January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആരു ജയിച്ചാലും യുദ്ധം ഒരു തോൽവിയാണ്…

ജോബി ബേബി

ദൈവം ഒന്നെന്ന് ഉണ്ടെങ്കിൽ,നമ്മൾ മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ തനിക്ക് പറ്റിയ അബദ്ധത്തിന്റെ പേരിൽ ദൈവം വല്ലതെ ദുഃഖിക്കുന്നുണ്ടാകും.ഈ ഭൂമിയിൽ മനുഷ്യർക്ക് വേണ്ട സകല വിഭവങ്ങളും ഒരുക്കിവെച്ചിട്ടും ഇങ്ങനെ ദുഃഖിച്ചും,നരകിച്ചും,വിശന്നും പോകേണ്ട അവസ്ഥ ഈ ജന്മങ്ങൾക്ക് ഉണ്ടായല്ലോ എന്നോർത്തു ദൈവം പൊട്ടിക്കരയുന്നുണ്ടാകും.എന്നാൽ ഇതെല്ലാം ശരിയാക്കിക്കൊടുക്കാൻ ദൈവത്തിനു ഒന്നുകൂടി ഈ ഭൂമിയിലേക്ക് വന്നുപോകാൻ ആഗ്രഹമുണ്ടെങ്കിലും ഇനി അതിന്നും നടക്കുന്ന കാര്യമല്ല.ഈ ഭൂമിയിലേക്കെങ്ങാനും ദൈവം മടങ്ങിവന്നാൽ ബോംബിട്ട് തകർക്കാൻ കഴിയുന്ന രീതിയിൽ മനുഷ്യർ വളർന്ന് കഴിഞ്ഞു.നല്ല രസകരമായി ചിരിച്ചും,കളിച്ചും ജീവിക്കേണ്ട ഓരോ മനുഷ്യനും ദുഃഖിച്ചും,കരഞ്ഞും,കലഹിച്ചും,വിശന്നും,ദുരിതമനുഭവിച്ചും,പരസ്പരം യുദ്ധം ചെയ്യ്തും എന്തിനാണ് ഈ സുന്ദരമായ ജീവിതത്തെ വെറുതെയങ്ങ് കളഞ്ഞു കുളിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ഒരു യുദ്ധം കൊണ്ടും ഇതുവരെ ആരും വിജയിച്ചിട്ടില്ല.ലോകം തോറ്റുപോയിട്ടേ ഉള്ളൂ.രണ്ട് കൊല്ലം മുൻപ് തുടങ്ങിയ കൊറോണ വൈറസിന്റെ മനുഷ്യരോടുള്ള യുദ്ധം ഇതുവരെ പൂർണ്ണമായും അവസാനിച്ചിട്ടില്ല.അതിനിടയ്ക്കാണ് ഇപ്പോൾ മറ്റൊരു യുദ്ധം.നമ്മൾ മനുഷ്യരുടെ മണ്ടത്തരം മൂലം കൊറോണ വൈറസ് പോലും പൊട്ടിച്ചിരിക്കുന്നുണ്ടാകും.ഇത്രേയും കാലം ഒരു മനുഷ്യന്റെ ജീവനെങ്കിലും നഷ്ടപ്പെടരുത് എന്ന് കരുതി കോടാനുകോടികൾ ചെലവൊഴിച്ച അതേ മനുഷ്യർ തന്നെയാണ് കോടാനുകോടികൾ ചെലവൊഴിച്ചു മനുഷ്യരെ കൊന്നൊടുക്കുന്നത്.ചിന്തിക്കുമ്പോൾ പലപ്പോഴും തോന്നിയത് എന്തൊരു വിരോധാഭാസമാണ്.മനുഷ്യ കുലം ചെയ്ത ഏറ്റവും വലിയ ദ്രോഹം എന്താണെന്ന് അറിയാമോ?തന്റെ രാജ്യത്തിന് വേണ്ടി,തന്റെ മതത്തിനു വേണ്ടി ചെയ്യുന്ന യുദ്ധങ്ങൾ വിശുദ്ധമാണ് എന്ന് കാലാകാലങ്ങളായി മനുഷ്യരെ വിശ്വസിപ്പിച്ചു എന്നതാണ്.അതായത് തിന്മ ചെയ്യ്തു കൊണ്ട് ചെയ്യ്തത് നന്മയാണ് എന്ന് വിശ്വസിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അവരുടെ വിജയം.

ഒരുരാജ്യത്തുള്ളവർ മറ്റൊരു രാജ്യത്തുള്ളവരെ കൊന്നൊടുക്കുമ്പോഴും ഒരു മതത്തിലുള്ളവർ മറ്റൊരു മതത്തിലുള്ളവരെ കൊന്നൊടുക്കുമ്പോഴും അതുപോലെ തന്നെ ഒരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളുകൾ മറ്റൊരു രാഷ്ട്രീയപാർട്ടിയിൽ  വിശ്വസിക്കുന്നവരെ കൊന്നൊടുക്കുമ്പോഴും തങ്ങൾ ചെയ്യുന്നത് വിശുദ്ധമായ ഒരു പ്രവർത്തിയാണെന്ന് വിശ്വസിപ്പിക്കാൻ ഈ അധികാര സ്ഥാനത്തുള്ളവർക്കും ഈ മത പുരോഹിതൻമാർക്കും ഈ രാഷ്ട്രീയനേതാക്കൾക്കും കഴിയുന്നു എന്നതാണ് അവരുടെ വിജയം.നാം കുട്ടിക്കാലത്തു ചരിത്രം പഠിക്കുമ്പോൾ യുദ്ധത്തിൽ വിജയിച്ച രാജാക്കൻമാരെ ചരിത്ര പുരുഷൻമാരായി കാണാനാണ് നമ്മെ പരിശീലിപ്പിച്ചത്.പക്ഷേ പിഞ്ചുകുഞ്ഞുങ്ങളെയും ഗർഭിണികളെയുമടക്കം ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി നേടുന്ന വിജയം എങ്ങനെയാണ് ഒരു വിജയമായി മാറുന്നു എന്നതാണ് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നത്.

ഈ ഭൂമിയിൽ എവിടെയും അതിർത്തികൾ ഒന്നും തന്നെ ആരും വരച്ചുവച്ചിട്ടില്ല.നമ്മൾ മനുഷ്യർ തന്നെ വരച്ചു,നമ്മൾ മതങ്ങൾ ഉണ്ടാക്കി നമ്മെ പരസ്പരം വേർതിരിച്ചു,നമ്മൾ തന്നെ രാഷ്ട്രീയ പാർട്ടികളായി വേർപിരിഞ്ഞു പടവെട്ടാൻ തുടങ്ങി.ജീവിതത്തിന്റെ എല്ലാ സൗകര്യവും എല്ലാ സൗഭാഗ്യവും എല്ലാ സന്തോഷവും നഷ്ടപ്പെടുത്തി നാം എല്ലാം വെറുതെയങ്ങ് ചത്തുപോകുന്നു.അധികാരവും,സമ്പത്തും ആഗ്രഹിക്കുന്നവരാണ് ഇതൊക്കെ പടച്ചു വിടുന്നത്.അവരിപ്പോഴും സുരക്ഷിതരായി അവരുടെ മേടയിലാണ്.കൊന്നൊടുക്കപ്പെടുന്നതും അതുപോലെ വഴിയാധാരമാക്കപ്പെടുന്നതും നിഷ്കളങ്കരായ എത്രയോ കുഞ്ഞുങ്ങളും,സൈനികരും അവരുടെ കുടുംബങ്ങളുമാണ്.കുറ്റകൃത്യം ചെയ്യാനുള്ള പ്രലോഭനം സൃഷ്ടിക്കുന്നത് ഈ തലപ്പത്തിരിക്കുന്നവരാണ്.എന്നിട്ട് കുറ്റവാളിയെ ശിക്ഷിക്കുന്നു,പ്രലോഭിപ്പിക്കുന്നവർ സസുഖം വാഴുന്നു .ഇതാണ് സംഭവിക്കുന്നത്. ഭൂമിയിലെ 75%ഊർജ്ജവും ചെലവൊഴിച്ചിരിക്കുന്നത് യുദ്ധങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നാണ് പറയപ്പെടുന്നത്.ഈ ഊർജ്ജം മനുഷ്യ ജീവന്റെ നന്മയ്ക്കായി ചെലവൊഴിച്ചിരുന്നുവെങ്കിൽ ഭൂമി സ്വർഗ്ഗമായി തീർന്നേനെ.നാം ചിരിച്ചു സന്തോഷിക്കുമായിരുന്നു.പലസ്തീനിയൻ കവി ഡാർവിഷിന്റെ ഒരു കവിതയുണ്ട്,

”The war will end.The leaders will shake hands. The old woman will keep waiting for her martyred son. That girl will wait for her beloved husband.And those children will wait for their hero father. I don’t know who sold our homeland But I saw who paid the price”.

ഇതൊക്കെ ഡാർവിഷ് ഇംഗ്ലീഷിൽ പറഞ്ഞെതുകൊണ്ടോ അല്ലെങ്കിൽ നമ്മൾ പച്ചമലയാളത്തിൽ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യ്തത് കൊണ്ടോ,നമ്മുടെ പത്രങ്ങളിലും,ടി.വി യിലും പറഞ്ഞത് കൊണ്ടോ ഈ ലോകത്തു യാതൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല എന്നറിയാം.പക്ഷേ നമ്മുക്ക് ഒരു കാര്യം ചെയ്യാൻ സാധിക്കും അവനവന്റെ മനസ്സിൽ ഉണ്ടാകുന്ന മഹായുദ്ധങ്ങളെ ഒഴിവാക്കാൻ ശ്രമിക്കാൻ സാധിക്കും.മറ്റുള്ളവരോടുള്ള പകയും,മറ്റുള്ള ജാതിക്കാരോടും,മതക്കാരോടും,രാഷ്ട്രീയക്കാരോടും നമ്മൾ ഉള്ളിൽ കൊണ്ട് നടക്കുന്ന വിദ്വേഷവും വൈരാഗ്യവുമൊക്കെ മാറ്റി വെച്ചു എല്ലാവരെയുംസ്നേഹിച്ചും എല്ലാവരെയുംചേർത്തുപിടിച്ചും നാം ജീവിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ നമ്മുടെ മനസ്സിലെ മഹായുദ്ധങ്ങളെയെങ്കിലും ഒഴിവാക്കാൻ സാധിക്കും.മരിക്കാൻ നേരെത്തെങ്കിലും ആശ്വാസത്തോടെ കണ്ണടയ്ക്കാൻ സാധിക്കും.അതിന് നമ്മുക്ക് ശ്രമിക്കാം,അതേ സാധ്യമാകൂ

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!