റീന സാറാ വർഗീസ്
ചില സ്ഥലങ്ങളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിഭിന്നങ്ങളായ പേരുകൾ നടാടെ കേൾക്കുമ്പോഴും കാണുമ്പോഴും വിസ്മയം ഉണ്ടാകാറുണ്ട്. ആരാണ് അങ്ങനെ ഒരു പേര് നൽകിയതെന്ന കൗതുകം ഉണ്ടാകാറുണ്ട്. പലർക്കും വ്യത്യസ്തങ്ങളായ രീതികളാണെന്നു മാത്രം. വായനകളിലൂടെയോ യാത്രകളിലൂടെയോ കേട്ടറിവുകളിലൂടെയോ ടെലിവിഷനിൽ കൂടിയോ ആവാം. പേരുകൾ ഹാസ്യാത്മകമായും മറ്റു ചിലത് ചിന്തിപ്പിച്ചും കടന്നു പോകാറുണ്ട്.
ഒരിക്കൽ മാതാപിതാക്കൾക്കും കൂട്ടുകാർക്കും ഒപ്പം യാത്ര ചെയ്യുന്ന സന്ദർഭം. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി മുംബൈയിലേക്ക് തീവണ്ടിയിൽ ആയിരുന്നു യാത്ര. സാധാരണ തീവണ്ടി യാത്രകളിൽ നാരങ്ങചോറ് കൈയിൽ കരുതാറുണ്ട്. വളരെ ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ ആ പതിവ് തെറ്റിയിട്ടുള്ളൂ. അരി വേവിക്കുന്ന വെള്ളത്തിൽ പാകത്തിനു നാരങ്ങനീര് ഒഴിച്ച് വേവിച്ചാൽ വൈകുന്നേരമായാലും ചോറ് ചീത്തയാകില്ല എന്ന പ്രത്യേകത കൂടിയുണ്ട്.
അന്നേ ദിവസവും ഉച്ചയ്ക്കുള്ള ഭക്ഷണം വാട്ടിയ വാഴയിലയിൽ കരുതിയിട്ടുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും പൊതിച്ചോറ് തുറന്നു. നാരങ്ങാ അച്ചാറിന്റെയും മീൻ വറുത്തതിന്റെയും പച്ചമോരിന്റെയും സമ്മിശ്ര ഗന്ധം അവിടെ പരന്നു. ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ കേരളത്തിൻ്റെ തെക്കുനിന്ന് വടക്കു വരെയുള്ള രുചി അറിയാൻ സാധിക്കും. അതു് മാത്രമല്ല ഒരുമയുടെ സന്തോഷവും സംതൃപ്തിയും കൂടിയാണ് പ്രദാനം ചെയ്യുന്നത്.
മീൻ വറുത്തത് ഒന്നൊന്നായി ഇലയിൽ നിരത്തി വച്ചു. പെട്ടെന്നാണ് കൂടെയുണ്ടായിരുന്ന കൂട്ടുകാരിൽ ഒരാൾ അതിലേക്ക് കൈ ചൂണ്ടിക്കൊണ്ട്
“ദേ! സ്വദേശി സ്വദേശി. എനിക്ക് എന്ത് ഇഷ്ടമാണെന്ന് അറിയാമോ?”
മീനിനും സ്വദേശമോ! തെല്ലൊരമ്പരപ്പോടെ അവളെ നോക്കിയെങ്കിലും ഊണ് കഴിയുംവരെയും അതേപ്പറ്റി ഒന്നും ചോദിച്ചില്ല. കൈകൾ കഴുകി തിരികെ വന്നിരിക്കുമ്പോൾ ജിജ്ഞാസ വർദ്ധിച്ചിരുന്നു. മെല്ലെ അവളോട് ചോദിച്ചു.
“അല്ല, ഈ മീനിന് സ്വദേശം ഇല്ലല്ലോ എല്ലായിടത്തും കിട്ടില്ലേ?”
ചോദ്യത്തിൽ കഴമ്പില്ല എന്ന് തോന്നിയതിനാൽ ആവാം അവൾ മറുപടി പറയാതെ ചിരിച്ചത്. പിന്നെയും സംശയം ബാക്കി നിന്നതിനാൽ ചോദ്യം തുടർന്നു.
“നിങ്ങളുടെ നാട്ടിൽ വറുത്ത മീനിന് സ്വദേശി എന്നാണോ പറയുക?”
കളിയാക്കുകയാണോ എന്ന് സംശയിച്ചാവാം അർത്ഥഗർഭമായ അതേ ചിരി വീണ്ടും എനിക്ക് നേരെ അവൾ എറിഞ്ഞത്. തുടർന്നുള്ള ചോദ്യങ്ങൾക്ക് ഇട നൽകാതെ അവളുടെ നാട് കോട്ടയത്തിന് അടുത്തുള്ള കുറിച്ചി ആണെന്നും അവിടെ ‘കുറിച്ചി’ എന്ന മീനിന് ‘സ്വദേശി’ എന്നാണ് അന്നാട്ടുകാർ പറയുന്നതെന്നും പുതിയൊരു അറിവു് ലഭിച്ചത് അന്നായിരുന്നു.
വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ഒന്നിൽ ഭർതൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. അന്നാട്ടിൽ പുതുമുഖം ആയതിനാൽ നാടിനെയും നാട്ടുകാരെയും പരിചയമായി വരുന്നതേയുള്ളൂ.
“ഇതാ ചൂണ്ടി. ഇവിടുന്ന് നമുക്കു് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.”
“ചൂണ്ടണ്ട കട ഞാൻ കണ്ടു.”
ഒരു ബേക്കറിയിലേക്ക് കൈ ചൂണ്ടിയ അദ്ദേഹത്തോട് സ്വരം താഴ്ത്തി പറഞ്ഞു. കടയുടെ മുന്നിൽ നിൽക്കുന്ന ആളുകളിൽ ആരെയെങ്കിലും കൈ ചൂണ്ടിയതാണെന്ന് തെറ്റിദ്ധരിക്കണ്ട എന്ന ചിന്തയിലാണ് അങ്ങനെ പറഞ്ഞത്.
അതു് ‘ചൂണ്ടി’ എന്ന സ്ഥലമാണെന്നും ബേക്കറി മനസ്സിലാക്കാൻ വേണ്ടി കൈ ചൂണ്ടിയെന്നേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞപ്പോൾ ചൂളിയത് മുഖത്ത് പ്രതിഫലിച്ചില്ല എന്നത് വസ്തുത.
കണ്ടതും കാണാത്തതും കേട്ടതും കേൾക്കാത്തതുമായ എത്രയോ പേരുകൾ ഉണ്ട്. മറവിയിലാണ്ടു പോയവ ഓർമ്മയിൽ മുളപൊട്ടുമ്പോൾ തീർച്ചയായും അവയെപ്പറ്റി തുടർന്നും എഴുതും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ