January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആപ്പാകുന്ന ആപ്പുകൾ

ജീന ഷൈജു

(സാഹചര്യങ്ങളും ,വ്യക്തികളും സാങ്കൽപ്പികം മാത്രം )

കഴിഞ്ഞ ദിവസം കല്യാണമേ വേണ്ടാന്നു പറഞ്ഞ ഒരു സുഹൃത്തിനു വേണ്ടി പെണ് കാണാൻ ഞാനും കൂടി പോയി .അവനു മുഖശ്രീ കുറഞ്ഞത് കൊണ്ട് പെണ്ണിനെ കിട്ടുന്നില്ല എന്നായിരുന്നു ആളുടെ പരാതി .കാറിൽ ചെന്നിറങ്ങിയതും ,വീടും പരിസരവുമൊക്കെ ഞങ്ങൾക്ക് നന്നേ ബോധിച്ചു . മുറ്റത്തു തന്നെ ചെന്തെങ് ഞങ്ങളെ  കാത്ത് പായവിരിച്ചു നിൽപ്പുണ്ടായിരുന്നു .മുറ്റത്തെ മാമ്പഴം ചപ്പുന്നതിനിടയിൽ ഞങ്ങൾ വന്നത് വിളിച്ചറിയിക്കാൻ അണ്ണാൻ മറന്നില്ല

” വൈകിയപ്പോൾ ഞാൻ ഓർത്തു നിങ്ങൾ ഇന്ന് വരില്ലാന്ന് …- കാവി മുണ്ടുടുത്തു ഉമ്മറത്തേക്കെത്തിയ ഒരു വൃദ്ധൻ പുലമ്പി

“കയറി വാ  മോനെ ..”- വെള്ളയിൽ റോസാപ്പൂക്കൾ ഉള്ള മാക്സി ധരിച്ച ഒരു മധ്യവയസ്‌ക (ഒരു പഴയ ഉണ്ണിമായ look )

“അമ്മ ഇത്രയും സുന്ദരി ആണേൽ ,മോള് എന്തായാലും മോശമാവില്ല ” – ഞാൻ അവന്റെ തോളിൽ തൊട്ടുകൊണ്ടു പറഞ്ഞു …

ഞാൻ ഫോട്ടോ കണ്ടതല്ലേ എന്ന അർത്ഥത്തിൽ അവൻ ഒരു ചിരി പാസാക്കി അവൾക്കായി ഇമ വെട്ടാതെ കാത്തിരുന്നു ….

നിമിഷങ്ങൾക്കകം ‘അമ്മ എന്ന് തോന്നിച്ച ആ സ്ത്രീ ഏലക്കാ മണം വമിക്കുന്ന ചായക്കോപ്പകളുമായി എത്തി .പിറകിൽ ഒരു കൊച്ചു പെൺകുട്ടി പലഹാരങ്ങളും കൊണ്ട് നിരത്തി .

ഞാനും അവനും ഇടനാഴിയിലേക്ക് തന്നെ നോക്കിയിരുന്നു …ഇപ്പൊ വരുമായിരിക്കും എന്ന പ്രതീക്ഷയോടെ …

“ഇനി കുട്ടികൾക്ക് എന്തേലും സംസാരിക്കണേൽ ആവാം …”- കാരണവർ

മാക്സിയിട്ട അമ്മ ഒരു വശത്തേക്ക് മാറി നിന്ന് ,കൂടെ മിക്ച്ചർ കൊണ്ട് വെച്ച കൊച്ചു മുന്നിലേക്കും .

“ഈശോ “- ഞാനും അവനും ഒരുമിച്ചു ഞെട്ടി ..

അപ്പൊ കരീനാ കപൂറിന്റെ പൊക്കം എവിടെ ..?

ഐശ്വര്യയുടെ കണ്ണുകൾ ?

കല്യാണിയുടെ ചിരി ?

നവ്യയുടെ മൂക്ക് ?

റിമിയുടെ ശരീര വടിവ് ?

കാവ്യയുടെ മുടി ?

ചുരുക്കി പറഞ്ഞാൽ അവനു കാണാൻ വേണ്ടി അയച്ചു കൊടുത്ത ആ ഫോട്ടോയിൽ ഉണ്ടായിരുന്നതൊന്നും ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞില്ല …

ഒന്നുകൂടെ വ്യക്തമാക്കിയാൽ ഒരു പ്രമുഖ face ap ൽ മുഖത്തിന്റെ ഷേപ്പ് മാറ്റി ,അഴക് വരുത്തി ,മുടി ചുരുട്ടി ,ചുണ്ടിൽ ചായം തേച്ചു ,കണ്ണിന്റെ നിറം മാറ്റി ,ശരീരം മെലിയിച്ച ഫോട്ടോ കാണിച്ചു അവൾ അവനെ തേച്ചു .

മുണ്ടിന്റെ തലപ്പ് ഇടതു കയ്യിൽ പിടിച്ചു , കാല് കൊണ്ട് മുണ്ടിന്റെ അറ്റം ചേർത്ത് പിടിച്ചു മടക്കിക്കുത്തി ബ്രഹ്മചാരിയുടെ രജിസ്റ്ററിൽ ഒപ്പ് വെച്ച് എന്റെ കയ്യും പിടിച്ചു അവൻ മുന്നോട്ട് നടന്നു

ഈ കഥയുടെ ധാർമിക അർഥം – “ആന കൊടുത്താലും കിളിയെ ആശ കൊടുക്കരുത്.

ആപ്പിന് തലവെച്ചു ആപ്പിലാക്കരുത് 😊 ..

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!