ജോബി ബേബി
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപദി മുർമു ഇന്ത്യയുടെ ആദിവാസി-ഗോത്രവർഗ വിഭാഗത്തിൽ(ഭിൽ വർഗക്കാരും ഗോണ്ടുകളും കഴിഞ്ഞാൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പട്ടികവർഗ വിഭാഗമാണ് സന്താൾ ഗോത്രം) നിന്നു കാലം കാത്തുവച്ച കടമ നിറവേറ്റാൻ മടികാട്ടാതിരുന്ന രാഷ്ട്രപതി പദത്തിലെത്തിയ ആദ്യ വനിതയായി 64 ആം വയസ്സിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ കോടാനുകോടി ആദിവാസി സമൂഹത്തിനു ലഭിച്ച സമാനതകളില്ലാത്ത അംഗീകാരം എന്ന് വേണം ഈ വിജയത്തെ കരുതാൻ.പ്രതിഭാ പാട്ടീലിനു ശേഷം വീണ്ടുമൊരു വനിത ഇന്ത്യയുടെ സര്‍വ സൈന്യാധിപസ്ഥാനം അലങ്കരിക്കുമെന്നതും തിളക്കമുള്ള അധ്യായമാകുന്നു.
റായ്രംഗ്പുർ മണ്ഡലത്തിൽ നിന്നു ബിജെപി എംഎൽഎ സ്ഥാനത്തേക്ക് രണ്ടു തവണ മത്സരിച്ച് ജയിച്ച ദ്രൗപദി മുർമു, ഒറീസയിലെ പട്ടികവർഗ മോർച്ചയുടെ ഉപാധ്യക്ഷയായും പിന്നീട് അധ്യക്ഷയായും സ്ഥാനമേറ്റു. ബിജെപി മയൂർഭഞ്ജ് യൂണിറ്റിന്റെ അധ്യക്ഷയായി 2010ലും പിന്നീട് 2013ലും മുർമു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ബിജെപി പട്ടിക വർഗ മോർച്ചയുടെ ദേശീയ ഭാരവാഹിയായും മുർമു പ്രവർത്തിച്ചിരുന്നു.ജാർഖണ്ഡ് ഗവർണറായി 2015ൽ ചുമതലയേൽക്കുന്നതു വരെ മുർമു ബിജെപി ജില്ലാ വിഭാഗത്തി-ന്റെ അധ്യക്ഷയായിരുന്നു.ബിജെപിയിൽനിന്ന് എംഎൽഎ സ്ഥാനത്തേക്ക് 2000ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബിജെപി-ബിജെഡി മന്ത്രിസഭയിൽ മുർമുവിനെ കാത്തിരുന്നത് വാണിജ്യം, ഗതാഗതം, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളാണ്.ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് 2009 നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജെഡി ഒറീസയിൽ വമ്പിച്ച വിജയം നേടുമ്പോഴും മുർമു തന്റെ നിയമസഭാ സീറ്റ് നിലനിർത്തി.ഗോത്ര വിഭാഗത്തില്‍നിന്ന് രാജ്യത്തെ ആദ്യ വനിതാ ഗവര്‍ണറാകുന്നതും ദ്രൗപദിയാണ്.
ഓരോ പൗരനും തുല്യ നീതിയും തുല്യ സമത്വവും ഉറപ്പുവരുത്തുന്ന ഭരണഘടനയെ അത്യാദരവോടെ കാണുന്ന രാജ്യത്ത് അത്തരം സമീപനങ്ങള്‍ സങ്കല്‍പ്പം മാത്രമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ദ്രൗപദിയുടെ മിന്നുന്ന നേട്ടത്തിനു പ്രസക്തിയേറെ. നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന വിഭാഗത്തിന്റെ പ്രതിനിധിയാണവര്‍. ദളിത് വിഭാഗത്തില്‍നിന്ന് അടക്കം ഇന്ത്യക്ക് രാഷ്ട്രപതിമാര്‍ ഉണ്ടായപ്പോഴും പരിഗണിക്കപ്പെടാതെ കിടന്ന പട്ടികവര്‍ഗവിഭാഗത്തിന് അഭിമാനവും ആത്മവിശ്വാസവും പകരുന്നതാകും ഈയൊരു പദവി. അവഗണനയുടെ കയ്പ്പറിഞ്ഞ ജനവിഭാഗം മാത്രമല്ല ,ഓരോ ഇന്ത്യക്കാരനും നാടിന്റെ പരമോന്നത പദവിയിലേക്ക് ഒരു ആദിവാസി വനിത നടത്തുന്ന ചുവടുവയ്പ്പുകളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. അധികാരവും പദവികളും പല ഉന്നതര്‍ക്കും തളികയില്‍ ലഭിക്കുന്നതായി ആക്ഷേപിക്കപ്പെടുന്ന കാലത്ത് ഇത്തരത്തിലുള്ള ഉയര്ച്ചകളാകും രാജ്യത്തെ ഒന്നാകെ ഉണര്‍ത്തുക ജീവിത സാഹചര്യങ്ങള്‍ക്കും അപ്പുറം ഭരണപരിചയവും മികവും പുലര്‍ത്തി ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തുകയായിരുന്നു അവര്‍.
രാജ്യത്തെ ഏറ്റവും അരികുവത്കരിക്കപ്പെട്ട, അവകാശം നിഷേധിക്കപ്പെടുന്ന സമൂഹമാണ് ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും.അടിത്തട്ടിൽ കഴിയുന്ന അത്തരം സമൂഹത്തിൽനിന്ന് ഭരണഘടനയുടെ പരിരക്ഷയാകുന്ന മഹോന്നത വ്യക്തിത്വമെന്ന നിലക്ക് ദ്രൗപദി മുർമുവിന് നീതി നിഷേധിക്കപ്പെടുന്നവരുടെ വേദന മനസ്സിലാക്കാനും അവരുടെ പക്ഷം ചേരാനും വേഗത്തിൽ കഴിയേണ്ടതാണ്. പ്രക്ഷുബ്ധമായ നിരവധി രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്.രണ്ടു വര്‍ഷത്തിനപ്പുറം ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നിര്‍ണായക രാഷ്ട്രീയ മുഹൂര്‍ത്തങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്ന് രാഷ്ട്രപതി പദവിക്ക് അലങ്കാരമാകാന്‍ അവര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ജനത.ഭരണഘടനയുടെ കാവലാളായി നിലയുറപ്പിച്ച ധീരയായ രാഷ്ട്രപതിയായി ചരിത്രത്തിൽ അവരുടെ പേര് രേഖപ്പെടുത്തപ്പെടട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ