November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രവാസം എന്ന പത്തേമാരി

മോഹൻ ജോളി വർഗ്ഗീസ്

സിനിമ നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നല്ലൊരു സിനിമയാണ് പത്തേമാരി. ഒരു പ്രവാസി അനുഭവിക്കുന്ന എല്ലാവിധമായ ബുദ്ധിമുട്ടുകളും ആ സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. എനിക്ക് ആ സിനിമയിൽ ഇഷ്ടപ്പെട്ട ഒരു പോർഷൻ ഉണ്ട്. പുതുതായി പണിത വീട്ടിൽ മരിച്ച വ്യക്തിയുടെ ബോഡി വെക്കേണ്ട,വീട് വിൽക്കേണ്ടി വന്നാൽ അത് ബുദ്ധിമുട്ടാകും എന്ന് പറയുന്ന ഒരു രംഗം ഉണ്ട്. അതു കണ്ടപ്പോൾ ഞാൻ കരുതി അങ്ങനെയൊക്കെ ശരിക്കുള്ള ജീവിതത്തിൽ സംഭവിക്കുമോ എന്ന്?

എന്നാൽ സംഭവിക്കും എന്ന് തന്നെ ഉറച്ചു പറയേണ്ടിവരും. അത്തരത്തിൽ ഉള്ള ഒരു അനുഭവമാണ് ഈ കഥയിൽ ഉള്ളത്.
ഒരു പ്രവാസിയായ വ്യക്തി തന്റെ 19 ആം വയസ്സിൽ ഗൾഫിലേക്ക് ജോലിക്കായിട്ട് വന്നതാണ്. അന്നുമുതൽ വർഷങ്ങളോളം കഷ്ടപ്പെട്ട് അദ്ദേഹം ഒരു വീട് വച്ചു, സഹോദരിമാരെ കെട്ടിച്ചുവിട്ടു സഹോദരന്മാർക്ക് ഒരു ജീവിതം ഉണ്ടാക്കിക്കൊടുത്തു. എന്നാൽ ഈ ജീവിതത്തിനിടയിൽ തനിക്കൊരു ജീവിതം വേണമെന്നുള്ള കാര്യം അദ്ദേഹം മറന്നു പോയി. സ്വന്തമായി പൈസ സമ്പാദിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തില്ല. തനിക്കുള്ളതെല്ലാം തന്റെ വീട്ടുകാർക്ക് അദ്ദേഹം കൊടുത്തുകൊണ്ടിരുന്നു.

രണ്ടു മൂന്നു വർഷം കൂടുമ്പോൾ വീട്ടുകാരെ പോയി കാണുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ വളരെ യാദൃശ്ചികമായി അദ്ദേഹം ജോലിസ്ഥലത്ത് വെച്ച് മരണത്തിന് കീഴടങ്ങി. അദ്ദേഹം മരിച്ച വിവരം വീട്ടിൽ അറിയിച്ചപ്പോൾ വീട്ടുകാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ബോഡി നാട്ടിലേക്ക് അയക്കണ്ട എന്നും അവിടെത്തന്നെ അടക്കം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞു. അവർ കാരണമായി പറഞ്ഞത് നാട്ടിലേക്ക് കൊണ്ടുവന്നു കഴിഞ്ഞാൽ, ബാക്കിയുള്ള നടപടിക്രമങ്ങൾ ചെയ്യാനും അടക്കം ചെയ്യാനുള്ള കാശും അവരുടെ പക്കൽ ഇല്ല എന്നാണ്. സഹോദരങ്ങൾ കുറേ ഉണ്ടായിട്ടും ആരും തന്നെ അദ്ദേഹത്തിന്റെ ബോഡി സ്വീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഗൾഫിലുള്ള ആരോ നാട്ടിലുള്ള വീട്ടുകാരെ വിളിച്ച് ഒരു മറ്റൊരു കാര്യം പറഞ്ഞു. നിങ്ങൾ ബോഡി സ്വീകരിച്ച് ആചാരപ്രകാരം അടക്കം ചെയ്തില്ല എങ്കിൽ അദ്ദേഹത്തിന് കമ്പനിയിൽ നിന്നും കിട്ടാനുള്ള പൈസ ഒന്നും തന്നെ നിങ്ങൾക്ക് കിട്ടുകയില്ല എന്ന്. ബോഡി അയക്കണ്ട എന്ന് പറഞ്ഞ് ആൾക്കാർ എത്രയും പെട്ടെന്ന് ബോഡി അയക്കാൻ പറഞ്ഞു കമ്പനിയെ കോൺടാക്ട് ചെയ്തു. അതിൻ പ്രകാരം കമ്പനി അദ്ദേഹത്തിന്റെ ബോഡി നാട്ടിലേക്ക് അയക്കുകയും അവർ ബോഡി നാട്ടിൽ അടക്കം ചെയ്യുകയും ചെയ്തു. അടക്കം ചെയ്തശേഷം അവർ കമ്പനിയുമായി ഇയാൾക്ക് കിട്ടാനുള്ള പണം തരണമെന്ന് ആവശ്യം ഉന്നയിച്ചു.

എന്നാൽ കമ്പനിയുടെ മറുപടി ഇങ്ങനെയായിരുന്നു, ഈ വ്യക്തി വർഷങ്ങൾക്ക് മുമ്പ് തന്നെ തനിക്ക് കിട്ടാനുള്ള എല്ലാവിധമായ സെറ്റിൽമെന്റ് മേടിച്ചിരുന്നു എന്നാണ്. പിന്നീട് അന്വേഷിച്ചപ്പോൾ അയാളുടെ കൂടെ ജോലി ചെയ്തിരുന്ന പാവപ്പെട്ട ഒരു വ്യക്തിയുടെ മകളെ കല്യാണം കഴിപ്പിക്കാൻ ആയിട്ട് ആ പണം ഉപയോഗിച്ചു എന്നാണ് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. തന്റെ ബന്ധുക്കളുടെ തനിസ്വഭാവം മുന്നമേ കണ്ടതു കൊണ്ടായിരിക്കാം അയാൾ അങ്ങനെ ചെയ്തതെന്ന് നമുക്ക് കരുതാം.എന്തായാലും തന്റെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട അയാൾക്ക് ഒടുവിൽ എല്ലാ ആചാര അനുഷ്ഠാനങ്ങളോടും കൂടി നല്ലൊരു അടക്കം ലഭിക്കുകയുണ്ടായി.

error: Content is protected !!