November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ്വപ്നത്തിലെ വിരുന്നുകാരി

ഓർമ്മത്താളുകൾ…

തിരക്കേറിയ ജീവിതവഴിയിൽ എവിടെയോ മറന്നുവെച്ച, ഗതകാലസ്മരണയുടെ മുറിഞ്ഞ കണ്ണി വിളക്കിച്ചേർക്കുന്നു,
ഓർമ്മത്താളിലൂടെ…

രാത്രിയുടെ ഏതോ യാമത്തിൽ 
ഗാഢനിദ്രയുടെ ആഴത്തിലേയ്ക്കു, അറിയാതെ വീണ നിമിഷത്തിൽ, ‘കൊച്ചോളേ’എന്നു് വിളിച്ച്,ഒരു ചലച്ചിത്രത്തിൽ എന്നപോലെ, സ്വപ്നസന്ദർശനം നടത്തി,  മനസ്സിൻറെ ഉള്ളറയിലേക്കു, പുനഃപ്രവേശിച്ച
കൃശഗാത്രയായ സ്ത്രീരൂപം, സൂര്യരശ്മികൾ മുഖത്തു തലോടിയപ്പോഴേക്കും പുകമറയായി എവിടെയോ മറഞ്ഞു.

പ്രഭാതത്തിൽ കണ്ണുതിരുമ്മി ഉറക്കച്ചടവോടെ എഴുന്നേറ്റ എന്നിൽ,അവർ മലർക്കെ തുറന്നിട്ടതു് ഗൃഹാതുരത്വമുണർത്തുന്ന  ബാല്യകാലസ്മരണകളുടെ
നറുസുഗന്ധ പുഷ്പങ്ങൾ വിടർന്നു നിന്നിരുന്ന,മനോഹര തീരത്തേക്കുള്ള വാതായനം ആയിരുന്നു.

കാലപ്രവാഹത്തിൽ,മറവിയാകുന്ന ചോരൻ മോഷ്ടിച്ചു കൊണ്ടു് പോയ അമൂല്യമായ ഓർമകളാണു് സ്വപ്നത്തിലൂടെ എനിക്കു് തിരികെ ലഭിച്ചതു്.

ആരെയാണോ ഓർത്തു കിടന്നതു്,അല്ലെങ്കിൽ
പകൽ എന്തിനെപ്പറ്റിയാണോ നമ്മൾ കൂടുതൽ സംസാരിച്ചുകൊണ്ടിരുന്നത്,അതെല്ലാം സ്വപ്നത്തിൽ  കടന്നുവരുമെന്നു് കേട്ടറിവുണ്ടു് എന്നല്ലാതെ അതേപ്പറ്റി കൃത്യമായ  മറ്റൊരറിവുമില്ല.

നന്നേ ചെറുപ്പത്തിൽ,ജനിച്ചു വളർന്ന പ്രകൃതിരമണീയമായ നാട്ടിൽ നിന്നും,അതിൽനിന്നു് ഒട്ടും വ്യത്യസ്തമല്ലാത്ത അകലെയുള്ള മറ്റൊരു നാട്ടിലേക്കു  കുടുംബം താമസമുറപ്പിച്ചു.

തുടർപഠനങ്ങൾക്കായും,ജോലി സംബന്ധമായും ജീവിതമെന്ന മഹാപ്രയാണത്തിന്റെ തിരക്കിൽ അകപ്പെട്ടു പോയതിനാൽ ബാല്യകാലത്തിലെ ചില സ്മരണകൾ ഓർമയിൽ നിന്നും അടർന്നു പോയിരുന്നു.

വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചു, ഭംഗിയായി തേച്ച് , തലച്ചുമടുമായി എത്തിയിരുന്ന, ഞങ്ങൾ കക്കുഞ്ഞെന്നു വിളിച്ചിരുന്ന സരോജിനിയെന്ന സാധു സ്ത്രീ ഒരിക്കൽ വീട്ടിലെ നിത്യസന്ദർശകയായിരുന്നു.

അടുക്കള ഭാഗത്ത് വന്നു നിന്നു് ‘കൊച്ചോളേ’  എന്നു് സ്നേഹപൂർവ്വം വിളിക്കും. എല്ലാവരുടെയും വസ്ത്രങ്ങൾ വെളുപ്പിച്ചു,ചുളിവുകൾ മാറ്റി കൊടുത്തിരുന്ന സരോജിനിയുടെ വസ്ത്രങ്ങൾ പക്ഷേ ചുളിവു വീണതായിരുന്നു.

മെലിഞ്ഞുണങ്ങിയ ശരീരവും, ഇരുപുരികക്കൊടികൾക്കു താഴെയുള്ള അഗാധ ഗർത്തങ്ങളിൽ വീണുകിടന്നിരുന്ന നിർജീവനയനങ്ങളും,ഒട്ടിയ കവിളുകളുമായി
വസ്ത്രങ്ങൾ അടങ്ങിയ ഭാരമേറിയ തലച്ചുമടുമായി നടന്നു നീങ്ങിയിരുന്ന അവരെ കാണുമ്പോൾ  ആരിലും സഹതാപം ഉണരുമായിരുന്നു.

അവരുടെ കുടുംബ പശ്ചാത്തലത്തമോ, മറ്റു പ്രാരാബ്ധങ്ങളോ ഗ്രഹിക്കാനുള്ള തിരിച്ചറിവു അന്നുണ്ടായിരുന്നില്ല. അവരെപ്പറ്റി കൂടുതലായി അന്നും,ഇന്നും വ്യക്തമായ ഒരറിവുമില്ല.

ഒന്നാം തരത്തിലോ,രണ്ടാം തരത്തിലോ പഠിക്കുന്ന കാലം എന്നാണു് ഓർമ.ഒരിക്കൽ ജാതിക്കായുടെ പുറംതോടുമായി കൂടെ പഠിക്കുന്ന കുട്ടി  ക്ലാസിലെത്തിയപ്പോൾ,അതു് കഴിക്കണമെന്ന അതിതീവ്രമായ മോഹം എന്നിൽ ഉടലെടുത്തു.

അന്നു്  വൈകിട്ടു വീട്ടിലെത്തിയ എനിക്കു് ഇപ്പോൾ ജാതിക്കാത്തോടു കിട്ടിയേ മതിയാകൂ എന്നു കരഞ്ഞു വിളിച്ചു.

എവിടുന്നു കിട്ടാൻ!

കാരണം ആ പ്രദേശത്തെങ്ങും ജാതി മരങ്ങൾ ഉള്ളതായി ആർക്കും അറിവില്ലായിരുന്നു.

വീട്ടിലുള്ളവരെ ഭയപ്പെടുത്തി സാധനം എങ്ങനെയെങ്കിലും കൈവെള്ളയിൽ എത്തിക്കാമെന്നു വൃഥാനിനച്ച്, കരച്ചിൽ അതിൻറെ ഉച്ചസ്ഥായിൽ ആക്കി.അതത്ര വിജയിച്ചില്ലന്നു മാത്രമല്ല ഉദ്ദേശ്യം പിഴക്കുകയും ചെയ്തു.

അതുവഴി വന്ന സരോജിനി  ഈ കോലാഹലങ്ങൾക്കെല്ലാം ദൃക്സാക്ഷിയായി ഒരു വശത്ത് നിലയുറപ്പിച്ചു. അല്പസമയം കഴിഞ്ഞ് സ്ഥിതിയൊന്നു ശാന്തമായി എന്നു് കണ്ടപ്പോൾ അടുത്തു വിളിച്ചു.

“മോൾക്കു ജാതിക്കാത്തോട് അല്ലിയോ വേണ്ടതു്,കക്കുഞ്ഞ് ശരിയാക്കിത്തരാം,കരയാതെ പെട്ടെന്നു് ഒരുങ്ങിക്കോ നമ്മൾക്ക്  ഒരു സ്ഥലം വരെ പോകാം”
സരോജിനി സമാശ്വസിപ്പിച്ചു.

വീടിനു കുറച്ചകലെയായി സ്ഥിതിചെയ്തിരുന്ന,കക്കുഞ്ഞു സ്ഥിരമായി പോയിരുന്ന,പുഴയരികിലുള്ള കിഴക്കേക്കുറ്റു തറവാടിന്റെ മുറ്റത്ത് ഞങ്ങൾ ഇരുവരും എത്തി.

മുറ്റത്തിന്റെ നടുവിലായി നിന്നിരുന്ന കാഴ്ച കണ്ടു് ആനന്ദാതിരേകത്താൽ ഹൃദയം തുടിച്ചു.

അവിടെ ഇലകളെ പൊതിഞ്ഞ് ജാതിമരത്തിൽ സ്വർണ്ണ വർണ്ണത്തിൽ ജാതി കായ്കൾ വിളഞ്ഞു നിന്നിരുന്നു. അതു് മാത്രമല്ല മരത്തിനു താഴെ പുറന്തോട് പൊട്ടി ധാരാളം കറുത്ത കായ്കൾ, കറുത്ത സുന്ദരി ചുവപ്പു പട്ടുചേല ചുറ്റിയതു പോലെ തിളക്കമാർന്നു്, കിടന്നിരുന്നു. സാകൂതമതു് വീക്ഷിച്ചു നിന്നതു് സ്മരണയിൽ തെളിഞ്ഞു.

അവിടുത്തെ അമ്മച്ചിയോടു അനുവാദം ചോദിച്ച്, ആഗ്രഹിച്ചതിലും അധികം കായ്കൾ പറിച്ചു തന്നു്,സുരക്ഷിതയായി തിരികെ വീട്ടിലെത്തിച്ചു.

അതിന്റെ പ്രതിഫലമെന്നോണം കക്കുഞ്ഞിനെ എഴുതാനും, വായിക്കാനും പഠിപ്പിക്കാമെന്നും,വലുതായി ജോലി കിട്ടുമ്പോൾ തൊങ്ങൽ വച്ചലങ്കരിച്ച പലതരത്തിലുള്ള ഉടുപ്പുകൾ വാങ്ങി കൊടുക്കാമെന്നും വാഗ്ദാനം കൊടുത്തെങ്കിലും അതൊന്നും നിറവേറ്റാനായില്ല.

ഒന്നും പറയാതെ തലയാട്ടി,ശുഷ്കിച്ച മുഖത്തെ,വരണ്ട ചുണ്ടുകൾക്കുള്ളിലെ ദന്ത നിരകൾ മുഴുവൻ തുറന്നുകാട്ടി,വെളുക്കെ ചിരിച്ച് അവർ യാത്ര പറഞ്ഞു നടന്നകലുന്നത് കണ്ടു് എന്റെ കുഞ്ഞു മനസ്സു നിറഞ്ഞിരുന്നു!!!

ആ കക്കുഞ്ഞാണ് കഴിഞ്ഞ രാത്രിയിൽ എന്റെ അരികിൽ സ്വപ്നത്തിൽ സന്ദർശനം നടത്തിയതു്.

പകലോ,രാത്രിയോ, സമീപകാലത്തെങ്ങുമോ സ്മൃതിപഥത്തിൽ കുറേക്കാലം കടന്നു വന്നിട്ടില്ലായിരുന്ന ആ രൂപം വർഷങ്ങൾക്കിപ്പുറം പിന്നെയെങ്ങനെ സ്വപ്നത്തിലെത്തി എന്നതു് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ശാസ്ത്രീയ,ബൗദ്ധിക അടിസ്ഥാനത്തിൽ  ഒരുപാടു് വിശദീകരണങ്ങളും,സിദ്ധാന്തങ്ങളും ഇതേ സംബന്ധിച്ച് ഉണ്ടാകാം.

കക്കുഞ്ഞ് എവിടെയെങ്കിലും  ജീവിച്ചിരിക്കുന്നുണ്ടങ്കിൽ എന്നെ ഓർത്തിട്ടുണ്ടാവുമോ?

ഉണ്ടാവണം,അതാവും മഹാനഗരത്തിന്റെ നാട്യങ്ങളില്ലാത്ത, നാട്ടിൻപുറത്തെ നിഷ്കളങ്കതയുമായി ഉള്ളു തുറന്ന് ചിരിച്ച്,ക്ഷണിക്കാത്ത  വിരുന്നുകാരിയായി എന്റെ നഗരത്തിലേക്ക്,കഴിഞ്ഞ നിശാസ്വപ്നത്തിൽ,അവർ എന്നെ തേടി വന്നതു്.

error: Content is protected !!