റീന സാറാ വർഗീസ്
അടുത്ത സ്റ്റേഷൻ എത്താറായി
എന്നതിന്റെ സൂചനയെന്നോണം,കുറച്ചു
യാത്രക്കാർ കുപ്പികളിൽ വെള്ളം നിറയ്ക്കാൻ തയ്യാറായി നിന്നിരുന്നു.
തമിഴ്നാടിന്റെ ഉൾഗ്രാമത്തിലെ ഒരു സ്റ്റേഷനിൽ തീവണ്ടി പതിയെ നിന്നു.എണ്ണമയം ലവലേശം ഇല്ലാതിരുന്ന പാറിപ്പറന്ന മുടിയും,അടുക്കും ചിട്ടയുമില്ലാതെ അകന്ന പല്ലുകളിൽ വെറ്റിലക്കറ പിടിച്ച,കൃശഗാത്രയായ സ്ത്രീ,ഏകദേശം അഞ്ചുവയസ്സുള്ള
ആൺകുട്ടിക്കൊപ്പം
ബോഗിക്കുള്ളിലേയ്ക്കു കയറി.കഴുത്തിൽ പഴഞ്ചൻ തുണി കൊണ്ടു് തൂക്കിയിട്ടിരുന്ന ഹാർമോണിയത്തിന്റെ കട്ടകളിൽ തന്റെ ശോഷിച്ച വിരലുകളമർത്തി,അതിന്റെ ശ്രുതിക്കൊപ്പം താണും, പതിഞ്ഞും, ഉയർന്നും പാടാൻ തുടങ്ങി
“രാസാവെ ….ഉന്നെ….. കാണാതെ…നെഞ്ച് കാത്താടി പോലാടുത്”…..
മുകളിൽ ഘടിപ്പിച്ചിരുന്ന ചെറുപങ്കകളിൽ നിന്നും വീശുന്ന നനുത്ത കാറ്റിനൊപ്പം ആ നാദധാര കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തുമ്പോൾ,കൂടെയുണ്ടായിരുന്ന അവരുടെ മകനെന്നു തോന്നിച്ച ആൺകുട്ടി,പിഞ്ചിത്തുടങ്ങിയ ഷർട്ട് ഉയർത്തി,കൊടിയദാരിദ്ര്യത്തിന്റെ അടയാളമായ അവന്റെ ഒട്ടിയ വയറിൽ രണ്ടു് കൈകളും അടിച്ചു താളം പിടിക്കുന്നുണ്ടായിരുന്നു.അതിനുശേഷം ഇരിപ്പിടങ്ങൾക്കു താഴെ പരിചയസമ്പന്നനേപ്പോലെ വൃത്തിയാക്കാൻ തുടങ്ങി.
ആരോ തറയിൽ ഉപേക്ഷിച്ച കൂടിനുള്ളിൽ നിന്ന്,നാമമാത്രമായി അവശേഷിച്ചിരുന്ന ഉരുളക്കിഴങ്ങു വറുത്തതിന്റെ കഷണങ്ങൾ,യാതൊരു സങ്കോചവും ഇല്ലാതെ ആർത്തിയോടെ അവൻ വായിലേയ്ക്കിട്ടതു്,അഗ്നിപർവതം പൊട്ടി ഒഴുകിയ ലാവ പതിച്ചു,മാംസം പൊള്ളിയടർന്ന വേദന എന്നിലുളവാക്കി.
പിന്നീട് ഓരോ യാത്രികരുടേയും മുന്നിൽ അവന്റെ പിഞ്ചു കൈകൾ നീണ്ടു.ചിലർ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.കുരുന്നിന്റെ കൈകളിലേയ്ക്ക് ഓരോ പൊതി ഉണ്ണിയപ്പവും,ബിസ്ക്കറ്റും,നേന്ത്രക്കായ വറുത്തതും വെച്ചു കൊടുത്തപ്പോൾ,അവൻ അതിൽ ഏതെങ്കിലും ഒന്നു് തുറന്നു കഴിക്കുമെന്ന എന്റെ ധാരണ പാടേ തെറ്റി.ഗാനാലാപനത്തിന്റെ അവസാനം ബിസ്ക്കറ്റു കൂടുതുറന്നു്,ഓരോ ബിസ്കറ്റും സുസൂക്ഷ്മം അമ്മയുടെ വായിലേക്കു വെച്ചുകൊടുത്തു.
അവരുടെ മുഖത്തു മുത്തമിട്ടിരുന്ന സ്വേദ ബിന്ദുക്കൾ കുഞ്ഞു കൈത്തലം കൊണ്ടു തുടച്ചു , ഇരു കവിളുകളിലും അഗാധമായ സ്നേഹത്തിന്റെ ചുംബനമുദ്രകൾ പതിപ്പിച്ചു.
പൊക്കിൾക്കൊടി ബന്ധത്തിന്റെ ആഴവും,പരപ്പും വിശപ്പിനും,പട്ടിണിക്കും അതീതമാണെന്നു് ,വിവേകം ഉദിക്കാത്ത പ്രായത്തിൽ വിവേകത്തോടെ,
ചുറ്റിലും നിന്നവരേ അവൻ പഠിപ്പിച്ചത് അക്ഷരംതെറ്റാത്ത വിശുദ്ധസ്നേഹം!!!!!
ആ പ്രവൃത്തിയിൽ അവനോടു പുത്രനിർവ്വിശേഷമായ ഇഷ്ടം ഉള്ളിൽ നിറഞ്ഞു.
പേരറിയാത്ത അവന്റെ നിഷ്കളങ്കമായ കണ്ണുകളും, പകരം തന്ന ദയനീയ നോട്ടവും,ദൈന്യ മുഖവും,മറവിയുടെ ഇരുളടഞ്ഞ തടവറയിലെ ഓടാമ്പൽ തുറന്നു്,ഓർമകളായി അരികിലെത്തുമ്പോൾ ഹൃദയാന്തർഭാഗത്തെ പഴയമുറിപ്പാട് പിന്നെയും നോവുന്നു!!!
വലിയൊരു വെള്ളിമുക്കുത്തി അണിഞ്ഞ മധ്യവയസ്കയായ മുടന്തയായ സ്ത്രീ,ഒരു കുട്ടനിറയെ പേരയ്ക്കയുമായി
കൊയ്യാപ്പളം…കൊയ്യാപ്പളം… എന്നു് വിളിച്ച്,അവശതകളുടെ മാറാപ്പും പേറി ബോഗിക്കുള്ളിലൂടെ നടക്കുന്നുണ്ടായിരുന്നു. പുസ്തകം, പാൽ, ബിരിയാണി വിൽപ്പനക്കാർ, അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന കുറെയേറെ മനുഷ്യർ ഒരു നിമിഷം കൊണ്ടു് കണ്മുന്നിലൂടെ മിന്നിമറഞ്ഞു.
തീവണ്ടി ചലിച്ചു തുടങ്ങിയപ്പോഴേക്കും ഇവരെല്ലാം എവിടേയ്ക്കോ ഞൊടിയിടയിൽ അപ്രത്യക്ഷരായി.ആകാശത്തിനു കീഴിൽ,സ്വന്തം സ്വത്വം മറന്നുപോയ അല്ലെങ്കിൽ തിരിച്ചറിയപ്പെടാതെ,പരാതിയോ, അവകാശവാദങ്ങളോ, സമരമുറകളോയില്ലാതെ അതിജീവനത്തിന്റെ പാത താണ്ടുന്ന ജീവിതങ്ങൾ ഓരോ യാത്രയിലും നിഴൽച്ചിത്രങ്ങളായി കൂടെ കൂടുന്നു.
എന്തുകൊണ്ടു് മിക്ക എഴുത്തുകളും ദുഃഖമയമാകുന്നു എന്നതിനുത്തരം മനുഷ്യജീവിതത്തിൽ
സുഖവും,ദുഃഖവും ഒരു തുലാസിലെന്നപോലെ അളന്നു നോക്കിയാൽ ഭാരം കൂടുതൽ ദുഃഖത്തിനായതുകൊണ്ടാവാം.
അതിൽ തെല്ലും അതിശയോക്തിയില്ല.
അനുഭവങ്ങൾ അവശേഷിപ്പിച്ച്,
കാലത്തിനൊപ്പം പറന്നകന്ന,
ഓർമയിലേക്കു ചേക്കേറിയ ഒട്ടുമിക്ക ജീവിതങ്ങളും അങ്ങനെയായിരുന്നു.
തൊട്ടുമുൻപിലുള്ള ഇരിപ്പിടത്തിൽ,മൂകയായി
വിദൂരതയിലേയ്ക്കു കണ്ണും നട്ടിരിക്കുന്ന പെൺകുട്ടി കുറച്ചു സമയങ്ങൾക്കു ശേഷമാണു ശ്രദ്ധയിൽപ്പെട്ടത് അതിതീവ്രമായ എന്തോ അവളെ അലട്ടുന്നുണ്ടെന്നു മുഖഭാഗം വിളിച്ചോതുന്നുണ്ട്.
ഇനി അവളുടെ, സിമിയുടെ (പേര് യഥാർത്ഥമല്ല) ജീവിതാനുഭവമാണു് .
(തുടരും)
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി