January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.


എന്താണ് ഇമോജി ?ഇമോജികളുടെ പിതാവ് എന്നറിയപ്പെടുന്നതാര്? കൗതുകകരമായ കുറച്ച് ഇമോജി വിശേഷങ്ങൾ

ടെക്നോളജി ഡെസ്ക്

👉മഞ്ഞ നിറത്തിലുള്ള ഇമോജി ഫേസുകള്‍  അറിയാത്തവരായി ആരും ഉണ്ടാവില്ല. അവ അത്രയേറെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും വലിച്ച് നീട്ടി പറയാതെ ഒരൊറ്റ ഇമോജിയിലൂടെ പറയാനുള്ളതെല്ലാം പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാറുണ്ട്. നമ്മുടെ മാനസികാവസ്ഥ, സാഹചര്യം, സന്ദര്‍ഭം അങ്ങനെ എന്തിനേയും പ്രതിനിധീകരിക്കാറുണ്ട് ഇത്തരം സ്മൈലികള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ഇമോജികളുടെ ഉപയോഗം ചാറ്റിനിടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കാറുണ്ട്. പരസ്പരം തെറ്റിദ്ധരിക്കപ്പെടാനും അത് വഴിവെക്കാറുണ്ട്.ഒരോരുത്തരും ഇമോജികള്‍ക്ക് കല്‍പ്പിക്കുന്ന അര്‍ത്ഥങ്ങള്‍ വിഭിന്നമാണ്. ചാറ്റുകള്‍ക്കിടെ അത് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

ഇമോഷന്‍, ഐക്കണ്‍ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഇമോടികോണ്‍ എന്ന പേര് വരുന്നത്. നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും അവ. ചിഹ്നങ്ങളും , അക്ഷരങ്ങളും , അക്കങ്ങളും ചേര്‍ത്താണ് ഇവ നിര്‍മിക്കുന്നത്. പഴയകാല നോക്കിയ ഫോണുകളില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഇത്തരം ഇമോടിക്കോണുകളാണ് ഉപയോഗിച്ചിരുന്നത്. :<3 പോലുള്ളവ അതില്‍ ചിലതാണ്.സ്കോട്ട് ഇ. ഫാൽമാൻ ആണ് ആദ്യമായി സ്മൈലികൾ ഉപയോഗിച്ചത് .

💫മുഖഭാവങ്ങളുടെ ചിത്രീകരണമാണ് സ്മൈലികള്‍. ‘റ്റു സ്മൈല്‍’ എന്ന പ്രയോഗത്തില്‍ നിന്നാണ് ഈ പേര് വരുന്നത്. 1960 കളില്‍ ചിത്രകാരനായ ഹാര്‍വി ബാള്‍ ആണ് മഞ്ഞ നിറത്തില്‍ ഒറു വൃത്തത്തിനുള്ളില്‍ രണ്ട് പുള്ളികളും (Dots) മുകളിലേക്ക് വളഞ്ഞ വരയും ഉപയോഗിച്ച് ഒരു ചിരിക്കുന്ന മുഖം ആദ്യമായി വരച്ചെടുത്തത്. ഇന്ന് കാണുന്ന സ്മൈലികളുടെയെല്ലാം തുടക്കം ഈ സ്മൈലിയാണെന്ന് വേണമെങ്കില്‍ പറയാം. തമാശ, സന്തോഷം എന്നിവയെല്ലാം പ്രകടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇന്ന് വിവിധങ്ങളായ മുഖഭാവങ്ങള്‍ ഈ മാതൃകയില്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ന് വാട്സാപ്പിലും മറ്റും നമ്മള്‍ ഉപയോഗിച്ച് വരുന്നത് ഇമോജികളാണ്.  മനുഷ്യര്‍ക്ക് സമാനമായ മുഖങ്ങള്‍, വസ്തുക്കള്‍, ഭക്ഷണം, പ്രവൃത്തികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇമോജികള്‍ ലഭ്യമാണ്.

1999 ല്‍ ജാപ്പനീസ് ചിത്രകാരനായ ഷിഗെറ്റാക കുരിറ്റ യാണ് ആദ്യ ഇമോജി നിര്‍മിച്ചത്. കുരിറ്റ ജോലി ചെയ്തിരുന്ന എന്‍ടിടി ഡോകോമോ എന്ന മൊബൈല്‍ കമ്മൂണിക്കേഷന്‍ കമ്പനി ഒരു പുതിയ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ ശ്രമിക്കുന്ന സമയത്താണത്. വളരെ പരിമിതമായ അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ വാക്കുകള്‍ക്ക് പകരം ചിത്രങ്ങള്‍ ഉപയോഗിക്കുകയെന്ന ആശയവുമായി കുരീറ്റ രംഗത്തെത്തുകയായിരുന്നു. 144 പിക്‌സലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചത്.ഏറ്റവും രസകരമായ കാര്യം  “ഫാദർ ഓഫ് ഇമോജി  “എന്നറിയപ്പെട്ടിരുന്ന ഷിഗോത്താക്ക കുരിത ഒരു എഞ്ചിനീയറോ , ഡിസൈനറോ ആയിരുന്നില്ല. മറിച്ച് സാമ്പത്തിക ശാസ്ത്രം പഠിച്ച ആളായിരുന്നു.

ജനനം ജപ്പാനിലായതുകൊണ്ട് തന്നെ ഇമോജി എന്ന പേരും ജാപ്പനീസ് ഭാഷയില്‍ നിന്നാണുണ്ടായിരിക്കുന്നത്. ജാപ്പനീസ് ലിപി തന്നെ ചിത്ര രൂപത്തിലാണെന്നതാണ് ഇതിലെ ആദ്യ കൗതുകം. ഇ, മോ,ജി എന്നീ മൂന്ന് ജാപ്പനീസ് വാക്കുകള്‍ കൂട്ടിച്ചേർത്താണ് ഇമോജി എന്ന വാക്ക് രൂപപ്പെടുത്തിയത്. ഇ എന്നാല്‍ ചിത്രം എന്നും, മോ എന്നാല്‍ എഴുത്ത് എന്നും, ജി എന്നാല്‍ അക്ഷരം എന്നുമാണ് അർഥം. അതുകൊണ്ട് ഈ മൂന്ന് സംഭവങ്ങളും ഒരുമിച്ച് ചേർന്ന മഞ്ഞ മുഖത്തെ അവർ ഇമോജി എന്ന് വിളിച്ചു.

ജപ്പാനിൽ ഇമോജിയ്ക്കുണ്ടായ ജനസമ്മതി കണ്ടിട്ട് ആദ്യമായി ആപ്പിൾ ഐഫോൺ 2007ൽ സ്വന്തം ഫോണിൽ ഇമോജി ബോർഡ് ഉൾപ്പെടുത്തി. എസ്എംഎസ്, ചാറ്റിംഗ്, വാട്സാപ്പ്, മെസേജ് എന്നിവയ്ക്ക് ഇമോജി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ഇമോജിയും വളരുന്ന ഭാഷകളിലൊന്നായി മാറി.

പുത്തൻ ഇമോജികൾ ഓരോ വർഷത്തിലും  സെപ്‌റ്റംബറിലായിരിക്കും ഔദ്യോഗികമായി  പുറത്തിറങ്ങുക. ഉരുകുന്ന മുഖം, തുറന്ന കണ്ണുകളുള്ള മുഖം, സല്യൂട്ട് ചെയ്യുന്ന മുഖം, ഡോട്ടുകള്‍ കൊണ്ട് വരച്ച മുഖം, കണ്ണുനീർ തടഞ്ഞുനിർത്തുന്ന മുഖം എന്നിവയാണ് പുതിയ തായി സാധ്യത പട്ടികയിലുള്ളത്. കൂട്ടത്തില്‍ ഏറ്റവും അധികം ചർച്ചയാകുന്നത് ഗർഭസ്ഥനായ പുരുഷന്‍റെ ഇമോജി വരുമെന്ന റിപ്പോർട്ടുകളാണ്. ട്രാൻസ്ജെൻഡർമാരായ പുരുഷന്മാർക്കും ഗർഭം ധരിക്കാൻ സാധ്യമാണെന്ന റിപ്പോർട്ടാണ് ഇത്തരമൊരു ഇമോജി രൂപപ്പെടുത്താൻ കാരണം.

💫സ്മാര്‍ട്ഫോണുകളിലും മറ്റും പഴയകാല ഇമോടികോണുകള്‍ ടൈപ്പ് ചെയ്താല്‍ അവ നേരിട്ട് ഇമോജികളാക്കി പരിവര്‍ത്തനം ചെയ്യപ്പെടും. ഇന്ന് 92 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇമോജികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.

💫നമ്മുടെ ആശയവിനിമയങ്ങളെല്ലാം ഡിജിറ്റലായി മാറിയിരിക്കുന്നു. നിരന്തരമെന്നോണം പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സഹായകമാവുന്നുണ്ട്. ഒരാളുമായി നേരിട്ട് സംസാരിക്കുമ്പോള്‍ നമ്മള്‍ പറയുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥവും , പശ്ചാത്തലവും , വികാരവും , മാനസികാവസ്ഥയുമെല്ലാം പങ്കുവെക്കപ്പെടുന്നത് നമ്മളുടെ ആംഗ്യങ്ങള്‍, മുഖഭാവങ്ങള്‍, ശരീര ഭാഷ എന്നിവയുടെയെല്ലാം പിന്‍ബലത്തിലാണ്. വാട്‌സാപ്പ് പോലുള്ള മെസേജിങ് ആപ്പുകള്‍ വഴിയും  ,ഇമെയില്‍ എഴുത്ത് സന്ദേശങ്ങളില്‍ നഷ്ടമാകുന്നത് ഇത്തരം ഭാവ പ്രകടനങ്ങളും ശരീരഭാഷയുമാണ്. ഈ കുറവുകള്‍ നികത്തുകയാണ് യഥാര്‍ത്ഥത്തില്‍ ഇമോജികളും, ജിഫുകളും, സ്റ്റിക്കറുകളുമെല്ലാം.

💫ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മുന്‍നിര പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ ഇമോജികള്‍ ഇന്ന് ലഭ്യമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം യൂണികോഡിന്റെ 14.0 വേര്‍ഷനില്‍ 3369 ഇമോജി ചിഹ്നങ്ങളുണ്ട്. നിശ്ചിത ഇടവേളകളില്‍ പുതിയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്.

💫ഇമോജിക്കൊപ്പം ശബ്ദംകൂടി വരുന്നതാണ് ഫേസ്ബുക്ക് മെസഞ്ചറിലെ സൗണ്ട് ഇമോജി .മൃഗങ്ങളുടെ  ശബ്ദം ഉൾപ്പടെയുള്ളവയാണ് ഈ സൗണ്ട് ഇമോജി. ഉദാഹരണമായി ആട് കരയുന്ന ഇമോജിയിൽ ആട് കരയുന്ന ശബ്ദത്തിനു വേണ്ടി ഫേസ്ബുക്ക് സൗണ്ട് ടീം ഒരു ദിവസം മുഴുവൻ ഓർഗാനിക് ഫാമിൽ ആടുകൾക്കൊപ്പം ചിലവഴിച്ചു റിക്കോർഡ് ചെയ്തതാണിത്.

ഇത് കൂടാതെ കൈയ്യടി, ഡ്രംറോൾ, ക്രിക്കറ്റ്, പൊട്ടിച്ചിരി തുടങ്ങിയ ശബ്ദങ്ങളും ഉണ്ട്. കൂടുതൽ കൂടുതൽ സൗണ്ട് ഇമോജികൾ  വന്നു കൊണ്ടിരിക്കുകയാണ് . നിലവിൽ ഫേസ്ബുക്കിന് മാത്രമാണ് സൗണ്ട് ഇമോജി ഉള്ളത്. മെസഞ്ചറിൽ ഇമോജി സെലക്ട് ചെയ്തതിനു ശേഷം ലൗഡ്സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്താൽ ഇമോജിക്കൊപ്പം ശബ്ദവും കേൾക്കാം. മാത്രമല്ല, മെസേജ് അയക്കുന്നതിന് മുമ്പ് ശബ്ദം കേട്ട് ഉറപ്പുവരുത്തുകയും ചെയ്യാം .

💫ദുബായിൽ അമിതവേഗം നിയന്ത്രിക്കുവാൻ സ്കൂളുകൾക്ക് സമീപം  ഇമോജി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ആണുള്ളത്.അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് നേരെ കണ്ണരുട്ടുന്ന ഇമോജികളാണ്  പ്രത്യേകത . അമിതവേഗത്തിൽ വന്നാൽ ദേഷ്യഭാവത്തിൽ കണ്ണുരുട്ടുന്ന സ്മാർട് സ്ക്രീനിലെ ഇമോജികൾ അനുവദനീയമായ വേഗത്തിൽ വരുന്ന വണ്ടികൾക്ക് നേരെ ചിരിച്ച് സ്വീകരിക്കുകയും ചെയ്യും.  ദുബായിൽ സ്കൂളുകൾക്ക് സമീപം അപകടങ്ങൾ പതിവായതോടെയാണ് പുതിയ സംവിധാനമൊരുക്കിയത്.
സ്കൂളുകൾക്ക് സമീപമുള്ള സീബ്രാ ക്രോസിങ്ങുകളിലാണ് നിലവിൽ ഈ സ്മാർട്ട് സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നത്.

💫ഒരു വാക്ക് നാലും , അഞ്ചും ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി കടയുടെ സൈറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്ന രീതി നമ്മുടെ അങ്ങാടിയിലെല്ലാം സർവ സാധാരണയാണ് (ഉദാഹരണത്തിന് ഹോട്ടലിന് മുൻവശം ‘ഹോട്ടൽ’ എന്ന് വ്യത്യസ്ത ഭാഷകളിൽ എഴുതി വെച്ചിരിക്കുന്നത് നാം കണ്ടിട്ടുണ്ടാവും)  .എന്നാൽ പ്രാദേശിക ഭാഷകൾ അടക്കം രണ്ടായിരത്തിലേറെ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഈ നാലോ , അഞ്ചോ വിവർത്തനം കൊണ്ട് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല. അവിടെയാണ് ഇമോജിയുടെ പ്രസക്തി നിലകൊള്ളുന്നത്.

അതുകൊണ്ട് കടകളുടെ സൈൻ ബോർഡ് ഇമോജി എന്ന ഒറ്റ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയാണെങ്കിൽ ലോകത്തെ ഏതു ചേരിയിൽ ജീവിക്കുന്ന മനുഷ്യനും അതുകൊണ്ട് ഉദ്ദേശിക്കുന്നത് നിഷ്പ്രയാസം മനസ്സിലാക്കിയെടുക്കാൻ സാധിക്കും.എന്നിരുന്നാലും പല അക്കാദമീഷ്യൻസും , പ്രാദേശിക എഴുത്തുകാരന്മാരും ഇമോജി കൊണ്ടുള്ള ആശയവിനിമയം പ്രാദേശിക ഭാഷകളെ നശിപ്പിക്കുമെന്നഭീതി പടർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അത്തരം ആളുകൾ മനസ്സിലാക്കേണ്ടത് ഇമോജിയുടെ പ്രസക്തി നാട്ടുഭാഷകളുടെ സ്ഥാനം പറ്റുന്നതിൽ അല്ലെന്നും മറിച്ച് ആഗോള തലത്തിലുള്ള ആശയവിനിമയത്തിൽ ആണെന്നതുമാണ്.

💫അമേരിക്കയിലെ 17 വയസ്സുകാരനായ ഒസിരിസ് അരിസ്റ്റി എന്ന വിദ്യാർത്ഥി തൻ്റേ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ഗൺ ഇമോജി വച്ചു കൊണ്ട് പോസ്റ്റ് ചെയ്യുകയുണ്ടായി. ഈ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ കോടതി ഗൺ ഇമോജി തെളിവായി പിടിച്ച് ആ വിദ്യാർഥിയെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഇമോജി കോടതി മുറികളിൽ തെളിവായി സ്വീകരിക്കാൻ മാത്രം ബലമുള്ളതാണെന്നും സത്യസന്ധമാണെന്നും ലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നതിലേക്ക് ഈ സംഭവം വിരൽചൂണ്ടുന്നുണ്ട്.

💫ഇമോജികളിൽ ചിലതിന്‍റെ അർത്ഥം നമുക്കറിയില്ല. പക്ഷേ ഇപ്പോൾ ഇമോജി കാര്യക്‌റ്ററിനെപ്പറ്റി വളരെ അനായാസം പഠിക്കാൻ സാധ്യമാണ്. അതിനുള്ള പോംവഴിയാണ് ഇമോജിപീഡിയ എന്ന വെബ്സൈറ്റ്. ഇമോജിപീഡിയായിൽ ഏത് ഇമോജിയെക്കുറിച്ചും അറിയാൻ സാധിക്കും.

💫 ഇപ്പോഴും ഔദ്യോഗികമായ സന്ദേശങ്ങളിൽ  സ്മൈലിയും , ഇമോജിയും ഉൾപ്പെടുത്താൻ പാടില്ല

💫2021-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ഇമോജി ‘സന്തോഷം കൊണ്ട്​ കണ്ണ്​ നിറയുന്ന’ ഇമോജിയാണ് (Face with tears of joy :😂)​. രണ്ടാം സ്ഥാനം സ്വന്തമാക്കിയത്​ ചുവന്ന ഹൃദയമാണ്​(Red Heart :❤️). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL:😀)​ മൂന്നാമത്. തംബ്​സ്​ അപ്പും (👍 ) , കരയുന്ന ഇമോജിയും (🥲 ) , കൈകൂപ്പുന്ന ഇമോജിയും (🙏 ) നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചു.ഇമോജികളുടെ വിവിധ വിഭാഗങ്ങളിൽ ഫ്ലാഗുകൾക്കാണ്​ ഏറ്റവും ഡിമാന്‍റ്​ കുറവ്​. അതേസമയം, മുഖത്തിന്‍റെയും , ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന്​ വലിയ ഡിമാന്‍റുമാണ്​. വാഹനങ്ങളുടെ വിഭാഗത്തിൽ റോക്കറ്റിനാണ്​ ആരാധകർ കൂടുതൽ. അതേസമയം, പൂച്ചണ്ട്​ ഇമോജിക്കും , ചിത്രശലഭ ഇമോജിക്കും ആരാധകർ കുറവല്ല.

💫വാട്സ്ആപ്പ് മെസ്സേജുകൾക്ക് നൽകാവുന്ന ഇമോജി റിയാക്ഷൻ ഇപ്പൊൾ വിപുലീകരിച്ചിട്ടുണ്ട്.  ആദ്യം ആറ് ഇമോജികൾ മാത്രം ഉപയോഗിക്കാൻ കഴിയുന്നിടത് ഇപ്പോൾ മുഴുവൻ ഇമോജികളും ഉപയോഗിക്കാനാവും. നേരത്തെ തംബ്‌സ് അപ്പ്, ഹാർട്ട് ഇമോജി, കരച്ചിൽ നിറഞ്ഞ ചിരി, ആശ്ചര്യപ്പെട്ട മുഖം , സങ്കടത്തോടെ കരയുന്ന മുഖം, നന്ദി ഇമോജി എന്നിവ മാത്രം ഉണ്ടായിരുന്നിടത്താണ് വാട്സ്ആപ്പിൽ ലഭ്യമായ ഏത് ഇമോജിയും അയക്കാവുന്ന വിധ ത്തിലേക്ക് ഈ ഫീച്ചർ മാറിയത്.

നേരത്തെയുള്ള ആറ് ഇമോജികളുടെ അടുത്തായി വാട്ട്‌സ്ആപ്പിൽ ഒരു ‘പ്ലസ് ചിഹ്നം’ കാണിക്കും.ഉപയോക്താക്കൾക്ക് പ്ലസ് ചിഹ്നത്തിൽ അമർത്തി അവർ ഇഷ്ടപ്പെടുന്ന ഏത് ഇമോജിയും തിരഞ്ഞെടുക്കാം. ഒരു ഇമോജിയിൽ ദീർഘനേരം അമർത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾക്ക് ഏത് സന്ദേശത്തിനും മറുപടി നൽകാനാവും, വശത്ത് ഒരു ചെറിയ മെനുവിലാകും ഇമോജികൾ.

💫ഇമോജിപീഡിയയുടെ സ്ഥാപകൻ ജെർമ്മി ബർജ് 2014ൽ ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അതിനുശേഷം ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിച്ചു വരികയാണ്.

💫2013ൽ ഇമോജി എന്ന പദം ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തി.
💫2015ൽ ഇമോജിയെ വേർഡ് ഓഫ് ദി ഇയറായി പ്രഖ്യാപിച്ചു.
💫2016 ൽ ഹോളിവുഡിൽ ഒരു അനിമേറ്റഡ് മൂവി നിർമ്മിക്കുകയുണ്ടായി. അതിൽ 250 ഇമോജി പ്രദർശിപ്പിക്കുകയും ചെയ്തു.

💫 2017ൽ സൈബര്‍ ലോകത്ത് വലിയൊരു ഏറ്റുമുട്ടലിനും ഇമോജി കാരണമായി. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക്നോളജി കമ്പനി, ആപ്പിള്‍ പുറത്തിറക്കിയ ബര്‍ഗര്‍ ഇമോജിയും മറ്റൊരു ടെക് ഭീമനായ ഗൂഗിള്‍ പുറത്തിറക്കിയ ഇമോജിയുമായിരുന്നു തര്‍ക്കത്തിന് കാരണം. ഇമോജിയിലെ ബര്‍ഗറില്‍ അടുക്കിയിരുന്ന ഓരോ ഭക്ഷണ വിഭവത്തിന്റെയും അടുക്ക് ശരിയല്ലെന്നതായിരുന്നു ഇമോജി യുദ്ധത്തിന് കാരണം. തങ്ങളുടെ ബര്‍ഗറാണ് ശരിയെന്ന് ആപ്പിളും ഗൂഗിളും വാദിച്ചപ്പോൾ ശരിയേതെന്ന് കണ്ടെത്താനുള്ള യജ്ഞത്തിലായി സൈബർ ലോകം. ഒടുവില്‍ ഗൂഗിള്‍ തങ്ങളുടെ ബര്‍ഗറാണ് തെറ്റായി കാണിച്ചിരിക്കുന്നതെന്ന് മനസിലാക്കി തിരുത്തി. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നേരിട്ടാണ് കൗതുകം നിറഞ്ഞ ക്ഷമാപണം നടത്തിയത്.

ഇമോജികള്‍ക്കെല്ലാം ആരംഭത്തില്‍ കല്‍പിക്കപ്പെടുന്ന അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ അവ ആ ഒരര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാനാവില്ല. ഇമോജികള്‍ക്ക് ഓരോ വ്യക്തികളും പല അര്‍ത്ഥങ്ങളാണ് കല്‍പ്പിക്കുന്നത്. അതേസമയം ചില സ്‌മൈലികളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാവാതെ അനവസരങ്ങളില്‍ ഉപയോഗിച്ച് കുഴപ്പത്തിലാവാനിടയുണ്ട്. ഇങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചില ഇമോജികളുമുണ്ട്

⚡ ചേര്‍ത്തുവെച്ച കൈകള്‍ ( 🙏 ) :
സാധാരണ രണ്ടുപേര്‍ കൈകള്‍ കൂട്ടിയടിക്കുന്ന ഹൈഫൈവ് (High Five) നെ കാണിക്കുന്നതിനും , ക്ലാപ്പ് അഥവാ കയ്യടിക്കുന്നതിനുമെല്ലാം ആണ് ഈ ഇമോജി സാധാരണയായി ആളുകള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരാളുടെ പ്രാര്‍ത്ഥനയെയോ , മറ്റൊരാളെ വണങ്ങുന്നതിനെയോ പ്രതിനിധീകരിക്കുന്ന ഇമോജിയാണ്.

⚡നിരാശയും എന്നാല്‍ ആശ്വാസവും ഉള്ള മുഖം (😥 ) :
ഒറ്റനോട്ടത്തില്‍ കരയുന്ന ചിത്രമാണ് ഇതെന്ന് തോന്നും. എന്നാല്‍ ഇതിലെ വെള്ളത്തുള്ളി കണ്ണുനീരല്ല, വിയര്‍പ്പിനെയാണ് പ്രതിനിധീകരിക്കുന്നത്. നിരാശയും എന്നാല്‍ ആശ്വാസവുമുള്ള മാനസികാവസ്ഥയെയാണ് ഈ സ്‌മൈലി പ്രതിനിധീകരിക്കുന്നത്.

ഞെട്ടല്‍ അമ്പരപ്പ് കാണിക്കുന്ന മുഖം (😵 ) :
കണ്ണിന്റെ സ്ഥാനത്ത് X X നല്‍കിയിട്ടുള്ള ഈ സ്‌മൈലി സാധാരണ മരിച്ച മുഖം ആയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. മറ്റുചിലര്‍ക്ക് ഇതെന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവുകയുമില്ല. യഥാര്‍ത്ഥത്തില്‍ നമുക്കുണ്ടാവുന്ന അമ്പരപ്പും ഞെട്ടലും അന്ധാളിപ്പുമെല്ലാം പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ഇമോജി.

ആലിംഗനം ചെയ്യുന്ന ഇമോജി  (🤗 ) :
ഇത് കയ്യടിക്കുന്നതിനെ (ക്ലാപ്പ്) പ്രതിനിധീകരിക്കുന്നതാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ആ അര്‍ത്ഥത്തിലാണ് ഇത് ആളുകള്‍ ഉപയോഗിക്കുന്നതും. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ആലിംഗനം ചെയ്യുന്നതിനെ കാണിക്കുന്ന ഇമോജിയാണ്. സൗഹൃദം പ്രകടിപ്പിക്കുന്നതിനും , ഊഷ്മളത പ്രകടിപ്പിക്കുന്നതിനുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.

വിയര്‍പ്പോടു കൂടിയ മുഖം (😥 ) :
ഈ ഇമോജി കരയുന്നതിനെ പ്രതിനിധീകരിക്കുന്നതാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് മാനസിക സമ്മര്‍ദ്ദം, പ്രയാസം, ക്ഷീണം അനുഭവിക്കുക തുടങ്ങിയവയെ കാണിക്കുന്നതാണ്. ഇതിലെ വെള്ളത്തുള്ളി കണ്ണുനീരിനെയല്ല വിയര്‍പ്പിനെയാണ് കാണിക്കുന്നത്.

നീണ്ട മൂക്കുള്ള മുഖം ( 🤥 ):
എന്താണിതിന് അര്‍ത്ഥമെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. നുണ പറയുന്നതിനെ, കാപട്യത്തെ കാണിക്കുന്നതിനാണ് ഈ ഇമോജി ഉപയോഗിക്കേണ്ടത്.

കൈ മുഷ്ടി (👊 ) :
പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനോ , സുഹൃത്തുക്കള്‍ തമ്മിലുള്ള ഐക്യം പ്രകടിപ്പിക്കുന്നതിനോ മുഷ്ടി കൂട്ടിയിടിക്കുന്നതിനെ കാണിക്കുന്ന ചിഹ്നമാണിത്. ഇത് പക്ഷെ മുഷ്ടി ചുരുട്ടി ഇടിക്കും എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. സമാനമായി മുഷ്ടി ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നില്‍ക്കുന്ന ഇമോജികളും ഉണ്ട്.

💅 (നെയിൽ പോളിഷ്)  :
അലസതയുള്ള , കൂടുതൽ ദേഷ്യക്കാരനായ, ഉത്തരവാദിത്തമില്ലാത്ത എന്നർത്ഥമാക്കുന്നതാണ്.  

💺 (സീറ്റ്)  :എന്ന ഇമോജിക്ക് “ട്രെയിൻ, തിയേറ്റർ, വിമാനം എന്നിവയിലെ റിസർവ്ഡ് ടിക്കറ്റ് സീറ്റ്” എന്നതിനെ സൂചിപ്പിക്കുന്നു

💃  :യൂണിക്കോഡിൽ നർത്തകി എന്ന് പേര് നൽകിയിരിക്കുന്നത്  ആഘോഷത്തിന്റെ ചിഹ്നമായി ഉപയോഗിക്കുന്നു.

✍️’ടേക്കിങ് നോട്ട്സ്’ : എന്തെങ്കിലും എഴുതുകയാണെന്ന് കാണിക്കാൻ  ഉപയോഗിക്കുന്നു. ലോങ്ങ് മെസ്സേജ് അടിക്കുന്ന ആളെ കളിയാക്കാനും വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ് .

ചില ഇമോജികൾ ജാപ്പനീസിന് പ്രത്യേകമായി നിർമ്മിച്ചിരിക്കുന്നു. ഉദാഹരണത്തിനായി
⚡കുനിയുന്ന ബിസിനസ്സ്മാൻ (🙇),
⚡മാസ്ക്കുള്ള മുഖം (😷), ⚡വെളുത്ത പുഷ്പം(💮)
എന്നിവ അതിശയകരമായ ഗൃഹപാഠത്തെ സൂചിപ്പിക്കുന്നു.

ഇമോജികള്‍ക്കെല്ലാം ഒരു പ്രഖ്യാപിത അര്‍ത്ഥമുണ്ടെങ്കിലും ആശയവിനിമയം നടത്തുന്ന വ്യക്തികള്‍ക്ക് സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയത്തെയും അവരുടെ സാഹചര്യങ്ങളും , മാനസികാവസ്ഥും അടുപ്പവുമെല്ലാം കണക്കിലെടുത്ത് ഏത് രീതിയില്‍ വേണമെങ്കിലും ഇതില്‍ പല ഇമോജികളെയും ഇഷ്ടാനുസരം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇരു വ്യക്തികളും തമ്മിലുള്ള പരസ്പര ധാരണയും അടുപ്പവുമെല്ലാം ഇമോജികളുടെ വ്യാഖ്യാനത്തെ സ്വാധീനിക്കും. അടുപ്പമില്ലാത്ത ഒരാള്‍ക്ക് അയക്കുന്ന സന്ദേശത്തില്‍ 😍 😘 ഇമോജികൾ ചേര്‍ക്കുന്നതും അടുപ്പമുള്ള ഒരാള്‍ക്ക് അത് അയക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!