January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അന്നത്തെ തീവണ്ടിയാത്ര (അവസാന ഭാഗം)

റീന സാറാ വർഗീസ് – (3)

പുറത്തുകൂടി ലഘുഭക്ഷണ വിൽപ്പനക്കാർ
“കാഫീ..യം…..ചാ..യ……”തമിഴ്ചുവയോടെ പ്രത്യേക ഈണത്തിൽ നീട്ടി വിളിച്ച് ഞങ്ങൾ ഇരുന്ന ബോഗിക്കരികിലേയ്ക്കു വന്നതു്.

“കുടിക്കാൻ എന്തെങ്കിലും”, എന്ന എന്റെ ചോദ്യത്തിന്, അവളുടെ ഉത്തരം ചെറുപുഞ്ചിരി ആയിരുന്നു.സമയം മൂന്നുമണിയോടടുത്തിരുന്നതിനാൽ
അമ്മ ബാഗിൽ തയ്യാറാക്കി
വയ്ച്ചിരുന്ന ചോറുപൊതി പുറത്തെടുത്ത് ,വാട്ടിയ വാഴയിലയിൽ
കുത്തരി കൊണ്ടുണ്ടാക്കിയ നാരങ്ങ ചോറും, മത്തി വറുത്തതും, ചമ്മന്തിപ്പൊടിയും, മാങ്ങ അച്ചാറും, ഇഞ്ചിക്കറിയും, മോരു കാച്ചിയതുമെല്ലാം അവൾക്കും കൂടി പങ്കിട്ടു.

പുതുതായി നിയമനം ലഭിച്ച ജോലിയിൽ പ്രവേശിക്കുവാൻ പോകുകയായിരുന്നു എന്നു് വർത്തമാനത്തിനിടയിൽ മനസ്സിലാക്കി.പിന്നീടങ്ങോട്ടു യാത്രയിലുടനീളം അകൽച്ചയില്ലാതെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.

ആ യാത്രയിൽ വീടിനേക്കുറിച്ചും, ചന്ദ്രികയെന്ന അമ്മയേയും, പ്രവീൺ എന്ന കൂടെപ്പിറപ്പിനേയും(പേരുകൾ യഥാര്‍ത്ഥമല്ല) ചലച്ചിത്രകഥയെ അനുസ്മരിപ്പിക്കും വിധം അവൾ പറഞ്ഞ ജീവിതാനുഭവം അതിശൈത്യത്താൽ സിരകളിൽ രക്തം തണുത്തുറഞ്ഞു പോലെയും,ഹൃദയത്തിൽ വേദനയുടെ ശക്തമായ വേലിയേറ്റമായും പതിക്കുന്നതു് ഞാനറിഞ്ഞു.

പരിഹാസശരങ്ങൾക്കും,
കുത്തുവാക്കുകൾക്കുമിടയിൽ,
ജീവിത സായാഹ്നത്തിൽ മകനേ പൊതിഞ്ഞു,വിധിയോടു പൊരുതി ജീവിക്കുന്ന ഒരമ്മയുടെ നിസ്സ്വാർത്ഥ സ്നേഹവും,കരുതലും വാക്കുകൾ കോർത്തിണക്കി വാചകങ്ങളാക്കുമ്പോൾ ഏത്ര ആഴത്തിൽ പകർത്താനാവുമെന്നു് നിശ്ചയമില്ല.

വേമ്പനാട്ടുകായലിനരികെ ധാരാളം ഭൂസ്വത്തുള്ള വലിയൊരു തറവാട്ടിൽ രാജകുമാരിയിട്ടായിരുന്നു ചന്ദ്രിക വളർന്നതു്. ഭർത്തൃഗൃഹത്തിലുള്ളവർ
പരമ്പരാഗതമായി ബിസിനസുകാർ ആയിരുന്നതിനാൽ വിവാഹശേഷം വന്നു കയറിയ വീടും സാമ്പത്തിക സ്ഥിതിയിൽ ഒട്ടും പുറകിലായിരുന്നില്ല.

ഉദ്ദേശം ഒരുവർഷം കഴിഞ്ഞാണു് പ്രവീണിന്റെ ജനനം.സീമന്തപുത്രന്റെ് വരവോടുകൂടി അവരുടെ ജീവിതം സന്തോഷഭരിതമായി.

കുഞ്ഞു പ്രവീണിന്റെ കളിചിരികളാൽ ഭവനം മുഖരിതമായി.പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലുമുള്ള അവന്റെ
തീക്ഷ്ണബുദ്ധിയും,സാമർത്ഥ്യവും അദ്ധ്യാപകർക്കു വരെ അദ്ഭുതമായിരുന്നു.

ചെറുപ്രായത്തിൽ ഒരു കൊച്ചു കുട്ടിക്കു ലഭിക്കാവുന്നതിൽ അധികം സമ്മാനങ്ങൾ അവൻ വാരിക്കൂട്ടി. ട്രോഫികളും,സർട്ടിഫിക്കറ്റുകളും ഉയർച്ചയുടെ പ്രതീകങ്ങളായി അവരുടേ വീട്ടിൽ ഇടംപിടിച്ചു.

ആറാം തരത്തിൽ പഠിക്കുന്ന സമയം,ഒരിക്കൽ വീടിനു കുറച്ചകലെയുള്ള മറ്റൊരാളുടെ ഏക്കറുകണക്കിനു വരുന്ന മുളംകാട്ടിൽ ധാരാളം മാടത്തക്കിളികൾ കൂടുകൂടിയിട്ടുണ്ടെന്നു്, കൂട്ടുകാരൻ പറഞ്ഞറിഞ്ഞതു.

കിളികളെ ഒരുപാടു് ഇഷ്ടമായിരുന്ന പ്രവീൺ മാടത്തക്കിളിയെ പിടിക്കാനും, മീൻപിടുത്തത്തിനുള്ള
ചൂണ്ടക്കോലു വെട്ടാനുമായി സ്കൂൾവിട്ട ഒരു വൈകുന്നേരത്ത്,ആരേയും അറിയിക്കാതെ കൂട്ടുകാരന്റെ നിർബന്ധത്തിനു വഴങ്ങി തനിക്ക് തികച്ചും അപരിചിതമായ സ്ഥലത്തേക്കു പോകുന്നതു.

അവിടെ അവർ മാടത്തക്കിളിയെ തിരഞ്ഞു നടന്നെങ്കിലും കണ്ടുകിട്ടിയില്ല. അപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. അപ്പോഴാണു പുരയിടത്തിന്റെ ഉടമസ്ഥൻ ആരോ കയറിയിട്ടുണ്ടെന്നു മനസ്സിലാക്കി കുട്ടികളാണെന്ന് അറിയാതെ ഉറക്കെ വിരട്ടിയതു.

സംഭ്രമത്താൽ ഇരുട്ടിലൂടെ കൂട്ടുതെറ്റി കുട്ടികളിരുവരും ദിശയും,ദിക്കും അറിയാതെ എവിടേയ്ക്കെന്നില്ലാതെ പറഞ്ഞു

ഉടമസ്ഥൻ തന്റെ പുറകെ ഉണ്ടാകുമെന്നു നിനച്ച് ഏകനായി,തനിക്കു് അപരിചിതമായ വഴിയിലൂടെ കൊച്ചു പ്രവീൺ ഓട്ടം തുടർന്നു.പെട്ടെന്നാണു് മണ്ണിടിച്ചിലിൽ നികന്നുപോയിരുന്ന പൊട്ടകിണറ്റിലേയ്ക്ക് അവൻ പതിച്ചതു്.

കുഴിക്കുള്ളിലെ ഇരുട്ടിൽ,നാവുപോലും ചലിപ്പിക്കാനാകാതെ ചകിതനായി ബോധത്തിനും,അബോധത്തിനും ഇടയിൽ അങ്ങനെ എത്ര നേരം കിടന്നുവെന്ന് ആർക്കുമറിയില്ല.

പിന്നീടു് എപ്പോഴോ,എങ്ങനെയോ കുഴിയിൽ നിന്നും പ്രവീൺ പുറത്തുകടന്നു. വീട്ടിലേക്കുള്ള വഴിയും,എന്തിനേറെ സ്വന്തം പേരു് പോലും അവനിൽ നിന്നും അപ്പോഴേക്കും മാഞ്ഞിരുന്നു.

മകനേ കാണാതെ വീട്ടുകാർ തിരഞ്ഞിറങ്ങി.വീഴ്ചയുടെ ആഘാതത്തിൽ,ഭയപാരവശ്യത്താൽ സ്വബോധം നഷ്ടപ്പെട്ട് അലഞ്ഞ പ്രവീണിനെ,ഇതിനിടയിൽ അറിയാവുന്നവർ ആരൊക്കെയോ ചേർന്നു് വീട്ടിലെത്തിച്ചു.

നഷ്ടീഭവിച്ച അവന്റെ ബോധം തിരിച്ചെടുക്കാനായി വർഷങ്ങളോളം ചെയ്യാവുന്ന ചികിത്സകളെല്ലാം ചെയ്തു. പലപ്പോഴും വൈദ്യുതാഘാതചികിത്സക്കു വിധേയനായി.പക്ഷേ അവയൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല സ്ഥിതി ആദ്യത്തേതിലും വഷളായി.

കുഴിയിൽ ആത്മാഹുതി ചെയ്ത സ്ത്രീയുടെ ബാധ കേറിയതാവാം ഇങ്ങനെയൊരു അവസ്ഥയ്ക്കു കാരണമെന്നു ചിലർ പറഞ്ഞു പരത്തി. എങ്ങനെയെങ്കിലും പ്രവീണിനെ ഊർജ്ജസ്വലനായി ജീവിതത്തിലേക്കു മടക്കി കൊണ്ടുവരണമെന്ന ഉൽക്കടലമായ ആഗ്രഹത്താൽ,മരുന്നിനൊപ്പം മന്ത്രതന്ത്രങ്ങളും നടത്തി പക്ഷേ അവയെല്ലാം പരാജയപ്പെട്ടു.

അവസ്ഥ നാൾക്കുനാൾ കൂടിയതല്ലാതെ മാറ്റമൊന്നും കണ്ടില്ല. ഇതിനിടയിൽ ബിസിനസു തകർന്നു,വരുമാനം നിലച്ചു. കുടുംബം കരകയറ്റാനായി തങ്ങളുടെ ആരോഗ്യം വകവയ്ക്കാതെ അവർ രാപകലില്ലാതെ അധ്വാനിച്ചു.ഇതിനിടയിൽ പിതാവു മരിച്ചു.സിമി കഷ്ടപ്പാടിനിടയിലും നഴ്സിംഗ് പഠനം പൂർത്തിയാക്കി.

വീണ്ടും അമ്മയും,മകനും തനിച്ചായി.അവസാനകാലത്ത് തനിക്കു തണലാകേണ്ടിയിരുന്ന മകനേ,തളർച്ചയിലും വന്ദ്യവയോധിക,എന്നെങ്കിലും ഒരിക്കൽ പഴയ പ്രവീണായി തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ,കൊച്ചു കുട്ടിയേ എന്നപോലെ
ഇപ്പോഴും പരിചരിക്കുന്നു.

നമുക്കു ചുറ്റും കണ്ണും ,മനസ്സും തുറന്നു നോക്കിയാൽ ഇതുപോലെ നിശബ്ദതയിൽ ഉരുകി ജീവിക്കുന്ന എത്രയോ അമ്മമാർ.

മക്കൾ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളും,സ്വന്തം സുഖത്തിനായി
നൊന്തു പ്രസവിച്ച മക്കളുടെ ജീവൻ നിർദാക്ഷണ്യം ഇല്ലാതാക്കാൻ മടിയില്ലാത്ത, കണ്ണില്ലാത്ത ക്രൂരതയുള്ള സമൂഹത്തിനു മുന്നിൽ ഈ അമ്മ നന്മയുടെ, സഹനത്തിന്റെ ജീവിക്കുന്ന നേർസാക്ഷ്യവും, മാതൃ വാത്സല്യത്തിന്റെ മകുടോദാഹരണവും ആണു് .

“സിമി, നീ ഇതു വായിക്കുമെന്ന് എനിക്ക് ഉറപ്പാണ്.അന്നത്തെ തീവണ്ടിയാത്ര മുതൽ ഇന്നുവരേയും പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ നിനക്കും,അമ്മയ്ക്കുമൊപ്പം, ഞങ്ങളും കാത്തിരിക്കുകയാണു്
നിന്റെ കൂടപ്പിറപ്പിന്റെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവിനായി.”

(ശുഭം)

റീന സാറാ വർഗീസ്

പിറവം സ്വദേശിയായ റീന സാറ വർഗീസ്, കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലും, ബ്ലോഗിലും സാന്നിധ്യമറിയിക്കുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!