- ജീന ഷൈജു
- ദേ ചാടിക്കൊളിൻ.. ഈന്റെ ആപ്പറം ദുഫായ് ആണ്.. പണ്ട് മാമുക്കോയ ദാസനോടും, വിജയനോടും പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. അന്ന് തുടങ്ങിയതായിരുന്നു അത്തറിൻ മണമുള്ള, തേൻ കിനിയും ഈന്തപ്പഴത്തിൻ നാടുകളോടുള്ള പ്രണയം.ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഡാലിയയുടെ പപ്പാ കൊണ്ട് തന്ന വർണക്കടലാസ്സിൽ പൊതിഞ്ഞ മിട്ടായി ആയിരുന്നു ഗൾഫ് എങ്കിൽ പോകെ പോകെ അത് അറ്റത്ത് തൂവലുള്ള പെൻസിലുകളും, മണമുള്ള മഷിപ്പേനകളും ആയിരുന്നു…
ലേസ് വെച്ച ഫ്രോക്ക്കളും,തൊങ്ങലുകൾ പിടിപ്പിച്ച പാവാടകളും അറബ് നാട് സമ്മാനിച്ചപ്പോഴേക്കും ഏതാണ്ട് കൗമാരം വിരുന്നു വന്നിരുന്നു. കൂടെ പഠിച്ചവരും, ബന്ധുക്കൾ കുട്ട്യോളുമൊക്കെ അത്തറിൻ മണമുള്ള കുപ്പായം പൂശിയപ്പോൾ ആ പതിമൂന്നു വയസ്സുകാരി ഓർത്തിരുന്നു.. ഈ സർക്കാർ ജോലി കളഞ്ഞു അപ്പന് ഗൾഫിൽ എങ്ങാനും പൊക്കൂടായിരുന്നോ എന്ന്… തിര കാണാൻ വന്നവർ അറിയുന്നില്ലല്ലോ കടലിന്റെ ആഴം….
പഠിത്തം കഴിഞ്ഞ്.. നാട്ടിലെ താത്ക്കാലിക ജോലിയും കളഞ്ഞു വിമാനം കയറുമ്പോൾ, വിമാനത്താവളം മുതൽ മായാജാലകത്തിന്റെ മാന്ത്രിക ലോക തുറക്കുകയായി.യൗവനത്തെ കൂട്ടുപിടിച്ചു ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളെ മാന്ത്രിക ചെപ്പിലാക്കി പ്രവാസമെന്ന വണ്ടർലാണ്ടിൽ ഓരോരുത്തരും ജീവിതം പച്ച പിടിപ്പിച്ചു തുടങ്ങുന്നു.
ദുരിതക്കായലിൽ ഒഴുകി നടക്കുന്ന തോണിയാണ് പ്രവാസജീവിതമെങ്കിലും ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്ന ആപ്ത വാക്യം മുറുകെ പിടിക്കുന്നവരാണ് ഈകൂട്ടർ.
വന്നു അഞ്ചു വർഷം കഴിഞ്ഞ് തിരിച്ചു പോകാൻ വന്നവരൊക്കെ ഇന്ന് 50വർഷമായിട്ടും തിരിച്ചു പോയിട്ടില്ല. അതാണ് അത്തറിന്റെ മാന്ത്രികത.നേട്ടങ്ങൾ കാര്യമായിട്ടൊന്നും ഇല്ലേലും വീണ്ടും വീണ്ടും ഈ മണ്ണിൽ എന്തോ ലഹരി ഓരോ മനുഷ്യനേയും പിടിച്ചു നിർത്തുന്നുണ്ട്.
അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഉള്ളു. ദുരിതക്കടലിൽ നിന്നു തിരിച്ചു കയറുമ്പോഴേക്കും പ്രീയപ്പെട്ടവർ ആരുമില്ലാതെ കുറച്ചു രോഗങ്ങൾ മാത്രമേ കൂട്ടിനുണ്ടാവുകയുള്ളു. മക്കൾക്ക് വേണ്ടി മാത്രം സ്വന്തജീവിതം ഉഴിഞ്ഞു വെക്കാൻ പാടില്ല…
so enjoy your life as much as u can….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ