January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

”വാക്സിൻ വിരുദ്ധ പ്രചാരകരെ ഒറ്റപ്പെടുത്തുക”


ജോബി ബേബി

നമ്മുടെ നാട്ടിൽ രോഗപ്രതിരോധ കുത്തിവയ്പുകൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടക്കുന്നു .ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു ലോകമെമ്പാടും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ രോഗപ്രതിരോധ മാർഗ്ഗങ്ങൾക്കെതിരെ സ്വാർത്ഥ താത്പര്യങ്ങൾക്കായി വ്യാജ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സാമൂഹിക വിരുദ്ധരെ ജനം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .ഈ ജനവഞ്ചകർക്കെതിരെ നടപടികൾ സ്വീകരിക്കുവാൻ ഇനി അധികാരികൾ വൈകിക്കൂടാ .കോടിക്കണക്കിനു രൂപ ചിലവിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് .

ശാസ്ത്രീയമായ അറിവിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും ഒരേ പോലെ അംഗീകരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്ന രീതിയാണ് പ്രതിരോധ കുത്തിവെയ്‌പുകൾ .പതിറ്റാണ്ടുകളായി അസംഖ്യം പിഞ്ചുകുട്ടികളുടെ മരണത്തിനും ശാരീരിക മാനസീക വൈകല്യങ്ങൾക്കും കാരണമായ പല രോഗങ്ങളേയും ഭൂമിയിൽ നിന്ന് തുടച്ചു നീക്കിയിട്ടുള്ളത് രോഗപ്രതിരോധ ചികിത്സയിലൂടെയാണ് .പാശ്ചാത്യ രാജ്യങ്ങളിൽ മികച്ച ആരോഗ്യസ്ഥിതി നില നില്ക്കുന്നതിന്റെ ഒരു പ്രധാന കാരണവും മികവുറ്റ രോഗപ്രതിരോധ മരുന്നുകളാണ് .നമ്മുടെ നാട്ടിൽ നിന്നും സ്മോൾ പോക്‌സ്‌ ,പോളിയോ തുടങ്ങിയ മാരകരോഗങ്ങൾ നിർമാർജനം ചെയ്യ്തതും ഈ മാർഗ്ഗത്തിലൂടെ തന്നെയാണ് .ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എം .ആർ വാക്സിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ് .കുട്ടികളിൽ മരണകാരണവും ,ശാരീരിക മാനസീക വൈകല്യകാരണവും ആകവുന്ന അഞ്ചാംപനി (മീസൽസ് ),ഗർഭസ്ഥ ശിശുക്കളിൽ മാനസീക ശാരീരിക വൈകല്യങ്ങൾ ഉണ്ടാക്കുന്ന റൂബെല്ല എന്നീ രോഗങ്ങളെ നമ്മുടെ രാജ്യത്ത് നിന്നും നിർമാർജനം ചെയ്‌യുന്നതിനായി സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമിച്ചതും ഇതിന്റെ ഭാഗമാണ് .ഇത് ജനാധിപത്യത്തെ വെല്ലുവിലിക്കാനുള്ള ധാർഷ്ട്യം കൊണ്ട് കൂടിയാണ് .

വാക്സിൻ വിരുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവർ വിളമ്പുള്ള വിഡ്ഢിത്തരങ്ങൾ ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവർ വെളിപ്പെടുത്താറില്ല .വ്യാജ പേരുകളിലും വ്യാജ അന്താരാഷ്ട്ര സംഘടനകളുടെ പേരിലും നവ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നവർ പലപ്പോഴും അന്താരാഷ്ട്രകണ്ടുപിടിത്തം എന്ന വ്യാജേനയാണ് കഥകൾ പ്രചരിപ്പിക്കുക .മറ്റുള്ളവരുടെ ഈ കുത്സിത പ്രവർത്തനങ്ങൾ മൂലം നിത്യരോഗികളും മരണപ്പെടുന്നവരുമായ ആളുകളെക്കുറിച്ച് ഇവർക്ക് ഒരു വേവലാതിയും ഇല്ല .പ്രഷർ ,ഷുഗർ ,കരൾരോഗങ്ങൾ ,കൊളെസ്ട്രോൾ ,കിഡ്‌നി രോഗങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന ഇവർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ഉണ്ടായിരിക്കുകയില്ല എന്ന സത്യം നമ്മൾ വിസ്മരിക്കരുത് .അന്താരാഷ്ട്രതലത്തിൽ പോലും വാക്സിൻ മൂലം “ഓട്ടിസം”ഉണ്ടാകുന്നു എന്ന് പ്രചരിപ്പിച്ചവർ വാക്സിൻ നിരോധിച്ചപ്പോൾ വാക്സിൻ മൂലം ഒഴിവാക്കുന്ന രോഗങ്ങൾകൂടി എന്നല്ലാതെ ‘ഓട്ടിസം ‘കുറഞ്ഞില്ല എന്ന റിപ്പോർട്ടിനെ കുറിച്ചു പ്രതികരിക്കുന്നില്ല .

കോവിഡ് വാക്സിൻ സ്വീകരണം :-

കൊറോണയുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മറ്റൊരു സംശയം വാക്സിൻ സ്വീകരണത്തെക്കുറിച്ചാണ് .പല തരത്തിലുള്ള ദുഷ്പ്രചാരങ്ങൾ വഴി വാക്സിനേഷൻ കൃത്യമായി സ്വീകരിക്കുവാൻ പലർക്കും കഴിഞ്ഞില്ല .പലരും തെറ്റിദ്ധാരണകൊണ്ടാണ് വാക്സിൻ ആദ്യസമയങ്ങളിൽ സ്വീകരിക്കാതിരുന്നത് .അത്‌ പിന്നീട് വാക്സിൻ തിരക്കിൽ കൊണ്ടെത്തിച്ചു .വാക്സിൻ എടുത്തവർക്കും കോവിഡ് വരും എന്ന പ്രചരണമാണ്.വാക്സിൻ എടുത്തവർക്കും രോഗം വരുവാനുള്ള സാധ്യതയുണ്ട് .വാക്സിൻ എടുത്തത് കൊണ്ട് രോഗബാധ പൂർണ്ണമായി തടയാനാകില്ല എങ്കിലും രോഗം അപകടകരമാകുന്ന സാഹചര്യത്തിൽ മരണം സംഭവിക്കുക ,വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന സാഹചര്യം വരിക എന്നിവ തടയാൻ വാക്സിൻ സ്വീകരണത്തിലൂടെ കഴിയും .

രണ്ടാമത്തെ സംശയമാണ് ഏതു വാക്സിൻ എടുക്കണമെന്നത് .അതിനുള്ള ഉത്തരം ,ഏതു വാക്സിനാണോ ആദ്യം ലഭ്യമാകുന്നത് അത്‌ തന്നെ എടുക്കുക എന്നതാണ് .തങ്ങൾ ആഗ്രഹിക്കുന്ന വാക്സിൻ മാത്രമേ എടുക്കൂ എന്ന വാശി ഒഴിവാക്കേണ്ടതാണ് .എല്ലാ വാക്സിനും സുരക്ഷിതത്വം നൽകുന്നു എന്നറിയുക .മറ്റൊരു സംശയo കൊറോണ വന്നവർക്ക് വാക്സിൻ എടുക്കാൻ സാധിക്കുമോ എന്നതാണ് .കൊറോണ വന്നു എന്നതിന്റെ പേരിൽ വാക്സിൻ സ്വീകരിക്കാതിരിക്കരുത് .കോവിഡ് നെഗറ്റീവ് ആയി നാല്‌ ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിക്കാവുന്നതാണ് .അത്‌ സുരക്ഷിതത്വവുമാണ് .അത്‌ പോലെ ഉയർന്നു വരുന്ന മറ്റൊരു ചോദ്യമാണ് കാൻസർ ബാധിച്ചവർ വാക്സിൻ സ്വീകരിക്കേണ്ടത് എങ്ങനെയാണെന്നത് .കാൻസർ ചികിത്സയിൽ ആയിരിക്കുന്നവർക്ക്‌ സർജെറിക്ക്‌ ശേഷമോ ,റേഡിയേഷനിടയ്ക്കോ വാക്സിൻ സ്വീകരിക്കാവുന്നതാണ് .എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡോക്ടറെ സമീപിച്ചശേഷം വാക്സിൻ എടുക്കുവാൻ കഴിയും .തീരെ വൈയായ്‌മ അനുഭവിക്കുന്നവരോ നിലവിൽ കീമോതെറാപ്പി എടുത്തുകൊണ്ടിരിക്കുന്നവരോ മാത്രമേ കൊറോണ വാക്സിൻ എടുക്കുന്നതിനെ കുറിച്ചു സംശയിക്കേണ്ടുന്നതുള്ളൂ .

സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടിയും പൊതുജനശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയും ഈ അധമന്മാർ കാട്ടുന്ന വഞ്ചനയോട് ജനം പ്രതികരിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു .ഇവർക്കെതിരെ സർക്കാർ നിയമാനുസൃത മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ ഇനി അമാന്തം കാണിച്ചുകൂടാ .ഇവരുടെ അനധികൃത സാമ്പത്തിക സ്രോദസ്സുകളും അന്വേഷണ വിധേയമാക്കേണ്ടതാണ് .ആരോഗ്യ രംഗത്തുഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ ബോധവത്‌കരിക്കുന്നതിലൂടെയും കൂട്ടായ ശ്രമത്തിലൂടെയും ചെറുക്കേണ്ടിയിരിക്കുന്നു .കൂടുതൽ ആരോഗ്യകരമായ സമൂഹത്തിനുവേണ്ടി നമ്മുക്ക് ശ്രമിക്കാം .

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!