കഥയിലൂടെ കാര്യം – ഭാഗം 7
ആനി ജോർജ്
ലോക പ്രശസ്തമായ ദി ആൽകെമിസ്റ് എന്ന നോവലിന്റെ എഴുത്തുകാരനും, ബ്രസീലിയൻ ഗാന രചയിതാവുമായ പൗലോ കൊയ്ലോ പെൻസിലിനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്ന വളരെ അർത്ഥവത്തായ ഒരു കഥയുണ്ട്:
ഒരിക്കൽ ഒരു പെൻസിൽ നിർമ്മാതാവ് താൻ ഉണ്ടാക്കിയ പെൻസിൽ, പെട്ടിയിലേക്ക് വയ്ക്കുന്നതിന് മുൻപ് ഇപ്രകാരം പറഞ്ഞുവത്രേ:
“അല്ലയോ പെൻസിലേ, ഞാൻ നിന്നെ ഈ ലോകത്തിലേക്ക് അയയ്ക്കുന്നതിന് മുൻപ് നീ അറിയേണ്ടതായ 5 കാര്യങ്ങളുണ്ട്; അവ എല്ലായ്പ്പോഴും ഓർക്കുകയും പ്രാവർത്തീകമാക്കുകയും ചെയ്താൽ നിനക്ക് ലോകത്തിലെ ഏറ്റവും മികച്ച ഒരു പെൻസിലായി മാറുവാൻ സാധിക്കും.”
ഒന്ന്: “മറ്റൊരാളുടെ കരങ്ങളിൽ ഉപയോഗിക്കുവാൻ നീ നിന്നെ അനുവദിക്കുകയാണെങ്കിൽ മഹത്തായ നിരവധി കാര്യങ്ങൾ ഈ ലോകത്തിൽ നിനക്ക് ചെയ്യുവാൻ നിനക്ക് സാധിക്കും”.
രണ്ട്: “ഒരു മികച്ച പെൻസിൽ ആയിത്തീരേണമെങ്കിൽ കാലാ കാലങ്ങളിൽ വേദനാജനകമായ അവസ്ഥയിലൂടെ നിനക്ക് കടന്നു പോകേണ്ടതായി വരും.”
മൂന്ന്: “നീ ചെയ്യുന്ന തെറ്റുകൾ തിരുത്താൻ നീ എപ്പോഴും തയ്യാറായിരിക്കേണം എന്നുള്ളതാണ്”.
നാല്: “നിന്റെ ഉള്ളിലുള്ള ഭാഗം ആയിരിക്കും എല്ലായ്പ്പോഴും ഏറ്റവും പ്രധാനപ്പെട്ടത്.”
അഞ്ച് : “എല്ലാ ഉപരിതലത്തിലും, ചിലപ്പോൾ നിന്നെ ഉപയോഗിച്ചേക്കാം; അവിടെയെല്ലാം നിന്റെ അടയാളം നീ രേഖപ്പെടുത്തുകയും, ഏത് പ്രയാസമുള്ള അവസ്ഥയിലാണെങ്കിലും തുടർന്നും എഴുതുവാൻ നീ തയ്യാറാകുകയും വേണം. ”
യജമാനന്റെ നിർദേശങ്ങൾ എല്ലാം വളരെ കൃത്യമായി പാലിക്കാമെന്നു വാക്കു നൽകി പെൻസിൽ പെട്ടിയിലേക്കു മടങ്ങി.
പ്രിയമുള്ളവരേ, ഈ കഥയിലെ പെൻസിൽ നിർമ്മാതാവ് നിങ്ങളുടെ സൃഷ്ടാവാം ദൈവവും (നിയന്ത്രിതാവും), പെൻസിൽ നിങ്ങളും ആണെന്ന് കരുതുക. മുകളിൽ പറഞ്ഞിരിക്കുന്ന ഈ അഞ്ച് കാര്യങ്ങൾ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഓർക്കുകയും, പ്രവർത്തീകമാക്കുവാൻ ശ്രമിക്കുകയും ചെയ്താൽ ഈ കൊച്ചു ജീവിതം എത്ര ധന്യമാകുമായിരുന്നു അല്ലേ?
ഒന്ന്: നിങ്ങളുടെ സൃഷ്ടിതാവാം ദൈവത്തിന്റെ കരങ്ങളിലേക്ക് നിങ്ങളെ സമർപ്പിച്ചു, തന്റെ ഹിതപ്രകാരം നിങ്ങൾ ജീവിച്ചാൽ ഈശ്വരന്റെ കാരുണ്യം കൊണ്ട് എത്രയോ മഹത്തരമായ കാര്യങ്ങൾ നിങ്ങൾക്ക് ഈ ലോകത്തിൽ ചെയ്യുവാനായി സാധിക്കും എന്നറിയാമോ? ഒരു കുശവൻ കളിമണ്ണു കൊണ്ടു തനിക്കു ഇഷ്ടമുള്ള ആകൃതിയിൽ വ്യത്യസ്ത ഉപയോഗത്തിനായി പാത്രങ്ങൾ ഉണ്ടാക്കുന്നത് പോലെ, നമ്മുടെ ഇച്ഛകൾക്കതീതമായി ഈശ്വരന്റെ ഹിതം നമ്മുടെ ജീവിതത്തിൽ നിറവേറുവാൻ നാം നമ്മെ അനുവദിക്കുക.
രണ്ട്: നിങ്ങളുടെ ജീവിതത്തിൽ വേദനാജനകമായ അവസ്ഥയിലൂടെ നിങ്ങൾ കടന്നു പോകുമ്പോൾ, അത് നിങ്ങളെ നശിപ്പിക്കുവാനുള്ളതല്ല, മറിച്ചു നിങ്ങളെ ശക്തനായ ഒരു വ്യക്തിയാക്കുവാനുള്ള പ്രക്രിയയാണ് എന്ന കാര്യം വിസ്മരിച്ചു പോകരുത്.
“ഉരുക്കിടുന്നു മിഴി നീരിലിട്ട് മുക്കുന്നു മുട്ടും ഭുവനൈക ശില്പി മനുഷ്യ ഹൃത്താം കനകത്തെയേതോ പണിത്തരത്തിനുപയുക്തമാക്കാൻ“
എന്തിനാണീശ്വരാ എനിക്കീ കഷ്ടത എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് നാലപ്പാട്ട് നാരായണമേനോന്റെ ഈ വരികൾ.
കഷ്ടതയുടെ തീച്ചൂളയിലൂടെ നിങ്ങൾ കടന്നു പോകുമ്പോൾ അത് നിങ്ങളെ പണിയുവാൻ വേണ്ടി മാത്രമുള്ളതാണെന്ന ഉത്തമബോധ്യത്തോടെ പരിഭവങ്ങൾ ഒന്നുമില്ലാതെ മുന്നേറുക.
മൂന്ന്: നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾ തിരുത്താൻ നിങ്ങൾ എപ്പോഴും തയ്യാറായിരിക്കേണം.
തെറ്റുകൾ ചെയ്യാത്തവരായി ഈ ലോകത്തിൽ ആരും തന്നെയില്ല; എന്നാൽ തെറ്റുകളെ മൂടി വയ്ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുവാൻ ഒരിക്കലും ശ്രമിക്കരുത്. ചെയ്തു പോയ തെറ്റുകൾ തിരുത്തുവാനും, മറ്റുള്ളവരോട് ക്ഷമ പറയുവാനും നാം തയ്യാറാകണം, എങ്കിൽ മാത്രമേ നമ്മുടെ മുന്പോട്ടുള്ള ജീവിതയാത്രകൾ സഫലമാകുകയുള്ളു.
നാല്: നിങ്ങളുടെ ഉള്ളിൽ എപ്പോഴും നന്മയുണ്ടായിരിക്കേണം; ഹൃദയം എപ്പോഴും നിഷ്കളങ്കമായിരിക്കേണം. നല്ല കാര്യങ്ങളെക്കുറിച്ചു മാത്രം എപ്പോഴും ചിന്തിക്കുക; തെറ്റായ കാര്യങ്ങൾ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ അരുത്… ഹൃദയത്തിൽ നിരൂപിക്കുന്ന കാര്യങ്ങൾ ആയിരിക്കും വാക്കുകളായും, പ്രവർത്തികളായും നമ്മിൽ നിന്നും പുറപ്പെടുക. അതുകൊണ്ടു നന്മ മാത്രം ചിന്തിക്കുക; അത് പ്രാവർത്തികമാക്കുവാൻ ശീലിക്കുക.
അഞ്ച്: വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ നിങ്ങൾ കടന്നു പോകുമ്പോൾ, അവിടെയെല്ലാം നിങ്ങളുടെ വ്യക്തിമുദ്ര നിങ്ങൾ പതിപ്പിക്കേണം; സാഹചര്യം എന്തു തന്നെയായിരുന്നാലും, നിങ്ങൾ നിങ്ങളുടെ കടമകൾ തുടരേണം. നിങ്ങൾ ആരാണെന്നു സ്വയം തിരിച്ചറിയുക; സാഹചര്യങ്ങൾ ഒരിക്കലും നിങ്ങളുടെ വ്യക്തിത്വത്തെയോ, ചിന്താഗതിയെയോ മാറ്റുവാൻ നിങ്ങൾ അനുവദിക്കരുത്. കള്ളനെ കണ്ടാൽ അവനോടു അനുകൂലിക്കരുത്; സമൂഹത്തിലെ തിന്മകളെ തിരിച്ചറിയുകയും അതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുക!!
നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ഒരു വ്യക്തിയാണെന്ന് അറിയാൻ ഈ പെൻസിലിന്റെ ഉപമയെ ഓർമ്മയിൽ സൂക്ഷിക്കുക. നിങ്ങൾ ഈ ഭൂമിയിൽ ജനിച്ചതിന്റെ ഉദ്ദേശ്യം നിറവേറ്റാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. നിങ്ങളിൽ അധിഷ്ഠിതമായിരിക്കുന്ന കർത്തവ്യങ്ങൾ നിർവ്വഹിക്കുവാൻ തടസ്സമായിരിക്കുന്ന എല്ലാത്തിനോടും വിട പറയുക. നിങ്ങളുടെ ജീവിതം സൃഷ്ടാവാം ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാണെന്ന ഉത്തമബോധ്യത്തോടെ നിർഭയം യാത്രകൾ തുടരുക!!
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ