ഓർമ്മത്താളുകൾ
റീന സാറാ വർഗീസ്
ചില പാട്ടുകൾ എന്നിലെ നാട്ടിൻപുറത്തുകാരിയെ ഓർമയിലൂടെ കൂട്ടിക്കൊണ്ടുപോകുന്നതു് ചില ഗന്ധത്തിന്റെ,രുചിയുടെ,സൗഹൃദത്തിന്റെ കണ്ണാടിയിലെന്നപോലെ തെളിയുന്ന കാഴ്ചകളിലേക്കാണു്.
കാലം അതിന്റെ ഇടനാഴിയിൽ കുടഞ്ഞിട്ടിട്ടു കടന്നുകളഞ്ഞ,കൈയെത്തും ദൂരെ നിൽക്കുന്ന ബാല്യകാലം ഒരിക്കലും തിരികെ വരികയില്ലല്ലോ എന്നോർക്കുമ്പോൾ
നെഞ്ചിനുള്ളിൽ പറഞ്ഞറിയിക്കാനാകാത്തൊരു നെരിപ്പോട്.
എത്രയും പെട്ടെന്നു വലുതായാൽ മതിയെന്ന ചിന്തയും,പഠനം ഭാരമായി കണ്ട അവസ്ഥയുമെല്ലാം മൗഢ്യങ്ങളായിരുന്നുവെന്നു തിരിച്ചറിയുമ്പോഴേക്കും കാലം തിരിഞ്ഞു നിന്നു് നമ്മേ നോക്കി ഗോഷ്ടി കാണിക്കുന്നുണ്ടായിരിക്കാം.
നാടിനേയും,സ്കൂളിനേയും, കൂട്ടുകാരേയും,വിടപറയാതകന്ന സൗഹൃദങ്ങളേയുമൊക്കെ
പാട്ടോർമ്മയിലൂടെ ചേർത്തു വയ്ക്കുന്നു.
വീടിനുമുന്നിലെ കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന പാടത്ത്,തലയിൽ പ്രത്യേകരീതിയിൽ തോർത്തുമുണ്ടു് കെട്ടി, വിതയ്ക്കുകയും,കൊയ്യുകയും കള പറിക്കുകയും ചെയ്തിരുന്ന പെൺകൂട്ടങ്ങളും,പാടത്തിന്റെ കരയിലെ ഓലമേഞ്ഞ ചായപ്പീടികയും,അവിടെ ഭക്ഷണംപാകമാകുന്നതിന്റെ അടയാളമെന്നോണം പുറത്തേക്കുയരുന്ന വെളുത്ത പുകച്ചുരുളുകളും, ദിനവും കണികണ്ടായിരുന്നു സ്കൂൾ യാത്രയുടെ തുടക്കം.
ആദ്യത്തെ മണി അടിക്കുന്നതിനു മുൻപ് സ്കൂളിൽ എത്തണമെന്നു് വീട്ടിൽനിന്ന് കർശന നിർദ്ദേശം ഉണ്ടായാലും കാഴ്ചകളൊക്കെ കണ്ടു്,തനിനാടൻ ഭാഷയിൽ പറഞ്ഞാൽ “ആടിത്തൂങ്ങി” പള്ളിക്കൂടം എത്തുമ്പോഴേക്കും, എങ്ങനെയായാലും ആദ്യത്തെ മണി അടിച്ചിരിക്കും.
ദേവിപ്പടി കഴിഞ്ഞു മൂവാറ്റുപുഴയാറിനു കുറുകെയുള്ള മഴവിൽപ്പാലം കഴിഞ്ഞാൽ ടൗൺ എത്തി. പാലത്തിനു മുകളിൽ നിന്നു് ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിലേക്ക് കയ്യിൽ കരുതിയിരിക്കുന്ന ചെറുകല്ലുകൾ വലിച്ചെറിഞ്ഞ്, കവിളിലൊരു നുണക്കുഴി വിരിയുന്നതു പോലെയുണ്ടാകുന്ന ചുഴികൾ കാണുമ്പോൾ ആനന്ദാതിരേകത്താൽ ഹൃദയം തുടിക്കും.
ഓലമേഞ്ഞ ദേവിയെന്ന സിനിമാകൊട്ടകയിലെ ഉച്ചഭാഷിണിയിൽ
നിന്നൊഴുകി വന്നിരുന്ന ഗാനങ്ങൾ ഇന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമയാണു്.
ദേവി തീയേറ്റർ ഓർമയായി എങ്കിലും ഇപ്പോഴും ഓരോ ബസ്സിൽ നിന്നും കാത്തുനിൽപ്പുകേന്ദ്രം
എത്താറാകുമ്പോഴേക്കും “ദേവിപ്പടി ഇറങ്ങാനുണ്ടോ”എന്ന വിളി ഉയർന്നു കേൾക്കാം.അതുകൊണ്ടു് പുതുതലമുറയ്ക്കും ഈ പേരും, അതിന്റെ ഉത്ഭവവും പരിചിതം.
മലയാള ചലച്ചിത്രലോകത്തിനു മറക്കാനാകാത്ത,മഹാനായ അഭിനേതാവ് ശ്രീ ലാലു അലക്സ് ഞങ്ങളുടെ നാട്ടിൻപുറത്തിന്റെ
സ്വകാര്യ അഹങ്കാരം.ആദ്യമായി ഒരു സിനിമാനടനെ നേരിട്ടു കാണുന്നതും ഈ പള്ളിക്കൂട യാത്രയ്ക്കിടയിൽ തന്നെ.
പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന വിശുദ്ധ രാജാക്കന്മാരുടെ ക്രിസ്തീയ ദേവാലയവും,അതിനു് തൊട്ടടുത്തായിട്ടുള്ള ഹൈന്ദവ ക്ഷേത്രവും മനോഹരമായ കാർഷികഗ്രാമത്തിന്റെ മതസൗഹാർദ്ദം വിളിച്ചോതുന്നു.
താഴത്തെ റോഡിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ദേവാലയത്തിനു മുന്നിലുള്ള
ആറ്റുതീരം റോഡിലൂടെ കുറച്ചു ദൂരം നടന്നാൽ,എസ് ആൻഡ് വി പാരലൽ കോളേജും, അതിനു സമീപമുള്ള ദർശന തീയേറ്ററും കഴിഞ്ഞാൽ സ്കൂളായി.
താഴത്തെ റോഡിലൂടെ പോകുമ്പോൾ വള്ളക്കാർ, പുഴയുടെ ഒരു ഭാഗത്തായി കറുത്തവള്ളങ്ങൾ കെട്ടിയിട്ട്,മുങ്ങാംകുഴിയിട്ടു, കൊട്ടയിൽ മണൽ വാരി വള്ളത്തിലേയ്ക്കിടുന്നതു് അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടു്.കൂടാതെ കക്ക നീറ്റുന്നതിന്റെ പ്രത്യേകതര ഗന്ധവും നാസികാദ്വാരങ്ങളിലേയ്ക്കു തുളഞ്ഞു കയറും.
ദർശന തീയേറ്ററിനു മുന്നിലുള്ള വലിയ പോസ്റ്ററുകളിൽ പതിഞ്ഞ മുഖങ്ങളിൽക്കൂടിയാണ് പല അഭിനേതാക്കളേയും നേരിട്ടല്ലാത്ത പരിചയം.
കുട്ടിക്കാലത്തെ ആത്മസൗഹൃദങ്ങൾ പൂവിട്ടതു് കുന്നുംപുറത്തെ ഏറ്റവും ചെറിയ ക്ലാസ്സിൽ നിന്നുമാണു്. കുറച്ചുകാലം മാത്രമേ അവിടെ പഠിക്കാൻ സാധിച്ചുള്ളുവെങ്കിലും ഇപ്പോഴും സൗഹൃദങ്ങൾ നിറം മങ്ങാതെ
സൂക്ഷിക്കാൻ ഞങ്ങളിൽ ചിലർക്കാകുന്നുണ്ടു്.
“തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നൂ”പാട്ടോർമ്മയിൽ ഈ വരികൾ കടന്നു വരുമ്പോഴൊക്കെ ജയന്തിയെന്ന ഞങ്ങളുടെ സൗഹൃദവലയത്തിലെ കിലുക്കാംപെട്ടി മനസ്സിൽ ഓടിയെത്തും.
പ്രായത്തിൽ കവിഞ്ഞ പക്വതയും, അപാരമായ അറിവും അവൾക്കുണ്ടായിരുന്നു.പാടാൻ കഴിവില്ലായിരുന്നുവെങ്കിലും വീണു കിട്ടിയിരുന്ന ഇടവേളകളിൽ ക്ലാസ്സിലെ ആസ്ഥാന ഗായികയായിരുന്ന സിന്ധുവിനെക്കൊണ്ട് ഈ പാട്ട് സ്ഥിരം പാടിപ്പിക്കുമായിരുന്നു അവൾ.
അങ്ങനെ അതിലെ ഓരോ വരിയും എനിക്കും ഹൃദ്യസ്ഥമായി.
തപാൽ ആപ്പീസിലെ പോസ്റ്റുമാസ്റ്ററായിരുന്നു ജയന്തിയുടെ അച്ഛൻ.അന്നത്തെ വലിയ കെട്ടിടസമുച്ചയത്തിൽ ഒന്നായിരുന്നു അതു്.
ജയന്തിയും, അവളേക്കാൾ ഒരുപാടു് മുതിർന്ന ചേട്ടായിമാരും,അമ്മയും അച്ഛനും അടങ്ങുന്നതായിരുന്നു അവരുടെ കുടുംബം. ഇടയ്ക്കൊക്കെ അവൾ ഞങ്ങളേയും തപാലാപ്പീസിനു മുകളിലുള്ള അവരുടെ ക്വാർട്ടേഴ്സിൽ കൊണ്ടുപോകുമായിരുന്നു.
മഴവിൽപ്പാലം കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത കാത്തുനിൽപ്പു കേന്ദ്രം തപാലാപ്പീസിന്റെ ചുവന്നപെട്ടിക്കു മുന്നിൽ ജയന്തിയേയും പ്രതീക്ഷിച്ചായിരുന്നു.
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലെല്ലാം മഴയും, മഞ്ഞും,വെയിലും കൊണ്ടു് ഒരുപാടു് കഥകളും, കൊച്ചുവർത്തമാനങ്ങളും പറഞ്ഞു ചിരിച്ചുല്ലസിച്ചു, സൗഹൃദവലയത്തിലെ പ്രധാനിയായി,ഞങ്ങൾക്കൊപ്പം അവളുമുണ്ടായിരുന്നു.
രണ്ടു മാസത്തെ മധ്യവേനൽ അവധിക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസം കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ ഞങ്ങളെല്ലാവരും പഴയതുപോലെ അവളേയും പ്രതീക്ഷിച്ചു ചുവന്ന തപാൽപ്പെട്ടിക്കു മുൻപിൽ നിലയുറപ്പിച്ചു.
ഏറെനേരം കഴിഞ്ഞിട്ടും അവളെ കാണാതിരുന്നപ്പോൾ, സ്കൂളിലെത്താനുള്ള സമയം അതിക്രമിച്ചതിനാൽ ഞങ്ങളിൽ ഒരാൾ ക്വാർട്ടേഴ്സിലേയ്ക്കു അന്വേഷിച്ചു ചെന്നു.അപ്പോൾ അതിന്റെ പ്രധാനവാതിൽ പൂട്ടിയിരിക്കുകയായിരുന്നു.
എന്നിരുന്നാലും അവൾ തീർച്ചയായും
വരുമെന്നു വിചാരിച്ചു എല്ലാദിവസവും രാവിലെ
പതിവുപോലെ ഞങ്ങൾ കാത്തുനിൽപ്പു തുടർന്നുക്കൊണ്ടിരുന്നു.
ജയന്തി വരാത്തതിന്റെ നിജസ്ഥിതി
അവളുടെ അച്ഛനോടു ചോദിച്ചറിയാം എന്നുറപ്പിച്ചു തപാലാപ്പീസിനകത്തു കയറി നോക്കിയപ്പോൾ പോസ്റ്റുമാസ്റ്ററുടെ ഇരിപ്പിടത്തിൽ മറ്റൊരാൾ.
ഉദ്ദേശം ഒരു വർഷത്തോളം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നവൾ,ഞങ്ങളുടെ സ്നേഹവലയം ഭേദിച്ച്, നല്ല ഓർമകൾ സമ്മാനിച്ച്,ഹൃദയം താഴിട്ടു പൂട്ടി എവിടേയ്ക്കോ മറഞ്ഞുയെന്നു മാത്രം മനസ്സിലായി.ആറാംക്ലാസുകാരി ജയന്തിയെന്ന അവളുടെ പേരല്ലാതെ വീടോ,നാടോ,മറ്റു വിശദവിവരങ്ങളോ ഇന്നും അജ്ഞാതം.
ഓരോ അവധിക്കും നാട്ടിൽ എത്തുമ്പോൾ ഇപ്പോഴും യാതൊരു വ്യത്യാസവുമില്ലാതെ നിലനിൽക്കുന്ന തപാലാപ്പീസും, ചുവന്നപെട്ടിയും എന്നിലൊരു നൊമ്പരം ഉണർത്തും.
അവളിപ്പോൾ എവിടെയായിരിക്കുമെന്ന ചോദ്യം ഇടയ്ക്കിടെ എന്നോടു തന്നെ ചോദിക്കാറുണ്ടു്. അതിനുത്തരവും സ്വയം കണ്ടെത്തും ഭാര്യയായി,അമ്മയായി ലോകത്ത് എവിടെയെങ്കിലും സന്തോഷമായി ജീവിക്കുന്നുണ്ടാവും.
“അനന്തമായ് കാത്തുനിൽക്കും
ഏതോ മിഴികൾ തുളുമ്പുന്നു”
ഒ.എൻ.വി സാറിന്റെ വരികൾ ശ്രുതിമധുരമായി കാതുകളിൽ പതിയുമ്പോൾ വിടപറയാതെ പടിയിറങ്ങിപ്പോയ ഞങ്ങളുടെ കൊച്ചു ജയന്തി പുഞ്ചിരിക്കുന്ന മുഖത്തോടെ മനസ്സിൽ ഓടിയെത്തും.
ഒന്നു കണ്ണടച്ചു തുറന്നപ്പോഴേയ്ക്കും കൊഴിഞ്ഞു പോയ നല്ല ദിനങ്ങളും,സുന്ദര ബാല്യവും കുറച്ചു മുതിർന്ന കുട്ടികളാണോയെന്നു തോന്നിപ്പിക്കും വിധം കാലമെത്രക്കഴിഞ്ഞാലും മനസ്സിന്റെ ഉള്ളറകളിൽ,മൗനതയിൽ ഉറങ്ങുംവരെ അങ്ങനെ പറ്റിച്ചേർന്നു നിൽക്കും.
പിറവം സ്വദേശിനിയായ റീന സാറാ വർഗീസ്
” ആത്മാവിൻറെ താളുകൾ” എന്ന ബ്ലോഗിലും സമൂഹമാധ്യമങ്ങിളിലും എഴുതുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിക്കുന്നു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി