November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഓർമയുടെ അടരുകൾ.

റീന സാറാ വർഗീസ്

കേട്ടറിവ് മാത്രമുള്ള അഞ്ചലോട്ടക്കാരനിൽ നിന്നു് കാക്കിവസ്ത്രധാരിയായ തപാൽശിപായി സൈക്കിളിൽ
സന്ദേശവാഹകനായി ഉച്ചത്തിൽമണിയടിച്ചു ഉച്ചയോടടുക്കുമ്പോൾ വീടുകളിൽ എത്തിച്ചിരുന്ന പുതുവത്സര കാർഡുകൾ.ഇന്നു് വിരൽത്തുമ്പിൽ ആധുനികതയുടെ ടച്ച്സ്ക്രീനിൽ എത്തിനിൽക്കുമ്പോൾ ചിതറിക്കിടക്കുന്ന ഓർമയുടെ അടരുകൾ ഒന്നൊന്നായി അടുക്കിവയ്ക്കട്ടെ..

അന്നു പോസ്റ്റുമാൻ കൈമാറിയിരുന്ന കാർഡുകൾ എവിടെ നിന്നു് ആരാവും അയച്ചതു് എന്നു് ഉദ്വേഗത്തോടെ തുറന്നു നോക്കുന്നതിൻ്റെ സംതൃപ്തിയും ആനന്ദവും ഇപ്പോഴും മനസ്സിൻ്റെ ഉൾക്കോണുകളിൽ എവിടെയോ ഉടക്കി കിടക്കുന്നു.

ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതും അനേക മഹത്
വ്യക്തിത്വങ്ങളുടെ മുഖചിത്രം ആലേഖനം ചെയ്തതും,പുറംരാജ്യങ്ങളിൽനിന്നും വന്നതുമായ തപാൽമുദ്ര പതിപ്പിച്ച വൈവിധ്യമാർന്ന സ്റ്റാമ്പുകൾ കാർഡുകളിൽ നിന്നും സുസൂക്ഷ്മം അടർത്തിയെടുത്ത് സമാഹരിക്കുക എന്നതു് അന്നാളുകളിലെ ഹരവും, ഇഷ്ടവിനോദങ്ങളിൽ ഒന്നുമായിരുന്നു.

അപ്പുറത്തെ ക്ലാസ്സിലെ പെൺകുട്ടിക്ക്, അവളുടെ മേൽവിലാസത്തിൽ ചെന്ന ചുവന്നഹൃദയത്തിന്റെ പടമുള്ള
പുതുവത്സര കാർഡ് കാർന്നോന്മാരുടെ ആരുടെയോ പക്കൽ കിട്ടിയതിൻ്റെ പുകിൽ,പുറകിൽ ഇരുന്നവർ അടക്കം പറഞ്ഞത് പിന്നീടു് പരസ്യമായ രഹസ്യമായി മാറി.അപ്പോൾ മുതൽ ചിന്തിച്ചു കൂട്ടിയതു് ചുവന്നഹൃദയത്തിൻ്റെ പടമുള്ള കാർഡിൽ എന്ത് അപകടം ഒളിച്ചിരിക്കുന്നു?അപായസൂചനയുടെ നിറമാണു് ചുവപ്പെന്നു് പാഠഭാഗങ്ങളിൽ എവിടെയോ പഠിച്ചിരുന്നു.ഒരുപക്ഷേ അതാവാം അവളുടെ വീട്ടുകാരേ ചൊടിപ്പിച്ചതെന്നു് ചെറുപ്രായത്തിൽ സ്വയം അനുമാനിച്ചു.

ആണ്ടാരംഭത്തിൽ അടി കിട്ടിയാൽ ആണ്ടവസാനം വരെ അതങ്ങനെ കിട്ടിക്കൊണ്ടിരിക്കുമെന്നു കുട്ടികളുടെ ഇടയിൽ പരക്കെ പ്രചാരണം ഉണ്ടായിരുന്നതിനാൽ എല്ലാ ഒന്നാം തീയതികളും,പ്രത്യേകിച്ച് പുതുവത്സരദിനത്തിൽ അതു് കിട്ടാൻ അവസരം ഉണ്ടാക്കിയിരുന്നില്ല എന്നു് മാത്രമല്ല ജാഗരൂകയുമായിരുന്നു.

വാസരതരുക്കളിൽ നിന്നടർന്ന നൊമ്പരപൂക്കളുടെ ഇതളുകളായി ഈയാണ്ടും കാലപ്രവാഹത്തിനൊപ്പം കോവിഡ്പത്തൊൻപതു് എന്ന മഹാമാരിയുടെ പരസഹസ്രം ശരപഞ്ജരങ്ങൾ ഓർമയിലും ഹൃദയത്തിലും തീർത്ത്,തീവ്രനോവ് അവശേഷിപ്പിച്ചു വിടപറയുന്നു.

സമാധാനത്തിന്റേയും സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും പുതുമൊട്ടുകൾ ഇനി വരും നാളുകളിൽ നറുസുഗന്ധപുഷ്പങ്ങളായി
ഹൃദയോദ്യാനത്തിൽ വിടർന്നു പരിലസിക്കട്ടെ.ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.

എല്ലാ പ്രിയപ്പെട്ടവർക്കും ഒരിക്കൽ കൂടി പുതുവത്സരാശംസകൾ സ്നേഹപൂർവം നേരുന്നൂ..

error: Content is protected !!