കഥയിലൂടെ കാര്യം (ഭാഗം 12)
ആനി ജോർജ്
“ഞാൻ ഭവനരഹിതനായിരുന്നെങ്കിലും, ശുഭപ്രതീക്ഷ നഷ്ടപ്പെടുത്തിയിരുന്നില്ല; ഒരു നല്ല ദിവസം തീർച്ചയായും വരുമെന്ന് എനിക്കറിയാമായിരുന്നു- ക്രിസ് ഗാർഡ്നർ.”
നിശ്ചയ ദാർഢ്യവും, ക്ഷമയും, ധൈര്യവും, ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതത്തിലെ ഏതൊരു പ്രതികൂല സാഹചര്യത്തിലും അടിപതറാതെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും എന്നതിന്റെ ഉദാത്ത മാതൃകയാണ് ക്രിസ്റ്റഫർ പോൾ ഗാർഡ്നറുടെ ജീവിതം. ഈ കഥ അവിശ്വസനീയമാണ്, ഒരു പക്ഷേ ഞാൻ വായിച്ചതിലെ ഏറ്റവും പ്രചോദനാത്മകവും ആവേശകരവുമായ ജീവിത അനുഭവങ്ങളിൽ മികച്ച ഒന്നും!!
1980 കളുടെ ആരംഭത്തിൽ സ്വന്തമായി ഒരു ചില്ലിക്കാശു പോലും സമ്പാദിക്കാൻ കഴിവില്ലാത്ത ഭർത്താവിനോടുള്ള വിശ്വാസം നഷ്ടപ്പെട്ട ജീവിതപങ്കാളി കടുത്ത സാമ്പത്തീക പ്രതിസന്ധി കാരണം സ്വന്തം കുട്ടിയേയും ഭർത്താവിനെയും ഉപേക്ഷിച്ചു പോകുന്നു; തല ചായിക്കുവാൻ സ്ഥലമില്ലാത്തതിനാൽ ചെറിയ കുട്ടിയേയും കൊണ്ട് റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ കടലാസുകൾ നിരത്തി മകനെ മടിയിൽ കിടത്തി രാത്രി കിടന്നുറങ്ങി, ജോലിക്കായുള്ള അന്വേഷണത്തിനിടയിൽ കൈയ്യിലുണ്ടായിരുന്ന വിലകൂടിയ സ്കാനർ മെഷീനുകൾ നഷ്ടമാകുന്നു… അങ്ങനെ ജീവിതത്തിലുടനീളം നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം സധൈര്യം അതിജീവിച്ചു കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും 1987 ൽ സ്വന്തം ബ്രോക്കറേജ് സ്ഥാപനമായ ഗാർഡ്നർ റിച്ച് & കമ്പനി സ്ഥാപിച്ച ഗാർഡ്നർ ഇപ്പോൾ അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്സ്കാരനും, കോടീശ്വരനുമാണ്. മാത്രമല്ല, സാൻ ഫ്രാൻസിസ്കോയിലെ കാര പ്രോഗ്രാമും ഗ്ലൈഡ് മെമ്മോറിയൽ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച്, നിരവധി ചാരിറ്റബിൾ ഓർഗനൈസേഷനുകളും സ്പോൺസർ ചെയ്യുന്ന ഒരു മനുഷ്യ സ്നേഹിയുമാണ്. സാമ്പത്തീക സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ഗാർഡ്നർ വസ്ത്രങ്ങളും ഷൂകളും സംഭാവന ചെയ്യുന്നു. സ്ഥിരമായ തൊഴിൽ നിയമന സഹായം, കരിയർ കൗൺസിലിംഗ്, ചിക്കാഗോയിലെ ഭവന രഹിതരായ ജനവിഭാഗങ്ങൾക്കും അപകട സാധ്യതയുള്ള കമ്മ്യൂണിറ്റികൾക്കും സമഗ്രമായ തൊഴിൽ പരിശീലനകനുമാണ് ഗാർഡനർ.
തോമസ് ടർണറിന്റെയും ബെറ്റി ജീൻ ഗാർഡ്നറുടെയും മകനായി 1954 ഫെബ്രുവരി 9 ന് വിസ്കോൺസിൻ മിൽവാക്കിയിൽ ഗാർഡ്നർ ജനിച്ചു. ബെറ്റി ജീനിന് ജനിച്ച രണ്ടാമത്തെ കുട്ടിയും ഏക ആൺകുട്ടിയുമായിരുന്നു അദ്ദേഹം. പിതാവ് ലൂസിയാനയിൽ താമസിച്ചിരുന്നതിനാൽ ഗാർഡ്നറിന് കുട്ടിക്കാലത്ത് വേണ്ടത്ര പ്രചോദനം പിതാവിൽ നിന്നും ലഭിച്ചിരുന്നില്ല, കൂടാതെ രണ്ടാനച്ഛൻ അമ്മയെയും, സഹോദരിമാരെയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. രണ്ടാനച്ഛനായ ട്രിപ്ലറ്റിന്റെ കോപം ഗാർഡ്നറെയും സഹോദരിമാരെയും നിരന്തരം ഭയപ്പെടുത്തി. ഒരു സംഭവത്തിൽ, ക്ഷേമ തട്ടിപ്പിനായി ട്രിപ്ലറ്റ് അധികൃതർക്ക് തെറ്റായ റിപ്പോർട്ടുകൾ നൽകിയതിനാൽ ബെറ്റി ജീൻ ജയിലിലായി; അതേത്തുടർന്ന് കുട്ടികളെ വളർത്തു പരിചരണത്തിൽ പാർപ്പിക്കേണ്ടി വന്നു.
വളരെ അസന്തുഷ്ടമായ ദാമ്പത്യമായിരുന്നിട്ടും, ബെറ്റി ജീൻ മകൻ ക്രിസ്സിന് പ്രചോദനത്തിന്റെയും ശക്തിയുടെയും നല്ല ഉറവിടമായിരുന്നു. അവൾ സ്വയം വിശ്വസിക്കാൻ ഗാർഡ്നറെ പ്രോത്സാഹിപ്പിക്കുകയും അവനിൽ സ്വാശ്രയത്വത്തിന്റെ വിത്ത് വിതയ്ക്കുകയും ചെയ്തു. മദ്യപാനം, ഗാർഹിക പീഡനം, ബാലപീഡനം, നിരക്ഷരത, ഭയം, ശക്തിയില്ലായ്മ എന്നിവയെല്ലാം തന്റെ ആദ്യകാല ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളായിരുന്നതിനാൽ ഭാവിയിൽ അവയെല്ലാം തന്റെ ജീവിതത്തിൽ ഒഴിവാക്കാൻ ഗാർഡനർ ആഗ്രഹിച്ചു.
ജീവിതപങ്കാളിയുമൊത്തു സന്തോഷകരമായ ഒരു ജീവിതമായിരുന്നു ഗാർഡ്നർ ആഗ്രഹിച്ചത്. ജീവിതം മെച്ചപ്പെടുത്തുന്നതിനായി തനിക്കുണ്ടായിരുന്ന ചെറിയ ശമ്പളം ലഭിച്ചു കൊണ്ടിരുന്ന ജോലി അദ്ദേഹം ഉപേക്ഷിച്ചു. 1980 കളുടെ ആരംഭത്തിൽ ഒരു വലിയ ലാഭം പ്രതീക്ഷിച്ചു തന്റെ കൈയ്യിലുള്ള പണമെല്ലാം ഉപയോഗിച്ച് ഒരു പെട്ടിയോളം വലിപ്പമുള്ള മെഡിക്കൽ സ്കാനിംഗ് മെഷീനുകൾ വാങ്ങിക്കൂട്ടി അത് വിൽക്കുവാൻ തുടങ്ങി. ആദ്യമൊക്കെ നല്ല ലാഭം ലഭിച്ചിരുന്നെങ്കിലും പിന്നീട് മാസത്തിൽ ഒന്ന് പോലും വിൽക്കുവാൻ ഗാർഡനറിനു സാധിച്ചില്ല. കുടുംബം പുലർത്താൻ അഹോരാത്രം അദ്ധ്വാനിക്കുന്ന ഭാര്യയുടെ തുച്ചമായ ശമ്പളത്തിൽ ദൈനം ദിന കാര്യങ്ങൾ പോലും നടത്തുവാനാകാതെ ജീവിതം വഴിമുട്ടി.
ഒരിക്കൽ തന്റെ കൈയ്യിലുണ്ടായിരുന്ന സ്കാനിങ് മെഷീനുകൾ വിൽക്കുവാനുള്ള ശ്രമത്തിനിടയിൽ ഒരു ചുവന്ന ഫെരാരിയിൽ മാന്യമായ വസ്ത്രം ധരിച്ച ഒരാളെ കണ്ടപ്പോൾ ജിജ്ഞാസയോടെ, ഗാർഡ്നർ ആ മനുഷ്യനോട് അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ചു ചോദിച്ചു. അയാൾ ഒരു സ്റ്റോക്ക് ബ്രോക്കറാണെന്നും തൊട്ടടുത്തുള്ള വലിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു. ആ നിമിഷം മുതൽ ഗാർഡ്നർ ഒരു സ്റ്റോക്ക് ബ്രോക്കർ ആയി ജോലി കിട്ടുവാൻ വളരെ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. അവസാനം ആ സ്ഥാപനത്തിൽ ട്രെയിനി സ്കീമിൽ 6 മാസം ശമ്പളമില്ലാതെ സ്റ്റോക്ക് ബ്രോക്കർ ആയി ജോലി ലഭിക്കുന്നു. ഒരു ദിവസം സ്കാനിംഗ് മെഷീനുകൾ വിൽക്കുവാൻ വളരെയധികം ശ്രമിച്ചിട്ടും സാധിക്കാതെ വളരെ വൈകി വീട്ടിലേക്കെത്തിയ ഗാർഡ്നർ തന്റെ ജീവിതപങ്കാളി തന്നെ ഉപേക്ഷിച്ചു വീട്ടുസാധനങ്ങൾ എല്ലാം എടുത്തു മകനെയും കൂട്ടി മറ്റെവിടേക്കോ പോയതാണ് കണ്ടത്. എന്തു വില കൊടുത്തും മകനെ വിട്ടു കൊടുക്കുവാൻ തയ്യാറാകാതെ ഗാർഡനർ പിറ്റേ ദിവസം തന്നെ ഡേ കെയറിൽ പോയി മകനെക്കൂട്ടി വീട്ടിലെത്തി, ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനിടയിൽ വീട്ടുടമസ്ഥൻ വന്നു ഏറെ നാളത്തെ വാടക കുടിശ്ശിക ആയതിനാൽ വീടൊഴിയാൻ ആവശ്യപ്പെടുകയും, വീട്ടു വാടക കൊടുക്കാൻ മതിയായ പണമില്ലാത്തതിനാൽ അവിടെ നിന്നും ഇറക്കി വിടുകയും ചെയ്തു.
27 വയസ്സുള്ള ഗാർഡ്നറും തന്റെ പിഞ്ചു മകനും സാൻ ഫ്രാൻസിസ്കോയിൽ ഒരു വർഷത്തോളം ഭവന രഹിതരായിരുന്നു. ഒരു റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിലോ, പാർക്കുകളിലോ, പള്ളി ഷെൽട്ടറിലോ മറ്റെല്ലാവരും വീട്ടിൽ പോയതിനു ശേഷം ജോലി സ്ഥലത്ത് അവന്റെ മേശയ്ക്കടിയിലോ അവർ കിടന്നുറങ്ങി. വളരെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രാത്രിയിൽ വഴിവിളക്കിന്റെ നേരിയ പ്രകാശത്തിലൂടെ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയ പുസ്തകങ്ങൾ വായിച്ചു നേടിയെടുത്ത അറിവുകളിലൂടെ തന്റെ ജോലിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു… വളരെ നേരത്തെ ഓഫീസിൽ എത്തിയും, ദീർഘ മണിക്കൂറുകൾ ജലപാനം പോലുമില്ലാതെ ജോലിയിൽ മുഴുകിയും, പരിശീലന കാലാവധി കഴിഞ്ഞപ്പോഴേക്കും ഓഹരികൾ വിൽക്കുന്നതിലും, നിക്ഷേപകരെ കണ്ടെത്തുന്നതിലും അസ്വാഭാവികമായ കഴിവ് അദ്ദേഹം സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു. തൽഫലമായി 1982 -ൽ, ഗാർഡ്നർ ആദ്യ ശ്രമത്തിൽ തന്റെ സീരീസ് 7 പരീക്ഷയിൽ വിജയിക്കുകയും ട്രെയിനി ആയി ജോലി ചെയ്തു കൊണ്ടിരുന്ന ഡീൻ വിറ്റർ റെയ്നോൾഡ്സ് (DWR) എന്ന സ്ഥാപനത്തിലെ ഒരു മുഴുവൻ സമയ ജീവനക്കാരനായിത്തീരുകയും ചെയ്തു.
ഒടുവിൽ തനിക്കും മകനും ഒരു വീട് വാടകയ്ക്കെടുക്കാൻ കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കരിയർ അതിവേഗം ഉയർന്നു, 1987 ൽ, ഗാർഡ്നർ ഇല്ലിനോയിയിലെ ചിക്കാഗോയിൽ ഗാർഡ്നർ റിച്ച് & കോ എന്ന ബ്രോക്കറേജ് സ്ഥാപനം ആരംഭിച്ചു. “രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങൾ, പൊതു പെൻഷൻ പദ്ധതികൾ, ഇക്വിറ്റി, ഡെറിവേറ്റീവ് ഉൽപ്പന്ന ഇടപാടുകൾ എന്നിവ നിർവ്വഹിക്കുന്നതിൽ പ്രത്യേകതയുള്ള ഒരു ബ്രോക്കറേജ് സ്ഥാപനമാണ് ഗാർഡ്നർ റിച്ച് & കമ്പനി.
2006-ൽ ഗാർഡ്നർ റിച്ചിലെ തന്റെ ചെറിയ ഓഹരി മൾട്ടി മില്യൺ ഡോളർ ഇടപാടിൽ വിറ്റതിന് ശേഷം, ന്യൂയോർക്ക്, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള ക്രിസ്റ്റഫർ ഗാർഡ്നർ ഇന്റർനാഷണൽ ഹോൾഡിംഗ്സിന്റെ സി.ഇ.ഒ യും സ്ഥാപകനുമായി. വർണ്ണവിവേചനം അവസാനിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ദക്ഷിണാഫ്രിക്കൻ സന്ദർശന വേളയിൽ, ദക്ഷിണാഫ്രിക്കയിൽ വളർന്നുവരുന്ന വിപണികളിൽ സാധ്യമായ നിക്ഷേപത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഗാർഡ്നർ നെൽസൺ മണ്ടേലയെ കണ്ടു. നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ദശ ലക്ഷക്കണക്കിന് വിദേശ കറൻസികൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് അവതരിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നിക്ഷേപ സംരംഭം ഗാർഡ്നർ അവിടെ ആസൂത്രണം ചെയ്യുകയായിരുന്നു.
എന്താണ് ക്രിസ് ഗാർഡനറുടെ ജീവിതം നമുക്ക് നൽകുന്ന സന്ദേശം?
ദരിദ്രനായിരുന്നിട്ടും ഗാർഡനർ തന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളേയും ഉപേക്ഷിക്കുവാൻ തയ്യാറായില്ല.. ജീവിത വിജയം എന്നത് വിധിയോ ഭാഗ്യമോ അല്ലെന്നും അവനവന്റെ പരിശ്രമത്തിലൂടെ മാത്രം നേടിയെടുക്കുവാൻ സാധിക്കുന്ന ഒന്നാണെന്നും താൻ വിശ്വസിച്ചു.. തന്റെ ആഗ്രഹങ്ങളെ സ്വപ്നം കണ്ടു വിജയത്തിലേക്ക് നടന്നടുക്കുവാൻ അഹോരാത്രം പരിശ്രമിക്കുകയും ഒടുവിൽ അത് സ്വായത്തമാക്കുകയും ചെയ്തു.
പണമില്ലാത്തവൻ പിണം എന്നതുപോലെയായിരുന്നു ഗാർഡനറിന്റെ ജീവിതം. ഭാര്യയ്ക്കും മകനും ഒപ്പം സന്തോഷകരമായ ഒരു ജീവിതം ആഗ്രഹിച്ചെങ്കിലും, താൻ ആരംഭിച്ച ബിസിനസ് പരാജയപ്പെട്ടപ്പോൾ താൻ പ്രാണനു തുല്യം സ്നേഹിച്ചിരുന്ന ജീവിതപങ്കാളി തന്നെ ഉപേക്ഷിച്ചു പോകുന്നു. ആപൽഘട്ടങ്ങളിൽ നമുക്ക് തുണ നിൽക്കേണ്ടവർ നമ്മെ ഉപേക്ഷിച്ചു പോയേക്കാം, പക്ഷെ അവരുടെ മുൻപിൽ ജീവിതം അവസാനിപ്പിക്കാതെ സധൈര്യം മുന്നേറുവാൻ നാം ശീലിക്കുക.
നിങ്ങളുടെ കഴിവുകളിൽ നിങ്ങൾക്ക് വിശ്വാസം ഉണ്ടായിരിക്കേണം. നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുവാൻ മറ്റുള്ളവർ ശ്രമിച്ചേക്കാം; സ്റ്റോക്ക് ബ്രോക്കർ ആയി ജോലിക്കു ശ്രമിക്കുമ്പോൾ “സ്വന്തമായി മാസത്തിൽ ഒരു സ്കാനിങ് മെഷീൻ പോലും വിൽക്കുവാൻ സാധിക്കാത്ത നിങ്ങളാണോ യാതൊരു പ്രവർത്തി പരിചയവുമില്ലാത്ത ബ്രോക്കർ ജോലിക്കു പോകുന്നത്” എന്ന് പറഞ്ഞു ഭാര്യ ഗാർഡനറെ നിരുൽസാഹപ്പെടുത്തിയിരുന്നു. പക്ഷെ അവരുടെ വാക്കുകളേക്കാൾ തനിക്കത് നേടിയെടുക്കാൻ സാധിക്കും എന്ന ആത്മ വിശ്വാസം ഗാർഡനറിനു ഉണ്ടായിരുന്നു. അത് ലക്ഷ്യം കാണുകയും ചെയ്തു.
ആഴമായ ഒരു പിതൃ – പുത്ര ബന്ധം നമുക്കിവിടെ കാണുവാൻ സാധിക്കും. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടെങ്കിലും തന്റെ മകനെ ഉപേക്ഷിക്കുവാനോ, ഇല്ലായ്മ ചെയ്യുവാനോ അദ്ദേഹം ശ്രമിക്കാതെ തന്റെ കഷ്ടപ്പാടുകൾ ഒന്നും മകനെ അറിയിക്കാതെ അവനെ സംരക്ഷിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചു.
ശമ്പളമില്ലാത്ത ജോലിയിൽ മണിക്കൂറുകൾ മുഴുകുമ്പോഴും വൈകുന്നേരങ്ങളിൽ തന്റെ സ്കാനറുകൾ വിൽക്കുവാനായി മകനുമൊത്തു അനേകം ആശുപത്രികളിൽ അദ്ദേഹം കയറി ഇറങ്ങി. രാത്രികാലങ്ങളിൽ തന്റെ മകനെ ഏറ്റവും സുരക്ഷിതനാക്കുവാൻ വാത്സല്യനിധിയായ ആ പിതാവ് അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു.
പ്രിയമുള്ളവരെ…..തിരിച്ചടികൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്; ജീവിതത്തിൽ പരാജയമെന്നൊന്നില്ല…… നിങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരുന്നതിനുള്ള താൽക്കാലിക കാല താമസം മാത്രമാണ് പരാജയങ്ങൾ എന്ന് നിങ്ങൾ വിശ്വസിക്കുക…. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ ഒരു പക്ഷെ നിങ്ങൾ വൻ പരാജയമാണെങ്കിൽ, നിങ്ങൾക്ക് മറ്റൊന്ന് കണ്ടെത്താനുള്ള സാധ്യത തീർച്ചയായും ഉണ്ട് എന്ന് മനസ്സിലാക്കുക, അത് വിശ്വസിക്കുക. ഏറ്റവും മികച്ച ഒരു ഭാവിയായിരിക്കാം ചിലപ്പോൾ നിങ്ങളെ കാത്തിരിക്കുന്നത്….. അതിലേക്കു നടന്നടുക്കുവാനുള്ള കാലതാമസം ക്രീയാത്മകമായി ഉപയോഗിക്കുക…….. നിങ്ങളുടെ സന്തോഷം എവിടെയാണെന്ന് അന്വേഷിക്കുക.. അത് കണ്ടെത്തുവാൻ പരിശ്രമിക്കുക …. ആത്മവിശ്വാസത്തോടും സ്ഥിരോത്സാഹത്തോടും കൂടി മുന്നേറുക… വിജയം നിങ്ങളുടേതാണ്!!
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ