January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജലം:അമൂല്യമാണ് പാഴാക്കരുത്

ജോബി ബേബി

വീട്ടുമുറ്റത്തെ കിണർ വറ്റുന്നതുവരെ വെള്ളത്തിന്റെ വില പലർക്കും മനസ്സിലാകാറില്ല.നൂറു കൊല്ലം മുമ്പ് ഉപയോഗിച്ചതിന്റെ ആറിരട്ടി വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.നയാഗ്രയേക്കാൾ ഇരട്ടി ഉയരമുള്ള, ആഫ്രിക്കയിലെ വിക്ടോറിയ വെള്ളച്ചാട്ടം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.കേപ്ടൗൺ മുതൽ ബംഗ്ലൂർ വരെയുള്ള നഗരങ്ങൾ ദാഹിച്ചുവലയുന്നു.ലോകത്ത് പത്തിൽ എട്ടു പേർക്കും ജലം ആവശ്യാനുസരണം ലഭിക്കുന്നില്ല. ശുദ്ധജലക്ഷാമം അതിരൂക്ഷമായ 10 രാജ്യങ്ങളും ഏഷ്യയിലാണ്.2030ൽ നേടിയെടുക്കുവാൻ ഐക്യരാഷ്ട്ര സഭ ലക്ഷ്യമിട്ട പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ‘ഏവർക്കും ശുദ്ധജലം, ശുചിത്വ പൂർണമായ ജീവിതം’ എന്നത്. ഭൂമിയിലാകെയുള്ള 1.386 ബില്യൺ ക്യൂബിക് കിലോമീറ്റർ വ്യാപരിച്ചുകിടക്കുന്ന ജലത്തിൽ 97 ശതമാനവും സമുദ്രത്തിലാണല്ലോ. ബാക്കി വരുന്നതിൽ മഞ്ഞുമലകളും കഴിഞ്ഞ് ശേഷിക്കുന്ന ശുദ്ധജലത്തിൽ 30.1 ശതമാനം ഭൂഗർഭ അറകളിലാണുള്ളത്.ഒരു ‘ജലയുദ്ധം’ ആസന്നമായ ലോകത്തിന് പ്രതീക്ഷ ബാക്കിയുള്ളത് ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ഭൂഗർഭജലത്തിലാണ്.വരുംതലമുറക്ക് വെള്ളം കുടിക്കണമെങ്കിൽ ഭൂഗർഭജലം കൈയൊതുക്കത്തോടെ സംരക്ഷിച്ചേ മതിയാവൂ.കാണാമറയത്തെ ഭൂഗർഭജലത്തെ ദൃശ്യമാക്കുക’ എന്നതാണ് ഈ വർഷത്തെ ജലദിന സന്ദേശം(2022).1992 ബ്രസീലിലെ റിയോ ഡെ ജനീറോയിൽ നടന്ന ആഗോള പരിസ്ഥിതി സമ്മേളനത്തിലാണ് ജലദിനം ആഘോഷിക്കാനുള്ള ചർച്ച ആദ്യമായി തുടങ്ങിയത്.1993ൽ ഐക്യരാഷ്ട്രസഭ ഇത് അംഗീകരിച്ച് മാർച്ച് 22 ലോക ജലദിനമായി നിശ്ചയിച്ചു.മനുഷ്യനും കാലാവസ്ഥ വ്യതിയാനവും വൻ സമ്മർദമാണ് ഭൂഗർഭ ജലസ്രോതസ്സുകളിൽ വരുത്തുന്നത്.വെള്ളത്തിന്റെ ആവശ്യം 50% വർധിക്കുമ്പോൾ ഭൂഗർഭജലം 30% കുറഞ്ഞുവരുന്നു.നിലവിൽ ഉപയോഗം 19% വർധിച്ചിരിക്കുകയാണ്.

കേരളത്തിന്റെ അവസ്ഥ

മഴയാൽ ഉള്ളുനനയുന്ന കേരളത്തിന്റെ ഭൂഗർഭ ജല ശേഖരത്തിന് ഇടിവ് പറ്റുന്നതായി ആശങ്ക.അതിതീവ്ര മഴയും പ്രളയവുമാണ് കരുതൽ ജല ശേഖരം കുറയാൻ മുഖ്യ കാരണമായി വിലയിരുത്തുന്നത്.ഇവ മൂലം ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതാണ് ഭൂഗർഭ ജല ശേഖരത്തിൽ കുറവുവരുന്നതിന് ജല ശാസ്ത്രജ്ഞന്മാർ നിരത്തുന്ന ന്യായം.കേരളത്തിന്‍റെ ചരിവു കൂടിയ ഭൂപ്രകൃതിയിൽ അതിതീവ്ര മഴയിൽ ലഭിക്കുന്ന ജലം എത്രയും പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോകുകയാണ്.മണ്ണിൽ പിടിക്കുന്ന മഴ ഇപ്പോൾ കേരളത്തിന് അന്യമാണ്.കൃഷിക്കു വേണ്ടി ഒരുക്കിയ കൂടുതൽ ഫലഭൂയിഷ്ഠമായ മണ്ണ് അടക്കം ഒലിച്ചുപോകുന്ന സാഹചര്യം കൂടി അതിതീവ്ര മഴ സൃഷ്ടിക്കുന്നു. സാധാരണ നിലയിൽ പെയ്യുന്ന മഴ മണ്ണിൽ കിനിഞ്ഞിറങ്ങും.

കഴിഞ്ഞ നാലുവർഷങ്ങളിലും ലഭിച്ച ചുരുങ്ങിയ ദിനങ്ങളിലെ അതിതീവ്ര മഴമൂലം ഭൂമിയിലേക്ക് ജലം ആഴ്ന്നിറങ്ങുന്നതിൽ കുറവു വന്നതായാണ് നിരീക്ഷണം.ഭൂഗർഭ ജല പരിശോധനക്കായി കേരളത്തിലെ രണ്ടായിരത്തോളം വരുന്ന നിരീക്ഷണ കിണറുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്.ഒപ്പം പ്രളയ പശ്ചാത്തലത്തിൽ ജലം കിനിഞ്ഞിറങ്ങുന്ന ഭൂഗർഭ ഭാഗങ്ങൾക്കുണ്ടായ നാശവും പ്രശ്നം സങ്കീർണമാക്കുന്നു.ചളിയും മലിനജലവും പ്രളയദിനങ്ങളിൽ ഒഴുകിയൊലിച്ചത് ഇത്തരം മാർഗങ്ങൾ ഒരു പരിധിവരെ അടക്കപ്പെട്ടു.അടഞ്ഞുപോയ മാർഗങ്ങൾ തുറക്കാൻ അവയുടെ സ്വാഭാവിക പരിണാമം സാധ്യമാവേണ്ടതുണ്ട്.അതിന് കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ച മഴ ലഭിച്ചേ മതിയാവൂ.ഒപ്പം തുടർച്ചയായ പ്രളയ വർഷങ്ങളിൽ പുഴകളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടിയ വനത്തിലെ മരം അടക്കമുള്ളവ വെള്ളം ഉൾക്കൊള്ളാനാവാത്ത സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്.ഇവ നീക്കംചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പല കാരണങ്ങളാലും നടപ്പാക്കാനായില്ല.അതേസമയം, രണ്ടുമാസത്തെ വേനൽ ജലദൗർലഭ്യത്തെ ഇതര മാസങ്ങളിലെ മഴയിൽ മലയാളികൾ മറക്കുകയാണ്. നിരുത്തരവാദപരമായ ഈ പെരുമാറ്റത്തിന് പരിഹാരം ജല സാക്ഷരതയാണ്.ജലസംരക്ഷണ പ്രവർത്തനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി കുട്ടികളെ മുതൽ ജലസാക്ഷരത പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്.മഴവെള്ളം ശേഖരിക്കാൻ മഴക്കൊയ്‌ത്ത്, കിണർ പരിപോഷണം തുടങ്ങിയ മാർഗങ്ങൾ അവലംബിച്ച് കരുതിയിരിക്കുകയാണ് വേണ്ടത്.

44 നദികളാല്‍ സമ്പന്നവും 3000 മില്ലിമീറ്റര്‍ വാര്‍ഷിക ശരാശരി മഴയാല്‍ സമൃദ്ധവുമായ കേരളത്തില്‍ വേനല്‍ക്കാലങ്ങളില്‍ സാധാരണയായി വരള്‍ച്ച അനുഭവപ്പെടുന്നുണ്ട്.ജലക്ഷാമത്തിലേക്ക് നയിക്കപ്പെടുന്നത് ജലത്തിന്‍റെ കുറവുകൊണ്ടല്ല, മറിച്ച് ആസൂത്രണത്തിന്‍റെ അഭാവമാണ്. വിനിയോഗത്തിലെ കാര്യക്ഷമമായ ജലസംരക്ഷണം കേവലം നിയമ സംവിധാനത്തിലൂടെ നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല. മറിച്ച് ഇത് പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂ. ജലത്തിന്‍റെ മിതവ്യയം ജലസംരക്ഷണത്തിനു തുല്യമാണ്. കാലാവസ്ഥാവ്യതിയാനം ജലവിഭവത്തില്‍ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല.

ജലലഭ്യതയിലെ കുറവ് കാര്‍ഷികമേഖലയെയും ബാധിക്കുന്നതിനാല്‍ ഭക്ഷ്യ സുരക്ഷക്കും ഭീഷണിയാകുന്നു. കേരളത്തില്‍ ഗാര്‍ഹിക കുടിവെള്ള ആവശ്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഭൂജലത്തെയാണ്. വീടിനോടുചേര്‍ന്ന് ഒരു കിണര്‍ എന്നത് എല്ലാ മലയാളിയുടെയും സ്വപ്നമാണ്.ലോകത്തില്‍ ലഭ്യമായ ശുദ്ധജലത്തിന്‍റെ 95 ശതമാനവും ഭൂജലമാണ്. ലോകത്തിലെ 2.5 ശതലക്ഷം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും ജലസേചനത്തിനായി ഉപയോഗിക്കുന്നതിന്‍റെ 40 ശതമാനവും ഭൂജലമാണ്.ഭൂജലത്തിന്‍റെ ലഭ്യത ഭൂമിയില്‍ എല്ലായിടത്തും ഒരു പരിധിവരെ ഉണ്ടെങ്കിലും അതിന്‍റെ അളവ് തദ്ദേശീയമായി നിലനില്‍ക്കുന്ന ഭൂപ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. ലോകത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഭൂജലത്തിന്‍റെ 75 ശതമാനവും ഭൂമിയുടെ 40 ശതമാനം പ്രദേശത്താണ് ശേഖരിക്കപ്പെടുന്നത്.
ഭൂജലം നദികളുടെ ജീവന്‍
കേരളത്തിന്‍റെ ജീവനാഡികളായ നദികളില്‍ വേനല്‍ക്കാലങ്ങളില്‍ ലഭ്യമാകുന്ന ജലം അവയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശേഖരിക്കപ്പെടുന്ന ഭൂജലമാണെന്ന വസ്തുത വിസ്മരിച്ചുകൂടാ. അതായത്, വേനല്‍ക്കാലത്തു വറ്റിവരളുന്ന നദികള്‍ നമ്മുടെ ജലസമ്പത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണത്തിന്‍റെ പ്രതിഫലനമാണ്.

ഭൂവിനിയോഗത്തില്‍ വന്ന മാറ്റമാണ് ഇതിനുള്ള പ്രധാന കാരണം. കേരളത്തിലെ പരമ്പരാഗത ജലസംരക്ഷണോപാധികളായിരുന്ന കാവുകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും വയലുകളും അന്യംനിന്നു പോയതാണ് ഈ ദുരവസ്ഥയ്ക്കു പ്രധാന കാരണം. ഇതില്‍നിന്നു കരകയറുന്നതിനായി സംസ്ഥാന ജലവിഭവ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ ശാസ്ത്രീയ ജലസംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കിവരുന്നു. ഗാര്‍ഹിക, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ ജല ഉപഭോഗത്തില്‍ ദുര്‍വ്യയം കുറച്ച് നമ്മുടെ കാലദേശങ്ങള്‍ക്കനുസൃതമായ ഒരു ജലസംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ട്. അമൂല്യമായ ജലസമ്പത്ത് സുസ്ഥിരമായി വികസിപ്പിക്കുന്നതിനും ഭാവിതലമുറയുടെ ഉപയോഗത്തിനായി സംരക്ഷിക്കേണ്ടതും ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. നവകേരള നിര്‍മിതിയില്‍ സുസ്ഥിരമായ വികസനത്തിനും പുരോഗതിക്കും ജലസംരക്ഷണ മാര്‍ഗങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

ഇനിയെന്ത് ?

മൈക്രോ ഇറിഗേഷൻ, ഡ്രിപ്പ് ഇറിഗേഷൻ എന്നിവയിലൂടെ സംസ്ഥാനത്ത് ശുദ്ധജലത്തിന്റെ കാർഷിക മേഖലയിലെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.’മുകളിൽനിന്ന് താഴേക്ക്’ എന്ന സമീപനത്തിലൂടെ വെള്ളം ശേഖരിച്ച് നീർത്തട വികസനം യാഥാർഥ്യമാക്കണം.ഗോവൻ മാതൃകയായ ബന്ധാർ സ്കീം നടപ്പിലാക്കണം. ജല ബജറ്റ്, ജല ഓഡിറ്റ് എന്നിവ ഏറ്റെടുത്ത് നടത്തണം.ഭൂമിയുടെ അടിയിൽ തടയണയുണ്ടാക്കിയും കോണ്ടൂർ ബണ്ട് പ്രാവർത്തികമാക്കിയും ഭൂമിയിലെ ന്യൂറോ ബ്ലോക്കുകൾ ശാസ്ത്രീയമായി ഇല്ലാതാക്കിയാൽ വെള്ളം ഒരളവുവരെ സംരക്ഷിക്കാനാകും.ആയിരം ചതുരശ്ര അടി മേൽക്കൂരയിൽ ഒരിഞ്ച് മഴയിൽനിന്ന് 2358 ലിറ്റർ മഴവെള്ളം സംഭരിക്കാൻ സാധിക്കും.ഓരോ പ്രദേശത്തെയും വെള്ളത്തിന്റെ ഡേറ്റ ശേഖരിച്ച് പ്രസിദ്ധീകരിക്കണം. ഇപ്പോൾ 39% ശുദ്ധജലം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു ഉപയോഗിക്കുന്നത് കാലക്രമേണ കുറച്ചുകൊണ്ടു വരണം.ലോകത്ത് ഒഴുകുന്ന വെള്ളത്തിന്റെ 14% മാത്രമേ തടഞ്ഞുവെക്കുന്നുള്ളു.പുതിയ ഡാമുകൾ വികസിത രാജ്യങ്ങളിൽ മാത്രമേ നിർമിക്കുന്നുള്ളൂ.ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 2030 ആകുമ്പോഴേക്കും കുടിവെള്ള ക്ഷാമം 40 % വർധിക്കും.ഇത് നേരിടാൻ ഓരോ മനുഷ്യനും ജലം ഫലപ്രദമായി ഉപയോഗിക്കുകയും ഭൂമിയിൽ പതിക്കുന്ന ഓരോ തുള്ളി ജലവും സംഭരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ അതിജീവനം സാധ്യമാകൂ.

കുടിവെള്ളത്തിനു മറ്റെന്തിനേക്കാളും വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുകയാണ്. ജനസംഖ്യ വര്‍ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.തുള്ളി ജലം ലഭ്യമാകാത്ത “ഡേ സീറോ’യിലേക്ക് ലോകത്തിന്‍റെ പല നഗരങ്ങളും നടന്നടുക്കുകയാണ്.നമുക്ക് ഒത്തുചേര്‍ന്ന് പ്രതിജ്ഞകളെടുക്കാം. പ്രകൃതിയിലേക്ക് തിരിച്ചു നടക്കാം. ജലധൂര്‍ത്ത് കുറയ്ക്കാം. ലഭ്യമായ ജലസ്രോതസുകളെ കരുതലോടെ പരിപാലിക്കാം.മഴവെള്ളം ശേഖരിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനും ഒന്നിച്ചു നില്‍ക്കുകയും ഭാവിക്കായി കരുതിവയ്ക്കാന്‍ തയാറാവുകയും ചെയ്യാം. അതിനു സാധ്യമായില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് നമുക്ക് അസാധ്യമാകും.

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!