ജീന ഷൈജു
കഴിഞ്ഞ ഒരാഴ്ചക്കാലം സാക്ഷരകേരളത്തിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ലിംഗ സമത്വ വിദ്യാഭ്യാസം . തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് മുന്നിലുള്ള ബസ് കാത്തിരുപ്പു സ്ഥലത്തെ ബെഞ്ചുകൾ ഒടിച്ചു കസേരകളാക്കിയ സദാചാര മലയാളിയെ അറിയാത്തവർ ആരും ഉണ്ടാവില്ല .
ഒരാണും ,പെണ്ണും അടുത്തിരുന്നാൽ തീർന്നുപോകുന്ന എന്ത് സംസ്കാരമാണ് കേരളത്തിനുള്ളത് ?, ഭംഗം വന്നു പോകാവുന്ന എന്ത് ചാരിത്ര്യമാണ് അവർക്കുള്ളത് ? ഏക ലിംഗ സ്കൂളിൽ പഠിച്ച 40 വയസ്സ് തികഞ്ഞ എന്റെ ഒരു പെൺ സുഹൃത്തിനു ഇന്നും തന്റെ ആൺ സഹപ്രവർത്തകനോട് ഒറ്റക്കും ,കൂട്ടത്തിലും ഒക്കെ സംസാരിക്കാൻ ഭയമാണ് ,കണ്ണിൽ നോക്കാൻ പേടി ആണെന്ന് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു .
ഒളിഞ്ഞും മറഞ്ഞും ഒരു വ്യക്തിയെ രൂപീകരിക്കാൻ അധ്യാപകന് പങ്കുള്ളത് കൊണ്ട് തന്നെ ഞാൻ ഇതിവിടെ പറഞ്ഞോട്ടെ , അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ സംസാരിച്ചതിന് കണക്ക് സർ ശിക്ഷയായിട്ടു എന്നെ ആൺകുട്ടികളുടെ ഇടയിൽ കൊണ്ടിരുത്തിയത് ഇന്നും മറന്നിട്ടില്ല .അത് ഒരു കുട്ടിയുടെ വ്യക്തിത്വ വികസന ഘട്ടത്തിൽ അടിസ്ഥാനം കടുപ്പവും ബലവുമുള്ള ചരലിനും കല്ലുകൾക്കും പകരം കളിമണ്ണ് നിറക്കുന്നതിനു തുല്യമാണ് . എതിർ ലിംഗക്കാരായ വ്യക്തിയുടെ അടുത്തിരുന്നാൽ മാത്രം നശിക്കുന്ന എന്തോ ഒന്ന് ഞങ്ങളിൽ ഉണ്ട് എന്ന ചിന്ത ഒരോ ആണിലും പെണ്ണിലും വളർന്നു വരുന്നു . ആ ചിന്ത വളർന്നാണ് അറിയാനുള്ള ത്വര ആയി ബലാത്സംഗത്തിലും ,പീഡനത്തിലും ഒക്കെ അവസാനിക്കുന്നത് .
എന്തിനേറെ പറയണം ,സഹപ്രവർത്തകനായ ഒരു ആൺ , പെൺ സുഹൃത്തിനോടൊപ്പം ഒരു വാഹനത്തിൽ യാത്ര ചെയ്താൽ തീരുന്നതല്ല ആരുടേയും ചാരിത്ര്യം ,അത് മനസ്സിലാക്കാൻ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന ചില മലയാളിക്ക് പറ്റുന്നില്ല എന്നതാണ് സത്യം .സ്വന്തം പങ്കാളിക്ക് ഇല്ലാത്തത്ര കരുതൽ ആണ് ചുരുക്കം ചില മലയാളിക്ക് (ഇത് വിരലിൽ എണ്ണാവുന്ന വ്യക്തികളുടെ കാര്യം മാത്രമാണ് ,എല്ലാവരും ഇങ്ങനെ അല്ല എന്ന് എടുത്തു പറഞ്ഞോട്ടെ ).
ആണും ,പെണ്ണും ഒരുമിച്ചിരുന്നാൽ തീരുന്ന ഒന്നല്ല സംസ്കാരം …അതില്ലാത്തത് ചിന്തകൾ വളരാത്ത നിങ്ങൾക്കാണ് .
പൊട്ടക്കിണറ്റിൽ നിന്ന് പുറത്തു വരൂ ഹേ …
നിങ്ങളുടെ ചുറ്റിൽ വിശാലമായ ലോകം കാത്തിരിക്കുന്നു…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ