റീന സാറാ വർഗീസ്
മൂവന്തി നേരത്ത് പുസ്തകവുമെടുത്ത് തിണ്ണയിൽ ഇരിക്കുമ്പോൾ കൂട്ടമായി പറന്നു വരുന്ന രാത്രി ജീവികൾ. വലിയ പാത്രത്തിൽ വെച്ചിരിക്കുന്ന വെള്ളം കെണിയാണെന്ന് അറിയാതെ ഒന്നൊന്നായി അതിലേക്ക് വീഴും. മുഖത്തും ചെവിയിലും തലയിലും തലോടാൻ ശല്യക്കാരായി ഇനിയില്ല എന്നു് ആശ്വാസംപൂണ്ട് നിൽക്കുമ്പോൾ പിന്നെയും എവിടുന്നൊക്കെയോ പറന്നുവരും.
പുതുമഴ പെയ്യുന്ന സന്ധ്യകളിൽ
മൺകൂടിനുള്ളിലെ വല്‌മീകത്തിന് ഉള്ളിൽ നിന്നാണ് അവ വരുന്നതെന്ന് അപ്പച്ചൻ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.
സ്വതന്ത്രമായി പറന്നു നടക്കാൻ മോഹിച്ച് എത്തുന്ന ഈയലുകൾ. മിന്നിയും തെളിഞ്ഞുനിൽക്കുന്ന മഞ്ഞ ബൾബുകളുടെ പ്രകാശത്തിൽ ചേർന്നിരിക്കാൻ കൊതിച്ച് അൽപ്പായുസ്സായി ചിറകറ്റു വീഴുന്നു.
ശക്തമായ ഇടിയും മിന്നലും മഴയും കാറ്റും വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന രാത്രികളിൽ, മെഴുകുതിരിയുടെ അരണ്ട വെട്ടത്തിലേക്ക് ലോലമായ ചിറകുകളും, കനമില്ലാത്ത ദേഹവുമായി പിന്നെയും പറന്നെത്തുന്നു. കരിഞ്ഞുണങ്ങി വീഴാൻ വിധിക്കപ്പെട്ട്.
പുലരിയുടെ നിറഭേദങ്ങൾ അന്യമാകുന്ന അവ പ്രതീക്ഷ കൈവിടാതെ വെളിച്ചത്തോട് ചേർന്നു നിൽക്കാൻ മാത്രമായി രാവുകൾ രാകിയെടുത്ത് പ്രയാണം തുടരുന്നു. പിന്നീടു് മോഹഭംഗങ്ങളുടെ ചുഴിയിൽ അകപ്പെടുന്നു.
തിണ്ണയിൽ വെച്ചിരിക്കുന്ന കുട്ടകളിലും, സിമന്റ് തറയിലും, പുൽപായയിലും നിറമില്ലാത്ത ചിറകുകൾ മാത്രം അവശേഷിപ്പിച്ച് എങ്ങോ മറയുന്നു. ഇരവുകളുടെ കൂട്ടുകാർ വിശ്രാന്തി തേടി പ്രഭാതത്തിൽ എവിടെയാണ് പോകുന്നതെന്ന് അറിയാൻ തെരഞ്ഞു നടന്നിരുന്ന ബാല്യകാലം ഉണ്ടായിരുന്നു.
അങ്ങനെ എത്രയോ മഴയുള്ള രാത്രികൾ കടന്നുപോയിരിക്കുന്നു. കൂട്ടംകൂടി വന്നിരുന്ന അൽപപ്രാണികൾ നിഷ്പ്രഭമായ രാവുകളിൽ അഭിരമിച്ചിരുന്നു. പകലുകളിൽ അദൃശ്യമായിരിക്കുന്നു. നഷ്ടങ്ങളാണ് ഉണ്ടാകുന്നത് എന്നറിഞ്ഞിട്ടും അവ വരാതിരുന്നിട്ടില്ല.
എന്തു വിഘാതം ഉണ്ടായാലും, അടങ്ങാത്ത തൃഷ്ണയുമായി ഉഷസ്സിൻ്റെ ഉർവരഭൂമി തേടി അലഞ്ഞു കൊണ്ടിരിക്കുന്നു. എന്നെങ്കിലുമൊരിക്കൽ അവിടെ എത്തിച്ചേരാൻ ആകുമെന്ന് ഉറപ്പിച്ച്.
പഞ്ചഭൂതങ്ങളെ വഹിക്കുന്ന പ്രപഞ്ചത്തിലെ നൈമിഷിക ജീവിതത്തിൻ്റെ പര്യായങ്ങൾ കാണാനും അറിയാനും
ഇനിയുമെത്രയോ.
എല്ലാ പ്രിയപ്പെട്ടവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക. പ്രതിരോധകുത്തിവെപ്പ് യഥാസമയം സ്വീകരിക്കുക. മനോബലം കൈവിടാതെ സുരക്ഷിതരായിരിക്കുക. മഹാമാരിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
നിറഞ്ഞ സ്നേഹത്തോടെ
റീന സാറ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ