January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നെടുമുടി വേണു ഇല്ലാത്ത മലയാള സിനിമ

ജോബി ബേബി,(നഴ്‌സ്‌,കുവൈറ്റ്)

വൈവിധ്യം തുളുമ്പുന്ന വേഷപ്പകർച്ചയിലൂടെ ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ മികച്ച നടന്മാരിലൊരാളായി പ്രേക്ഷക മനസ്സിൽ ‘തമ്പടി’ച്ചനെടുമുടിവേണു അരങ്ങൊഴിയുമ്പോൾ മലയാള സിനിമാലോകത്തിനു നികത്താനാകാത്ത വലിയ നഷ്ടമായി അതു മാറുന്നു.അഞ്ചു ദശകം നീണ്ട അഭിനയ ജീവിതത്തിനോടിവിൽ,73ആം വയസ്സിൽ അദ്ദേഹം വിടവാങ്ങുമ്പോൾ നടനം കൊടുമുടിയിറങ്ങുന്ന ഒരു പ്രതിനിധി ഉണ്ടാകുന്ന അവസ്ഥ.

സമ്പന്നമായ അഭിനയജീവിതത്തിൽ നായകനായും സ്വഭാവനടനായും വില്ലനായും സഹനടനുമായെല്ലാം നെടുമുടി വേണു തിളങ്ങി.അഞ്ഞൂറിലേറെ വേഷങ്ങളിൽ തന്റെ സ്വതസിദ്ധമായ അഭിനയ ഭാഷയിൽ കഥാപാത്രങ്ങളെ എക്കാലവും ഓർത്തെടുക്കുന്ന വ്യക്ത്വത്തങ്ങളാക്കി അദ്ദേഹം മാറ്റി.തിരക്കഥാകൃത്,ഗായകൻ,സംവിധായകൻ എന്നീ നിലകളിലും അരങ്ങിലും അണിയറയിലും തിരശ്ശിലയിലും നിറഞ്ഞുനിന്നു.നാടകവേദിയിലൂടെയാണ് തുടക്കമെങ്കിലും പിന്നീട് സിനിമയിലെത്തുകയായിരുന്നു.ആറ് സിനിമയ്ക്ക് തിരക്കഥയെഴുതി.സിനിമയിൽ 20ഓളം പാട്ടുകളും പാടി.രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.

1978ൽ ജി.അരവിന്ദന്റെ തമ്പിലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്.ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി.കോളേജ് പഠനകാലത്ത്‌ തോപ്പിൽ ഭാസിയുടെ”ഒരു സുന്ദരിയുടെ കഥ”എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു.മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.തിരുവന്തപുരം ദൂരദർശന്റെ തുടക്കകാലത്തു ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു.വേണു സംവിധാനം ചെയ്ത് കൈരളീ വിലാസം ലോഡ്ജ് എന്ന പരമ്പര ശ്രദ്ധിക്കപ്പെട്ടിരുന്നു.ഹിസ് ഹൈനെസ് അബ്ദുള്ള,മാർഗം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനായിരുന്നു ദേശീയ പുരസ്‌കാരം.ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അദ്ധ്യാപകനായിരുന്ന പി.കെ കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948മെയ് 22നാണ് കേശവൻ വേണുഗോപാൽ എന്ന വേണു ജനിച്ചത്.നെടുമുടി എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ,ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ,ആലപ്പുഴ എസ്.ഡി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.കോളേജ് പഠനകാലത്തുതന്നെ സാംസ്‌കാരിക,കലാസാഹിത്യരംഗങ്ങളിൽ സജീവമായി.കുറച്ചുകാലം പാരല്ലൽ കോളേജ് അധ്യാപകനായി പ്രവർത്തിച്ചു.കോളേജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഭാസിലയുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

ഇതിനിടെ കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ അംഗമായി.ഈ വഴിക്കാണ് ഭാരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്.ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്യ്തു.പിന്നീട് തിരുവന്തപുരത്തേക്ക് തട്ടകം മാറ്റി.അവനവൻ കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് ഇവിടെവച്ചാണ്.ഇടക്കാലത്ത്‌ കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലി നോക്കി.’എന്റെ മഴ’എന്ന ചിത്രത്തിലാണ് നെടുമുടി വേണു അവസാനമായി അഭിനയിച്ചത്.അഭിനയത്തിന്റെ കാര്യത്തിൽ ഇനിയും ഒരുപാടുദൂരം സഞ്ചരിക്കാനുണ്ടെന്ന ബോധ്യം നെടുമുടിക്കെന്നും ഉണ്ടായിരുന്നു.

കോട്ടും പാട്ടും ആട്ടവും അഭിനയവും എഴുത്തും എല്ലാം വഴങ്ങുന്ന സർവകലാവല്ലഭൻ നെടുമുടി വേണുവിനു കല ജന്മസിദ്ധമായിരുന്നു.സിനിമ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല.നാടൻപാട്ടിലും തനതു നാടകത്തിലും കഥകളിയിലും മൃദംഗത്തിലുമൊക്കെ പ്രാഗത്ഭ്യമുള്ള അദ്ദേഹത്തിന് ഇവയെക്കാളൊക്കെ മഹത്തരമാണ് സിനിമയെന്ന തോന്നലുമില്ലായിരുന്നു.പക്ഷേ,ഈ മഹാനടന്റെ പകരം വയ്ക്കാനാകാത്ത അഭിനയശേഷി ബോധ്യപ്പെട്ട സിനിമാലോകം അദ്ദേഹത്തെ ഹൃദയത്തിലേറ്റുകയായിരുന്നു.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!