January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

V – ഫോർ വിക്ടറി

കഥയിലൂടെ കാര്യം (ഭാഗം 11)


ആനി ജോർജ്ജ്

ലോകം കണ്ട ഏറ്റവും വലിയ തന്ത്രപ്രധാനികളിൽ ഒരാളായിരുന്നു സർ വിൻസ്റ്റൺ ലിയോണാർഡ് സ്‌പെൻസർ ചർച്ചിൽ. അദ്ദേഹത്തിന്റെ തീക്ഷ്ണതയുള്ള വാക്കുകളും പ്രസംഗങ്ങളും വളരെ പ്രശസ്തമാണ്. “നാം ഒരിക്കലും കീഴടങ്ങുകയില്ല”, ഹിറ്റ്ലറുടെ സൈനീക വേലിയേറ്റത്തിനു മുൻപിൽ വിറങ്ങലിച്ചു നിന്ന ബ്രിട്ടീഷ് ജനതയെ ആത്മവിശ്വാസവും ധൈര്യവും കൊണ്ടു നിറച്ചു സമരോൽസുകരാക്കി ഒരു രാജ്യത്തെ മുഴുവൻ രക്ഷിച്ച അദ്ദേഹത്തിന്റെ വാക്കുകൾ കാലഘട്ടങ്ങളെ അതിജീവിച്ചു ഇന്നും ഓരോ ഇംഗ്ലീഷ്കാരന്റെയും മനസ്സിൽ ജീവിക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇരുണ്ട ദിവസങ്ങളിൽ ബ്രിട്ടീഷ് ജനതയെ ഒന്നിപ്പിച്ച ചിഹ്നമായിരുന്നു V; 1941 ജൂലൈ 18 -ന് ബിബിസി റേഡിയോ ഹോസ്റ്റ് കേണൽ വി.ബ്രിട്ടൺ, പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിൽ നിന്ന് യൂറോപ്യൻ അധിനിവേശ രാജ്യങ്ങളിലേക്ക് ഒരു പ്രത്യേക സന്ദേശം പ്രക്ഷേപണം ചെയ്തു: V അടയാളം അധിനിവേശ പ്രദേശങ്ങളുടെ കീഴടക്കാനാവാത്ത ഇച്ഛാശക്തിയുടെയും വിജയത്തിന്റെയും പ്രതീകമാണ്. നാസ്സി സ്വേച്ഛാധിപത്യം കാത്തിരിക്കുന്ന വിധി; അധിനിവേശക്കാരുമായുള്ള എല്ലാ സഹകരണവും ജനങ്ങൾ നിരസിക്കുന്നത് തുടരുന്നിടത്തോളം കാലം അവരെ തോൽപ്പിച്ചു യൂറോപ്പ് മോചിപ്പിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്” അങ്ങനെ വിജയത്തെ സൂചിപ്പിക്കാനായി രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തി കാണിക്കുന്ന രീതിയുടെ ഭാഗമായി ” V ഫോർ വിക്ടറി” കാമ്പയിൻ ആരംഭിച്ചു, ചരിത്രത്തിലെ ഏറ്റവും വിജയകരമായ പ്രചോദനാത്മകമായ പ്രതീകത്തിന്റെ പ്രചരണം.

വിജയത്തിന് പ്രചോദനം അനിവാര്യമോ?

അതെ……തീർച്ചയായും. ഏതൊരു വ്യക്തിയുടെയും, സ്ഥാപനത്തിന്റെയും, രാഷ്ട്രത്തിന്റെയും വിജയത്തിന് പിറകിൽ ഏറ്റവും പ്രാധാന്യതയുള്ള ഒന്നാണ് പ്രചോദനം. മറ്റുള്ളവർക്ക് പ്രചോദനം കൊടുത്തു ക്രീയാത്മകമായ കാര്യങ്ങൾ ചെയ്യിക്കുന്നവർ അനിഷേധ്യ നേതാക്കന്മാരാകും. ചിലർ പ്രചോദനത്തിലൂടെ യുദ്ധം ഉണ്ടാക്കുമ്പോൾ മറ്റു ചിലർ പ്രചോദനത്തിലൂടെ സമാധാനവും… രണ്ടായാലും ഈ നേതാക്കന്മാരുടെയെല്ലാം ആത്യന്തീക ലക്‌ഷ്യം എന്നുള്ളത് ശത്രുവിന്റെ മേൽ വിജയം കൈവരിക്കുക എന്നുള്ളതു തന്നെ!!.

തക്ക സമയത്തു മറ്റുള്ളവരിൽ നിന്നും ലഭിച്ച പ്രോൽസാഹനത്തിലൂടെയും, പ്രചോദനത്തിലൂടെയും വിജയത്തിന്റെ ചവിട്ടുപടികൾ കടന്നിട്ടുള്ള അനേകം മഹത്‌ വ്യക്തികളെ ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കാണുവാൻ സാധിക്കും.

അന്ന്,
അഞ്ചാം ക്ലാസ്സിലെ ആദ്യ ദിവസം……..
അവരുടെ ക്ലാസ് അദ്ധ്യാപികയായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;
“എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!”
ടെഡി… അവന്റെ വസ്ത്രങ്ങൾ എപ്പോഴും അഴുക്ക് പുരണ്ടതാണ്. പഠനത്തിൽ ഏറ്റവും താഴ്ന്ന നിലവാരമുള്ള അവൻ ആരോടും മിണ്ടാത്ത ഒരു അന്തർമുഖനാണ്.” ഒരു വർഷം അവനെ പഠിപ്പിച്ചു അവന്റെ ഉത്തര കടലാസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആ അദ്ധ്യാപിക അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്ന ഒരു പാവം വിദ്യാർത്ഥി..!
അങ്ങനെയിരിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരെയുള്ള പഠനഡയറി പരിശോധിക്കണമെന്ന ഉത്തരവ് ആ അദ്ധ്യാപികക്ക് ലഭിച്ചു.
അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ അത്ഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽ അദ്ധ്യാപിക അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു.
അത് ഇപ്രകാരമായിരുന്നു; “ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്നു. അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്..”
അവർ അവന്റെ രണ്ടാം ക്ലാസിലെ അദ്ധ്യാപിക എഴുതിയത് എന്താണെന്ന് നോക്കി. അതിൽ, ‘ബുദ്ധിമാനായ വിദ്യാർത്ഥിയാണ് ടെഡി. കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ് അവൻ. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..’ എന്നു എഴുതിയിരിക്കുന്നു.
എന്നാൽ മൂന്നാം ക്ലാസിലേതു നോക്കിയപ്പോൾ;
‘മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു. ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല. വളരെ പെട്ടെന്ന് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഈ കുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്’…’ എന്ന് എഴുതിയിരിക്കുന്നു.
ഉടനെ അവർ നാലാം തരത്തിലെ അദ്ധ്യാപിക എഴുതിയത് നോക്കി; ‘ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങി ജീവിക്കുന്നവനാണ്. പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല. അവനു കൂട്ടുകാരുമില്ല. ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..’
ഇത്രയും വായിച്ചപ്പോഴാണ് ആനി തോംസനു ടെഡിയുടെ യഥാർത്ഥ പ്രശ്നം മനസ്സിലായത്.
അവർക്കു തന്നോടു തന്നെ ലജ്ജ തോന്നി.
അങ്ങനെയിരിക്കെ,
അദ്ധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
മാർക്കറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്. ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി.
അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു.
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽ ഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം.
ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസണു അങ്ങേയറ്റം വേദനിച്ചു.
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി.
മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക് അങ്ങേയറ്റം നന്ദി പറയുകയും ചെയ്തു.
എന്നിട്ട് ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു. ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല.
തന്റെ അദ്ധ്യാപികയെ കാത്തിരിക്കുകയായിരുന്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
‘ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്…!’
ഇതുകേട്ട ആനി തോംസൺ പൊട്ടിക്കരഞ്ഞു പോയി.
മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ടു തന്നതെന്ന് അവർ തിരിച്ചറിഞ്ഞു. മരിച്ചു പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അദ്ധ്യാപികക്ക് ബോധ്യമായി.
അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി.
അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു.
വർഷാവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം.
ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചു വെച്ച ഒരു കുറിപ്പ് ആനി തോംസൺ വായിച്ചതിങ്ങനെയായിരുന്നു;
“എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അദ്ധ്യാപികയാണ് താങ്കൾ..”
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
“നല്ല ഒരു അദ്ധ്യാപികയാവുക എന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!”
വർഷങ്ങൾക്കുശേഷം അവിടുത്തെ വൈദ്യശാസ്ത്ര കോളേജിൽ നിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി.

ആ വർഷത്തെ ബിരുദദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം.
ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി ആനി തോംസൺ അന്നവിടെ എത്തിച്ചേർന്നു.
പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രഞ്ജനായ ഡോ. ടെഡി സ്റ്റൊഡാർട്ട് ആയിത്തീർന്നു ഈ ബാലൻ. ഇത് കൃത്യസമയത്തു തന്നെ തിരിച്ചറിയപ്പെട്ട് വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച് ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട് വരികയും ചെയ്ത ഒരു ടെഡിയുടെ കഥ. എന്നാൽ ഇതുപോലെ നമുക്ക് ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം. ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ. ഒരു ചെറിയ പ്രോൽസാഹനം ലഭിച്ചാൽ ഒരു പക്ഷെ ലോകത്തു തന്നെ അറിയപ്പെട്ടേക്കാവുന്ന അപൂർവ്വ പ്രതിഭകൾ….

പ്രചോദനം ഏറ്റവും കൂടുതൽ ആവശ്യമുള്ളവർ കുട്ടികളാണ്. പ്രചോദനത്തിന്റെ അഭാവമാണ് ഇന്നത്തെ തലമുറകളെ പല മാനസീക പ്രശ്നങ്ങളിലേക്കും കൊണ്ടു പോകുന്നത്. അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കേണം. മറ്റുള്ളവരുടെ മുൻപിൽ വെച്ച് അവരെ ശപിക്കുന്നതിനും ശകാരിക്കുന്നതിനും പകരം തെറ്റുകൾ അവരെ മനസ്സിലാക്കി നേരായ വഴിയിലൂടെ നയിക്കേണം, അദ്ധ്യാപകർ പ്രചോദനത്തിന്റെ ഉറവിടമായി മാറിയാൽ അത് കുട്ടികളിൽ ആത്മവിശ്വാസവും, ആത്മാഭിമാനവും, ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും ഉണർത്തി ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ തീർച്ചയായും സാധിക്കും.

മറ്റുള്ളവരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന പ്രകാശമാണ് യഥാർത്ഥ പ്രചോദനം; അത് ശുഭാപ്തി ചിന്തയുടെയും, ദൈവവിശ്വാസത്തിന്റെയും ആകെത്തുകയാണ്; നമ്മുടെ വികാരങ്ങളെയും ചിന്തകളെയും ഉണർത്തി പ്രവർത്തി പഥത്തിലെത്തിക്കുവാൻ അതിനു സാധിക്കും.

“വിജയം അന്തിമമല്ല പരാജയം ദുരന്തവുമല്ല …….മുന്നേറാനുള്ള ധൈര്യമാണ് പ്രധാനം” വിൻസ്റ്റൺ ചർച്ചിലിന്റെ ഇന്നും മരിക്കാത്ത വാക്കുകളാണിത്. ഒരു സമൂഹത്തെയും, രാഷ്ട്രത്തെയും, ലോകത്തെത്തന്നെയും താൻ തെളിക്കുന്ന വഴിയിലൂടെ നയിക്കുക എന്നത് കുശാഗ്ര ബുദ്ധിയായ ഒരു രാഷ്ട്രതന്ത്രജ്ഞന് മാത്രം സാധ്യമായ കാര്യമാണ്; അതിൽ അദ്ദേഹം വിജയം കൈവരിക്കുകയും ചെയ്തു.

വിൻസ്റ്റൺ ചർച്ചിൽ താൻ പഠിച്ച സ്കൂളിലെ യുവജനങ്ങൾക്ക് കൊടുത്ത ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിലെ വെറും ആറു വാക്കുകൾ “Never give in boys: Never Never …..” ഇന്നും ആയിരങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം!!

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!