ജോബി ബേബി
(റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ ദിനങ്ങൾ കടന്ന് പോകുമ്പോൾ യുക്രൈൻ നിവാസി നാറ്റ്സ്യയുടെ യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന വാക്കുകളിലൂടെ).
രാവിലെ സ്ഫോടന ശബ്ദം കേട്ടാണ് ഉണർന്നത്.ക്യാമറയുമായി ബാൽക്കണിയിൽ നിൽക്കുന്ന സുഹൃത്തു കെയ്‌റ്റ് ആണ് ആദ്യം കണ്ടത്.”നീ ആ ശബ്ദം കേട്ടോ,യുദ്ധം തുടങ്ങി കഴിഞ്ഞു”.നിപ്രോ നദിയുടെ തീരത്തുള്ള ഞങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തിലുള്ളവർ ഭയത്തോടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അപ്പോൾ മിസൈലുകളും ഷെല്ലുകളും പാഞ്ഞു പോകുന്നത് കണ്ടു.”ഇക്കാലത്തും യുദ്ധമോ”?മനസ്സിനെ പരുവപ്പെടുത്താൻ സമയമെടുത്തു.തൊട്ടടുത്തുള്ള വ്യോമത്താവളം കത്തിയമരുന്നത് കണ്ടു.എനിക്ക് മനസ്സിലായി ജീവൻ അപകടത്തിലാണ്.അത്യാവശ്യം വേണ്ട വസ്തുക്കൾ എല്ലാം ബാഗിലേക്ക് കുത്തിനിറച്ചു.മകനെ വിളിച്ചുണർത്തി പുറത്തേക്ക് പോകാമെന്ന് പറഞ്ഞു.അവൻ ചോദിച്ചു-”അമ്മേ,ഇന്നു സ്കൂളിൽ പോകേണ്ടേ?
“ഇന്നു യുദ്ധമാണ്”.എന്റെ മറുപടി പൂർണ്ണമായ അർത്ഥത്തിൽ അവന് മനസ്സിലായോ എന്ന് സംശയം.നിമിഷങ്ങൾക്കുള്ളിൽ ഞങൾ പുറത്തിറങ്ങി.എന്റെ വീട്,ജോലി,സമ്പാദ്യം…എല്ലാം ഉപേക്ഷിച്ചു പോവുകയാണ്.ഒറ്റലക്ഷ്യം മാത്രം മകന്റെ ജീവൻ രക്ഷിക്കണം.രാവിലെ ഏഴുമണിയോടെ ഞങ്ങൾ ഫ്ലാറ്റ് വിട്ടിറങ്ങി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചു പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്.പക്ഷേ അത് അവിശ്വസനീയമായ കഥകളായിട്ടാണ് എന്നും എനിക്ക് തോന്നിയിട്ടുള്ളത്.അതൊക്കെ ദുഃസ്വപ്നമെന്ന
രീതിയിൽ തള്ളിക്കളയുകയായിരുന്നു മനസ്സ്.റഷ്യൻ ഭീഷണിയെക്കുറിച്ചു അറിയാമായിരുന്നു.പക്ഷേ,ഇങ്ങനെയാകുമെന്ന് കരുതിയില്ല.ഞങ്ങൾക്ക് പിന്നാലെ താടിമീശ നീട്ടി വളർത്തിയ വിറ്റാലിയും വഴിയിലുണ്ടായിരുന്നു.”ഞാൻ മാതാപിതാക്കൾ താമസിക്കുന്ന ഗ്രാമത്തിലേക്ക് പോവുകയാണ്.അവർ എന്നെ ഓർത്തു വിഷമിക്കുയാണ്.എനിക്ക് ഒരു കുഞ്ഞു കുട്ടിയുണ്ട്.അവനെ ഒന്നു കൂടി കാണണം.എല്ലാവരെയും ഒന്നുകൂടി കാണണം.മരിക്കുംമുമ്പേ….”അയാൾ അതിവേഗം യാത്ര തുടർന്നു.
എല്ലാവരും ഞങ്ങളെപ്പോലെ ഓടി ഒളിക്കുന്നില്ല എന്ന സത്യവും ഞാനറിഞ്ഞു.ഞങ്ങൾ സ്ഥിരം പോകുന്ന കഫേ തുറന്നിരിക്കുന്നു.അവിടെ എല്ലാം സാധാരണ പോലെ.”ബോംബ് സ്ഫോടനം കേട്ടാണ് ഉണർന്നത്.കസ്റ്റമേഴ്‌സിനെ വിളിച്ചു ഓർഡർ ക്യാൻസലായി എന്ന് പറയാൻ തുനിഞ്ഞതാണ്.ചിലരെ വിളിച്ചു മകൾ കാര്യം പറഞ്ഞു.പക്ഷേ ഒരു പെൺകുട്ടി സമ്മതിച്ചില്ല.എന്തിനാണ് ഇത്രേയും പേടിക്കുന്നതെന്നായിരുന്നു അവളുടെ ചോദ്യം.അതോടെ ഞാനും തീരുമാനിച്ചു.പേടിച്ചോളിക്കേണ്ട”-അദ്ദേഹം പറഞ്ഞു.റയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ കോവിഡിന്റെ ആദ്യകാലത്തെയാണ് ഓർമ്മ വരുന്നത്.പക്ഷേ അല്പം മുന്നോട്ട് പോയപ്പോൾ ആകെ മാറ്റം.പെട്രോൾ പമ്പുകൾ,എ.ടി എമ്മുകൾ,സൂപ്പർ മാർക്കെറ്റുകൾ,ഔഷധശാലകൾ എന്നിവയ്ക്ക് മുന്നിൽ നീണ്ട നിര തന്നെ.ആൾകൂട്ടത്തിൽ പരിചയക്കാരനായ ഒരു വയോധികനേയും കണ്ടു.”യുദ്ധത്തെ ഭയമൊന്നുമില്ല.രണ്ടാം ലോകയുദ്ധത്തെ കണ്ടയാളാണ് ഞാൻ,ജീവിക്കാൻ മരുന്ന് കൂടിയേ കഴിയൂ.അതിനാണ് പുറത്തിറങ്ങിയത്.”81വയസ്സുള്ള അദ്ദേഹം പറഞ്ഞു.
4.4കോടി ജനങ്ങളുള്ള ഞങ്ങളുടെ നാട്ടിൽ പല പ്രായത്തിലുള്ളവർ.യുദ്ധം കണ്ടിട്ടുള്ള പഴമക്കാർ മുതൽ സമാധാന അന്തരീക്ഷത്തിൽ വളർന്ന കുട്ടികൾ വരെ.അവരെല്ലാവരും ഇതാ ഒരു പ്രാകൃത യുദ്ധത്തിന്റെ മുഖത്താണ്.അരമണിക്കൂർ നടന്നാണ് റയിൽവേ സ്റ്റേഷനിൽ എത്തിയത്.പല ട്രെയിനുകളും ഓടുന്നില്ല.ആളുകളെ നിയന്ത്രിക്കുന്ന പോലീസ്.ഇതൊന്നും പതിവുള്ളതല്ലായിരുന്നു.ടിക്കറ്റുകൾ നിർത്തിവച്ചുകൊണ്ടുള്ള അറിയിപ്പ് പിന്നാലെയെത്തി.കുറേപ്പേർ അടുത്ത ബസ്‌സ്റ്റേഷനിലേക്ക് പാഞ്ഞു.റയിൽവേ സ്റ്റേഷനിലെ എ.ടി എമ്മുകൾ ശൂന്യമായി തുടങ്ങി.ടാക്സി പിടിച്ചു രക്ഷപെടാനുള്ള പലരുടേയും ശ്രമം അതോടെ അവസാനിച്ചു.ഞാനും റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്റ്റേഷനിലേക്ക് തിരിച്ചു.
ബസിൽ ഇടം പിടിച്ചപ്പോൾ മനസ്സ് ശൂന്യമായിരുന്നു.ഫോണെടുത്തു ചുറ്റും നടക്കുന്നതെന്തെന്ന് അറിയാൻ ഒരു ശ്രമം.ഫോണിലെ ആദ്യ അറിയിപ്പിൽ കണ്ണുടക്കി.”ചുവന്ന വസ്ത്രങ്ങൾ ഒഴിവാക്കുക,നിങ്ങൾ ശത്രുവിന്റെ ലക്ഷ്യമായേക്കും….”സോഷ്യൽ മീഡിയയിൽ കണ്ടത് പിന്നീട് ശുഭകരമായഒന്നുമായിരുന്നില്ല.തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ ബസ് സാവധാനം യാത്ര തുടങ്ങി.നഗരത്തിൽ ഇരുട്ട് നിറഞ്ഞതുപോലെ വേദനയും സങ്കടവുമെല്ലാം നിസ്സംഗതയ്ക്ക് വഴിമാറുന്നതായി തോന്നി.ഇരുട്ടിന്റെ മറവിലൂടെ ഞങ്ങളുടെ ബസ് എവിടെയെത്തും…..? അറിയില്ല …..
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ