January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വിഷാദം ഒരു കെട്ടുകഥയല്ല.


റീന സാറാ വർഗീസ്

വലിയൊരു വിപത്തിനെതിരെ, മനുഷ്യനു മേൽ കടന്നാക്രമണം നടത്തി ജീവനു ഭീഷണിയായ വൈറസിനെതിരെ, ശക്തിയുക്തം പോരാടുകയാണ് ലോകജനത. യുദ്ധസമാനമായ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്നു് ലോകം മുഴുവൻ.

മറ്റൊരു രാജ്യത്ത് നഴ്സായി ജോലിചെയ്യുന്ന അടുത്ത സുഹൃത്ത്, കഴിഞ്ഞ ദിവസം പങ്കുവച്ച കാര്യങ്ങളാണ് പകർത്തുന്നത്. ഇതു് എഴുതാൻ പ്രേരകമായതും അതുതന്നെ.

ഒരാളും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോകാൻ ഇടവരരുത് എന്ന പ്രാർത്ഥന മാത്രമേ ഉള്ളുവെന്നും, ഇതു് രണ്ടാം ജന്മമാണെന്നും ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.

കുടുംബം ഒന്നടങ്കം കോവിഡിന്റെ പിടിയിൽ അമർന്നപ്പോൾ നാലുമാസം പ്രായമുള്ള വിശന്നു കരയുന്ന കൈക്കുഞ്ഞായിരുന്നു അവരുടെ വേദന!!

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ അവരിരുവരും തീർത്തും കിടപ്പിലായി. രോഗാതുരമായ അവസ്ഥയിൽ കുട്ടിയെ, മറ്റൊരാളെ എങ്ങനെ ഏൽപ്പിക്കുമെന്ന് അറിയാതെ അവർ കുഴങ്ങി.

കൊറോണ ബാധിച്ചവർ ആയതിനാൽ ആരെങ്കിലും ധൈര്യപൂർവ്വം ഏറ്റെടുക്കാൻ തയ്യാറാകുമോ? ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും സ്വന്തം ജീവനിൽ കൊതിയുള്ളവരല്ലെ, എന്നു് പറയുമ്പോൾ അവൾ നേരിടേണ്ടി വന്ന പ്രതിസന്ധികളുടെ ആഴം നന്നായി മനസ്സിലായിരുന്നു.

സുഹൃത്തുക്കൾ എല്ലാ ദിവസങ്ങളിലും കഴിക്കാനുള്ള ഭക്ഷണം മുറിക്കു പുറത്തുക്കൊണ്ടുവയ്ക്കും. കഠിനമായ ചുമയും, പനിയും, ദേഹവേദനയും കാരണം എഴുന്നേറ്റിരുന്നു കഴിക്കാൻ പറ്റാത്ത, പരിതാപകരമായ അവസ്ഥ!!

ഇതിനിടയിൽ ഭർത്താവിന് രോഗം കലശലായി, ആസ്പത്രിയിൽ നിരീക്ഷണ വിധേയനാക്കി.

ഒന്നും പുറത്തു പറയാനാകാതെ എല്ലാം ഉള്ളിലൊതുക്കി. അങ്ങനെ
ദിവസങ്ങൾ ഓരോന്നും കടന്നുപോയി. പ്രതിസന്ധിയിൽ നിന്നു് ഒരിക്കലും കരകയറാൻ സാധിക്കില്ല എന്ന് മൂഢമായി വിശ്വസിച്ചു. എന്തിന് ഇങ്ങനെ ജീവിക്കുന്നുവെന്ന് ചിന്തിച്ചുതുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറുവശത്തും.

ആഴ്ചകൾക്കു ശേഷം രോഗമുക്തി നേടി. ജോലിക്കു പോകാൻ തുടങ്ങിയതോടെ വീണ്ടും സമ്മർദ്ദങ്ങൾ വർദ്ധിച്ചു. സഹപ്രവർത്തകരിൽ ഒരാൾ പോലും കടന്നു പോകുന്ന ബുദ്ധിമുട്ടുകൾ അറിയാതിരിക്കാൻ നന്നായി ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തു.

വീണ്ടും അരുതാത്ത ചിന്തകൾ അലട്ടാൻ തുടങ്ങി. ഒന്നിനോടും താല്പര്യം ഇല്ലാതായി. ദിനചര്യകൾ മുടങ്ങി. അപ്പോഴേക്കും ഭർത്താവ് ആസ്പത്രിയിൽ നിന്ന് രോഗം ഭേദമായി മടങ്ങിയെത്തി.

എന്തോ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും
കാരണം അവൾക്കു മുൻപിൽ അവ്യക്തമായിരുന്നു.

ഭർത്താവ് പറഞ്ഞ ലക്ഷണങ്ങൾ വച്ച്, പതിയെ വിഷാദത്തിലേക്ക് കൂപ്പുകുത്തുകയാണ് അവളെന്ന് അടുത്ത കൂട്ടുകാരിലൊരാൾ മനസ്സിലാക്കി. കൃത്യമായി ചികിത്സതേടിയത് കൊണ്ടു് വരാമായിരുന്നു വലിയൊരു അപകടം ഒഴിവായി.

അതിൻ്റെ ശാസ്ത്രീയ വശങ്ങളിലേക്കൊന്നും കടക്കുന്നില്ല. വിഷാദം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ഇതുപോലെയുള്ള ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.

പൊതുസമൂഹം മനോരോഗി എന്ന മേൽവിലാസം പതിച്ചു നൽകുമോ എന്നു് ഭയക്കാതെ, ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുമ്പോൾ എങ്ങനെയാണ് ഡോക്ടറെ സമീപിക്കുന്നത് അങ്ങനെതന്നെ ഇത്തരമൊരവസ്ഥയെ നേരിടുക.

തലച്ചോർ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നിടത്തോളം കാലം, ഏതെങ്കിലുമൊക്കെ രീതിയിൽ അസാധാരണമായ സ്വഭാവവ്യതിയാനങ്ങൾ എല്ലാവരിലും ഉണ്ടാകും. പക്ഷേ അതു് ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാക്കുന്നത്.

മന:ശാസ്ത്രജ്ഞനെ സമീപിക്കാൻ വൈകുംതോറും ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും
ഇത്തരം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവരും കുടുംബാംഗങ്ങളും അനുഭവിക്കേണ്ടി വരിക.

അതുകൊണ്ടുതന്നെ ചികിത്സ വൈകിക്കരുത്. സാമൂഹിക അകലം വേണ്ടിവരുന്ന ഇതുപോലൊരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പ്രത്യേകിച്ചും.

ഓർക്കുക! വിഷാദം ഒരു കെട്ടുകഥയല്ല. യാഥാർത്ഥ്യമാണ്.

സ്നേഹത്തോടെ
റീന സാറാ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!