസസ്സിങ്

സാങ്കേതിക വിദഗ്ധർ ബ്ലാക് ബോക്സിന് പുറത്ത് കവചം തീർക്കുന്ന സംരക്ഷിത വസ്തുക്കൾ നീക്കംചെയ്യുകയും അബദ്ധത്തിൽ പോലും ഡാറ്റ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ കണക്ഷനുകൾ ശ്രദ്ധാപൂർവ്വം വൃത്തിയാക്കുകയും ചെയ്യുന്നു. ഓഡിയോ അല്ലെങ്കിൽ ഡാറ്റ ഫയൽ ഡൗൺലോഡ് ചെയ്യുകയും അത് പകർത്തി സൂക്ഷിക്കുകയും വേണം. ഗ്രാഫുകളാക്കി മാറ്റുന്നതിന് മുമ്പ് റോ ഫയലുകളിൽ നിന്നാണ് ഡാറ്റ ഡീകോഡ് ചെയ്യുന്നത്.ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും അടങ്ങിയിരിക്കുന്ന ബ്ലാക്ക് ബോക്സ് വാണിജ്യ വിമാനങ്ങളിലും പ്രൈവറ്റ് ജെറ്റുകളിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. സാധാരണയായി വിമാനത്തിന്റെ ഏറ്റവും പുറകുവശത്തായാണ് ബ്ലാക്ക്ബോക്സ് ഘടിപ്പിക്കുന്നത്. ഒരു വിമാനം തകരുകയാണെങ്കിൽ ഏറ്റവും കുറവ് കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗമാണിത് എന്നതിനാലാണ് ഇത്.

ഫലം വരാനെടുക്കുന്ന സമയം

അപകടത്തിന്റെ ആഴവും ബ്ലാക്ക് ബോക്സിന് സംഭവിക്കുന്ന കേടുപാടുകളും കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾക്കുള്ളിലോ പ്രാഥമിക വിവരങ്ങൾ ലഭിക്കും. ഇടക്കാല റിപ്പോർട്ടുകൾ ഒരു മാസത്തിന് ശേഷമാണ് പ്രസിദ്ധീകരിക്കാറുള്ളത്, പക്ഷേ പലപ്പോഴും ഇത് സംഭവിക്കാറില്ല. ആഴത്തിലുള്ള അന്വേഷണങ്ങൾ പൂർത്തിയാകാൻ ഒരു വർഷമോ അതിലധികമോ സമയമെടുക്കുന്നതാണ് പതിവ്.

‘കൺട്രോൾട് ഫ്ലൈറ്റ് ഇന്റു ടെറെയ്ൻ’ അഥവാ സിഎഫ്ഐടി (CFIT)

ഒരു വിമാനം അല്ലെങ്കിൽ ഹെലികോപ്റ്റർ പൂർണ നിയന്ത്രണത്തിലായിരിക്കുമ്പോൾ തന്നെ ഭൂപ്രദേശവുമായി (ഗ്രൗണ്ട്, പർവ്വതം, ജലാശയം അല്ലെങ്കിൽ ഏതെങ്കിലും തടസ്സം) സാങ്കേതിക തകരാർ കാരണമല്ലാതെ കൂട്ടിയിടിക്കുന്ന സാഹചര്യത്തെയാണ് സിഎഫ്ഐടി (CFIT) എന്നു പറയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മിക്കപ്പോഴും പൈലറ്റിനോ ക്രൂവിനോ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് അവസാനഘട്ടം വരെ സൂചനകളൊന്നും ലഭിച്ചെന്നുവരില്ല. ലാൻഡിങ് ഘട്ടത്തിലാണ് സിഎഫ്ഐടി അപകടങ്ങൾ സാധാരണയായി സംഭവിക്കുന്നത്. മൂടൽമഞ്ഞ് കാരണമോ മറ്റ് എന്തെങ്കിലും കാഴ്ച മറയ്ക്കുന്ന സാഹചര്യമോ കാരണമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുക.

പേരുപോലെ ‘ബ്ലാക്ക്’ അല്ല ബ്ലാക്ക് ബോക്സ്

ബ്ലാക്ക് ബോക്സ് എന്നാണ് പേരെങ്കിലും ഇതിന്റെ നിറം ഫ്ളൂറസെൻറ് ഓറഞ്ചാണ്. എന്തുകൊണ്ടാണ് ഓറഞ്ച് നിറമുള്ള ഉപകരണത്തെ ബ്ലാക്ക് ബോക്സ് എന്നു വിളിക്കുന്നതിനെപ്പറ്റി വ്യക്തമായ ഉത്തരങ്ങളൊന്നും ലഭ്യമല്ല. രണ്ടാം ലോകമഹായുദ്ധ സമയത്ത് പട്ടാളക്കാർ അവരുടെ നാവിഗേഷൻ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത് കറുത്ത പെട്ടിക്കുള്ളിലായിരുന്നുവെന്നും ഇതിനെ തുടർന്നാണ് ഈ പേരു വന്നതെന്നുമാണ് ഏറ്റവും കൂടുതൽ പ്രചാരമുള്ള വിശദീകരണം.

(വിവരങ്ങൾക്ക് ഉള്ള കടപ്പാട് :ഗൂഗിൾ)

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!