റീന സാറാ വർഗീസ്
അങ്ങാടി മരുന്നു പാട്ടിൻ്റെ ഈണവുമായി വൃശ്ചിക പകുതിയിലെ രാവിൽ,വീട്ടുമുറ്റത്തു നാട്ടിയ കവുങ്ങു തടികളിൽ വെച്ചു കെട്ടിയ,വോൾട്ടേജു കുറഞ്ഞ് മിന്നിയും തെളിഞ്ഞും നിൽക്കുന്ന ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തിൽ
നൃത്തച്ചുവടുകളുമായി അവരെത്തും.
“അങ്ങാടി മരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാം ഓരോന്നായ് അയമോദകം ആശാളി അതിമധുരം അതിവിളയം അതിദാരം
അമുക്കുരം അത്തിക്കറുവ അക്രവരത്തയും അത്തിതൃപ്പല്ലി
ഇലവര്‍ങ്ങം ഇന്ദുപ്പ് ഇരുവേലി ഇരുപ്പയും
(അങ്ങാടിമരുന്നുകള്‍….)” പാട്ടിൻ്റെ
ശീലുകൾ കുട്ടൻ ചേട്ടനാശാൻ ശിഷ്യഗണങ്ങളിലേക്കു വായ്ത്താരിയായി പകർന്നുകൊടുക്കുമ്പോൾ,അവർ പന്ത്രണ്ടുപേരും മുറ്റത്തെ സപ്പോർട്ട മരത്തിനു കീഴിൽ തടി നിർമ്മിത പീഠത്തിനു മുകളിൽ വയ്ച്ചിരിക്കുന്ന നിലവിളക്കിലെ നിറദീപത്തെ വലംവെച്ച് ആവേശത്തോടെ ഏറ്റുപാടി മാർഗ്ഗംകളിയുടെ ചുവടുകൾ വയ്ക്കും.
ജാതിമതഭേദമന്യേ വലിപ്പച്ചെറുപ്പമില്ലാതെ തടിച്ചു കൂടിയിരിക്കുന്ന കലാസ്നേഹികൾക്കൊപ്പം ഉമ്മറക്കോലായിൽ ഇരുന്ന് ഒരു എട്ടുവയസ്സുകാരിയും അർത്ഥമറിയാതെ
അതേറ്റു പാടിക്കൊണ്ടിരിക്കും.
ഇന്നത്തെ യുവജനോത്സവവേദികളിൽ നാം കണ്ടുവരുന്ന മാർഗ്ഗംകളിക്ക് അപ്പുറം ഈ കലയെ നെഞ്ചിലേറ്റിയ പ്രാണനായി കരുതിയ കുറേയേറെ നേരുള്ള കലാകാരന്മാർ ജീവിച്ചിരിപ്പുണ്ടായിരുന്ന നാട്!!!
വീടിൻ്റെ ഭാഗമായിരുന്ന അച്ചടിശാലയിൽ
പുസ്തകങ്ങളുടെയും വിവിധപരിപാടികളുടെ പലതരത്തിലുള്ള നോട്ടീസുകളുടെയും അച്ചടിക്കായി,പല ഭാഗങ്ങളിൽ നിന്നും എത്തിയിരുന്ന ഒത്തിരിയേറെ നന്മയുള്ള മനുഷ്യർ.ഓർമവെച്ച കാലം മുതൽ അച്ചടിയന്ത്രത്തിൻ്റെ ശബ്ദം ഒപ്പമുണ്ടായിരുന്നതു കൊണ്ടു് അച്ചടിശാലയുടെ പേര് എഴുതി വെച്ചിരിക്കുന്ന വലിയ ബോർഡിനു മുൻപിൽ എല്ലാ ആണ്ടിലും
ആദ്യം നക്ഷത്രം തൂങ്ങും അല്ലെങ്കിൽ തൂക്കുമായിരുന്നുള്ളൂ.
അതു് ഒരു കൊച്ചുകുട്ടിയുടേ ശാഠ്യത്തിനപ്പുറം ആത്മാവിൻ്റെഭാഗം തന്നെയായിരുന്നുവെന്നു വർഷങ്ങൾക്കിപ്പുറം നഷ്ടബോധത്തോടെ തിരിച്ചറിയുന്നു.
നക്ഷത്രങ്ങളും പുൽക്കൂടുകളും കൊണ്ടു് അലംകൃതമായ വീടുകൾക്കു മുന്നിൽ
നീളൻവടിയും നീണ്ട വെള്ളത്താടിയും മുടിയും മീശയുമായി ചുവപ്പു മയത്തിൽ
തടിച്ച അപ്പൂപ്പൻ ക്രിസ്തുമസിൻ്റെ വരവറിയിച്ചുക്കൊണ്ടു് വരുന്നതും നോക്കി ഉറങ്ങാതെ കാത്തിരിക്കുന്നതിൻ്റെ ഉദ്ദേശ്യം മറ്റൊന്നുമല്ല പച്ചക്കടലാസിൽ പൊതിഞ്ഞ പ്യാരി മിഠായികൾ രുചിച്ചതിനു ശേഷം വർണ്ണക്കടലാസുകൾ ചിത്രശലഭങ്ങളാക്കി നൂലിൽ കെട്ടി മുറിയിൽ തോരണം ഉണ്ടാക്കി നാലാളെ കാണിക്കണം.
“ഇന്നു രാവിൽ മാലാഖമാർ പാടി””…
കൂട്ടത്തിലൊരാൾ തുടങ്ങിവെച്ചതു് സംഘാംഗങ്ങൾ എല്ലാവരും ഒരേ സ്വരത്തിൽ ഏറ്റു പാടുമ്പോൾ ഡ്രംമ്മിൻ്റെ മുഴക്കത്തിനൊപ്പം ധനുമാസത്തിലെ മഞ്ഞുപൊഴിയുന്ന രാവുകളെ കരോൾ സംഘങ്ങൾ സംഗീത സാന്ദ്രമായി വരവേൽക്കുന്നു.
എല്ലാ ആണ്ടുകളിലും സ്ഥിരമായി വരുന്നവർക്കും,പുതുതായി തുടങ്ങിയ ക്ലബ്ബിലെ ചെറുപ്പക്കാരായ ക്രിസ്തുമസ് പാട്ടുകാർക്കു വരെ കൊടുക്കാനുള്ള ചെറിയ തുകകൾ അപ്പച്ചൻ പ്രത്യേകം മാറ്റിവെച്ചിട്ടുണ്ടായിരിക്കും.
പണം കൈമാറി രസീതു കൈപ്പറ്റുമ്പോൾ വീട്ടിലെ സഹായി അമ്മിണി,അമ്മച്ചിയോട് അടക്കം പറയും
“ചുമ്മാതാ.. പിള്ളേരു വട്ടച്ചെലവിനുള്ള കാശുണ്ടാക്കുന്നതാ”..
“സാരമില്ല അമ്മിണി…. പാവത്തുങ്ങൾ തണുപ്പും കൊണ്ടേച്ചു വരുന്നതല്ലിയോ മാത്രമല്ല രാവെളുക്കുവോളം തൊണ്ടപൊട്ടി പാടുന്നതല്ലിയോ..”അമ്മച്ചിയുടെ സഹതാപം കലർന്ന മറുപടിയിൽ അമ്മിണിയുടേ നീരസം അലിഞ്ഞില്ലാതെയാകും.
അപ്പ മണലാരണ്യത്തിൽ നിന്നു് മലയാളനാട്ടിലേക്കു വരുന്നതും ക്രിസ്തുമസും ഒന്നിച്ചെത്തുമ്പോൾ ആഘോഷങ്ങൾ വീണ്ടും കെങ്കേമവും പൊടിപൂരവും ആകും.
ഇരുപത്തിയഞ്ചു ദിനങ്ങൾ സസ്യാഹാരം മാത്രം ഭുജിച്ചു, കുന്തിരിക്കത്തിൻ്റെ പരിമളം നിറഞ്ഞുനിൽക്കുന്ന പാതിരാ കുർബാനയ്ക്കു ശേഷം മടങ്ങിയെത്തുമ്പോൾ വെള്ളയപ്പവും ഇറച്ചിക്കറിയും മുട്ട റോസ്റ്റുമെല്ലാം തീൻമേശയിൽ നിരന്നിരുപ്പുണ്ടാകും.
മറവിയുടെ അന്ധതമസ്സിൽ മറഞ്ഞിരുന്ന
ഓർമകളെ തിരികെവിളിച്ചു തൂലികയിലേക്ക് ആവാഹിക്കുമ്പോൾ
എന്നോ കൊഴിഞ്ഞുവീണ ധനുമാസരാവുകളിലെ നക്ഷത്രത്തിളക്കങ്ങൾ ആത്മാവിൽ വീണ്ടും പ്രശോഭിക്കുന്നു.
നിങ്ങളുടെ ഇഷ്ടങ്ങളും പ്രോത്സാഹനങ്ങളും നിധിയായി ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു.എല്ലാ മാന്യവായനക്കാർക്കും ക്രിസ്തുമസ് ആശംസകൾക്കൊപ്പം,സമാധാനവും സന്തോഷവും സമ്പൽസമൃദ്ധിയും നിറഞ്ഞ പുതുവർഷം നിറഞ്ഞ ഹൃദയത്തോടെ നേരുന്നൂ.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി