January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“റോമൻ ചാരിറ്റി”(ലോക മുലയൂട്ടൽ വാരം)


ജോബി ബേബി(നഴ്‌സ്‌,കുവൈറ്റ്)

സിമോണിനെ പട്ടിണിയ്ക്കിട്ടു കൊല്ലാൻ റോമാ ചക്രവർത്തിയായ ടൈബീരിയസ് വിധിക്കുന്നു. അച്ഛനു സംഭവിക്കാൻ പോകുന്ന ദുര്യോഗത്തിൽ മകൾ പെറോ ആകെ വിഷണ്ണയായി. ജയിലറയിൽ മരിക്കാൻ കിടക്കുന്ന അച്ഛനെ ദിവസവും ഒരു നേരമെങ്കിലും കാണാനനുവദിക്കണമെന്നവൾ ചക്രവർത്തിയോട് ആവശ്യപ്പെട്ടു. കർശനമായ ഉപാധികളോടെ ടൈബീരിയസ് അതനുവദിച്ചു. ശരീരത്തിനുള്ളിൽ പോലും വെള്ളമോ ഭക്ഷണമോ ഒളിപ്പിച്ച് കടത്തുന്നില്ലെന്നുറപ്പാക്കിയ ശേഷം മാത്രമേ പെറോയ്ക്ക് സിമോണിനെ കാണാൻ കാവൽക്കാർ സമ്മതിച്ചിരുന്നുള്ളൂ.

പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും, ജലപാനം പോലുമില്ലാതിരുന്നിട്ടും സിമോൺ മരിച്ചില്ല. ആ അത്ഭുതത്തിന് പിന്നിലെ കാരണം തേടിപ്പോയ കാവൽക്കാർ ജയിലഴികൾക്കിടയിലൂടെ അച്ഛനെ മുലയൂട്ടുന്ന പെറോയെ കൈയോടെ പിടികൂടി. ടൈബീരിയസ് കോപാകുലനായി. രാജശാസനം ലംഘിച്ച പെറോയെയും ജയിലലടയ്ക്കാൻ ഉത്തരവായി.

കോപത്തോടെ തിരികെ രാജഗൃഹത്തിലെത്തുന്ന ടൈബീരിയസ് കാണുന്നത് തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഭാര്യയെയാണ്. സ്വയം മറന്നിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ഭാര്യയെ കണ്ട അയാളുടെ കോപമിരട്ടിച്ചു. “അഗ്രിപ്പിനാ…” അയാൾ ഉറക്കെ വിളിച്ചു. അഗ്രിപ്പിനയും മുലകുടിച്ചുറങ്ങുകയായിരുന്ന ഭാവി ചക്രവർത്തി കലിഗുലയും ഞെട്ടിത്തരിച്ചു..

കലിഗുല നാലുവായിൽ കരയാൻ തുടങ്ങി. മുലയൂട്ടൽ തടസപ്പെടുത്തിയതിൽ അഗ്രിപ്പിനയ്ക്കും ദേഷ്യം വന്നു. ഭാര്യയ്ക്ക് ദേഷ്യം വരുന്നത് കണ്ടപ്പോൾ പക്ഷെ ടൈബീരിയസിന് ഭയമായി. അയാളുടെ കലിയടങ്ങി. കാര്യമന്വേഷിച്ച അഗ്രിപ്പിനയോടയാൾ നടന്നതൊക്കെ പറഞ്ഞു. അച്ഛന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മുലയൂട്ടിയ മകളെ ശിക്ഷിച്ചത് കൊടിയ ക്രൂരതയാണെന്നവൾ ചക്രവർത്തിയോട് പറഞ്ഞു. താനൊക്കെ ഒരു രാജാവാണോ എന്നവൾ ആക്രോശിച്ചു. ശേഷം മുലയൂട്ടലിന്റെ പ്രാധാന്യത്തെ പറ്റി തനിക്ക് വല്ല ധാരണയുമുണ്ടോടാ എന്ന് ചോദിച്ച് കൊട്ടാരത്തിന് ചുറ്റും ഒരാഴ്ച ഓടിച്ചെന്നാണ് ചരിത്രം. ഓടിത്തളരുകയും കുറ്റബോധത്താൽ നീറുകയും ചെയ്ത ടൈബീരിയസ് ആ അച്ഛനെയും മകളെയും ജയിൽ മോചിതരാക്കാൻ കൽപ്പിച്ചു.

ശേഷമയാൾ മുലയൂട്ടലിന്റെ പ്രാധാന്യത്തെ പറ്റി ധാരാളം ലേഖനങ്ങൾ എഴുതി. അയാളത് ‘റോമൻ ഡയറി’ എന്ന തന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. അതിലെ ചില പ്രസക്ത ഭാഗങ്ങൾ ആധുനിക ശാസ്ത്രജ്ഞർ അടിച്ചുമാറ്റിയതാണ് താഴെ.

1.ആദ്യത്തെ ആറ് മാസം വരെ അമ്മയുടെ മുലപ്പാൽ മാത്രമേ കുഞ്ഞിന് ആവശ്യമുള്ളു.

2.മുലയുട്ടുന്നതിനു മുമ്പ് മുല നന്നായി കഴുകി വൃത്തിയാക്കണം. കുഞ്ഞിനെ രണ്ടു മുലകളും മാറ്റി മാറ്റി കുടിപ്പിക്കണം.

3.ഒരു മുലയിൽ നിന്നും പാല് മുഴുവൻ കുടിച്ചതിന് ശേഷമേ മറ്റേതിലേയ്ക്ക് മാറ്റാവൂ. ആദ്യം വരുന്ന പാല് (foremilk) കുഞ്ഞിന്റെ ദാഹം ശമിപ്പിക്കും. പിന്നീടുള്ളത് (Hindmilk) കുഞ്ഞിന്റെ വിശപ്പകറ്റുകയും കുഞ്ഞിന്റെ ഭാരം കൂട്ടുകയും ചെയ്യും.

4.സമയ ക്ലിപ്തത ഒന്നും നോക്കാതെ ആവശ്യമുള്ളപ്പോഴെല്ലാം കുഞ്ഞിനെ മുലയൂട്ടണം.

5.കുഞ്ഞിനു അസുഖം ആയാലും മുലയുട്ടൽ മുടക്കരുത്.

6.എത്രകാലം കഴിയുമോ, അത്രയും നാൾ മുലയുട്ടുന്നത് നല്ലതാണ്.

7.മുലക്കുപ്പി ഉപയോഗിച്ച് പാൽ കൊടുക്കാതിരിക്കുക. ആവശ്യമായി വരുമ്പോൾ കപ്പോ, കരണ്ടിയോ ഉപയോഗിക്കുക.

8.ആറ് മാസത്തിനു ശേഷം , മുലയൂട്ടുന്നതിനോടൊപ്പം തന്നെ കൂവരക് (Ragi ) കുറുക്കിയത് ,വേവിച്ചുടച്ച വാഴപ്പഴം ,വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, അരിയും തുവരപ്പരിപ്പും ചേർത്തുണ്ടാക്കിയ കിച്ചടി, നുറുക്ക് ഗോതമ്പ് കുറുക്കിയത് എന്നിങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയ ലഘുഘര രൂപത്തിലുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കണം. കുഞ്ഞു വളരുന്നതോടൊപ്പം തന്നെ,കൊടുക്കുന്ന ആഹാരത്തിന്റെ അളവും വർദ്ധിപ്പിക്കണം

9.രാത്രിയിൽ മുലയൂട്ടാൻ മടി കാണിക്കരുത്. പ്രൊലാക്റ്റിൻ എന്ന ഹോർമോണിന്റെ ഉത്പാദനം രാത്രിയാണ് കൂടുതൽ. പാലുണ്ടാക്കുന്ന ഹോർമോൺ അതാണല്ലോ.

10.കുഞ്ഞിന് രണ്ടു വയസാകുന്നതുവരെയും മുലയൂട്ടാം. അതിനുശേഷം മുലയൂട്ടുന്നതിൽ പ്രത്യേകിച്ച് ഗുണമൊന്നുമില്ലാ.

ടൈബീരിയസിന് വന്ന ഒരു മാറ്റം നോക്കണേ.. ടൈബീരിയസ് ചക്രവർത്തിയെ ഭാര്യ കൊട്ടാരത്തിനു ചുറ്റും ഓടിച്ച ആ ഒരാഴ്ചയുടെ സ്മരണയിൽ എല്ലാവർഷവും ആഗസ്റ്റ് 1 മുതൽ 7 വരെ ‘ലോക മുലയൂട്ടൽ വാര’മായി ആചരിക്കാനും തുടങ്ങി.

‘റോമൻ ചാരിറ്റി’ എന്ന പേരിൽ പ്രശസ്തമായ ഈ സംഭവം ചരിത്രകാരന്മാർക്ക് മാത്രമല്ല, ഒരുപാട് ചിത്രകാരന്മാർക്കും ഇഷ്ടവിഷയമായിരുന്നു. അതിലൊരു ചിത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്.

(കടപ്പാട്:ഗൂഗിൾ)

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!