ജീന ഷൈജു
ചിലരെ പോലെ ഈ ലോകത്തു ചിലർ മാത്രമേയുള്ളു …എല്ലാ സാധനവും കിട്ടുന്ന സ്ഥലങ്ങളെ കുറിച്ചു ചിലർ പറയുന്നത് കേട്ടിട്ടില്ലേ …അപ്പനെയും ,അമ്മയെയും ഒഴിച്ച് എല്ലാം കിട്ടുമെന്നു …അതിന്റെ അർഥം അത്രവിലപ്പെട്ടവരാണ് ഇക്കൂട്ടർ എന്നാണ് …
ഒരിക്കൽ എൺപതു വയസ്സുള്ള ഒരച്ഛൻ കട്ടിലിൽ കിടക്കുകയും ,നാല്പത്തഞ്ചു വയസ്സുള്ള മകൻ സോഫയിൽ ഇരിക്കുകയും ആയിരുന്നു . പെട്ടന്ന് തന്നെ ഒരു കാക്ക പറന്നു വന്നു ജനൽ കമ്പിയിൽ ഇരുന്നു ..
ഉടനെ തന്നെ അച്ഛൻ ചോദിച്ചു “എന്താ മോനെ അത് ?”
മകൻ മറുപടി പറഞ്ഞു ..”അതൊരു കാക്കയാണ് അച്ഛാ “
നിമിഷങ്ങൾക്ക് ശേഷം അച്ഛൻ വീണ്ടും ചോദിച്ചു …
“മോനെ എന്താണ് ആ ജനൽ കമ്പിയിൽ ഒരനക്കം ?”
“ഞാൻ പറഞ്ഞത് അച്ഛൻ കേട്ടില്ലാന്നു ഉണ്ടോ ?- അതൊരു കാക്ക ആണ് ….
തലക്കു അട വെച്ചിരുന്ന തലയിണ ഭിത്തിയിലേക്കു ചാരി വെച്ചിരുന്നിട്ടു അച്ഛൻ നിർവികാരനായി വീണ്ടും ചോദിച്ചു …?
“മോനെ…അവിടെ ആരാണ് ജനാലക്കു അരികിൽ എന്ന് ചോദിച്ചിട്ടു മോനെന്താ ഒന്നും പറയാത്തത് ?”
“എന്റെ പൊന്നച്ചാ അച്ഛന് എന്തിന്റെ കേടാ ?അച്ഛൻ എന്ന ആളെ കളിയാക്കുവാണോ ? അത് കാക്ക ആണെന്ന് ഞാൻ എത്ര വട്ടം പറഞ്ഞു …”
കോളാമ്പിയിലേക്കു ചവച്ച മുറുക്കാൻ തുപ്പിക്കൊണ്ട് അച്ഛൻ വീണ്ടും പറഞ്ഞു ..
.”മോനെ ജനൽക്കമ്പിയിൽ തുരുമ്പ് കാണും ..നിന്റെ ആ പഴയ സ്വഭാവം ഒട്ടും മാറിയിട്ടില്ല അല്ലെ ..?”
ഇരുന്നിടത്തു നിന്ന് രൗദ്ര ഭാവത്തോടെ അലറി അച്ഛന് നേരെ കൈ ഓങ്ങി കൊണ്ട് …അയാൾ ചാടി എഴുന്നേറ്റു …..
“ആഹ് ..മോനെന്തായാലും എഴുന്നേറ്റതല്ലേ ?..അച്ഛന്റെ മുറിയിൽ കട്ടിലിന്റെ അടിയിൽ ഒരു തകരപ്പാട്ടയിൽ ഒരു പഴയ ഡയറി ഉണ്ട് …മോനതൊന്നു തുറന്നു വായിക്കാമോ ?- അച്ഛൻ നിഷ്‌ക്കളങ്കനായി പറഞ്ഞു …
പെട്ടന്ന് ഇതെന്താണെന്നു മനസ്സിലാകാതെ അയാൾ അച്ഛൻ പറഞ്ഞപോലെ ചെയ്തു …..
ആകാംഷയോടെ അയാൾ ഡയറിയുടെ ആദ്യത്തെ താളിലേക്ക് കണ്ണോടിച്ചു …അതിൽ ഇങ്ങനെ എഴുതിയിരുന്നു …
“ഇന്ന് മോന് മൂന്നു വയസ്സ് തികഞ്ഞു ..അവൻ വ്യക്തമായി സംസാരിക്കാൻ തുടങ്ങി .ജനാലക്കൽ വന്നിരുന്ന ഒരു കാക്കയെ നോക്കി അവൻ 23പ്രാവശ്യം എന്നോട് ചോദിച്ചു അതെന്താണെന്നു ?
ആ 23 പ്രാവശ്യവും ഓരോ ഉമ്മ കൊടുത്തു കൊണ്ട് ഞാൻ അവനോടു അത് കാക്ക ആണെന്ന് പറഞ്ഞു കൊടുത്തു ..23ആമത്തെ പ്രാവശ്യം എന്റെ മറുപടി കേട്ടപ്പോഴേക്കും എനിക്ക് ഉമ്മയും തന്ന് അവൻ മയക്കത്തിലേക്കു വീണിരുന്നു ..”
വായിച്ചു തീർന്നപ്പോഴേക്കും അയാളുടെ കണ്ണുനീർ കൊണ്ട് ആ ഡയറി മുഴുവൻ നനഞ്ഞു …പശ്ചാത്താപം കൊണ്ട് അയാളുടെ ചുണ്ടുകൾ നനുനനെ വിറക്കുന്നുണ്ടായിരുന്നു …അയാൾ അച്ഛനെ നെഞ്ചോടു ചേർത്ത് നിർത്തി…തുരു തുരെ ഉമ്മ വെച്ച് കെട്ടിപ്പിടിച്ചു .
ഇത്രയേ ഉള്ളു …നമ്മളോരോരുത്തരും വിഷമങ്ങളിലും ,പ്രശ്നങ്ങളിലും ഒക്കെ ആവാം …നമ്മുടേതായ പ്രയാസങ്ങൾ ഒക്കെ ഉണ്ടാവാം …പക്ഷെ അപ്പഴും അത് പോലെയുള്ള പ്രയാസങ്ങളിൽ നമ്മളെ കരുതിയ ..നമുക്ക് വേണ്ടി ജീവിച്ച അവരെ മറക്കാൻ പാടില്ല …ചേർത്ത് നിർത്തിക്കോണം …
കാരണം നാളെ… ഇന്നത്തെ പച്ചിലകൾ ഒക്കെ പഴുക്കും …
ജീന ഷൈജു
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ