November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അന്നത്തെ തീവണ്ടിയാത്ര.

റീന സാറാ വർഗീസ്

അവധി കഴിഞ്ഞു,തീവണ്ടിയിൽ ജോലിസ്ഥലത്തേക്കുള്ള മടക്ക യാത്രയ്ക്കിടയിൽ ദൈവത്തിന്റെ സ്വന്തം നാടിന്റെ നെല്ലറ പാലക്കാടിന്റെ പ്രതീകമായ കരിമ്പനകളുടെ ഭംഗി ആസ്വദിച്ചരിക്കുമ്പോഴാണു്,നാടുവിട്ട് അടുത്ത സംസ്ഥാനത്തേക്കു കയറുന്നതിന്റെ ചൂണ്ടുപലക എന്നിൽ
ഗൃഹവിരഹദുഃഖം സൃഷ്ടിച്ചതു്.

തീവണ്ടി വളഞ്ഞും,പുളഞ്ഞും പാഞ്ഞുപോകുന്നതു പോലെയല്ലേ ജീവിതം എന്ന ചിന്ത,അതിന്റെ ചൂളംവിളിക്കൊപ്പം മനസ്സിലൂടെ കടന്നു പോയി.

അനന്തമായ പാളങ്ങളിലൂടെ
ലക്ഷ്യസ്ഥാനത്തേക്ക്
കിതച്ചുകൊണ്ടു് കുതിച്ചു പായുമ്പോൾ ഇടയ്ക്കു ചങ്ങല വലിച്ചു നിർത്തിയിടും.മുന്നറിയിപ്പു വർണ്ണങ്ങളായ ചുവപ്പും,പച്ചയും എവിടെയൊക്കെ നിർത്തണമെന്നും,ഏതൊക്കെ വഴികളിൽ,എപ്പോൾ,എങ്ങനെയൊക്കെ പോകണമെന്നും ദിശ കാണിക്കും.നിനച്ചിരിക്കാതെ പാളം തെറ്റും. യാതൊരു അറിയിപ്പുമില്ലാതെ റദ്ദാകും. പിന്നെ മറ്റു തീവണ്ടികൾക്കു പോകാൻ ക്ഷമയോടെ കാത്തു കിടക്കും.അവ സുരക്ഷിതമായി അടുത്ത പാതയിലൂടെ,കടന്നുപോയി എന്നുറപ്പായാൽ പതിയെ യാത്ര തുടരും.

അപ്രതീക്ഷിതമായി സംഭവിക്കുന്ന ഈ പ്രക്രിയപോലെ ജീവിതമെന്ന മഹായാനം
അങ്ങനെ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കും.

അതിനിടയിയിൽ കാണുന്നതും,അനുഭവിക്കുന്നതുമെല്ലാം മനസ്സിന്റെ ചുവരിൽ മായാത്ത മുദ്രയായി പതിഞ്ഞു കിടക്കുന്നത് അവ അത്രമേൽ ആഴത്തിൽ സ്പർശിക്കുന്നതു കൊണ്ടാവാം.

ഓരോ യാത്രയും ഓരോ പുതിയ തിരിച്ചറിവും,അനുഭവവും
കാഴ്ചയുമാണു് പകരുന്നതു്.

ഉള്ളിലേയ്ക്ക് ഇരച്ചു കയറിയ ഗൃഹാതുരത്വം മറക്കാൻ കയ്യിലിരുന്ന പുസ്തകം നിവർത്തി വായന തുടങ്ങി. അൽപ്പനേരം കഴിഞ്ഞു്.ഉറക്കം കണ്ണുകളെ മെല്ലെ തലോടി.അപ്പോഴാണു് കണ്ടതു്.

(തുടരും..)

റീന സാറാ വർഗീസ്

പിറവം സ്വദേശിയായ റീന സാറ വർഗീസ്,കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലും,ബ്ലോഗിലും സാന്നിധ്യമറിയിക്കുന്നു.

error: Content is protected !!