January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ചിരിയുടെ ഓളം തീർത്ത ഒരു തോണിയാത്ര

റീന സാറാ വർഗീസ്

പാഴൂര് അമ്പലത്തിന് മുന്നിലുള്ള ആൽത്തറയിലെ അരയാൽ ഇലകളുടെ നനുത്ത കാറ്റേറ്റ് താഴെയുള്ള നീളൻ കൽപ്പടവുകൾ ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിലേക്ക് ആദ്യ തോണിയാത്ര. തൊട്ടപ്പുറത്തുള്ള കടവിൽ കുട്ടികൾ മുങ്ങാംകുഴിയിട്ട് ആടിത്തിമിർക്കുകയും, മുതിർന്നവർ വസ്ത്രങ്ങൾ അലക്കുകയും, കുളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കിഴക്കുഭാഗത്തെ മണൽപ്പുറത്ത് പച്ചപുല്ലുകളിൽ വിടർന്നു നിന്നിരുന്ന വെള്ളപഞ്ഞിപ്പൂക്കൾ പുഴയെ ചാമരം വീശി പ്രണയം അറിയിച്ചുക്കൊണ്ടിരുന്നു.

ശിവരാത്രിദിവസം മണൽപ്പുറത്തു തനതു പാരമ്പര്യത്തിന്റെ ഭാഗമായ പുള്ളുവൻപാട്ട്,പുള്ളോൻവീണമീട്ടി പുള്ളുവൻമാരും പുള്ളുവത്തികളും പാടിക്കൊണ്ടിരിക്കും എന്നൊരറിവും കൂടി അവൾ തന്നു.

അന്നുവരേ കരയ്ക്കു നിന്നു മാത്രം കണ്ടിരുന്ന തോണിയിൽ ആദ്യമായി കയറുന്നതിന്റേയും നീന്തൽ വശമില്ലായിരുന്നതിന്റേയും,
ഭീതിയിൽ അപ്പുറവും ഇപ്പുറവും ഒന്നു പാളിനോക്കി.ആരുടേയും മുഖത്തു യാതൊരു ഭാവവ്യത്യാസവുമില്ല. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരേ തുറന്ന ജലഗതാഗതത്തിനായി കാത്തു നിൽപ്പുണ്ടായിരുന്നു. അകലേയ്ക്കു നോക്കിയപ്പോൾ പുഴക്ക് അക്കരെ വള്ളം ഒരു ചെറിയ കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്നു.

“ഹൂ….യ്…”എന്ന ശബ്ദമുണ്ടാക്കി കൂട്ടത്തിൽ പ്രായമേറിയ ആൾ ഇക്കരെ ആളുണ്ട് എന്നു് കടത്തുകാരനെ അറിയിച്ചു. അക്കരെ നിന്നു് അതേ ശബ്ദം വേഗത്തിൽ മുന്നറിയിപ്പു സന്ദേശമായി തിരിച്ചെത്തി.

വഞ്ചി കരയ്ക്കടുത്തപ്പോൾ ഓരോരുത്തരായി അതിനകത്തേക്കു കയറി.അതിനു നടുവിൽ പിടിപ്പിച്ചിട്ടുള്ള തടികൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലും, ചിലർ അതിന്റെ വക്കിലും ഇരുന്നു.

ഓളങ്ങളെ വകഞ്ഞുമാറ്റി നേരെ ഒഴുകിക്കൊണ്ടിരിക്കുന്ന നദിക്കു കുറുകെ തുഴയെറിഞ്ഞു കടത്തുകാരനും.കണ്ണു മുറുകെയടച്ചിരുന്ന എന്നിലെ ചങ്കിടിപ്പു ക്രമാതീതമായി വർദ്ധിച്ചു. ചെറുകെ കണ്ണുതുറന്നു നോക്കിപ്പോൾ വള്ളം ഏകദേശം പുഴയുടെ ഒത്ത നടുക്കെത്തി. ശരിയായ ശ്വാസനപ്രക്രിയ എന്നിൽ നടക്കുന്നുണ്ടോ എന്നു് പോലും സംശയിച്ചൂ.

അപ്പോഴാണ് ഉച്ചത്തിൽ ഒരു ശബ്ദം. നല്ല ജീവൻ പോയി എന്നു് പറഞ്ഞാൽ മതിയല്ലോ.. എല്ലാം തീർന്നു എന്നു വിചാരിച്ച നിമിഷം പേടിച്ചരണ്ട്
“അയ്യോ… എന്റെ ദൈവമേ” എന്നു ഉറക്കെ വിളിച്ചതു മാത്രം ഓർമയുണ്ടു്.

ചുറ്റും ഉയർന്ന ചിരിയിൽ കണ്ണുതുറന്നപ്പോൾ അങ്ങേയറ്റത്തിരുന്ന അപരിചിതനായ വല്യപ്പച്ചൻ വളരെ ദയനീയമായി പറയുന്നുണ്ടായിരുന്നു.
“എന്റെ പൊന്നു കൊച്ചേ… ഞാൻ ഡാക്കിട്ടറേ കണ്ടിട്ടു വരുന്നതാ.. ഈ പൊടിയൊക്കെ അടിച്ചിട്ടെ ആലർസിയുണ്ടല്ലോ, ആലർസി.. അതിന്റെയൊരു അസ്ഹ്യത നന്നായിട്ടുണ്ടേ..അതല്പം ഉച്ചത്തിൽ ആയിപ്പോയതാ””

പാവം വല്ല്യപ്പച്ചൻ മനസ്സറിയാതെ ഉച്ചത്തിൽ തുമ്മി അതിനാണു. വലിയ വായിൽ നിലവിളിച്ചവളേ നോക്കി വഞ്ചിയാത്രികർ ഇവൾ എവിടുന്നു വന്നു എന്ന മട്ടിൽ അർത്ഥഗർഭമായി ചിരിക്കുന്നുണ്ടായിരുന്നു.

പറ്റിയ അമളിയോർത്തു അന്നു് ഇളിഭ്യയായി എങ്കിലും ആദ്യത്തെ തോണിയാത്ര പലപ്പോഴും ചിരിയോളം തുഴഞ്ഞ് അരികിലെത്തും.യാത്രയുടെ ഓർമ്മക്കുറിപ്പിൽ ഈ ചിരിയോർമ കൂടി ചേർത്തുവയ്ക്കട്ടേ….

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!