January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഒരു ജനലഴിക്കപ്പുറം

റീന സാറാ വർഗീസ്


മാമ്പൂ വിരിഞ്ഞു കൊഴിയുന്നത് പോലെ, കടന്നുവന്ന വഴിയിൽ ആരൊക്കെയോ പറയാതെ പടിയിറങ്ങി പോയിരിക്കുന്നു. മനസ്സിൻ്റെ തീരത്തെ ഓർമയിലെ കണ്ണാടിയിൽ കാലം അവശേഷിപ്പിച്ച ചിലത് തെളിഞ്ഞു വരികയാണ്.

ഒരു ജനലഴിക്കപ്പുറം കയ്യെത്തും ദൂരെ, കടന്നുപോയ ജീവിതത്തിൻ്റെ ഗ്രീഷ്മവും ശിശിരവും വസന്തവും അങ്ങനെ നിറഞ്ഞു നിൽക്കുന്നു. അവയിൽ പരാജയവും, പൊള്ളിച്ച വേദനകളും, സ്നേഹവും, ചിരിയും, ഒപ്പം ബന്ധങ്ങളുടെ ഊഷ്മളതയും ഉണ്ടായിരുന്നു.

ചുട്ടുപൊള്ളുന്ന വെയിലും കനത്തമഴയും അവഗണിച്ച് കയ്യിൽ കറുത്തകുടയുമായി തപാലാപ്പീസിൽ നിന്നു് വീടുവീടാന്തരം കത്തുകൾ എത്തിച്ചിരുന്ന ചേച്ചിയുണ്ടായിരുന്നു.

അന്നുവരെ കത്തുകളും, മണിയോഡറുകളും കൈമാറിയിരുന്നത് പോസ്റ്റുമാൻ ആയിരുന്നതിനാൽ കാപ്പിപ്പൊടി നിറത്തിലെ സാരിയിൽ എത്തിയിരുന്ന അവരെ ഏറെ കൗതുകത്തോടെയാണ് കണ്ടിരുന്നത്.

അന്നത്തെ കാലത്ത് പൊതുവേ, സ്ത്രീകൾ വിമുഖത കാട്ടിയിരുന്ന ജോലി. അതു് തെരഞ്ഞെടുക്കാൻ എന്തായിരിക്കും കാരണമെന്ന്
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

പോസ്റ്റുമാൻമാർ പലരും സൈക്കിളിലോ, സ്കൂട്ടറിലോ സഞ്ചരിച്ചിരുന്ന കാലത്ത് കിലോമീറ്ററുകളോളം നടന്നായിരുന്നു അവർ കത്തുകൾ എത്തിച്ചിരുന്നത്.

വീടിനു മുന്നിലെത്തുമ്പോൾ നന്നേ ക്ഷീണിച്ചിരിക്കും. കാൽപ്പാദങ്ങൾ നീരുവന്ന് വീർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാ കൊടുംവേനലുകളിലും
വീടിൻ്റെ സ്വീകരണമുറിയിൽ അവർക്കായി തണുത്ത നാരങ്ങാവെള്ളം കാത്തുവെച്ചിരുന്നു.

പലപ്പോഴും നിരാകരിക്കുമെങ്കിലും അമ്മയുടേയും, വല്യമ്മച്ചിയുടേയും സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി അൽപനേരം ഇരുന്ന് വെള്ളം കുടിച്ചിട്ടേ പോകുമായിരുന്നുള്ളൂ.

ഞങ്ങൾ കുട്ടികൾ “പോസ്റ്റുമാനത്തി ചേച്ചി” എന്നു്
വിളിച്ചിരുന്ന, അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവെക്കാതിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇന്നും അവ്യക്തം.

ഉറക്കെ ചിരിച്ചു കണ്ടിട്ടില്ലാത്ത, കുറച്ചു മാത്രം പുഞ്ചിരിച്ചിരുന്ന അവരുടെ മുഖത്തിന്റെ സ്ഥായിഭാവം വിഷാദമായിരുന്നു. രജിസ്റ്റേഡ് അല്ലാതെ വന്നിരുന്ന കത്തുകൾപോലും വീടിൻ്റെ വാതിൽക്കൽ ഇട്ടിട്ട് പോയിരുന്നില്ല. വളരെ കൃത്യതയോടെ ഉത്തരവാദിത്തപ്പെട്ടവരുടെ കയ്യിൽ ഏൽപ്പിച്ചിട്ടേ മടങ്ങുമായിരുന്നുള്ളൂ.

യാതൊരു പരാതിയുമില്ലാതെ
കാലങ്ങളോളം വീടിന്റെ പൂമുഖത്ത്, ദൂരത്തു നിന്നു് എത്തിയിരുന്ന സന്ദേശങ്ങൾ കൈമാറിയിരുന്ന സ്ത്രീസാന്നിധ്യം ഇപ്പോൾ വിരമിച്ചിട്ടുണ്ടാകും.

അവർക്കു ശേഷം
തപാലാപ്പീസിൽ നിന്നെത്തുന്ന സന്ദേശവാഹകരിൽ മറ്റൊരു പെൺമുഖം കണ്ടിട്ടില്ല. കാലങ്ങൾക്കിപ്പുറം ഓർമയിൽ തെളിഞ്ഞ, ഞാൻ കണ്ട ആദ്യത്തെ പോസ്റ്റ് വുമൺ ഇപ്പോൾ എവിടെയായിരിക്കും?

അറിയാതെയും, അറിഞ്ഞും ഈ ചെറുയാത്രയിൽ ഇങ്ങനെ എത്രയോ മനുഷ്യർ അനുഭവങ്ങളും ഓർമകളും തന്ന് ദൂരേക്ക് പോയിരിക്കുന്നു. ഇനിയും മഞ്ഞും മഴയും വേനലുമായി ഞാനിടത്തിലേക്ക് വരാനിരിക്കുന്നവർ എത്രയോ. വിജനവീഥിയിൽ ആരൊക്കെയാവും കാലം കാത്തുവെച്ചിട്ടുണ്ടാകുക.

എല്ലാ പ്രിയപ്പെട്ടവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക. പ്രതിരോധകുത്തിവെപ്പ് യഥാസമയം സ്വീകരിക്കുക. മനോബലം കൈവിടാതെ സുരക്ഷിതരായിരിക്കുക. മഹാമാരിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

നിറഞ്ഞ സ്നേഹത്തോടെ
റീന സാറ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!