റീന സാറ വർഗീസ്
വാക്കുകളുടെ ഉറവ,കാരണമില്ലാതെ വറ്റിപ്പോകുന്ന ദിനങ്ങളിലെ സായം സന്ധ്യകളിൽ ശൂന്യമായ മനസ്സോടെ
നാലാംനിലയിലെ ജനാലയിലൂടെ പുറത്തെ നടപ്പാതയിലെ പച്ചപ്പിലേയ്ക്കു
വെറുതെ നോക്കി നിൽക്കും. അതിശൈത്യത്തിലും കൊടുംവേനലിലും സ്ഥായിഭാവം ഉപേക്ഷിക്കാതെ ഇലമൂടി നിൽക്കുന്ന ചെറുമരചില്ലകളിലേയ്ക്കു
തൂക്കണാം കുരുവി പോലെയുള്ള ചെറുകിളികൾ പാറിപ്പറന്നു ചേക്കേറുന്നുണ്ടാകും.
പകൽ മുഴുവൻ പറന്നതിനു ശേഷമുള്ള അവയുടെ കൂടണയൽ ഇമയോരങ്ങളിലൂടെ മനസ്സിൻ്റെ തിരശ്ശീലയിലേയ്ക്കു പകർത്തുന്നതു നഷ്ടഭൂതമായ കാഴ്ചകൾ,മുഖങ്ങൾ, അനുഭവങ്ങൾ.ഒരു ത്രീഡി ചലച്ചിത്രത്തിലൊ, ഭൂതക്കണ്ണാടിയിലൊ കാണുന്നതുപോലെ മനസ്സിനെ തൊട്ടുതലോടി, കണ്ടുമറന്നു പോയവയെല്ലാം മറവിയിൽ നിന്നു് ഉയർത്തെണീറ്റു,വ്യക്തവും സുതാര്യവുമായി നിറഞ്ഞ് ഒരു വരവുണ്ടു്.
ആ വരവിൽ തൂലിക മൂന്നു് വിരലുകൾക്കുള്ളിൽ അമർന്ന് ശ്വാസോച്ഛ്വാസത്തിൻ്റെ ഗതിവിഗതികൾക്കൊപ്പം താളുകൾക്കിടയിലൂടെ പരക്കം പായും.അപ്പോൾ കടലു കടന്നു് ചിന്തകളും വിചാരങ്ങളും അങ്ങു ദൂരെ ദൂരെയുള്ള
കൊച്ചു സ്നേഹവീട്ടിലേക്ക് എത്തപ്പെടും.
പുരപ്പുറത്തു നാട്ടിയിരിക്കുന്ന ആൻറിനയുടെ ഇരിപ്പുവശം ശരിയല്ലാത്തതു കൊണ്ടു് ദൂരദർശനിൽ വെള്ളയും കറുപ്പും ധാന്യങ്ങൾ വാരിവിതറി അറിയാത്ത ഭാഷയിലുള്ള യാതൊന്നും മനസ്സിലാകാത്ത,അവ്യക്തമായ കാഴ്ചകളായ സ്പോൺസേർഡ് പ്രോഗ്രാമുകൾ കണ്ടിരിക്കാൻ “ചേച്ചി..സോപ്പേണ്ടു പ്രോഗ്രാം വായോ”…എന്നുറക്കെ വിളിച്ചു പറഞ്ഞിരുന്ന കൂടപ്പിറപ്പുകൾ.
മാനമിരുണ്ട്, കാറ്റൊന്നാഞ്ഞുവീശിയാൽ നിലച്ചുപോകുന്ന വിദ്യുച്ഛക്തി വിതയ്ക്കുന്ന അന്ധകാരത്തിന് തടയിട്ട്, മെഴുകുതിരി നാളത്തിൻ്റെ പ്രകാശത്തിൽ മഴപ്പെയ്ത്തിനൊപ്പം, ഇല്ലാത്ത പാട്ടുകൾ ഉണ്ടാക്കി പാടി അന്താക്ഷരികളിയുടെ മറ്റൊരു വകഭേദം സൃഷ്ടിക്കും.
അതിഥിസൽക്കാരത്തിനായി മാറ്റിവെച്ചിരിക്കുന്ന പലഹാരകൂട്ടങ്ങളിരിക്കുന്ന തടിഅലമാരയുടെ താക്കോൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടുപിടിച്ചു പലഹാരങ്ങൾ തുല്യമായി പങ്കിട്ടെടുക്കും.പറഞ്ഞു കൊടുക്കുന്ന ആൾ “യൂദാസ്” എന്നൊരു
പരസ്പര ധാരണയുണ്ടാക്കി വയ്ക്കും.
പള്ളിപ്പാട്ട് അമ്പലത്തിലെ പത്താമുദയത്തിൻ്റെ അന്നു് തലയെടുപ്പോടെ നെറ്റിപ്പട്ടം അണിഞ്ഞ ഗജവീരൻ്റെ വരവുകാണാൻ വഴിവക്കിൽ ആദ്യം തന്നെ സ്ഥലം പിടിച്ച്, ആനവാൽമോതിരം കയ്യിൽ ഇട്ടാൽ ആയിരം മല്ലന്മാരെ പേടിക്കണ്ടയെന്നു കുഞ്ഞമ്മ ചേച്ചി പറഞ്ഞു തന്നതിൻ്റെ കഥയാവർത്തനം ആരെയും ശ്രദ്ധിക്കാതെ ചുറ്റും നിൽക്കുന്നവരോടു പറഞ്ഞു കൊണ്ടിരിക്കും.
ത്രിസന്ധ്യ നേരത്ത് ആഹാരം കഴിക്കരുത് എന്നൊരു ചൊല്ലു ഉള്ളതിനാൽ കൃത്യം ആ നേരത്ത് തന്നെ വിശപ്പു കയറും. അങ്ങനെ കഴിക്കരുത് എന്നതിൻ്റെ കാരണം അന്നും ഇന്നും അറിയില്ല.
മുറ്റമടിക്കാനായി മുണ്ടും ചട്ടയും ധരിച്ചു ശുഭ്രവസ്ത്രധാരിയായ എത്തിയിരുന്ന മറിയച്ചേട്ടത്തി പറഞ്ഞിരുന്ന പരിഷ്കാര വേഷങ്ങളിൽ ഒന്നായ പൈജാമയിലേക്ക്, പാവാടയിൽ നിന്നു് സ്ഥാനക്കയറ്റം നടത്തിയപ്പോൾ നാടൻ ശ്രേഷ്ഠതാസങ്കല്പങ്ങൾ തകിടം മറിച്ചതിൻ്റെ സമ്മിശ്രവികാരങ്ങൾ കറുത്ത മറിയച്ചേട്ടത്തിയുടെ വെളുത്ത ചിരിയിൽ മിന്നി മറയുന്നതു് വായിച്ചെടുത്തു.
വീട്ടുമുറ്റത്തു നിറഞ്ഞു കത്തുന്ന നിലവിളക്കുകൾക്കും മെഴുകുതിരികൾക്കുമൊപ്പം രാത്രിയിലെ ദനഹപെരുന്നാൾ പ്രദക്ഷിണത്തെ (റാസ) വരവേൽക്കാനായി കാത്തുനിൽക്കുമ്പോൾ ഉള്ളിലും ആനന്ദത്തിന്റെ ഒരായിരം നിറദീപങ്ങൾ നിറഞ്ഞു കത്തും.
മറവി അപഹരിച്ച, കാലം ഇഷ്ടദാനം തന്ന ഹൃദയംതൊട്ട ഓർമയിടങ്ങൾ തേടി എന്നിലെ എന്നേ തിരഞ്ഞു ഋതുഭേദങ്ങൾക്കൊപ്പം വീണ്ടും യാത്ര തുടരുന്നൂ…
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി