November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നോവും ഓർമയിൽ അവൾ.

ഓർമ്മത്താളുകൾ

സുഖവും,ദുഃഖവും ഇടകലർന്ന പിന്നിട്ട ജീവിതവഴിലേക്ക്
ഓർമയിലൂടെ ഒരു യാത്ര.


നോവും ഓർമയിൽ അവൾ.


നാമറിയാതെ കൊഴിഞ്ഞുവീണ ഓരോ ഋതുവും,കടന്നു പോകേണ്ടിയിരുന്നില്ലാത്ത നല്ല നാളുകളും,നമ്മിൽ നിന്നു് കാലം കൈപ്പിടിയിലൊതുക്കി എന്ന തിരിച്ചറിവു് ഉണ്ടാകുമ്പോഴേക്കും തിരിഞ്ഞുനോക്കി നോക്കി നെടുവീർപ്പിടാനേ നമുക്കാവൂ!!!

ഓടുമേഞ്ഞ പെൺപള്ളിക്കൂടത്തിനു
ചുറ്റും പൂവിട്ടു നിന്നിരുന്ന വാകമരങ്ങളിൽ നിന്നും അടർന്ന ശോണ വർണ്ണപ്പൂക്കൾ ചുവന്ന പരവതാനി വിരിച്ച
തിരുമുറ്റത്തേയ്ക്ക്,ഓർമകൾ കൈപിടിച്ചു കൊണ്ടു പോകുമ്പോൾ എന്നിലേക്കു അന്നത്തെ പത്താം ക്ലാസുകാരി പരകായപ്രവേശം നടത്തിയോ!!

തിരിഞ്ഞു നോക്കുമ്പോൾ നോക്കുമ്പോൾ,നഷ്ടപ്പെട്ടതു് മധ്യവേനൽ അവധിയുടെ ആഹ്ലാദാരവങ്ങളും, പള്ളിക്കൂടം തുറക്കുമ്പോൾ തിമിർത്തുപെയ്യുന്ന മഴയും, ഗ്രാമഭംഗിയുടെ ശബളാഭമായ കാഴ്ചകളുമാണു്.

മധ്യവേനലവധി കഴിഞ്ഞ് പള്ളിക്കൂടം തുറക്കുന്ന ഒരു ദിനം.

പിടിയിൽ അമർത്തിയാൽ നിവരുന്ന കുട ഒന്നു നിവർത്തിയപ്പോഴേക്കും, കണ്ണടച്ചു തുറന്ന നിമിഷത്തിനുള്ളിൽ,തോരാതെ പെയ്യുന്ന മഴയും,കാറ്റും കൂട്ടിനു വിളിച്ചു കൊണ്ടുപോയി.

ഇനി മഴ നനഞ്ഞു മുന്നോട്ടു പോയാൽ പുസ്തകങ്ങൾ നനയുമല്ലോ എന്നോർത്ത് വിഷമിച്ചു നിൽക്കുമ്പോഴാണു് തൊട്ടു പുറകിൽ നടന്നുവന്നിരുന്ന നീളൻ നീലപാവാടക്കാരിയായ, സമപ്രായക്കാരി പെൺകുട്ടി അരികിലേക്ക് ഓടി വന്നതു്.

അവളുടെ നീലവർണ്ണക്കുടയിൽ മഴനനയാതെ എന്നേയും ചേർത്തുനിർത്തി. സ്കൂളെത്തുംവരേയും യാതൊരു അപരിചിതത്വവും ഭാവിക്കാതെ ചിരപരിചിതയെ പോലെ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

ഇരുവശത്തേക്കും പിന്നിയിട്ട മുടി,കരിമഷിയെഴുതിയ വിടർന്ന കണ്ണുകൾ,നെറ്റിയിൽ ഒരു ചെറു പൊട്ട്, ഇതായിരുന്നു സംഗീത.

കാലം അവളിൽ രൂപഭേദം വരുത്തിയിട്ടുണ്ടാകാം.എന്നാലും ഇന്നും മനസ്സിൽ രൂപം ഇതു് തന്നെ..

അദ്ധ്യയനവർഷത്തിന്റെ ആരംഭത്തിൽ,ആംഗലേയ അക്ഷരമാലയിലെ ‘എ മുതൽ ഡി’വരെയുണ്ടായിരുന്ന ക്ലാസ്സ് തരങ്ങളിൽ,ഏതു തരത്തിലാവും ഞാനെന്ന ഉൽക്കടലമായ ആകാംക്ഷ ഉണ്ടായിരുന്ന ആദ്യ ദിനങ്ങൾ.

പേരുകൾ വിളിച്ചപ്പോൾ ഞങ്ങൾ ഒരേ ക്ലാസ്സിൽ.പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും അതീവ സമർത്ഥയായിരുന്നു അവൾ.

തൊടുപുഴയുടെ ഗ്രാമീണ ഭംഗിയും,ഗ്രാമ വിശേഷങ്ങളും,വീട്ടിലെ കൃഷി രീതികളും ഒരു കഥ പോലെ അവൾ പറയുന്നതു് ഒരുപാടു് ഇഷ്ടത്തോടെ കേട്ടിരിക്കുമായിരുന്നു.

പിൽക്കാലത്തു പല മലയാളചലച്ചിത്രങ്ങളും ആ ഗ്രാമഭംഗി ഒപ്പിയെടുത്തപ്പോൾ, അവിടുത്തെ ഭംഗി കൂടിയിട്ടുള്ളതല്ലാതെ ഇപ്പോഴും അതിനൊട്ടും മങ്ങലേറ്റിട്ടില്ലല്ലോ എന്നു് അദ്ഭുതം തോന്നി!!!

പെൺപള്ളിക്കൂടം ആയതു കൊണ്ടു്,പിന്നീടങ്ങോട്ടു ഓരോ വർഷവും നടത്തപ്പെടുന്ന സ്കൂൾ വാർഷികോത്സവത്തിൽ,
യാദൃശ്ചികമായി നാടകങ്ങളിൽ ഞങ്ങൾ ഒരുമിച്ചു വേഷമിട്ടു.

അങ്ങനെ സ്കൂളിലെ അവസാന വർഷം കലാഭവൻസംഘം നയിക്കുന്ന മിമിക്സ് പരേഡിനും,ഗാനമേളക്കും ശേഷം,ഞാൻ അമ്മയും,അവൾ മകളുമായി അഭിനയിക്കുന്ന നാടകം.കഥാപാത്രസംഭാഷണങ്ങൾ ടീച്ചർമാർ നന്നായി പഠിപ്പിച്ചതുമാണു്.

തിരശ്ശീല ഉയരുമ്പോൾ ആദ്യമായി പറയേണ്ടിയിരുന്ന സംഭാഷണശകലം “മോളേ സീമേ”..എന്നാതായിരുന്നു.

പലപ്രാവശ്യം അഭിനയ പരിശീലനം
നടത്തിയിരുന്നതിനാൽ സംഭാഷണങ്ങൾ ഒന്നും മറക്കില്ല എന്നു് തന്നെയായിരുന്നു വിശ്വാസവും.

അരങ്ങിൽ കയറി,തിരശ്ശീല ഉയർന്നു.മുൻപിലിരിക്കുന്ന ജനനിബിഡമായ വേദിയെ സാക്ഷിനിർത്തി
ആദ്യ നാടകസംഭാഷണം “മോളേ സീമേ”.. എന്നു ചട്ടയും മുണ്ടും വേഷധാരിയായ ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞിട്ടും അപ്പുറത്തു നിൽക്കുന്ന സംഗീതയ്ക്കു മിണ്ടാട്ടമില്ല. സംഭാഷണം രണ്ടുവട്ടം ആവർത്തിച്ചു.എന്നിട്ടും അവൾക്കു് യാതൊരു കുലുക്കവുമില്ല.

അപ്പോൾ ജനക്കൂട്ടത്തിനിടയിൽ നിന്നും “എന്തോ” എന്നൊരു വിളി ഉയർന്നു കേൾക്കാമായിരുന്നു.

അവൾ വെപ്രാളം കൊണ്ടു് സംഭാഷണം മറന്നുപോയി എന്നു് എനിക്കും,പുറകിൽ നിന്നിരുന്ന ടീച്ചർമാർക്കും മനസ്സിലായി.

തിരശ്ശീലയും,വേദിയും നിയന്ത്രിക്കുന്നവർ ടീച്ചർമാർ പറഞ്ഞതിൻ പ്രകാരം തിരശ്ശീല പെട്ടെന്നു് താഴ്ത്തിയതിനാൽ കൂവൽ പാരിതോഷികം വലിയ കാര്യമായി ലഭിച്ചില്ല.

ഒന്നുകൂടി ഓടിച്ചു സംഭാഷണങ്ങൾ നോക്കി.ശേഷം നാടകം ശുഭമായി പര്യവസാനിച്ചു.

സ്കൂൾ ജീവിതം അവസാനിച്ചതിനുശേഷം വേദികൾ ഓർമയായി.ഞങ്ങൾ ഓരോരുത്തരും പലവഴിക്കു പിരിഞ്ഞു വീട്ടമ്മമാരും,ഉദ്യോഗസ്ഥകളുമായി.

വർഷങ്ങൾക്കുശേഷം സാമൂഹിക മാധ്യമങ്ങളിൽ കൂടി പഴയ കൂട്ടുകാരികളേ തിരികെ ലഭിച്ചപ്പോഴും,സംഗീതയെ മാത്രം കണ്ടെത്താനായില്ല..

തിരച്ചിലിനൊടുവിൽ കേട്ടതു് വർഷങ്ങൾക്കു മുൻപ്,സ്വയമവൾ മരണത്തെ വരിച്ചു എന്നതാണ് അതി സമർത്ഥമായ ഒരുവൾ എന്തിനിതു ചെയ്തു് എന്നതു് ഇന്നും ആർക്കും അറിയില്ല.

“പ്രിയ കൂട്ടുകാരി, ഭൂമുഖത്ത് പരിഹാരമില്ലാത്ത കാര്യങ്ങളുണ്ടോ?ഇനിയും നിനക്കു ജീവിതം ഏറെ ബാക്കി ഉണ്ടായിരുന്നില്ലേ? പ്രിയപ്പെട്ടവർക്ക് തീരാവേദന പകർന്നു് ഒരു വാക്കു പോലും പറയാതെ നീ എന്തിനു മരണത്തിന്റെ മായികലോകം തിരഞ്ഞെടുത്തു”

മറവി മണ്ണിട്ട് മൂടിയ ഓർമകളുടെ വിത്ത്,കഴിഞ്ഞകാല സ്മരണകളുടെ മഴയേറ്റു നനയുമ്പോൾ മനസ്സിൽ ആ മനോഹരദിനങ്ങൾ മുളപൊട്ടുന്നതിനൊപ്പം,ചില നൊമ്പരങ്ങളും,ഉത്തരം കിട്ടാത്ത ചോദ്യങ്ങളും മിന്നലായി ഹൃദയത്തിലൂടെ കടന്നുപോകും.

റീന സാറാ വർഗീസ്

എറണാകുളം ജില്ലയിലെ പിറവം സ്വദേശിനിയായ റീന സാറാ വർഗീസ്
‘ ആത്മാവിൻറെ താളുകൾ ‘ എന്ന ബ്ലോഗിലും ഫേസ്ബുക്കിലും എഴുതുന്നു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിക്കുന്നു.

error: Content is protected !!