November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അനുകരണം ലോകം കീഴടക്കുമ്പോൾ

ജോബി ബേബി

അനുകരണങ്ങളുടെ ഒരു കാലത്താണ് നാം ജീവിക്കുന്നത്.അനുകരിച്ചു അനുകരിച്ചു സ്വന്തം അസ്തിത്വം പണയം വച്ച് നമ്മൾ നമ്മളല്ലാതായി തീരുന്ന ഒരു കാലഘട്ടം.”Imitationem”എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് “Imitation”എന്ന പദം ഉണ്ടാകുന്നത്.”Copying”എന്നാണ് അടിസ്ഥാന പരമായി അതിന്റെ ഒരർത്ഥം.അനുകരണം ഇന്ന് ഒരു പൊതു ജീവിത ശൈലിയായി മാറിക്കഴിഞ്ഞു ആയതിനാൽ യാഥാർത്ഥമനുഷ്യനെ ഇന്നു കണ്ടുകിട്ടാനേയില്ല.ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ പ്രതിസന്ധി നമ്മുക്ക് കാണാൻ സാധിക്കും.

ഈ അടുത്തകാലത്ത് ഒരു വാർത്ത വായിക്കാൻ ഇടയായി അത് ഭക്ഷണങ്ങളിൽ ചേർക്കുന്ന മായത്തെപ്പറ്റിയായിരുന്നു. ഉദാഹരണത്തിന് 260രൂപയ്ക്കും 130രൂപയ്ക്കും വെളിച്ചെണ്ണ കിട്ടും.130രൂപയുടെ വെളിച്ചെണ്ണയ്ക്ക് വെളിച്ചെണ്ണയുടെ മണവും വെളിച്ചെണ്ണയുടെ നിറവും ഉണ്ട്.എന്നാൽ അത് മായം കലർന്നതാണ്.അത് ഉപയോഗിക്കുന്നവർക്ക് രോഗം ഉറപ്പാണ്.നിശ്ചയമായും വലിയ ധാരണ ഇല്ലാത്തവർ അഥവാ കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവരൊക്കെ നിർബന്ധിതരായി തീരുകയാണ് ഇത്തരം അനുഭവങ്ങൾക്ക്.അതവരെ കൊണ്ട് ചെന്ന് എത്തിക്കുന്നത് നിത്യമായ നാശത്തിലേക്കും.ഇതേ പ്രതിസന്ധി നമ്മുടെ ജീവിതത്തിനും നേരിടേണ്ടി വരുകയാണ്.

ക്രിസ്ത്യാനി എന്ന യഥാർത്ഥ ഭാവത്തിൽ നിന്ന് അനുകരണത്തിന്റെ രൂപവും ഭാവവും ഒക്കെ മാറി മാറി ക്രിസ്ത്യാനിത്വം എന്താണെന്നുള്ളത് പൊടിയിട്ടാൽ കണ്ടെത്താൻ കഴിയാത്ത തലത്തിലേക്ക് നമ്മുടെ കാലം എത്തിച്ചേർന്നിരിക്കുന്നു.വൈറസിന്റെ സ്വഭാവ മാറ്റത്തെപ്പറ്റി നാം ഒക്കെ വലിയ ആകുലതകൾ നേരിടേണ്ടി വരുന്നവരാണ്.എന്നാൽ ഈ കാലം ഇതിനേക്കാൾ കൂടുതൽ ആകുലതപ്പെടുന്നുണ്ട്.ക്രിസ്ത്യാനിക്ക് സംഭവിക്കുന്നത്,അല്ലെങ്കിൽ ഒരു മനുഷ്യന് സംഭവിക്കുന്നത് അടിസ്ഥാന പരമായ ഭാവമാറ്റം.ഇത്തരം ഒരു ലോകത്തു ജീവിക്കുമ്പോൾ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധിയുമായി വേണം ജീവിക്കാൻ.വിദ്യാഭ്യാസം ശരിക്കും നമ്മെ പര്യാപ്തരാക്കേണ്ടത് അനുകരിക്കാൻ വേണ്ടിയല്ല മറിച്ചു അനുകരണത്തിന്റെ ഈ ലോകത്തു നമ്മൾ നമ്മളായി മറുവാനാണ്.നല്ല അംശങ്ങളൊക്കെ സാംശീകരിക്കാം.പക്ഷേ ഒരിക്കലും അസ്തിത്വം പണയപ്പെടുത്തുന്നവരായിരിക്കരുത്.പാപിനിയായ സ്ത്രീയെ കർത്താവ് വിമോചിപ്പിച്ചു വിടുമ്പോൾ “നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു,ഇനിമേൽ പാപം ചെയ്യരുതെന്ന് പറഞ്ഞു”അവളെ അവളുടെ ജീവിതത്തിനായി വിടുകയാണ്.ഇവിടെ വലിയൊരു അർത്ഥമാണ് നൽകുന്നത്.ഈ ലോകത്തെ ഓരോ മനുഷ്യനും അവരവർ അവരവരായി ജീവിക്കണം.എന്നാൽ വിശുദ്ധിയും നല്ല മൂല്യങ്ങളുമൊക്കെ അവരുടെ സഹചാരി ആയി മാറുകയാണ്.

കുഞ്ഞുങ്ങൾ ഏറ്റവുമധികം അനുകരിക്കുന്നത് മാതാ പിതാക്കളെയാണ്.എന്നാൽ മാതാപിതാക്കൾ തെറ്റായ അനുകരണങ്ങൾക്ക് അടിമപ്പെട്ടുപോയാൽ കുഞ്ഞുങ്ങൾക്ക് ശരിയായ മാതൃക നഷ്ട്ടപ്പെട്ടു പോകുന്നു.ഒരുമിച്ചിരുന്നു പ്രാർത്ഥിക്കുന്ന ഒരുമിച്ചിരുന്നു വർത്തമാനം പറയുന്ന ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന അയൽക്കാരന്റെ വിശേഷങ്ങൾ അന്വേഷിക്കുന്ന നല്ലൊരു സാമൂകിക വ്യവസ്ഥിതിയുടെ ഭാഗമായി നിൽക്കുന്ന സവിശേഷതകളുടെ ഒക്കെ ഒരിടമായിരുന്നല്ലോ നമ്മുടെ ഒക്കെ ഭവനം.ഏതൊക്കെയോ അനുകരണങ്ങളുടെ കുത്തൊഴുക്കിൽ നമ്മളും നമ്മുടെ ജീവിത സാഹചര്യങ്ങളുമൊക്കെ ചെന്ന് പെട്ടിട്ടു സവിശേഷ ബുദ്ധിയൊക്കെ ചില തലങ്ങൾക്ക് പണയം വച്ചിട്ട് നമ്മൾ നമ്മളല്ലാതായി തീർന്നിട്ട് നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ട് പോകുന്നു യഥാർത്ഥമായ ചില നല്ല സംസ്കാരങ്ങൾ.അവർ അല്ലാതെ വല്ലതെ ധരിച്ചു പോവുകയാണ് ഇതാണ് നമ്മളെന്ന്.പക്ഷേ യഥാർത്ഥ നമ്മൾ അനുകരണത്തിന്റെ കുത്തൊഴുക്കിൽപെട്ട് എന്നേ മാഞ്ഞു പോയിരിക്കുന്നു.

ഏദൻ തോട്ടത്തിന്റെ നടുവിൽ പിശാച് ഒരു ഫലം കാണിച്ചിട്ട് ഇത് കഴിച്ചാൽ ദൈവത്തെപ്പോലെയാകും എന്നുള്ള ബോധ്യം ഹൗവയുടെ മനസ്സിലേക്ക് കൊടുക്കുകയാണ്.അനുകരണത്തിന്റെ വല്ലാത്തൊരു പ്രചോദനം.ഹൗവ അപ്പോൾ ഹൗവ അല്ലാതായി മാറുന്നു.അവിടെയാണ് അവൾക്ക് പറുദീസ നഷ്ടപ്പെടുന്നത്.അവിടെയാണ് ഏദൻ തോട്ടത്തിന്റെ പവിത്രത അവൾ നഷ്ടപ്പെടുത്തുന്നത്.അവിടെയാണ് അവൾ തലമുറകളെ ശാപത്തിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നത്.നമ്മൾ നമ്മളല്ലാതായി നമ്മുടെ അസ്തിത്വം മറന്നുപോകുന്ന ഇടങ്ങളിലാണ് നാം വസിക്കുന്ന ഇടവും സമൂഹവുമൊക്കെ ശാപ ഗ്രസ്ഥമായി മാറുന്നത്.

പോളി ബെർഗാൻ ഇപ്രകാരം പറയുന്നു”Imitation is the sincerest form of insecurity”(അസ്തിത്വം നഷ്ടമായവന് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്).ഹൗവയ്ക്ക് അവളുടെ ജീവിതത്തിലെ എല്ലാ നന്മകളും ചോർന്നു പോകുന്നു.ആ അനുകരിക്കാനുള്ള ആഹ്വനം ഉൾക്കൊണ്ട് കഴിഞ്ഞപ്പോൾ.വിശുദ്ധിയിലേക്കുള്ള വലിയ അഹ്വാനമാണ് കർത്താവ് നമ്മെ പഠിപ്പിക്കുന്നത്.ഒന്ന് മറ്റൊന്നിന്റെ പതിപ്പായി തീരണമെന്നല്ല കർത്താവ് ഉദ്ദേശിക്കുന്നത്.അതിനപ്പുറം ദൈവം ഓരോരുത്തരിലും നിക്ഷേപിച്ച വളരെ വ്യത്യസ്തമായ താലന്തുകളെ നിരന്തരമായി വർദ്ധിപ്പിച്ചുകൊണ്ട് ദൈവ ബന്ധത്തിൽ നന്മയുള്ള നല്ല സവിശേഷതയുള്ള മനുഷ്യരായി നിലനിൽക്കുക എന്നുള്ളതാണ്.സാങ്കേതിക വിദ്യയും ജീവിത വളർച്ചകളുമൊക്കെ അധിനിവേശം ചെയ്യുന്ന ഒരു കാലത്തിന്റെ നടുവിൽ അവയിലെ നന്മകളെ ഉൾക്കൊണ്ട് ഓരോന്നിനേയും നേരിടേണ്ട സവിശേഷ പരമായ തലങ്ങളെ മനസ്സിലാക്കി എന്നാൽ നമ്മുടെ അസ്തിത്വം പണയം വയ്ക്കാതെ ദൈവബോധത്തിൽ ജീവിതത്തെ സമീപിക്കുമ്പോഴാണ് ജീവിതം ഏറെ ശ്രെഷ്ഠവും സുഖകരവുമാകുന്നതു. ശാന്തമായി നാം പലപ്പോഴും ആലോചിക്കണം “ഞാൻ ഞാൻ തന്നെയാണോ?നമ്മൾ നമ്മൾ തന്നെയാണോ?എത്ര മാറിപ്പോയി?ദൈവീകമായ ഉദ്ദേശങ്ങളിൽ നിന്ന് വ്യതിചലിച്ചുപോയി?കുടുംബത്തിന്റെ ആത്യന്തികമാകുന്ന സത്തയിൽ നിന്ന് നാം മാറിപോകുന്നില്ലേ?നമ്മളാകുന്ന മനുഷ്യന് എത്ര വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്?നമ്മൾ നമ്മളായി മാറേണ്ടേ?തീർച്ചയായും. കാലം ഉൾക്കൊള്ളുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ടുതന്നെ നമ്മുക്ക് നമ്മളായി നിലനിന്നേ മതിയാകൂ.ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണ്.അവിടെയാണ് നാം ദൈവത്തിനു വിശ്വസ്തരായി തീരുന്നത്.കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാ വൈകൃതങ്ങളും സ്വീകരിച്ചു നമ്മൾ നമ്മളല്ലാതായി തീരുന്ന കാലത്തിന്റെ നടുവിൽ ദൈവമേ,ഞാൻ ഞാനായിരിപ്പാൻ കൃപതരണമേ എന്ന് പ്രാർത്ഥിക്കാൻ നമ്മുക്കാവണം.

error: Content is protected !!