കഥയിലൂടെ കാര്യം (ഭാഗം 9)
ആനി ജോർജ്ജ്
സ്വാർത്ഥ സുഖങ്ങൾ മാത്രം തേടി ഏതു മാർഗ്ഗത്തിലൂടെയും വാത്സല്യത്തോടെ ചേർത്തണച്ചവരെയും സ്വന്തം ചോരയിൽ പിറന്ന പിഞ്ചു കുഞ്ഞുങ്ങളെയും കുരുതി കൊടുക്കുവാൻ മടി കാണിക്കാത്ത മനഃസാക്ഷി മരവിച്ച ഒരു സമൂഹത്തിനു മുൻപിൽ യഥാർത്ഥ മാതൃകയായ ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് ഇന്നത്തെ വിഷയം.
അറിയേണം ലത ഭഗ്വാൻ ഖാരെയുടെ പോരാട്ടത്തിന്റെ കഥ!!
ലത ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചു വരികയായിരുന്നു. അവരും ഭർത്താവും അഹോരാത്രം എല്ലു മുറിയെ പണിയെടുത്ത് സമ്പാദിച്ചത് മുഴുവൻ മൂന്നു പെൺകുട്ടികളുടെയും വിവാഹം ഭംഗിയായി നടത്തുവാൻ വിനിയോഗിച്ചു.
മക്കളുടെ വിവാഹം കഴിഞ്ഞ് അവരും ഭർത്താവും ദിവസക്കൂലിക്ക് അടുത്തുള്ള കൃഷിസ്ഥലങ്ങളിൽ ജോലിക്ക് പോകാൻ തുടങ്ങി. പക്ഷെ പെട്ടെന്നൊരു ദിവസം അവരുടെ ഭർത്താവിന് ഗുരുതരമായ ഒരണു ബാധയുണ്ടായി. ജോലി ചെയ്തു കിട്ടുന്ന പണം മുഴുവൻ ദൈനംദിന ആവശ്യങ്ങൾക്കായി ചിലവാക്കിയിരുന്നതിനാൽ ഈ അവസ്ഥയിൽ ഒരു ചില്ലിക്കാശു പോലും ചികിൽസയ്ക്കു വേണ്ടി ചിലവാക്കുവാൻ അവരുടെ പക്കൽ ഉണ്ടായിരുന്നില്ല.
എന്തു ചെയ്യണമെന്നറിയാതെ ഭർത്താവിനെയും കൊണ്ട് ആ സ്ത്രീ അടുത്തുള്ള സർക്കാരാശുപത്രിയിലെത്തി. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ നല്ലൊരാശുപത്രിയിലേക്ക് റഫർ ചെയ്ത് ഡോക്ടർമാർ അവരെ മടക്കി അയച്ചു. ഭർത്താവ് സ്വന്തം കൈകളിൽ കിടന്നു മരിക്കുന്നത് അവർക്ക് ചിന്തിക്കുവാൻ പോലും സാധിക്കുമായിരുന്നില്ല. ദുഃഖവും നിസ്സഹായതയും അണപൊട്ടി അവർ പൊട്ടിക്കരഞ്ഞു. ഗത്യന്തരമില്ലാതെ അവസാനം ധൈര്യം സംഭരിച്ച് അയൽക്കാരോടും ബന്ധുക്കളോടും പരിചയക്കാരോടുമെല്ലാം യാചിച്ച് നേടിയ ചെറിയ തുകയുമായി അവർ മറ്റു പരിശോധനകൾക്കും ലാബ് ടെസ്റ്റുകൾക്കുമായി ബാരമതിയിലേക്ക് ഭർത്താവിനെയും കൊണ്ട് പുറപ്പെട്ടു.
ഡോക്ടർ ഭർത്താവിനെ പരിശോധിക്കുമ്പോൾ അവർ കണ്ണുനീരോടെ അദ്ദേഹത്തിന്റെ ആയുസ്സിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടർ പുറത്തു വന്നപ്പോൾ പ്രിയപ്പെട്ടവന്റെ അസുഖം ഭേദമായിരിക്കുമെന്നോർത്ത് അവരുടെ കണ്ണുകൾ തിളങ്ങി. എന്നാൽ ഡോക്ടർ വില കൂടിയ മരുന്നുകളും ടെസ്റ്റുകളുമാണ് വീണ്ടും നിർദ്ദേശിച്ചത്.
എന്തു ചെയ്യണമെന്നറിയാതെ ലതയുടെ ലോകം കീഴ്മേൽ മറിഞ്ഞു. ഭർത്താവിന്റെ ചികിത്സക്കായി ഒരു രൂപ പോലുമെടുക്കാൻ അപ്പോഴവരുടെ കയ്യിലില്ലായിരുന്നു. ഹൃദയ വേദനയോടെ അവർ വിലപിച്ചു കൊണ്ടിരുന്നു.
സങ്കടവും വിശപ്പും തളർത്തിയ അവർ ആശുപത്രിക്കു പുറത്തു സമൂസ വിൽക്കുന്നയാളുടെ അടുത്തെത്തി നിന്നു. അല്പം വിശപ്പു മാറ്റാൻ വാങ്ങിയ രണ്ടു സമൂസ പൊതിഞ്ഞു കിട്ടിയ മറാത്തി ന്യൂസ്പേപ്പറിൽ അവരുടെ ദൃഷ്ടി പതിഞ്ഞു.
അതിലെഴുതിയിരുന്നത് വായിക്കുന്തോറും അവരുടെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിക്കുന്നുണ്ടായിരുന്നു!!
അത് ബാരമതി മാരത്തോണിനെയും അതിൽ ജയിച്ചാൽ ലഭിക്കുന്ന സമ്മാനത്തുകയെയും കുറിച്ചുള്ള ഒരു പരസ്യമായിരുന്നു. ഒരായിരം ചിന്തകൾ അവരുടെ മനസ്സിലൂടെ കടന്നുപോയി.
പിറ്റേന്ന് ബാരമതി മാരത്തോൺ ആരംഭിക്കുകയാണ്.
പങ്കെടുക്കുന്നവരൊക്കെ അവരുടെ സ്പോർട്സ് ഷൂവും വില കൂടിയ ട്രാക്ക് സ്യൂട്ടുകളും ധരിച്ച് എത്തിയിരുന്നു.
അപ്പോഴാണ് അവർ വന്നത്!
67 വയസ്സുള്ള ലത ഭഗ്വാൻ ഖാരെ എന്ന ആ സ്ത്രീ!!
അവരുടെ കീറിപ്പറിഞ്ഞ സാരിയിൽ, നഗ്നപാദയായി, ദൈന്യത തുളുമ്പുന്ന മുഖഭാവത്തോടും, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി!!
മാരത്തോൺ നിയമങ്ങൾക്ക് അവരെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ സാധ്യമല്ലായിരുന്നു.
അവരാകട്ടെ സംഘാടകരോട് കരഞ്ഞു, യാചിച്ചു, അവരുടെ നിസ്സഹായത അവരോടു തുറന്നു പങ്കു വെച്ചു.
ഒടുവിൽ അവർക്ക് മരത്തോണിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ചു.
മാരത്തോൺ ആരംഭിച്ചു….
മുട്ടിനു മുകളിലേക്ക് സാരിയെടുത്തു കുത്തി അവരോടാൻ തുടങ്ങി….
ശരിക്കും പതിനാറുകാരിയുടെ ചുറുചുറുക്കോടെ!
മറ്റൊന്നിനെക്കുറിച്ചുമാലോചിക്കാതെ!
അവരുടെ മനസ്സിൽ നിറയെ വിജയിച്ചാൽ കിട്ടാൻ പോകുന്ന സമ്മാനത്തുകയും അതിലുപരി അവരുടെ ഭർത്താവിന്റെ ജീവനും മാത്രമായിരുന്നു…..
മുമ്പിലെ പാറക്കല്ലുകളും പൊട്ടി ചോരയൊഴുകുന്ന പാദങ്ങളും അവർക്കൊരു തടസ്സമായിരുന്നില്ല!!
അവർ നിർത്താതെ ഓടിക്കൊണ്ടിരുന്നു.. കാരണം, അതവരുടെ ഭർത്താവിന്റെ ജീവിതമായിരുന്നു….അദ്ദേഹത്തിന്റെ ജീവന്റെ വിലയായിരുന്നു.
ജനക്കൂട്ടം ആർത്തുവിളിച്ചു.
ഫിനിഷിങ് പോയിന്റിൽ അവർ എത്തിയപ്പോഴും ബാരമതിയുടെ തെരുക്കോണുകളിൽ അവർക്കായുള്ള കരഘോഷം നിലച്ചിരുന്നില്ല.
സമ്മാനത്തുക കൈപ്പറ്റി ഭർത്താവിന്റെ ചികിത്സ പൂർത്തിയാക്കി അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നുവെന്ന് അവർ ഉറപ്പുവരുത്തി…..
നോക്കൂ…. ഇതാണ് സ്നേഹം!
ഇതാണ് പ്രാർത്ഥന!
ഇതാണ് ആത്മാർത്ഥത!
അവരൊന്ന് ഇമചിമ്മിയില്ല!
നഗ്നപാദങ്ങളുമായി അവരെങ്ങനെ ഓടിയെന്നോ, എങ്ങനെ അത്ര ദൂരം കടന്നുവെന്നോ, എങ്ങനെ മാരത്തോൺ വിജയിച്ചെന്നോ അവർക്കിപ്പോഴും ചിന്തിക്കാൻ കഴിയുന്നതേയില്ല;
അവർക്കൊരൊറ്റ ലക്ഷ്യമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ..
താൻ പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കണം…. അതു മാത്രമായിരുന്നു അവരുടെ മുൻപിൽ… അവരുടെ നിശ്ചയ ദാർഢ്യത്തിനു മുൻപിൽ മറ്റൊന്നും അവർക്ക് തടസ്സമായി തോന്നിയതേയില്ല.
പ്രിയമുള്ളവരേ,
സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് നാം കേട്ടിട്ടില്ലേ?
മറ്റുള്ളവർക്കു വേണ്ടി ജീവനെ ത്യജിക്കുവാൻ തയ്യാറാകുന്നതിനേക്കാൾ വലുതായ ഒരു സ്നേഹവും ഈ ലോകത്തിൽ ഇല്ല!! പ്രത്യേകിച്ച് കുടുംബബന്ധങ്ങളിൽ…. അത് മരണത്താലല്ലാതെ വേർപിരിയാനാകാത്ത വിധം ആഴത്തിലുള്ളതായിരിക്കേണം. പരസ്പരം കരുതുവാനും, സ്നേഹിക്കുവാനും, സുഖത്തിലും ദുഃഖത്തിലും താങ്ങും തണലുമായിരിക്കേണ്ടവരാണ് ഭാര്യയും ഭർത്താവും. വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചു വളർത്തപ്പെട്ട രണ്ടു വ്യക്തിത്വങ്ങൾ വിവാഹത്തോടെ ഒന്നിക്കുമ്പോൾ അതുവരെ ജീവിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ ഒരു പക്ഷെ കടന്നു പോകേണ്ടി വന്നേക്കാം. മറക്കുവാനും പൊറുക്കുവാനും കാര്യങ്ങൾ തുറന്നു പറയുവാനും, പരസ്പരം മനസ്സിലാക്കി പെരുമാറുവാനും സാധിക്കാത്ത കുടുംബ ബന്ധങ്ങൾ തകരും എന്നതിൽ രണ്ടു പക്ഷമില്ല!! ജീവിതപങ്കാളിയെ പ്രാണന് തുല്യം സ്നേഹിക്കുവാൻ കഴിയുന്ന കുടുംബങ്ങളാണ് ദീർഘകാലം നിലനിൽക്കുന്നത്.
നിസ്സാര കാര്യങ്ങൾക്കായി വഴക്കുണ്ടാക്കി വേർപിരിയുന്നവർക്കും, താല്കാലിക സുഖങ്ങൾ തേടി വഴിവിട്ട ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്കും തന്റെ ജീവനേക്കാൾ ഭർത്താവിന്റെ ജീവൻ നിലനിർത്താൻ പരിശ്രമിച്ച ലത ഭഗ്വാൻ ഖാരെയുടെ പോരാട്ടത്തിന്റെ കഥ ഒരു പാഠമായിരിക്കട്ടെ!!
സ്നേഹം എന്നുള്ളത് പുറമെ കാണിക്കേണ്ട ഒരു താൽക്കാലിക വികാരമല്ല!! അത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പുറപ്പെടുന്ന നിർവ്യാജ സ്നേഹമായിരിക്കേണം; നമ്മുടെ സ്നേഹ ബന്ധങ്ങൾ ഊഷ്മളമാകട്ടെ!! അതിരുകളില്ലാതെ സമൂഹത്തിന്റെ സമസ്ത മേഖലയിലുമുള്ള എല്ലാവരെയും തുറന്നു സ്നേഹിക്കുവാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ!!
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity