January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

“അറിഞ്ഞിരിക്കാം: ജെയിംസ് വെബ്”

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്

അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ പിറവി തേടിയുള്ള മനുഷ്യാന്വേഷണം പുതിയ വഴിത്തിരിവിൽ. അനതിവിദൂരമായ നക്ഷത്രപഥങ്ങളിലേക്ക് നൂണ്ടിറങ്ങി ലോകത്തെ ഏറ്റവും ശേഷിയുള്ള ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് പകർത്തിയ ദൃശ്യങ്ങൾ മാനവരാശിക്ക് പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള പുതിയ താക്കോലായി.ഹബ്ളിന്റെ പിൻഗാമി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബഹിരാകാശ ദൂരദർശിനിയാണ് ജെയിംസ് വെബ് ടെലിസ്കോപ്പ്. ഇത് പകർത്തിയ ആദ്യ ചിത്രങ്ങളിലൂടെത്തന്നെ ഈ ദൂരദർശിനി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ പ്രപഞ്ച വസ്തുക്കളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് വെബ് ടെലിസ്കോപ്പ് 2021ഡിസംബർ 25നാണ് വിക്ഷേപിച്ചത്. ’90കളുടെ അവസാനത്തിൽ, അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ആവിഷ്കരിച്ച പദ്ധതിയായിരുന്നു ഇത്. ‘നെക്സ്റ്റ് ജനറേഷൻ ടെലിസ്കോപ്’ എന്ന് നാമകരണം ചെയ്ത് തുടങ്ങിയ പദ്ധതി പല കാരണങ്ങളാൽ നീണ്ടു; 2002ലാണ്, ടെലിസ്കോപ്പിന് നാസയുടെ മുൻഡയറക്ർകൂടിയായ ജെയിംസ് വെബിന്റെ പേര് നൽകിയത്. പിന്നീട്, യൂറോപ്യൻ സ്‍പേസ് ഏജൻസിയും കനേഡിയൻ സ്‍പേസ് ഏജൻസിയുമെല്ലാം ജെയിംസ് വെബിന്റെ ഭാഗമായി. 2016ൽ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാങ്കേതികകാരണങ്ങളാൽ അഞ്ചു വർഷം പിന്നെയും കാത്തിരിക്കേണ്ടിവന്നു.ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ എൽ 2 ഭ്രമണപഥത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ദക്ഷിണാർധഗോളത്തിലുള്ള വോലൻസ് എന്ന നക്ഷത്രരാശിയിലെ’എസ്.എം.എ.സി.എസ് ജെ 0723′ എന്ന ഗാലക്സിക്കൂട്ടമാണ് ജെയിംസ് വെബ്ബ് പകർത്തിയ ആദ്യ ചിത്രം.ഗുരുത്വാകർഷണത്താൽ പരസ്പരം ബന്ധിതമായ ഈ താരാപഥ സമൂഹം നേരത്തേതന്നെ ശാസ്ത്രലോകത്തിന്റെ നിരീക്ഷണവലയത്തിനുള്ളിലുണ്ട്.പ്രപഞ്ചോൽപത്തിക്കുശേഷം, ഗാലക്സികളുടെ രൂപവത്കരണം എങ്ങനെ സംഭവിച്ചു എന്നറിയാൻ ഈ ഗാലക്സി ക്ലസ്റ്ററിനെയാണ് പഠനവിധേയമാക്കിയിരുന്നത്. ആ അന്വേഷണത്തിൽ വലിയ വഴിത്തിരിവാണ് ഈ ചിത്രം. ഭൂമിയിൽനിന്ന് 512 കോടി പ്രകാശവർഷം അകലെയാണീ ക്ലസ്റ്റർ. അഥവാ, പ്രപഞ്ചോൽപത്തിക്കുശേഷം, ഗാലക്സി രൂപവത്കരണകാല സമയത്ത് പുറപ്പെട്ട പ്രകാശ തരംഗങ്ങളെയാണ് ടെലിസ്കോപ് പകർത്തിയിരിക്കുന്നത്. എന്നുവെച്ചാൽ, ഉൽപത്തിയുടെ ചില നേർക്കാഴ്ചകൾതന്നെയാണ് നാം ആ ചിത്രങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.അതുവഴി, ബിഗ് ബാങ്ങിനെക്കുറിച്ചുള്ള പുതിയ അറിവുകൾ ലഭിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

ജെയിംസ് വെബ് പകർത്തിയ മറ്റു ചിത്രങ്ങൾ കരീന നെബുലയുടെയും സ്റ്റിഫാൻസ് ക്വിന്റ്ടെറ്റ് എന്ന അഞ്ച് ഗാലക്സി ഗ്രൂപ്പിന്റേതുമാണ്.പ്രപഞ്ച വികാസ-പരിണാമങ്ങളിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമാണ് ഈ ചിത്രങ്ങൾ.ഭൂമിയിൽനിന്ന് 1100 പ്രകാശവർഷം അകലെയുള്ള ഒരു ഭൗമേതര ഗ്രഹത്തിന്റെ (വാസ്പ് 96 ബി)ചിത്രവും ജെയിംസ് വെബ് അയച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാ സ്പെക്ട്രോസ്കോപിയിലും വലിയ സാധ്യതകൾ നൽകുന്നുണ്ട്.മേൽസൂചിപ്പിച്ച പ്രപഞ്ച വസ്തുക്കളുടെയെല്ലാം ഘടനയെ സംബന്ധിച്ചും അവയിലടങ്ങിയ പദാർഥങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ സൂചനകൾ ഈ ചിത്രങ്ങളുടെ സ്‍പെക്ട്രോസ്കോപി നൽകുമെന്നുതന്നെ കരുതണം. ഇപ്പോൾതന്നെ, വാസ്പ് 96 ബി യിൽ ജലകണങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. ഭൗമേതര ലോകത്തെ ജൈവസാന്നിധ്യത്തിലേക്കുള്ള സൂചനകൂടിയാണിത്.

ജെയിംസ് വെബിന്റെ അന്വേഷണ മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നും ഭൂമിക്കുപുറത്തുള്ള ജീവനെക്കുറിച്ചാണ്.ചുരുക്കത്തിൽ, അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിൽ നക്ഷത്രങ്ങളുടെ ജനന-മൃതികളും ഗാലക്സികളുടെ പരിണാമങ്ങളുമെല്ലാം ഒരൊറ്റ ഫ്രെയിമിൽ പകർത്തിയിരിക്കുകയാണ് കേവലം 25 ചതുശ്ര മീറ്റർ മാത്രം വലുപ്പമുള്ളൊരു ഉപകരണം. ജെയിംസ് വെബ്ബിൽനിന്ന് ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!