ജോബി ബേബി, (നഴ്‌സ്,കുവൈറ്റ്)
“ഗോഡ്സ് സർപ്രൈസിങ് പ്ലാൻ ഫോർ യുവർ ഗുഡ്”(നിങ്ങളുടെ നന്മയ്ക്കായുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതി)എന്ന പ്രശസ്തമായ ലേഖനത്തിൽ അമേരിക്കയിലെ യെല്ലോസ്റ്റോൺ ദേശീയ പാർക്കിന്റെ ചരിത്രം വിവരിച്ചിരിക്കുന്നത് രസകരമാണ്.അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളിലായി 9000ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് 1872 ആണ് ഔദ്യോദികമായി നിലവിൽ വന്നത്.പുല്ലും കുറ്റിച്ചെടികളും മരങ്ങളും അപൂർവ്വമായ മറ്റ് ചെടികളും നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ മാനുകൾ,മ്ലാവുകൾ,മുയലുകൾ എന്നിവ കൂടാതെ ചെന്നായ്ക്കളും ധാരാളം ഉണ്ടായിരുന്നു.ദേശീയോദ്യാനം സംരക്ഷിച്ചിരുന്ന ഫെഡറൽ ഗവണ്മെന്റിലെ ഉദ്യോഗസ്ഥൻ പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം കണ്ടെത്തി.ചെന്നായ്ക്കൾ മാനിനേയും മ്ലാവിനെയും ഒക്കെ ധാരാളമായി കൊന്ന് തിന്നുന്നു.അതു കൊണ്ട് 1914ൽ ദേശീയോദ്യാനത്തിലെ ചെന്നായ്ക്കളെയെല്ലാം അവർ കൊന്നു കളഞ്ഞു.എല്ലാം ഭംഗിയായെന്നവർ കരുതി.
എന്നാൽ ക്രമേണ മറ്റൊരു പ്രശ്നം ഉടലെടുത്തു.ചെന്നായ്ക്കളെ പേടിക്കേണ്ടാത്തതുകൊണ്ട് മാനും മ്ലാവും സമതലത്തിലേക്ക് ഇറങ്ങിവന്നു.അവയുടെ എണ്ണം പെരുകി.അവ പാർക്കിലെ കുറ്റിച്ചെടികളും അപൂർവ്വ സസ്യങ്ങളും തിന്നും ചവിട്ടിയും നശിപ്പിച്ചു.ചെടിയും മരവും കുറഞ്ഞപ്പോൾ മണ്ണൊലിപ്പ് കൂടി.ഫലം അതുവഴി ഒഴുകിയിരുന്ന ചില പുഴകളുടെ രൂപത്തിൽ പോലും മാറ്റങ്ങൾ വന്നു.ദേശീയോദ്യാനം മെല്ലെ നശിക്കാൻ തുടങ്ങി.ഇതിനെന്താ പരിഹാരം?വിദഗ്ധർ ഏറെ ചിന്തിച്ച ശേഷം കാനഡയിൽ നിന്നും കുറേ ചെന്നായ്ക്കളെ വീണ്ടും അവിടെ എത്തിച്ചു.ഫലം മാനുകളുടെയും മ്ലാവുകളുടെയും എണ്ണം കുറഞ്ഞു.അവ സമതലത്തിൽ നിന്ന് മാറി.വീണ്ടും മരങ്ങളും ചെടികളും ഉണ്ടായി.മണ്ണൊലിപ്പ് നിന്നു.പുഴകളിൽ ധാരാളം ജലമായി.അവിടെ അപൂർവ്വയിനം മത്സ്യങ്ങളും കൂടി.പാർക്ക് വീണ്ടും മനോഹരമായി.ചെന്നായ്ക്കളുടെ തിരിച്ചുവരവാണു ദേശീയോദ്യാനത്തിന് വീണ്ടും നവജീവൻ പകർന്നത്.
യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ നിന്നും നമ്മുക്കും ഒരു പാഠം പഠിക്കാനില്ലേ?കഷ്ടതകളും ബുദ്ധിമുട്ടിക്കുന്ന സാഹചര്യങ്ങളും ചെന്നായ്ക്കളെപ്പോലെയാണ്.അവ ഇല്ലാതിരുന്നെങ്കിൽ എന്നു നാം ആഗ്രഹിക്കും.എന്നാൽ നമ്മുടെ ജീവിദോദ്യാനത്തെ മനോഹരമാക്കുന്നതിൽ അവയ്‌ക്കൊരു പങ്കില്ലേ?.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ