January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ്നേഹ സാന്ത്വനത്തിന്റെ വെള്ളരിപ്രാവുകൾ.

റീന സാറാ വർഗീസ്

ആതുരസേവനരംഗമായ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തപ്പോൾ ഉത്തരേന്ത്യയിലെ പ്രമുഖസർക്കാർ ആശുപത്രിയിൽ നിന്നു് നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മായി,അനുഭവങ്ങളുടെ വെളിച്ചത്തിൽ ജോലിയിലെ കഷ്ടപ്പാടുകളെ കുറിച്ച് ഓർമ്മപ്പെടുത്തി.

അക്കാലങ്ങളിൽ നഴ്സിംഗ് പഠിച്ചുകൊണ്ടിരുന്ന അയൽപക്കങ്ങളിലും, ഇടവകപള്ളിയിലുമുള്ള ചേച്ചിമാർ മോണിംഗ്,ഈവനിംഗ്, നൈറ്റ് ഡ്യൂട്ടികളെ കുറിച്ചും,റൗണ്ട്സിനെ പറ്റിയുമെല്ലാം വാതോരാതെ സംസാരിക്കുന്ന വിശേഷങ്ങൾ,ആഗ്രഹം വീണ്ടും വളമിട്ടു വളർത്തി.

എന്നേ അദ്ഭുതപ്പെടുത്തിയതു് അതൊന്നുമല്ല അവരിൽ ഒരാൾ പോലും അവർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചോ,ജോലി ഭാരങ്ങളെക്കുറിച്ചോ സംസാരിച്ചിട്ടില്ല എന്നതായിരുന്നു!!!!

കഷ്ടപ്പാടുകൾ ചിലപ്പോൾ വീട്ടുകാരും, നാട്ടുകാരും,ബന്ധുക്കളും അറിയണ്ട എന്നു കരുതി മന:പൂർവം മറച്ചുവച്ചതായിരിക്കാം.
പഠനം കഴിഞ്ഞു വന്നവരും പഠിച്ചുകൊണ്ടിരിക്കുന്നവരുമായ അവർ കൃശഗാത്രരായി തിരിച്ചു വരുന്നതിന്റെ പുറകിലെ രഹസ്യം എന്താണെന്നു് മാത്രം അന്നു് മനസ്സിലായിരുന്നില്ല.

ആലപ്പി_ബൊക്കാറോ എക്സ്പ്രസ്സിൽ
ലോകപ്രശസ്തമായ ചാർമിനാർ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തേക്ക് പഠനത്തിനായി യാത്രതിരിക്കുമ്പോൾ ഭാഷ തടസ്സമായിരുന്നതിന്റേയും, ആദ്യമായി നാടുവിട്ടു പോകുന്നതിന്റേയും വലിയ കനം ഉള്ളിൽ ഉണ്ടായിരുന്നു.

ആര്യവേപ്പുകളുടെ നാട്ടിലെ ചെറിയ പ്ലാറ്റ്ഫോമിൽ ഞങ്ങളുടെ കട്ടിക്കടലാസു പെട്ടികളിലേക്കു നോട്ടമിട്ടു വാനരപ്പടകൾ ചുറ്റിത്തിരിഞ്ഞതു് അൽപ്പമൊന്നു് ഭയപ്പെടുത്തി.അതു് അവരുടെ സ്വൈര്യവിഹാരത്തിനു,വന്നുപോകുന്ന തീവണ്ടികളും യാത്രക്കാരും തടസ്സം സൃഷ്ടിക്കുന്നതു കൊണ്ടായിരിക്കാം. കൂടെയുണ്ടായിരുന്ന ആരോ ശബ്ദമുയർത്തിയിട്ടും, അവ അവിടെ നിന്നു് മാറാതെ മർക്കടമുഷ്ടിയുടെ തനിനിറം പുറത്തെടുത്തു.അപ്പോൾ ഓർമയിൽ തെളിഞ്ഞതു് പണ്ടു് പള്ളിക്കൂടത്തിൽ പദ്യപാരായണത്തിന് അവതരിപ്പിച്ച,തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മലയാള ഭാഷാകവി കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികത്തിലെ
ഏതാനും ചില വരികളാണു്

“നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ,നീയങ്ങു മാറിക്കിടാ ശഠാ!
ദുര്‍ഘടസ്ഥാനത്തു വന്നുശയിപ്പാന്നിനക്കെടാ തോന്നുവനെന്തെടാ സംഗതി?”

അവിടെയുണ്ടായിരുന്ന പോർട്ടർമാരിൽ ഒരാൾ ഉറക്കെ ശബ്ദം ഉയർത്തിയപ്പോൾ മർക്കടവീരൻമാർ തിരികെ വീണ്ടും ആര്യവേപ്പിന്റെ ചില്ലകൾ തോറും തങ്ങളുടെ അഭ്യാസമുറകൾ തുടർന്നുകൊണ്ടിരുന്നു.

തീവണ്ടിയാപ്പീസ് പരിസരത്തു വിരലിലെണ്ണാവുന്ന മഞ്ഞ ഓട്ടോറിക്ഷകളും,നിരനിരയായി കിടക്കുന്ന സൈക്കിൾ റിക്ഷകളും മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ.ആദ്യമായി സൈക്കിൾ റിക്ഷ നേരിൽ കാണുന്നതു് അന്നായിരുന്നു.

സൈക്കിൾ റിക്ഷയിൽ സാധനങ്ങൾ നിറച്ച പെട്ടിക്കൂടുകൾ വച്ചു് കിലോമീറ്ററുകളോളം റിക്ഷാക്കാരൻ ഇരുന്നും, നിന്നും ചവിട്ടി കൊണ്ടുപോകുന്നതു് പ്രശസ്തനോവലിസ്റ്റും, ചെറുകഥാകൃത്തുമായ ശ്രീ പി.കേശവദേവിന്റെ ‘ഓടയിൽനിന്ന്’ എന്ന നോവലിലെ ക്ഷയരോഗം മൂർച്ഛിച്ചു തെരുവിൽ കിടന്നു മരിച്ച പപ്പു എന്ന കഥാപാത്രത്തിന്റെ സ്മരണക്കൊപ്പം സഹാനുഭൂതിയും നിറച്ചു.

വലിയ മതിൽക്കെട്ടിനകത്തെ മൂന്നു നിലയുള്ള ഹോസ്റ്റലിൽ ഭൂരിഭാഗവും കേരളത്തിന്റെ തെക്കുനിന്നു വടക്കേ അറ്റം മുതൽ ഉള്ളവരും,അവിടെ ഞങ്ങളുടെ മതം സ്നേഹവുമായിരുന്നു.

“വീട്ടുപനി” വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടായിരുന്നതിനാൽ
മൂവന്തിയിൽ പടിഞ്ഞാറു ചേക്കേറുന്ന സൂര്യൻ,കണ്ണുകൾ ഈറനണിയിച്ചു വീടോർമ്മയുടെ ജ്വരം പിന്നേയും കൂട്ടും.

റവപ്പായസ ഉപ്പുമാവും,ഗോതമ്പു കുഴച്ചുപരത്തി വെയിലത്തുണക്കിയ പോലെയുള്ള ചപ്പാത്തി പ്രാതലും,ഉച്ചയൂണിനും അത്താഴത്തിനും പാതിവെന്തതും, ചിലപ്പോൾ വെന്തുകുഴഞ്ഞതുമായ വെള്ളരി ചോറും അതിനൊപ്പം ലഭിച്ചിരുന്ന നീട്ടിയുള്ള സാമ്പാറും,പിന്നെ എന്തൊക്കെയോ മറ്റുചില കറികളും കഴിച്ചു തൃപ്തി അടഞ്ഞിരുന്ന നാളുകൾ.

വല്യമ്മച്ചിയും,അമ്മയും സ്നേഹംചാലിച്ചു വച്ചുവിളമ്പി തന്നിരുന്ന,അന്നോളം മനസ്സിലാക്കാതെയിരുന്ന മൃഷ്ടാന്നഭോജനത്തിന്റെ മഹത്വം അന്നാളുകൾ ശരിക്കും മനസ്സിലാക്കി തന്നൂ.

ഇന്നത്തെപ്പോലെ മൊബൈൽ ഫോണുകൾ ഇല്ലാതിരുന്ന കാലം. ഞായറാഴ്ചകളിൽ ലാൻഡ്ഫോണിന്റെ മണിയടി ഒച്ച കേൾക്കാനായി കാത്തു നിൽക്കുമായിരുന്നു.അങ്ങനെ വീട്ടുവിശേഷം ചുരുക്കത്തിൽ അറിയും.അസ്വസ്ഥതകൾക്കു് വിരാമമിട്ടുകൊണ്ടു് സൂക്ഷ്മ പരിശോധനയ്ക്കുശേഷം എല്ലാ ആഴ്ചകളിലും കൈകളിൽ എത്തപ്പെട്ടിരുന്ന കത്തുകളാകുന്ന ലേഖനത്തിലൂടെ അമ്മ പങ്കുവച്ചിരുന്ന വീടിന്റേയും നാടിന്റേയും വിവര വിശേഷങ്ങൾ കുതുകത്തോടെ പലതവണ വായിച്ചു് ദീർഘനിശ്വാസം ഉതിർക്കും.മറുപടി കത്ത് അതിനേക്കാൾ വലിയ ഒരു ലേഖനവും.

കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതു പോലെ പെൺക്കൂട്ടങ്ങളുടെ വർത്തമാനത്തിന്റെ ചിലമ്പൽ അസഹ്യമാകുമ്പോൾ, അനാട്ടമി ക്ലാസ് എടുത്തിരുന്ന,ഞങ്ങൾ അപ്പച്ചൻ എന്നു വിളിച്ചിരുന്ന ഡോക്ടർ രഞ്ചൻ അദ്ദേഹത്തിന്റെ അണപൊട്ടിയൊഴുകിയിരുന്ന രോഷം മേശയിൽ അടിച്ചു പ്രകടിപ്പിച്ചു് സ്ഥിരമായി പറഞ്ഞിരുന്ന
“Girls no murmuring,no whispering”എന്ന സംഭാഷണശകലം അദ്ദേഹത്തെ അകലെനിന്നു് കാണുമ്പോൾ ഞങ്ങളും പരസ്പരം രഹസ്യമായി ഉരുവിടാൻ തുടങ്ങി.

പുതുതായി നിയമിതയായ ഹോസ്റ്റൽ വാർഡൻ സുഗുണ സൂര്യോദയത്തിനു മുമ്പ് വാതിലിൽ ഇടിവെട്ടുന്നതു പോലെ ആഞ്ഞുമുട്ടി പരുക്കൻ ശബ്ദത്തിൽ
“ഏയ്…. അമ്മായിലൂ തൊന്തരഗു ലഗുവണ്ടി”(“പെൺകുട്ടികളേ പെട്ടെന്നു് എണീക്കൂ”..) എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു് മൂന്നു നിലകൾ കയറിയിറങ്ങും. ചിലർ നിദ്രാലസ്യത്തോടെ കുഴൽക്കിണറിന് അരികിലേക്കു ബക്കറ്റും ബ്രഷുമായി ഓടും. മറ്റുചിലർ മൂന്നുനില ഇറങ്ങിവരാൻ സമയം എടുക്കുമല്ലോ എന്നോർത്തു രണ്ടുനിലകട്ടിലിനടിയിൽ ഒന്നുകൂടി കൂർക്കംവലിച്ച് ഉറങ്ങും. അങ്ങനെ ഉറങ്ങിപ്പോയ ചില ഹതഭാഗ്യരേ കയ്യോടെ പിടിച്ചു പ്രിൻസിപ്പാളിന്റെ മുന്നിൽ എത്തിച്ച് ഏത്തമിടീക്കൽ എന്ന പ്രഭാത വ്യായാമ പ്രക്രിയ നടത്തിച്ചു സുഗുണ വാർഡൻ സായൂജ്യമടയും.

അങ്ങനെ അവരുടേ ദുർഗുണപരിഹാരപാഠങ്ങളായ അതിരാവിലെ എണീക്കുക,രാത്രി പത്തു മണിക്കു ശേഷം ലൈറ്റ് അണയ്ക്കുക എന്നീ സദ്ഗുണങ്ങൾ,ഞങ്ങളിലേക്ക് അടിച്ചേൽപ്പിക്കപ്പെട്ടു എന്നുവേണമെങ്കിൽ പറയാം.

ചുരുക്കം പറഞ്ഞാൽ പുറത്തൊരക്ഷരം ഉരിയാടാതെ പാത്തും പതുങ്ങിയും ഞങ്ങൾ പരസ്പരം മുറുമുറുക്കാൻ തുടങ്ങി.പക്ഷേ അവരേ കാണുമ്പോൾ ഇതൊന്നും പുറത്തു കാണിച്ചിരുന്നില്ലന്നു മാത്രമല്ല ഭവ്യതയോടെ, ബഹുമാനപൂർവം പറയുന്നതെല്ലാം സുസ്മേരവദനരായി അനുസരിച്ചു.

കാവ്യാത്മകമായി പറഞ്ഞാൽ മഞ്ഞു പെയ്യുന്ന ഏതോ ഒരു നനുത്ത ശാന്തമായ പ്രഭാതത്തിൽ സുനാമി പോലെ വന്നവർ,തിരമാലകളുടെ ഇരമ്പൽ പോലും അവശേഷിപ്പിക്കാതെ പൊടുന്നനെ ഒരുനാൾ അപ്രത്യക്ഷയായി.പിന്നീടുള്ള ദിവസങ്ങളിലൊന്നും അവരേ കണ്ടിട്ടില്ല.പിന്നേയും ഏതൊക്കെയോ വാർഡൻമാർ വന്നുപോയി.അവരൊക്കെ ഓർമയിൽ നിന്നു് എവിടെയോ ഓടിയൊളിച്ചു.

അത്യുഷ്ണത്തിൽ ശീതീകരണ സംവിധാനങ്ങൾ ഒന്നുമില്ലാതെ, മുകളിൽ ഘടിപ്പിച്ചിരിക്കുന്ന കാറ്റു യന്ത്രത്തിന്റെ ചൂടു കാറ്റേറ്റു, ചിലപ്പോൾ വൈദ്യുതി നിലച്ചാൽ അതും ഇല്ലാതെ ജോലിയും,പഠനവുമായി മുന്നോട്ടു് നീങ്ങിയിരുന്ന നാളുകൾ.

“പുറത്തുനിന്നും ഒന്നും വാങ്ങി കഴിക്കരുത്” എന്നു് മുകളിൽ നിന്നു് കർശന നിർദ്ദേശം ഉണ്ടായിരുന്നിട്ടും, ആരുമറിയാതെ (ഇനി അറിഞ്ഞിരുന്നോ എന്നറിയില്ല) ഇരുമ്പുഗേറ്റിനു ചെറിയ വിടവിൽ കൂടി,ദാരിദ്ര്യരേഖക്കും വളരെ താഴെയുള്ള നിഷ്കളങ്ക ജീവിതങ്ങൾ വിറ്റിരുന്ന നാരങ്ങയും ഉപ്പും ചേർത്ത ചുട്ട ചോളവും,സപ്പോർട്ടക്ക, ചെറുപഴം, പേരയ്ക്ക, മാതളനാരങ്ങ ഇത്യാദി ഫലമൂലാദികൾ കഴുകിയും കഴുകാതെയുമൊക്കെ ഞങ്ങൾ ആസ്വദിച്ചു കഴിച്ചു.

അങ്ങനെ നല്ലതും തീയതുമായ അനുഭവങ്ങളുടെ മഹാസാഗരം നീന്തിക്കടന്നു്, എളുപ്പമെന്നു വിചാരിച്ച, എളുപ്പമല്ലാത്ത നഴ്സിങ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈകളിൽ ഏറ്റുവാങ്ങി. ഇപ്പോഴും പഴയ സൗഹൃദത്തിനും, സ്നേഹത്തിനും തെല്ലും കോട്ടം വരാതെ ഞങ്ങൾ ഓരോരുത്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു.

ഓർമകൾ പൊടിതട്ടിയെടുത്തപ്പോൾ എവിടെയൊക്കെയോ ചിതലരിച്ചിരിക്കുന്നു. അതുകൊണ്ടു് എഴുതിയതു് വളരെ ചുരുക്കം എഴുതുവാൻ ഇനിയുമേറെ.
ആതുരസേവനരംഗത്തു കണ്ടതും, അനുഭവിച്ചതും പഠിച്ചതുമായ ജീവിത മൂല്യങ്ങൾ ഒരുപാടു്.

*ഏതു് അവസ്ഥയിലും ജീവിക്കാം.

*മരുന്നിന്റെ മണമുള്ള ഓരോ ചുവരുകൾക്കിടയിലും,ഞാൻ, നീ എന്ന പക്ഷഭേദമില്ലാതെ മനുഷ്യൻ എന്നൊരു ജാതി മാത്രം.

*പഴിയും,ക്രോധവും കേട്ടു വിതുമ്പിയിരുന്ന നാളുകളിൽ നിന്നു് സമചിത്തതയോടെ എന്തിനേയും നേരിടാം എന്ന ധൈര്യം.

*ശബളാഭമായ ഉത്സവാഘോഷങ്ങളും, സ്വന്തം സന്തോഷങ്ങളും ഉപേക്ഷിച്ചു, പരാതിയോ പരിഭവവമോ ഇല്ലാതെ സഹജീവികളുടെ ജീവിതം തിരികെ കൊടുക്കാൻ അതിജീവനപ്പോർമുഖത്ത് മടിയില്ലാതെ അഹോരാത്രം കർമ്മനിരതർ.

*ജീവൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നതിനൊപ്പം മനസ്സിലാക്കിയതും, തിരിച്ചറിഞ്ഞതുമായ യാഥാർത്ഥ്യം അഹങ്കരിക്കാൻ ഒന്നുമില്ലാത്ത ഓരോ മനുഷ്യന്റേയും ക്ഷണഭംഗുരമായ ജീവിതം എപ്പോൾ വേണമെങ്കിലും നിലക്കാം.അവിടെ പണമോ, പ്രശസ്തിയോ ഞാനെന്ന ഭാവമോ ഒന്നും കൂട്ടിന് ഉണ്ടാവുകയില്ല. ഓരോ ആശുപത്രിയിലേയും എല്ലാ ശസ്ത്രക്രിയാമുറികളും, തീവ്രപരിചരണവിഭാഗങ്ങളും വാർഡുകളും അതു നമ്മോടു അടിവരയിട്ടു പറയുകയും, സൂചിപ്പിക്കുകയും ചെയ്യുന്നു എന്നിട്ടും…..

വനിതകൾക്കൊപ്പം,പുരുഷ നഴ്സുമാരുടെ മഹത്തായ സേവനവും വിസ്മരിച്ചുകൂടാ.അങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ടു് തിരസ്കൃതരായ നഴ്സിംഗ് സമൂഹത്തിനു പുതിയ ഉണർവും,മാറ്റവും ഉണ്ടായതു് അവരുടെ കടന്നുവരവോടെയാണു്.

ദക്ഷിണഭാരതത്തിലെ കൊച്ചു കേരളത്തിന്റെ,ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിളക്കേന്തിയ വനിതയുടെ പിൻഗാമികൾ സ്വന്തം നാടിന്റെ അഭിമാനവും,യശസ്സും ഉയർത്തിപ്പിടിച്ചു അറിവിനൊപ്പം കഠിനാധ്വാനവും, അർപ്പണമനോഭാവവും, ക്ഷമയും, സത്യസന്ധതയും കൈ വിടാതെ മുറുകെപിടിച്ചു സ്വന്തംവേദനകൾ മറന്ന്,അല്ലെങ്കിൽ മറച്ചു ലോകത്തിന്റെ ഓരോ കോണിലുമുള്ള ആതുരാലയങ്ങൾക്കുള്ളിൽ അനേകർക്കു സാന്ത്വനമേകുന്നു.

ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ഈ സവിശേഷതകൾ കൊണ്ടു തന്നെയാകണം സമാധാനത്തിന്റേയും, സ്നേഹത്തിന്റേയും, സാന്ത്വനത്തിന്റയും വെള്ളരിപ്രാവുകളായി ലോകത്തിന്റെ നെറുകയിൽ ഭാരതത്തിലെ നഴ്സിംഗ് സമൂഹം എത്തിയതു് .

ആത്മാഭിമാനത്തോടെ ശിരസ്സുയർത്തി ഞാനും നഴ്സിംഗ് കുടുംബത്തിലെ, നിങ്ങളിൽ ഒരംഗം എന്നു നിറഞ്ഞ ഹൃദയത്തോടെ പറയട്ടെ..

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!