ആനി ജോർജ്ജ്
“എനിക്ക് ആഡംബര കാറുകളും വലിയ വീടുകളും ഒന്നും ആവശ്യമില്ല; എനിക്ക് ജീവിതത്തിൽ ലഭിച്ച നന്മയിൽ നിന്നും എന്റെ ബന്ധുക്കൾക്കും മറ്റുള്ളവർക്കും ഒരു നല്ല ജീവിതം ലഭിക്കണമെന്നത് ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള എല്ലാത്തിനെയും ഞാൻ ഒരു പോലെ വിലമതിക്കുന്നു — സാഡിയോ മനേ”
ആഴ്ചയിൽ ഏതാണ്ട് ഒന്നരക്കോടി ഇന്ത്യൻ രൂപ
വരുമാനമുള്ള ലോകപ്രശസ്ത ഫുട്ബോൾ കളിക്കാരനാണ് 29 വയസ്സുകാരനായ “സാഡിയോ മനേ” (സെനഗൽ – പശ്ചിമാഫ്രിക്ക).
സ്ക്രീനുടഞ്ഞ ഒരു മൊബൈൽ ഫോണുമായി അദ്ദേഹത്തെ പല തവണ കാണാനിടയായ ഒരു മാധ്യമ പ്രവർത്തകൻ ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിച്ചു.. അദ്ദേഹം പറഞ്ഞു "ശരിയാക്കിക്കണം…!" "ശരിയാക്കിക്കുകയോ…. എന്തുകൊണ്ടാണ് താങ്കൾ പുതിയ ഒരു മൊബൈൽ ഫോൺ വാങ്ങാത്തത്?" എന്നായി മാധ്യമ പ്രവർത്തകൻ…
ശാന്തനായി അദ്ദേഹം പറഞ്ഞു…
"നോക്കൂ… ഇന്നെനിക്ക് വേണമെങ്കിൽ ഒരു ആയിരം മൊബൈൽ ഫോണുകൾ വാങ്ങാം..
വേണമെങ്കിൽ ഒരു 10 ഫെറാറി,ഒന്നോ രണ്ടോ ജെറ്റ് വിമാനങ്ങൾ, ഡയമണ്ട് വാച്ചുകൾ ഇതെല്ലാം വാങ്ങാൻ പ്രയാസമില്ല…
എന്നാൽ ഇവയെല്ലാം എനിക്ക് ആവശ്യമുണ്ടോ..?
എന്റെ കാര്യങ്ങൾ എല്ലാം നടന്നാൽ പോരേ?
ദാരിദ്ര്യം അത് ഞാൻ ഒരുപാട് കണ്ടതാണ്…
ദാരിദ്ര്യം കാരണം എനിക്ക്നന്നായി പഠിക്കാൻ കഴിഞ്ഞില്ല… അതുകൊണ്ടു പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാനായി ഞാൻ സ്കൂളുകൾ പണിയുന്നു…
എനിക്ക് ചെരിപ്പുണ്ടായിരുന്നില്ല, ചെരിപ്പു പോലുമില്ലാതെ നിരവധി തവണ ഫുട്ബോൾ കളിക്കേണ്ടി വന്നിട്ടുണ്ട്…
ധരിക്കുവാൻ നല്ല വസ്ത്രമുണ്ടായിരുന്നില്ല,
കഴിക്കുവാൻ നല്ല ഭക്ഷണമുണ്ടായിരുന്നില്ല…
ഇന്നെനിക്കെല്ലാം ഉണ്ട്…
എന്നാൽ അതെല്ലാം മറ്റുള്ളവരെ കാണിച്ച് മേനിയോടെ നടക്കുന്നതിനു പകരം ദാരിദ്ര്യമനുഭവിക്കുന്ന മറ്റുള്ളവരുമായി പങ്കിടുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് …”
*അവനവനുള്ള സൗകര്യങ്ങളിൽ തൃപ്തിയില്ലാതെ നാട്ടുകാർക്കു മുന്നിൽ പൊങ്ങച്ചം കാണിക്കാൻ കൈയിലുള്ളതും പോരാഞ്ഞ് കടം വാങ്ങിയും ചെലവഴിക്കാൻ മടിയില്ലാത്ത നമ്മുടെയൊക്കെ നെഞ്ച് തകർക്കുവാൻ പോന്ന വാക്കുകൾ അല്ലേ ഇത്…..??
ആരാണീ സാഡിയോ മനേ?
ഫുട്ബോൾ കളിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വളരെ വിനയാന്വിതനായ ഒരു അസാധാരണ മനുഷ്യനാണ് സാഡിയോ മനേ. 1992 ഏപ്രിൽ 10 നു പശ്ചിമാഫ്രിക്കയിലെ സെനഗൽ പട്ടണത്തിലെ ബംബാലി എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 7 വയസ്സുള്ളപ്പോൾ തന്റെ ഗ്രാമത്തിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സഹോദരൻ വന്നു തങ്ങളുടെ പിതാവ് മരിച്ചുവെന്ന് തന്നെ അറിയിക്കുന്നത്. ആദ്യം ആ വാർത്ത താൻ വിശ്വസിച്ചില്ല. ആശുപത്രികളോ ചികിത്സാ സമ്പ്രദായങ്ങളോ തന്റെ ഗ്രാമത്തിൽ ഇല്ലാത്തതിനാൽ കടുത്ത വയറു വേദന അനുഭവപ്പെട്ട പിതാവിനെ നാട്ടുകാർ മറ്റൊരു ഗ്രാമത്തിലെ വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയി. എങ്കിലും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി, അദ്ദേഹം അവിടെ വച്ച് മരിക്കുകയും ചെയ്തു. പിതാവിന്റെ പെട്ടെന്നുണ്ടായ വേർപാട് സാഡിയോയെ കടുത്ത ദുഃഖത്തിലാഴ്ത്തി; മാത്രമല്ല തന്റെ ഗ്രാമത്തിലുള്ള ആരും ഇനി ചികിൽസ കിട്ടാതെ മരിക്കാതിരിക്കുവാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് താൻ ദൃഢ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പിതാവിന്റെ അകാലത്തിലുള്ള മരണം നിമിത്തം സാഡിയോ മനേയ്‌ക്കു ചെറുപ്പം മുതലേ കഠിനാധ്വാനം ചെയ്യേണ്ടതായി വന്നു, സ്കൂളിനു ശേഷം എല്ലാ ദിവസവും താൻ ജോലി ചെയ്യാൻ വയലുകളിൽ പോകുമായിരുന്നു. വലുതാകുമ്പോൾ സാഡിയോ കൃഷി ചെയ്തു ഒരു നല്ല കർഷകനായി മാറുമെന്ന് ബന്ധുക്കൾ പ്രതീക്ഷിച്ചു. എന്നാൽ കുട്ടിക്കാലത്ത് സാഡിയോ മനേ വയലുകളിൽ പാറകൾ ഉപയോഗിച്ചു സ്വയം ഫുട്ബോൾ കളിക്കുവാൻ തുടങ്ങി. അവൻ ഒരു ഫുട്ബോൾ കളിക്കാരനാകണമെന്ന ആശയം വീട്ടുകാരുടെ പദ്ധതികളിൽ ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല, കാരണം അവർക്കു അവന്റെ കഴിവിൽ അത്ര വിശ്വാസം ഉണ്ടായിരുന്നില്ല എന്നതായിരുന്നു. മാത്രമല്ല ബംബാലിയിൽ നിന്നുള്ള ഒരു കുട്ടിക്ക് ഒരിക്കലും ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുവാൻ സാധിക്കയില്ലെന്നു അവർ തീർച്ചയാക്കി. എന്നാൽ 2002 ൽ സിനഗൽ ലോകകപ്പിൽ ഇടം നേടി സാഡിയോ മനേ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. അവരുടെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി അവരുടെ ക്വാർട്ടർ ഫൈനലിലേക്ക്.
യുവ സാൻഡിയോയ്ക്ക് 10 വയസ്സുള്ളപ്പോൾ സിനഗലിലെ മുൻകാല ഫുട്ബോൾ താരമായിരുന്ന എൽ ഹഡ്ജി ഡിയൂഫിനെപ്പോലുള്ള കളിക്കാർ അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ആവശ്യമായ പ്രചോദനവും നൽകുകയുണ്ടായി.
ഫുട്ബാൾ കളിക്കാരനാക്കണമെന്നുള്ള തന്റെ ആഗ്രഹം സഫലമാകില്ല എന്ന് മനസിലാക്കിയ മനേ തന്റെ ഗ്രാമത്തിൽ നിന്ന് ഡാക്കറിലേക്ക് ഓടിപ്പോയി. അവിടെ അദ്ദേഹം ഒരു പ്രശസ്ത ഫുട്ബോൾ അക്കാദമിയിൽ ചേർന്ന് പരിശീലനം ആരംഭിച്ചു.
തുടർന്ന് പതിനഞ്ചാം വയസ്സിൽ സാഡിയോ ഒരു ഫുട്ബോൾ കളിക്കാരനാണെന്നു അമ്മയെ ബോധ്യപ്പെടുത്തി. “എനിക്ക് ഒരു ഫുട്ബോൾ കളിക്കാരനാകണം. എനിക്ക് ഒരു താരമാകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. തിരികെ വന്നേ സാഡിയോ തന്റെ അമ്മയോട് പറഞ്ഞു.
ഇന്ന് സാഡിയോ മനേ ഒരു ഫുട്ബോൾ താരം മാത്രമല്ല, ലോകത്തിലെ ഏറ്റവും വിനയാന്വിതനായ ഒരു അസാധാരണ മനുഷ്യനും കൂടിയാണ്. തനിക്കു ചുറ്റും ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ആഗ്രഹിക്കുകയും തന്റെ സ്വന്ത പ്രയത്നം കൊണ്ട് അത് നേടിയെടുക്കുകയും ചെയ്തു; തന്റെ പിതാവിന് സംഭവിച്ചതുപോലെ മറ്റാർക്കും സംഭവിക്കാതിരിക്കാൻ, പുതിയ ആശുപത്രികൾ തന്റെ ഗ്രാമത്തിലും സമീപപ്രദേശത്തും ആരംഭിച്ചു.
തനിക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം ചെയ്യുവാൻ അവസരം ലഭിക്കാഞ്ഞതിനാൽ തന്റെ ഗ്രാമത്തിലെ മറ്റു കുട്ടികൾക്കായി മെച്ചപ്പെട്ട ക്ലാസ് മുറികളും, അദ്ധ്യാപന സൗകര്യങ്ങളും ഉള്ള വിദ്യാലയ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
സാദിയോ മാനെ ഇന്ന് ബംബാലെയുടെ അഭിമാനമാനമാണ്.
മറ്റുള്ളവരുടെ മുൻപിൽ പ്രശസ്തി നേടുവാനോ, ഇൻസ്റ്റാഗ്രാം ലൈക്കുകൾക്കോ വേണ്ടിയല്ല അദ്ദേഹം ഇതു ചെയ്യുന്നത്. തൻറെ സ്വയ പ്രയത്നത്തിലൂടെ നേടിയ സമ്പാദ്യങ്ങൾ മറ്റുള്ളവർക്കായി ചിലവഴിക്കുന്ന ഒരു അസാധാരണ മനുഷ്യജന്മമാണ് സാഡിയോ മനേ.
പ്രിയമുള്ളവരേ, ജനനത്തിനും മരണത്തിനും ഇടയിലുള്ള സുഖദുഃഖ സമ്മിശ്രമായ ഒരു യാത്രയാണ് ജീവിതം. ആരോ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചു തുടങ്ങുന്ന യാത്ര, മരണത്തിന്റെ കരാളഹസ്തത്തിലമരുമ്പോൾ, ആരോ കുളിപ്പിച്ച് ആരോ വസ്ത്രം ധരിപ്പിച്ചു കീശയില്ലാത്ത ശവക്കച്ചയും പുതപ്പിച്ചു ആറടി മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ അവസാനിക്കുന്ന ഒന്നാണെന്നോർക്കണം. നമുക്ക് എത്ര ഉയരം ഉണ്ടെങ്കിലും, ഉയരത്തിൽ പറക്കുവാൻ കഴിഞ്ഞാലും നാളെ എന്ന ദിവസത്തെ കാണുവാൻ സാധിക്കില്ല; അതുകൊണ്ടു ഭൂമിയിൽ നാം ജീവിക്കുന്ന ഓരോ നിമിഷവും ഈശ്വരന്റെ ദാനമാണെന്നോർക്കുക; സഹജീവികളോട് സഹാനുഭൂതിയും, ആർദ്രതയുമുള്ള നല്ല വ്യക്‌തിത്വങ്ങളായി അന്ധകാരപൂർണ്ണമായ ഈ ഭൂതലത്തിൽ ഇത്തിരി പ്രകാശം പരത്തുവാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ.
ഓർക്കുക, നശ്വരമായ ഈ ലോക ജീവിതയാത്രയിൽ ഈശ്വരൻ നമുക്ക് അനുഗ്രഹങ്ങൾ നൽകുമ്പോൾ അത് നമ്മുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി മാത്രം ഉപയോഗിക്കാതെ, അർഹതപ്പെട്ട മറ്റുള്ളവർക്കും കൂടി പങ്കിടുവാൻ നാം മടികാട്ടരുത്!!
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ