റീന സാറാ വർഗീസ്
കശുമാവിൻ പഴങ്ങളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന പാതയോരങ്ങളും, മരച്ചീനി നിറഞ്ഞുനിൽക്കുന്ന ഇലകളുടെയും, ശതാവരിയുടെ നേർത്ത തണ്ടിൽ വിരിഞ്ഞുനിൽക്കുന്ന വെള്ളപ്പൂക്കൾ കാറ്റിനോട് കിന്നാരം ചൊല്ലുന്ന ചിത്രവും, കാണിച്ച് കാലം വീണ്ടും കൊതിപ്പിക്കുന്നു.
ചെറിയ മുറികളിൽ ഇരുളടഞ്ഞ
ഏകാന്തതയുടെ ഹസ്തങ്ങൾ പിടിമുറുക്കുമ്പോൾ, പുറത്ത് തിമിർത്തു പെയ്യുന്ന മഴയിലും കനത്ത വേനലിലും, മണ്ണിലും ഓടിക്കളിച്ചിരുന്ന ബാല്യം, സ്മൃതിസഞ്ചയങ്ങൾ കൂടു തുറന്ന് പുറത്തേക്ക് വരികയാണ്.
മറവിയുടെ തട്ടിൻപുറത്തു മാറാല പിടിച്ച് കിടന്നിരുന്ന പ്രിയ ഇടങ്ങളിലേക്ക്, ഞാനിടങ്ങളിലേക്ക് പടിയിറങ്ങി വരുമ്പോൾ കാലം അന്നത്തെ ബാല്യത്തിൽ കൈവെള്ളയിൽ വെച്ചു തന്നിരുന്ന സന്തോഷങ്ങളുണ്ട്, അനുഭവങ്ങളുണ്ട്.
അവധിക്കാലങ്ങളിൽ അമ്മ വീടിൻ്റെ മുറ്റത്ത് കറ്റമെതിക്കാൻ എത്തിയിരുന്ന പെൺകൂട്ടങ്ങളുടെ നാട്ടുവർത്തമാനങ്ങൾ. ഇടയിൽ മുഴങ്ങുന്ന ഉയർന്ന ചിരികളും, കൊയ്ത്തു പാട്ടുകളും അന്യം നിന്നിരിക്കുന്നു.
അകലെനിന്നു കാണുമ്പോൾ തന്നെ വീടിനുള്ളിൽ നിന്നു് ഇറങ്ങി വന്നിരുന്ന, മസൃണമായ സ്നേഹ വാക്കുകളാൽ പൊതിഞ്ഞിരുന്ന, അടുത്ത സ്നേഹിതയുടെ അമ്മയുടെ മുഖം കാണാൻ പറ്റാത്തതിന്റെ വേദന കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ അമ്മ മറച്ചുവച്ചില്ല. മുതിർന്ന പൗരന്മാരെ യഥാർത്ഥത്തിൽ തടവറയിലാക്കിയിരിക്കുന്നു കിരീടവിഷാണു.
കൈപ്പട്ടൂരെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹാന്വേഷണങ്ങളുടെ ഉടമകൾ ഓരോരുത്തരായി യാത്രയാകുമ്പോൾ, എങ്ങോ മാഞ്ഞു പോയ ബാല്യത്തെ ഓർത്ത് ഹൃദയം വിങ്ങുന്നുണ്ട്.
ഭയലേശമന്യേ വിലസിയിരുന്ന അന്നത്തെ ബാല്യത്തിൽ നിന്ന് കാലാതിവർത്തിയിൽ ഇന്നത്തെ ബാല്യത്തിൻ്റെ സന്തോഷങ്ങൾ ആത്മാഹുതി ചെയ്തിരിക്കുന്നു. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന, മുളയിലെ പിഴുതെറിയപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ ഉള്ളിലെ ഉണങ്ങാത്ത മുറിവായി കിടക്കുന്നുണ്ട്. ഒക്കെയും തേറ്റായി വന്ന് കുത്തി നോവിക്കുന്നുണ്ട്.
പല നൂതന സാങ്കേതികവിദ്യകളും ഇന്ന് ലോകത്ത് അധീശത്വം സ്ഥാപിച്ചു കഴിഞ്ഞു. അതിൻ്റെ അതിപ്രസരത്തിൽ മുങ്ങിക്കുളിച്ച്, നിലയില്ലാ കയത്തിൽ വീണുപോയിരിക്കുന്ന ബാല്യ, കൗമാര, യൗവനങ്ങൾ.
വരും നാളുകളിൽ അണു കുടുംബങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന വിപത്തിന് എതിരെ ഇന്നേ പോരാടേണ്ടിയിരിക്കുന്നു.
പരിവർത്തനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാറ്റിനും ഒരു പരിധിയുണ്ട് എന്ന ബോദ്ധ്യം ഉണ്ടാകേണ്ടതുണ്ട്. പരിധിക്ക് അപ്പുറത്തെ മറുവശത്ത്, വിഷം നിറച്ചു വച്ചിരിക്കുന്ന, ജീവനെടുക്കുന്ന മുളളാണികളായി പതിയിരിക്കുന്ന നിശ്ശബ്ദരായ കൊലയാളികളെക്കുറിച്ച് ധാരണ ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്.
“അധികമായാൽ അമൃതും വിഷം” എന്ന പഴമൊഴി ഇന്നു് പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെ.
നിറഞ്ഞ സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ