January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാരുണ്യത്തിന്റെ കെടാവിളക്കുകൾ

കഥയിലൂടെ കാര്യം (ഭാഗം 2)

ആനി ജോർജ്ജ്

“കുടുംബത്തോടും, സമൂഹത്തോടും, രാജ്യത്തോടും ഒക്കെ പ്രതിബദ്ധതയുള്ള ഒരുകൂട്ടം ജീവിതങ്ങൾ നമുക്കു ചുറ്റും ഉള്ളതുകൊണ്ടാണ് നാം ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?”

ഒരു പാവം സ്കോട്ടിഷ് കർഷകനായിരുന്നു ഫ്ലെമിംഗ്. ഒരു ദിവസം, താൻ തന്റെ കുടുംബത്തിന്റെ ഉപജീവനത്തിനായി തന്റെ വയലിൽ അധ്വാനിക്കുന്നതിനിടയിൽ, തൊട്ടടുത്തുള്ള ഒരു ചതുപ്പു നിലത്തിൽ നിന്ന് സഹായത്തിനായി ഒരു നിലവിളി കേട്ടു. മറ്റൊന്നും ആലോചിക്കാതെ അയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന പണിയായുധങ്ങൾ ഉപേക്ഷിച്ച് ശബ്ദം കേട്ട ദിക്കിലേക്ക് ഓടി. അവിടെ അതാ മിടുമിടുക്കനായ ഒരു ചെറുപ്പക്കാരൻ ചതുപ്പിലെ ചെളിക്കുണ്ടിലേക്കു താഴ്ന്നു താഴ്ന്നു പോകുന്നു. തന്റെ മകന്റെ അതേ പ്രായമുള്ള ആ കുട്ടിയുടെ ദേഹം മുഴുവൻ ചെളിയിൽ പൂണ്ടു കഴിഞ്ഞു. ഉയർത്തിപ്പിടിച്ച രണ്ടു കൈകൾ മാത്രമേ ഇപ്പോൾ പുറത്തു കാണുകയുള്ളു. ഫ്ലെമിംഗ് പിന്നീട് ഒന്നും ആലോചിക്കാതെ ചതുപ്പിലേക്കു എടുത്തു ചാടി. വളരെ നേരത്തെ പരിശ്രമത്തിനു ശേഷം അയാൾ അവനെ പൊക്കി സ്വന്തം ചുമലിൽ ഇരുത്തി കരയിലേക്ക് നീന്തി. കരയിലെത്തിയപ്പോഴേക്കും ഇരുവർക്കും ബോധം നഷ്ടപ്പെട്ടിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ അവശനായ ഫ്ലെമിങ്ങിനെയും ചെറുപ്പക്കാരനെയും നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാഗ്യവശാൽ, ഒരാഴ്ചത്തെ ചികിൽസയ്ക്കു ശേഷം യാതൊരു കുഴപ്പവും കൂടാതെ അവർ രക്ഷപെട്ടു.

വളരെ വർഷങ്ങൾക്കു മുൻപ് സ്കോട്ടണ്ട്ലൻഡിൽ ആയിരുന്നു ഈ സംഭവം. പട്ടണത്തിൽ നിന്ന് കുതിരസവാരിക്കെത്തിയ വിൽസ്റ്റൺ ചർച്ചിൽ ആയിരുന്നു രക്ഷപെട്ട ആ ചെറുപ്പക്കാരൻ. കുറെ ദിവസങ്ങൾക്കു ശേഷം വിൽസ്റ്റൺ ചർച്ചിൽ തന്റെ പിതാവുമൊത്തു കർഷകനായ ഫ്ലെമിങ്ങിനെ കാണുവാനായി എത്തി. തന്റെ മകനെ രക്ഷപെടുത്തിയതിനു നന്ദി പറയുവാനും പ്രതിഫലമായി വലിയ ഒരു തുക നൽകുവാനും ആയിരുന്നു അവർ വന്നത്.

“ഇല്ല, ഞാൻ ചെയ്തതിന്റെ പ്രതിഫലം സ്വീകരിക്കാൻ എനിക്ക് കഴിയില്ല,” ഫ്ലെമിംഗ് മറുപടി നൽകി. ഞാൻ അങ്ങയുടെ മകനെ രക്ഷിച്ചത് പണത്തിനു വേണ്ടിയല്ല, എനിക്കുമുണ്ട് ഇതുപോലെ ഒരു മകൻ. അവന്റെ പ്രതിരൂപമാണ് ഞാൻ താങ്കളുടെ മകനിൽ കണ്ടത്— ഫ്ലെമിംഗ് വിശദമാക്കി.

ശരി അങ്ങനെയാണെകിൽ ഒരു കാര്യം ചെയ്യാൻ താങ്കൾ എന്നെ അനുവദിക്കണം. താങ്കളുടെ മകന്റെ തുടർ പഠനത്തിനുള്ള എല്ലാ ധനസഹായവും പൂർണ്ണമായും ഞാൻ നല്കിക്കൊള്ളാം. അതിനു താങ്കൾ ഒരു തടസ്സവും പറയരുത്. പ്രഭു ആവശ്യപ്പെട്ടു.

നിർദ്ദനനും സന്മനസുമുള്ളവനായ ഫ്ലെമിംഗ് അതിനു തടസം ഒന്നും പറഞ്ഞില്ല. അതാണ് അങ്ങയുടെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ—ഫ്ലെമിംഗ് സമ്മതം മൂളി.

പ്രഭുവിന്റെ കാരുണ്യം ലഭിച്ചതോടെ കർഷകനായ ഫ്ലെമിംഗിന്റെ മകൻ മികച്ച സ്കൂളുകളിൽ ചേർന്നു, കാലക്രമേണ ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടി, നിരന്തരമായ ഗവേഷണത്തിലും അന്വേഷണത്തിലും കണ്ടുപിടുത്തങ്ങളിലും മുഴുകിയ അലക്സാണ്ടറാണ് പിൽക്കാലത്തു പെൻസുലിൻ കണ്ടെത്തിയ സർ അലക്സാണ്ടർ ഫ്ലെമിംഗ് എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെട്ടത്.

വർഷങ്ങൾക്കു ശേഷം ഒരിക്കൽ കടുത്ത ന്യൂമോണിയ രോഗം ബാധിച്ചു വിൻസ്റ്റൺ ചർച്ചിൽ അവശനിലയിൽ ആശുപത്രിയിൽ കിടക്കേണ്ടതായി വന്നപ്പോൾ അദ്ദേഹത്തിന്റെ ജീവരക്ഷയ്ക്കു തുണയായതും അലക്സാണ്ടർ ഫ്ലെമിംഗ് കണ്ടുപിടിച്ച “പെൻസുലിൻ” എന്ന ദിവ്യ ഔഷധമായിരുന്നു.

സ്കോട്ലൻഡ്കാരനായ ഒരു പാവം കർഷകന്റെയും പ്രത്യുപകാരിയായ ഒരു പ്രഭുവിന്റെയും കാരുണ്യമുള്ള മനസ്സിൽ നിന്നുമാണ് “പെൻസുലിൻ” പിറന്നത്. അത് ഇന്ന് എത്രയോ ജീവിതങ്ങളെ മരണത്തിൽ നിന്നും ജീവനിലേക്കു മടക്കി കൊണ്ടുവരാൻ കാരണമായിട്ടുണ്ട് എന്നും നമുക്കറിയാം.

പ്രിയമുള്ളവരേ, കാരുണ്യത്തിന്റെ കാലൊച്ച കേൾക്കുന്നിടത്താണ് ഈശ്വര സാന്നിധ്യം ഉണ്ടാകുന്നത്. അവിടെയാണ് നന്മയുടെ പൂമരം പൂത്തുലയുന്നതും. നമുക്കു ചുറ്റും നാമറിയാതെ കാരുണ്യത്തിനായ് കേഴുന്ന നിരവധി ജീവിതങ്ങളുണ്ട്; അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുവാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മുടെ ജീവിതം പൂർണ്ണമല്ല!!

ശബ്ദമില്ലാത്തവരുടെ ശബ്ദവും, കാഴ്ചയില്ലാത്തവരുടെ കാഴ്ചയുമാവണം നാമോരോരുത്തരും.

ഈ അനുതാപവും കാരുണ്യവും സ്നേഹവും നമ്മുടെ ഓരോ വാക്കുകളിലും പ്രവർത്തികളിലും നിറയട്ടെ. ടോൾസ്റ്റോയ് പറഞ്ഞതുപോലെ “ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത് കാരുണ്യവും സ്നേഹവും ഇനിയും ഇവിടെ ഉറവ വറ്റിയിട്ടില്ല എന്നതുകൊണ്ട് തന്നെയാണ്.

ഇരുളിൽ പ്രകാശമായി, കാരുണ്യത്തിന്റെ കെടാവിളക്കുകളായി പ്രശോഭിക്കുവാൻ നമുക്കോരോരുത്തർക്കും ഇടയാകട്ടെ!!

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!