സതാംപ്‌ടൺ : കോവിഡ് കാലത്തെ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിൽ വെസ്‌റ്റിൻഡീസിന് ഗംഭീര ജയം. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച ക്രിക്കറ്റ് 116 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് പുനരാരംഭിച്ചത്. സ്‌കോർ: ഇംഗ്ലണ്ട് 204, 313. വിൻഡീസ് 318, 6‐200.
ജയിക്കാൻ 200 റൺ ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് ക്ഷമയോടെ ബാറ്റ് ചെയ്‌ത് ലക്ഷ്യം കണ്ടു. സ്‌പിന്നും പേസും ഫലപ്രദമായി നേരിട്ട ജെർമെയ്‌ൻ ബ്ലാക്ക്‌വുഡാണ് ( 95) വിൻഡീസിന് വിജയമൊരുക്കിയത്. താരതമ്യേന ചെറിയ ലക്ഷ്യവുമായി കളി തുടങ്ങിയ വിൻഡീസിന് തുടക്കം പിഴച്ചു. നാലാം ഓവറിൽ ഓപ്പണർ ജോൺ കാംപെൽ (1) പരിക്കേറ്റ് പുറത്തായി. ആറാം ഓവറിൽ ക്രെയ്‌ഗ് ബ്രത്‌വെയ്‌റ്റിനെ (4) വീഴ്‌ത്തി ജോഫ്ര ആർച്ചെർ ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. പകരമെത്തിയ ഷമർ ബ്രൂസ് പൂജ്യനായി മടങ്ങിയതോടെ ഇംഗ്ലീഷ് ബൗളർമാർ വിജയം മണത്തു. ഷായ്‌ഹോപിനെ (9) മാർക്ക്‌വുഡ് ബൗൾഡാക്കിയതോടെ വിൻഡീസ് 12–-ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 27 റണ്ണിലേക്ക് കൂപ്പുകുത്തി.
എന്നാൽ നാലാം വിക്കറ്റിൽ റോസ്‌റ്റൺ ചേസും ജെർമെയ്‌ൻ ബ്ലാക്ക്‌വുഡും ചേർന്ന് പ്രതിരോധമൊരുക്കി. ഈ കൂട്ടുകെട്ട് 73 റണ്ണടിച്ചു. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ചേസിനെ (88 പന്തിൽ 37 )ആർച്ചെർ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു. ബ്ലാക്ക്‌വുഡിന് കൂട്ടെത്തിയ ഷെയ്‌ൻ ഡൗറിച്ച് (20) മികച്ച പിന്തുണ നൽകി. നാലാംദിവസം എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 284 റണ്ണിനാണ് ഇംഗ്ലണ്ട് കളി നിർത്തിയത്. അവസാനദിനം അവർക്ക് 34 റൺകൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളു. 76 റണ്ണെടുത്ത സാക് ക്രോളിയാണ് ഉയർന്ന സ്‌കോറുകാരൻ. വിൻഡീസ് നിരയിൽ ഷാനൻ ഗബ്രിയേൽ ഒമ്പത് വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ നാല്. മൂന്ന് മത്സര പരമ്പരയിൽ രണ്ടാമത്തേത് 16ന് മാഞ്ചസ്‌റ്ററിൽ നടക്കും.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം