January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മൂകസ്മൃതികളുടെ ഉണർത്തുപാട്ട്.

റീന സാറാ വർഗീസ്

കലണ്ടറിലെ ചുവപ്പും,കറുപ്പും അക്കങ്ങൾക്കൊപ്പം അടർന്നുവീണ ഇന്നലെകളിൽ നിന്നു് ഇന്നിലേക്കു ഒപ്പം പോന്ന ചിലതുണ്ടു്.മറവി മരിക്കാത്തിടത്തോളം മനസ്സിൽ മായാതെ,മൂകമായി മയങ്ങുന്ന ചിലതു്.

ജാലകതിരശ്ശീല വകഞ്ഞു മാറ്റി, കൈത്തലം കൊണ്ട് കണ്ണാടി തുടച്ചു പുറത്തേയ്ക്കു നോക്കിയപ്പോൾ മുഖം കറുപ്പിച്ച് കറുത്തിരുണ്ട മാനം മിന്നൽപ്പിണറുകളെ കൂട്ടുപിടിച്ച് ആക്രോശിക്കുന്നു.അതു് കണ്ടു്,വെള്ളിമുകിൽശകലങ്ങക്കു നൊന്തതിനാലാവാം അവ കണ്ണീർ തൂകി താഴേക്കു പെയ്തിറങ്ങിയതു്.നവംബറിനോടു വിടപറഞ്ഞ പ്രകൃതി,ഹൃദയജാലകം തുറന്ന് ഉള്ളു തൊട്ടു.

വിദൂരനിരത്തിൽ നിരന്നു കത്തുന്ന ഹാലജൻ ബൾബുകളുടെ മഞ്ഞവെളിച്ചത്തിലേക്ക് ഇറ്റുവീണ മഴ തൂളികൾ,
മരുഭൂമിയിലെ തണൽ മരങ്ങളുടെ ഇളകിയാടുന്ന ഇലകൾക്കൊപ്പം സ്നേഹാർദ്രമായി ആണ്ടറുതിയുടെ മഞ്ഞുകാലത്തെ വരവേൽക്കുന്ന പുറംകാഴ്ച എത്ര ചേതോഹരം!!! വർണ്ണനാതീതം!!!

ആ കാഴ്ചകൾ ഉള്ളിൽ ഉറങ്ങിയ മൂകസ്മൃതികളുടെ ഉണർത്തുപാട്ടായി.

ഉണർന്നെണീറ്റ സ്മൃതികൾ മഴയുടെ ഇരമ്പലിനൊപ്പം കാലം നിർദാക്ഷണ്യം കവർന്നെടുത്ത ബാല്യത്തിലേക്കു വീണ്ടും നടന്നടുത്തു.

കൈപ്പട്ടൂർ കവലയിൽ ബസ് ഇറങ്ങിയാൽ നേരെ ബേക്കറിയിലേക്ക്.വായിലിട്ടാൽ അലിയുന്ന ബണ്ണും,സ്പോഞ്ചു കേക്കും ബേക്കറിഅപ്പച്ചൻ കാക്കിക്കവറിലാക്കി പഴയപത്രത്താളിൽ റബർബാൻഡിട്ടു പൊതിഞ്ഞു പെറ്റിക്കോട്ടു കൂടിനുള്ളിലിട്ടു
ഭദ്രമാക്കി കൈയിലേക്കു തരും.

പള്ളിക്കു മുൻപിലെ ഭണ്ഡാരത്തിൽ നേർച്ചയിട്ടു കുരിശുവരച്ചു,ടാറിടാത്ത ചെമ്മൺപാതയിലൂടെ അമ്മയുടെ കൈയിൽ തൂങ്ങി,എപ്പഴോ ആർത്തു പെയ്ത മഴയിൽ തളംകെട്ടിയ വെള്ളത്തിൽ,നീലവള്ളിയുടെ റബ്ബർചെരുപ്പുമിട്ടു തലയോളം ചെളിയും തെറുപ്പിച്ച് ഒരു നടത്തം ഉണ്ടു്.

എതിർവശത്തുള്ള പള്ളിവക ആശുപത്രിയുടെ മുറ്റത്തു തലയെടുപ്പോടെ നിൽക്കുന്ന ബദാം മരമുത്തശ്ശിയുടെ ചുവട്ടിൽ ഇളംചുവപ്പു വർണ്ണങ്ങളിൽ കായ്കൾ നിരന്നു കിടപ്പുണ്ടാകും.അവിടം ചൂണ്ടിക്കാണിച്ച് ഒരു വിനോദ സഞ്ചാരവഴികാട്ടിയെ പോലെ അമ്മ പറയും
“ഇവിടെയാണു് നീ ഉണ്ടായതു്”.
എല്ലാ അവധികളിലും പറയുകയും,കേൾക്കുകയും,
കാണുകയും ചെയ്യുന്നതാണെങ്കിലും ഓരോ വരവിലും അവിടം പുതുമനിറഞ്ഞതു തന്നെ.

“ആണുങ്ങൾ കമ്മൽ ഇട്ടിരിക്കുന്നതു കണ്ടോ” അതു് പറഞ്ഞു് അമർത്തി ചിരിക്കുന്നതിനു കാരണം മറ്റൊന്നുമല്ല. വളവു തിരിഞ്ഞു ചെല്ലുന്ന പറങ്കിമാവിന്റെ ചുവട്ടിൽ ഈർക്കിലിയിൽ വെള്ളക്ക കോർത്തു,ചിലർ ഒരു കാതിലും മറ്റുചിലർ രണ്ടു കാതുകളിലും തൂക്കി,ഗ്രാമീണതയുടെ വിവിധ ഭാവഭേദങ്ങൾ പ്രകടമാക്കി ഉറക്കെ ചിരിച്ചുക്കൊണ്ടിരിക്കും.

അവരുടെ കൈകളിലെ ചെറിയ കാർഡുകൾ എന്താണെന്നറിയാനുള്ള ഉദ്വേഗത്താൽ ഒന്നെത്തി നോക്കും.
അതെന്താണെന്നു ചോദിച്ചാൽ അമ്മ വക ഉത്തരം
“കിളിച്ചതും, മുളച്ചതും അന്വേഷിക്കാതെ എളുപ്പം വരുന്നുണ്ടോ നീയ്”..

പറങ്കിമാവിന്റെ പഴങ്ങളുടെ സുഗന്ധം ചെറുകാറ്റിൽ അലിഞ്ഞു പതിയെ തലോടി കടന്നു പോകുന്നതിനൊപ്പം
“എപ്പഴെത്തി കുട്ടി”?? അതിനിടയിൽ നിന്നു് അശരീരി ഉയരും.പിന്നെ ഓരോ വീടിനു മുന്നിലും വിശേഷം പറച്ചിലുകളും,സ്നേഹാന്വേഷണങ്ങളും.

“വല്ലതും പഠിക്കുന്നുണ്ടോ ഇവൾ”അതു കേൾക്കുമ്പോൾ ഇരച്ചുകയറുന്ന ശുണ്ഠി കാൽവിരലുകൾ മണ്ണിൽ ഉരച്ച്
“ഇവർക്കൊക്കെ വേറെ ഒരു പണിയുമില്ലേ?എന്തോരും നല്ല കാര്യങ്ങൾ ഈ ലോകത്തുണ്ട് അവയിൽ ഏതെങ്കിലുമൊന്നു് ചോദിച്ചു കൂടെ”ആത്മഗതം മുഖത്തു പ്രതിഫലിക്കുന്നതു പുറത്തു് കാണാതിരിക്കാൻ അമ്മയുടെ സാരിത്തുമ്പിന്റെ മറവിലേക്കു ഒന്നുകൂടി മറഞ്ഞു നിൽക്കും.

ഇപ്പോൾ വരാമെന്നു അമ്മച്ചെവിയിൽ ഓതി അടുത്ത ലക്ഷ്യമായ
ചാങ്ങേത്തെ ഇല കാണാതെ നിറഞ്ഞു കായ്ച്ചുനിൽക്കുന്ന നാട്ടുമാവിൽ നോട്ടമിട്ട്,മാമ്പഴം പെറുക്കാൻ ഓടും.അത്ര മാമ്പഴരുചി പിന്നീടു് ഒരിക്കലും നാവറിഞ്ഞിട്ടില്ല.

ഒഴിഞ്ഞ ഡാൽഡപാട്ടകളിൽ നിറഞ്ഞിരിക്കുന്ന അമ്മച്ചിയുടെ പാചകനൈപുണ്യത്തിന്റെ പ്രതീകങ്ങളായ നെയ്യപ്പം, അച്ചപ്പം, കുഴലപ്പം, ചേമ്പ്, നേന്ത്രക്കായ, ചക്ക വറുത്തത് കാത്തിരിക്കുന്നുണ്ടെന്നു നന്നായി അറിഞ്ഞു കൊണ്ടുതന്നെ നേരെ കോണിപ്പടി ചവിട്ടിക്കയറി പത്തായപ്പുരയിലേക്ക്.

അരിപ്പെട്ടിക്കുള്ളിലെ ചാക്കിനകത്തിരിക്കുന്ന പാളയൻകോടൻ കുലയുടെ പച്ചനിറം മാറിയിട്ടുണ്ടോയെന്നു ഇടയ്ക്കിടെ തുറന്നു നോക്കും.

പിന്നെ അപ്പുറത്തെ അമ്മാമ്മ തലേദിവസം പറഞ്ഞു വച്ച കഥയറ്റത്തിന്റെ ബാക്കി പിടിച്ച് അവിടേക്ക്.

ഇന്നുവരെ ഒരു മനുഷ്യനിർമ്മിത വാസനത്തൈലത്തിനും തരാൻ പറ്റാത്ത
കച്ചോലം ,ഇഞ്ചി, കുരുമുളക് സുഗന്ധദ്രവ്യങ്ങളുടെ ത്രസിപ്പിക്കുന്ന ഗന്ധം..അമ്മവീടിന്റെ
ഗന്ധം…സായിപ്പിന്റെ ഭാഷയിൽ The fragrance of greatness.

പറമ്പിൽ വിളഞ്ഞു നിൽക്കുന്ന മരച്ചീനി ചെടികൾക്കിടയിലൂടെ, അപ്പച്ചന്റെ പാളത്തൊപ്പിയും തലയിൽ വച്ച്, ഇലകൾ പറിച്ചു മാലയുണ്ടാക്കി കഴുത്തിലിട്ട് അടുത്ത വീട്ടിൽ പാലു വാങ്ങിക്കാൻ തൂക്കു ചോറ്റുപാത്രവും പിടിച്ചു ശ്വാസം വിടാതെ നടത്തം.

“എനിക്കു അവകാശപ്പെട്ടതു തട്ടിപ്പറിക്കാൻ പാത്രവും തൂക്കിപ്പിടിച്ച് വന്നിരിക്കുന്നുവോ” എന്ന മട്ടിൽ അമ്മപ്പശുവിൽ നിന്നും മാറ്റി തൊഴുത്തിൽ കെട്ടിയിരിക്കുന്ന
പശുക്കിടാവ് ദയനീയമായി നോക്കും.

നിലത്തു വീണു കിടക്കുന്ന സ്വർണ്ണ വർണ്ണ ആഞ്ഞിലിക്കായ്കൾ വായിലിട്ടു നുണഞ്ഞു,ബാക്കി വരുന്നവ ഉടുപ്പു മടക്കി മടിക്കുത്തിൽ ഇട്ട് തിരികെ നടത്തം.കയ്യൂന്നിയും,കുരുമുളകും ഇട്ടു കാച്ചിയ എണ്ണയുമായി അമ്മച്ചി കാത്തിരിപ്പുണ്ടാകും തലമുടി വിടർത്താൻ.

അതിനിടയിൽ പരിപാലനത്തിന്റെ ആപ്തവാക്യങ്ങളിൽ ഒന്നുകൂടി കൂട്ടിച്ചേർക്കും.
“പിള്ളേരേ പിടുത്തക്കാർ ഇറങ്ങീട്ടുണ്ട്.വഴിയിൽ ആരെങ്കിലും മുട്ടായി തന്നാൽ വാങ്ങിക്കരുതു്.പിടിച്ചുകെട്ടി ചാക്കിലാക്കി കൊണ്ടുപോകും.”അതിനുശേഷം കൺമുന്നിൽ ചാക്കു കെട്ടുമായി വരുന്നവരെല്ലാം പിള്ളേരേ പിടുത്തക്കാരായി ഭയത്തിന്റെ നൂൽപ്പാലത്തിലൂടെ നടത്തി.

അന്നു കടലാസു കഷണങ്ങളിൽ വെറുതെ കോറിയിട്ടിരുന്ന അക്ഷരങ്ങൾ
അപ്പച്ചൻ ഉറക്കെ വായിപ്പിച്ചതിനു ശേഷം പിന്നീടു് തൂലിക ഗർഭംധരിച്ച്, പെറ്റുപെരുകിയിരുന്ന അക്ഷരങ്ങൾ പുസ്തകത്താളിനുള്ളിൽ കാലങ്ങളോളം ആരുമറിയാതെ ഒളിച്ചിരുന്നു.

കരുതലിൽ പൊതിഞ്ഞവർ നോവാഴങ്ങൾ അവശേഷിപ്പിച്ച് ഇനിയൊരിക്കലും മടങ്ങിവരാതെ പള്ളിപ്പറമ്പിലെ കുടുംബക്കല്ലറയിൽ ഇന്നു് ശാന്തമായുറങ്ങുന്നു.

ഇതെഴുതുമ്പോൾ തെങ്ങോലയും,പ്ലാവും, മാവും, കവുങ്ങും,വാഴയും എല്ലാം തലയുയർത്തി നിൽക്കുന്ന പിന്നിട്ട നാട്ടുവഴിയിലെ,എഴുതിയാൽ തീരാത്തത്ര ഗൃഹാതുരതയുടെ പെയ്തുതോരാത്ത ഓർമ്മകൾ പി.ഭാസ്കരൻ മാഷിന്റെ വരികളിലൂടെ എന്നേ പൊതിയുന്നു.

“മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് – കൊച്ചു
മലയാളമെന്നൊരു നാടുണ്ട് “.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!