പ്രിൻസ് മാത്യൂ കണയങ്കൽ എഴുതുന്നു
മുത്തശ്ശി കഥകളിൽ കേട്ടുശീലിച്ച രാജാവിന്റെ കഥകളോട് ഏറെസാമ്യം പുലർത്തിയിരുന്നു റാഞ്ചിയിൽ നിന്നും ഇന്ത്യൻ ടീമിലേക്കു സ്ഥാനംപിടിച്ച ആ നീളൻ മുടിക്കാരന്റെ ക്രിക്കറ്റ് കരിയർ. തേരും കാലാളും നഷ്ടപ്പെട്ട് യുദ്ധഭൂമിയിലേക്ക് പ്രവേശിക്കുന്ന ഏതൊരു രാജാവിനേം പോലെ “പ്രതീക്ഷ “എന്നവാക്ക് ജനമനസിലേക്ക് ഉയർത്തിപിടിച്ചുകൊണ്ട് അയാൾ ഗ്രൗണ്ടിലേക്ക് നടന്നെത്തുമ്പോൾ, ഗാലറികൾ ആർത്തിരമ്പികൊണ്ട് മന്ത്രോച്ചാരണം പോലെ ഏറ്റുപിടിക്കുന്ന ഒരുപേരുണ്ട് “ധോണി” എന്ന രണ്ടക്ഷരം. കേവലം ഷോർട്ടുകളുടെ ഭംഗിയോ മികച്ച ബാറ്റിംഗ് സാങ്കേതിക വിദ്യയോ അവകാശപ്പെടാൻ ഇല്ലാതെ , തന്റെ നേർക്കുവരുന്ന വരുന്ന ഓരോ പന്തിനെയും ഗാലറികൾ എത്തിച്ചുകൊണ്ട് ആരാധകർക്ക് വിരുന്നൊരുക്കുന്ന മനോഹരമായ കാഴ്ച അതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി.
സൗരവ് ഗാംഗുലി എന്ന അഗ്രെസ്സിവ് ക്യാപ്റ്റന്റെ ശിക്ഷണത്തിൽ 2004 യിൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിക്കപെട്ട ആദ്യ ഏകദിന മത്സരത്തിൽ സംപൂജ്യനായി ധോണി മടങ്ങിയെങ്കിലും ദാദ എന്ന ക്യാപ്റ്റൻ അദ്ദേഹത്തിൽ അങ്ങേയറ്റം വിശ്വാസം പുലർത്തിയിരുന്നു, അതുകൊണ്ടാകാം അന്നുവരെ വിക്കറ്റിന് പിറകിൽ മാത്രം സ്ഥാനംപിടിച്ചു നിന്ന ധോണിയെ പാകിസ്താനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ബാറ്റിംഗ് മുൻനിരയിലേക്ക് ദാദാ കൈപിടിച്ച് കയറ്റിയത്, അന്ന് ഗാലറിയിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് കാണികളെ അഭിവാദ്യം ചെയ്തുകൊണ്ട് 148 റൺസോടെ പവലിയനിലേക്ക് അദ്ദേഹം മടങ്ങുമ്പോൾ, ഗാലറിയിൽ നിറഞ്ഞ ജനസാഗരം എഴുന്നേറ്റുനിന്ന് ഹർഷാരവങ്ങൾ മുഴക്കികൊണ്ട് അയാളെ വരവേറ്റത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന സിംഹാസനത്തിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു..
1975 മുതൽ ആരംഭിച്ച ഏകദിന വേൾഡ് കപ്പ് ഓരോതവണ പുതുമയോടെ കടന്നെത്തുമ്പോൾ വലിയ രീതിയിൽ പ്രേക്ഷകശ്രെദ്ധ നേടിയെടുക്കാറുണ്ട്, എന്നാൽ 2007 യിൽ വെസ്റ്റ് ഇൻഡീസിൽ അരങ്ങേറിയ ഏകദിന വേൾഡ് കപ്പ് ഇന്ത്യയിലെ ഓരോ ക്രിക്കറ്റ്പ്രേമിയും തന്റെ ഓർമകളിൽനിന്നും മായിചിട്ടുണ്ടാവാം, അന്ന് ലങ്കയോട് തോറ്റു പുറത്തേക്ക് പോയ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം രാഹുൽ ദ്രാവിഡ് ഉപേക്ഷിച്ചപ്പോൾ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ മുഴുവനും ക്രിക്കറ്റ് ഇതിഹാസം സച്ചിനിലേക്ക് പതിയെ നീങ്ങിത്തുടങ്ങി, പക്ഷേ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല , പകരം വിക്കറ്റിന് പിറകിൽ നിന്ന് ചില ഫീൽഡിങ് മാറ്റങ്ങൾ വരുത്തിയിരുന്ന ധോണിയുടെ വൈഭവത്തിൽ ആകൃഷ്ടനായ അദ്ദേഹം, ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് ” മഹിന്ദ്ര സിങ് ധോണി ” എന്നനാമം ബിസിസിഐയുടെ മുന്നിലേക്ക് അവതരിപ്പിച്ചു..
ഐതിഹാസിക പോരാട്ടത്തിന് തുടക്കംകുറിച്ചു എന്നുതന്നെ പറയാം മഹിന്ദ്ര സിങ് ധോണിയുടെ പട്ടാഭിഷേകത്തിന് , ആ വർഷം തുടക്കം കുറിച്ച പ്രഥമ ടി20 വേൾഡ് കപ്പിന് ഇന്ത്യ സൗത്ത് ആഫ്രിക്കയിലേക്ക് വണ്ടികയറുമ്പോൾ, പ്രജകളുടെ വിശ്വാസം നഷ്ടപ്പെട്ട് ഒരു രാജ്യത്തിന്റെ മുഴുവൻഭാരവും തന്റെ തോളിലേറ്റപ്പെട്ട രാജകുമാരന്റെ അവസ്ഥ ആയിരുന്നു അദ്ദേഹത്തിന്, ക്രിക്കറ്റ് പോരാട്ടത്തിന് കായിക ബലത്തേക്കാൾ ചാണക്യ തന്ത്രങ്ങൾക്കു പ്രാധാന്യം നൽകി എതിർ ടീമിനെ കളിക്കളത്തിൽ മുട്ടുകുത്തിക്കുമ്പോൾ, ധോണി എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനേക്കാൾ ലോകം കണ്ട മികച്ച ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള പലകായ പ്രേവേശത്തിന് കൂടിയായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്, അന്ന് ചീട്ടുകൊട്ടാരം പോലെ ഇന്ത്യക്ക് മുന്നിൽ തകർന്നുവീണ ക്രിക്കറ്റ് ടീമുകളുടെ പട്ടികയിൽ ലോക ചാമ്പ്യന്മാരായ ഓസീസും, ഫൈനൽ മത്സരത്തിൽ പാകിസ്ഥാനും സ്ഥാനം പിടിച്ചതോടെ പ്രഥമ ടി20 വേൾഡ് കപ്പിൽ മുത്തമിടാൻ ധോണി എന്ന നായകനിലൂടെ ഇന്ത്യക്ക് സാധിച്ചു..
2011 ഏപ്രിൽ രണ്ടിന് മുംബൈയിലെ ഒരു സായാഹ്നം, വാങ്കഡെയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനെ ഇരുട്ടിൽ ആഴ്ത്തികൊണ്ട് അസ്തമയ സൂര്യൻ കടലിലേക്ക് പതിച്ചപ്പോൾ, മറ്റൊരു സൂര്യന്റെ ഉദയത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, അന്ന് ജനസാഗരങ്ങളെ സാക്ഷയാക്കി വേൾഡ് കപ്പ് ഫൈനലിൽ കുലശേഖരയുടെ പന്ത് ലോങ്ങ് ഓണിന് മുകളിൽ കൂടി സിക്സെർ പറത്തി വിജയറൺ നേടുമ്പോൾ, കംമെന്ടറി ബോക്സിൽ നിന്നും രവി ശാസ്ത്രി ഉറക്കെ വിളിച്ചു പറഞ്ഞു
“Dhoni finishes it in style. A magnificent strike into the crowd, India lift the world cup after 28 years.”
അഞ്ഞൂറിൽ അധികം ഇന്റർനാഷണൽ മത്സരങ്ങൾ, 15000+ ഇന്റർനാഷണൽ റൺസ്, വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും മികച്ച റെക്കോർഡുകൾ, 2007 ടി20 വേൾഡ് കപ്പ്, 2011 ഏകദിന വേൾഡ് കപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി, 2008 യിൽ ഓസ്‌ട്രേലിയയിൽ നേടിയെടുത്ത കോമൺ വെൽത്ബാങ്ക് സീരീസുൾപ്പെടെ ഒരുപാട് നേട്ടങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ വിദേശത്ത് മികച്ച റെക്കോർഡുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് വിമർശകർ പറയുമ്പോഴും ന്യൂസിലന്റിൽ നേടിയെടുത്ത ടെസ്റ്റ് പരമ്പരയും സൗത്ത് ആഫ്രിക്കയിൽ ജയിച്ച ടെസ്റ്റ് മത്സരത്തിനു മുന്നിൽ മുഖംതിരിച്ചു നിൽക്കാൻ നമ്മുക്ക് ഒരിക്കലും സാധിക്കില്ല.
2019 വേൾഡ് കപ്പിന് ശേഷം ഇന്റർനാഷണൽ മത്സരങ്ങൾ ഉപേക്ഷിച്ചു കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന ധോണിയുടെ വരവിനായി കാത്തിരുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കികൊണ്ട് പതിനാറ് വർഷം നീണ്ടുനിന്ന ഇന്റർനാഷണൽ ക്രിക്കറ്റിന് അദ്ദേഹം പരിസമാപ്തി കുറിച്ചിരിക്കുന്നു..
കാസർഗോഡ് ജില്ലയിൽ എളേരി സ്വദേശിയായ പ്രിൻസ് മാത്യു കണയങ്കൽ 2011 മുതൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നു. കാസർഗോഡ് ജില്ല അണ്ടർ 15 ക്രിക്കറ്റ് ടീമിൻറെ ഉപനായകൻ ആയിരുന്നു .
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം