January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രതിസന്ധികളിൽ പകരപ്പെടുന്ന ഈശ്വര കൃപ

കഥയിലൂടെ കാര്യം (ഭാഗം 8)


ആനി ജോർജ്ജ്

“ഓരോ ത്യാഗത്തിനും ഫലപ്രദമായ ഒരു പ്രതിഫലമുണ്ട്;
ഓരോ പരാജയത്തിനും രണ്ടാമതൊരു അവസരമുണ്ട്;
എല്ലാ വേദനകൾക്കും സന്തോഷകരമായ ആശ്വാസമുണ്ട്;
എല്ലാ രോഗങ്ങൾക്കും ദൈവിക രോഗശാന്തി ഉണ്ട്;
ജീവിതത്തിന്റെ പരീക്ഷണങ്ങളിൽ സധൈര്യം മുന്നേറണമെങ്കിൽ,
ഈശ്വര കൃപയാൽ നാം ശക്തരായിരിക്കണം.!!

കബ് സ്കൗട്ട്സിലെ അംഗമായിരുന്നു എട്ടു വയസ്സുകാരനായ ഗിൽബർട്ട്. ഒരിക്കൽ സ്കൗട്ട്സിലെ അംഗങ്ങൾക്കു വേണ്ടി ഒരു കാറോട്ട മത്സരം സംഘടിപ്പിക്കപ്പെട്ടു. സാധാരണ രീതിയിലുളള കാറോട്ട മത്സരമായിരുന്നില്ല അത്. സ്കൗട്ട്സിലെ അംഗങ്ങൾ തന്നെ രൂപകല്പന ചെയ്ത ചെറിയ കാറുകൾ കൊണ്ടുളള മത്സരമാണ് സംഘാടകർ പ്ലാൻ ചെയ്തത്.
മത്സരത്തിനുളള ഒരുക്കങ്ങളുടെ ഭാഗമായി ആദ്യം കാർ നിർമ്മിക്കേണ്ടിയിരുന്നു. അതിനായി നാല് ചെറിയ ടയറുകളും കാറിന്റെ ബോഡി നിർമ്മിക്കുവാനുളള ചെറിയ മരക്കഷണങ്ങളും സംഘാടകർ സ്കൗട്ട് അംഗങ്ങൾക്കു നല്കി. കാർ നിർമ്മിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ലഘു ലേഖയും അവർ നല്കിയിരുന്നു. കാർ നിർമ്മാണത്തിനു സ്വന്തം മാതാപിതാക്കളുടെ സഹായം തേടുവാനുളള സ്വാതന്ത്ര്യവും സ്കൗട്ട് അംഗങ്ങൾക്കുണ്ടായിരുന്നു. കാർ നിർമ്മിക്കുവാനുളള സാധനങ്ങളുമായി വളരെ ആവേശത്തോടെയാണ് ഗിൽബർട്ട് അന്ന് വീട്ടിൽ എത്തിയത്. അവൻ ഓടിച്ചെന്ന് ഡാഡിയോട് കാര്യം പറഞ്ഞു. പക്ഷേ അതിൽ അയാൾക്ക് അത്ര താല്പര്യം തോന്നിയില്ല. കുട്ടികളുടെ കളി തമാശകൾക്കു വേണ്ടി സമയം കളയുവാനില്ലെന്നായിരുന്നു അയാളുടെ മറുപടി.
ഡാഡി സഹായിക്കുകയില്ലെന്നു പറഞ്ഞപ്പോൾ ഗിൽബർട്ട് ആദ്യം പതറിപ്പോയി. എങ്കിലും തനിക്കു സാധിക്കുന്ന രീതിയിൽ കാർ നിർമ്മിക്കുവാൻ തന്നെ അവൻ തീരുമാനിച്ചു. മകന്റെ നിസ്സഹായ അവസ്ഥ കണ്ട അവൻറെ മമ്മി അവനെ സഹായിക്കുവാൻ തയ്യാറായി. മരപ്പണിയുടെ ബാലപാഠങ്ങൾ പോലും അവർക്ക് അറിയില്ലായിരുന്നു എങ്കിലും ഉളിയും കൊട്ടു വടിയുമൊക്കെ സംഘടിപ്പിച്ച് ലഘു ലേഖയിലെ നിർദേശങ്ങൾ പ്രകാരം അവർ പണി ആരംഭിച്ചു. നിരവധി ദിവസങ്ങൾ നീണ്ടു നിന്ന പരിശ്രമം കൊണ്ട് അവർ ഒരു ചെറിയ കാർ നിർമ്മിച്ചു. കൈയ്യിൽ എടുത്തു കൊണ്ട് നടക്കാവുന്ന ഒരു കളിക്കോപ്പിൻറെ വലിപ്പമേ ആ കാറിനുണ്ടായിരുന്നുളളൂ. അവർ ആ കാർ പോളിഷ് ചെയ്തു വളരെ മനോഹരമാക്കി.

കാറോട്ട മത്സരത്തിനായി നിശ്ചയിക്കപ്പെട്ട ദിവസം സ്കൗട്ട് അംഗങ്ങളെല്ലാം തങ്ങളുടെ കാറുകളുമായി മത്സര സ്ഥലത്തെത്തി. അവരിൽ പലരുടെയും കാറുകൾ കണ്ടപ്പോൾ ഗിൽബർട്ടിൻറെ മുഖം വാടി. അതി മനോഹരമായി നിർമ്മിക്കപ്പെട്ട കാറുകളായിരുന്നു അവയെല്ലാം. ചായമടിച്ച് മനോഹരമാക്കപ്പെട്ട ആ കാറുകളോട് തുലനം ചെയ്യുമ്പോൾ ഗിൽബർട്ടിൻറെ കാർ അല്പം പോലും ആകർഷകമായിരുന്നില്ല.
ഗിൽബർട്ടിൻറെ കാർ കണ്ടപ്പോൾ മറ്റു സ്കൗട്ട് അംഗങ്ങൾ അവനെ കളിയാക്കിയെങ്കിലും അതൊന്നും വക വയ്ക്കാതെ അവൻ കാറോട്ട മത്സരത്തിൽ പങ്കു ചേർന്നു. ഈരണ്ടു പേർ തമ്മിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. മത്സരത്തിൽ ജയിക്കുന്ന ആൾ അടുത്തയാളിനോട് മത്സരിക്കുക. അങ്ങനെ അവസാനം വരെ ജയിക്കുന്നയാളിന് ട്രോഫിയും വിലപിടിപ്പുള്ള സമ്മാനങ്ങളും പ്രതിഫലമായി ലഭിക്കും.
മത്സരത്തിൻറെ സ്റ്റാർട്ടിംഗ് ലൈനിൽ നിന്നു കൊണ്ട് കാർ മുന്നോട്ടു തളളി വിടുമ്പോൾ ഏറ്റവും മുന്നിൽ എത്തുന്ന കാർ വിജയിച്ചതായി പ്രഖ്യാപിക്കപ്പെടും എന്നതായിരുന്നു മത്സരത്തിൻറെ രീതി. മത്സരത്തിനായി ഗിൽബെർട്ട് ഒഴികെ മറ്റു കുട്ടികൾ എത്തിയിരുന്നത് തങ്ങളുടെ ഡാഡിമാരുടെ കൂടെയായിരുന്നു. പക്ഷെ അവനു മമ്മി മാത്രമായിരുന്നു ഏക ആശ്രയം. എങ്കിലും ഡാഡി കൂടെ വരാതിരുന്നതിൻറെ ദുഃഖം അവൻ പുറത്തു കാട്ടിയതേയില്ല.

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന മത്സരങ്ങൾ ആരംഭിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ ഭാഗ്യം ഗിൽബർട്ടിന്റെ കൂടെ ആയിരുന്നു. അവൻ ഓരോരുത്തരെയായി തോല്പിച്ചു ഫൈനലിൽ എത്തി. ഫൈനലിനുളള വിസിൽ മുഴങ്ങുന്നതിന് തൊട്ടു മുമ്പായി ഗിൽബർട്ട് റഫറിയോട് പറഞ്ഞു: “എനിക്കു അല്പ സമയം തരൂ. ഞാൻ ഒന്നു പ്രാർത്ഥിക്കട്ടെ”
ഗിൽബർട്ടിന്റെ ആവിശ്യ പ്രകാരം റഫറി അവനു പ്രാർത്ഥിക്കുവാൻ സമയം നൽകി. അവൻ അവിടെ മുട്ടിന്മേൽ നിന്ന് കണ്ണുകളടച്ചു പ്രാർത്ഥിച്ചു. അതും ഒന്നര മിനിറ്റ് സമയം. പ്രാർത്ഥന കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു : “ഞാൻ റെഡി. നമുക്ക് മത്സരം തുടങ്ങാം”.
ആവേശഭരിതമായ ഫൈനൽ മത്സരങ്ങൾ ആരംഭിച്ചു. ആരു ജയിക്കും എന്നറിയുവാനുളള ആകാംക്ഷയോടെ ആളുകൾ കാത്തു നില്ക്കുമ്പോൾ കാണികളെ അതിശയിപ്പിച്ചു കൊണ്ട് ഗിൽബർട്ടിൻറെ കാർ ഏറ്റവും മുന്നിൽ എത്തി വിജയം നേടി. അപ്പോൾ ഗിൽബർട്ട് ആകാശത്തിലേക്ക് നോക്കി “ദൈവമേ നന്ദി” എന്നു ഉറക്കെ പറഞ്ഞു കൊണ്ട് തുളളിച്ചാടി.

സമ്മാന ദാനത്തിൻറെ അവസരത്തിൽ സ്കൗട്ട് മാസ്റ്റർ ഗിൽബർട്ടിനോട് ചോദിച്ചു: “അപ്പോൾ വിജയിക്കുവാൻ വേണ്ടി നീ ശരിക്കു പ്രാർത്ഥിച്ചു അല്ലേ”? ഉടനെ ഗിൽബർട്ട് പറഞ്ഞു : “ഇല്ലില്ല…… ഞാൻ അങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ!! വിജയിക്കുവാൻ വേണ്ടിയല്ല, മറിച്ച് മത്സരത്തിൽ തോല്ക്കുകയാണെങ്കിൽ കരയാതിരിക്കുവാനുള്ള മനഃശക്തിക്കു വേണ്ടി മാത്രമാണ് ഞാൻ പ്രാർത്ഥിച്ചത്”.

പ്രീയമുള്ളവരേ, എല്ലാ പ്രതീക്ഷകളും എല്ലായ്പ്പോഴും യാഥാർഥ്യമാവണമെന്നില്ല; അപ്രതീക്ഷിതമായത് ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം; അതിനെ സ്വീകരിക്കുവാൻ നമുക്കോരോരുത്തർക്കും മനസ്സുണ്ടാവണം….പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു വിജയപഥം കീഴടക്കുവാൻ ശ്രമിക്കുമ്പോഴും മനസ്സിന്റെ സമനില തെറ്റിപ്പോകുവാനിടയാകരുത്. മത്സരങ്ങളിൽ പങ്കെടുത്താൽ ഒന്നുകിൽ വിജയിക്കും; അല്ലെങ്കിൽ തോൽക്കും….. ജീവിതത്തിൽ രണ്ടും ഉൾക്കൊള്ളാൻ നമ്മുടെ മനസ്സിനെ ശീലിപ്പിക്കുക….. പരാജയങ്ങളെ സധൈര്യം നേരിടുവാനുള്ള കൃപയ്ക്കായി ഈശ്വരനോട് യാചിക്കുക. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും, ദുരിതങ്ങളെയും അഭിമുഖീകരിക്കുവാനുള്ള ശക്തിക്ക് വേണ്ടിയാണ് പ്രധാനമായും നാം പ്രാർത്ഥിക്കേണ്ടത്. ഈശ്വരൻ നമുക്കു വേണ്ടി കരുതുന്നുവെന്ന വിശ്വാസം നമ്മുടെ ഉപബോധ മനസ്സുകളിൽ വേരുറയ്ക്കേണം, എങ്കിൽ മാത്രമേ ഏതു പ്രതിസന്ധികളിലും പതറാതെ മുന്നേറുവാൻ നമുക്കോരോരുത്തർക്കും സാധിക്കുകയുള്ളു!!

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!