റിനീഷ് സദാശിവൻ
💐💐💐 സൗരവ് ഗാംഗുലി 💐💐💐
ഒരു മനുഷ്യൻ അവന്റെ കർമ്മ മണ്ഡലങ്ങളിൽ,സംഭവബഹുലമായ പോരാട്ടങ്ങളിലൂടെ കടന്ന് പോകുകയും,,ഉയർച്ചകളിൽ അഹങ്കാരിക്കാതെ,,താഴ്ച്ചകളിൽ പതറാതെ സുധീരനായി കടന്ന് പോകുകയും അജയ്യനായി നിലനിൽക്കുകയും ചെയ്യുമ്പോൾ കാലം അവരെ ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നു.
പോരാട്ട വീര്യം എന്ന മേഖലയിൽ നമുക്ക് കിട്ടിയ ഇതിഹാസം തന്നെയാണ് സൗരവ് ഗാംഗുലി.നമ്മുടെ സ്വന്തം ദാദ,, നമ്മുടെ സ്വന്തം നായകൻ 👌👌👌👌👌👌👌
1972 ജൂലൈ 8 ന് കൊൽക്കത്തയിലെ ഒരു രാജകുടുംബത്തിൽ ജനിച്ച സൗരവ് ,ഫുട്‌ബോൾ മണ്ണിലെ ഊറ്റം കൊണ്ട് ചെറുപ്പത്തിൽ ഒരു കാൽപന്ത് കളിക്കാരൻ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു.എന്നാൽ കാലം കാത്തു വെച്ചത് പോൽ അയാൾ ക്രിക്കറ്റിന്റെ മാസ്മരിക ലോകത്തേക്ക് പറിച്ചു നടപെട്ടു.ഗാംഗുലിയുടെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉള്ള ക്ഷണക്കത്ത് സമ്മാനിച്ചു.അങ്ങനെ വെസ്റ്റിൻഡീസിനെതിരെ നടന്ന ഏകദിന മത്സരത്തിൽ കൊൽക്കത്തയുടെ രാജകുമാരൻ അരങ്ങേറ്റം കുറിച്ചു.എന്നാൽ ആദ്യ മത്സരത്തിൽ വളരെ പരിതാപകരമായി കീഴടങ്ങേണ്ടി വന്നു സൗരവിന്.
തുടക്കത്തിൽ തന്നെ അഹങ്കാരി എന്ന മുദ്ര കുത്തി ടീം മാനേജ്മെന്റ് സൗരവിനെ തഴഞ്ഞു..പുതിയ കളിക്കാരോടുള്ള അവരുടെ സമീപനത്തെ ചോദ്യം ചെയ്തതായിരുന്നു അതിന്റെ കാരണം.പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ മികച്ചു നിന്നപ്പോഴും സീനിയർ ടീമിലേക്ക് പരിഗണന ലഭിച്ചില്ല.സൗരവ് എന്ന പേര് അവർ മറന്ന് തുടങ്ങി.
പക്ഷെ സൗരവിലെ പോരാളി വീണ്ടും ഉണർന്നു.രഞ്ജി ട്രോഫിയിലെയും,,ദുലീപ് ട്രോഫിയിലെയും മികച്ച പ്രകടനങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ സെലക്ടർമാർക്ക് കഴിഞ്ഞില്ല.1996 ഇൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ ഗാംഗുലി ഇടം നേടി.ഇടം നേടിയെങ്കിലും അവഗണന നില അതേ പോലെ നിലനിന്നിരുന്നു.
ഇന്ത്യൻ ടീമിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉള്ള സമയം ആയിരുന്നു അത്.അന്നത്തെ ക്യാപ്റ്റൻ അസ്ഹറുദീനും ആയി ഉള്ള പ്രശ്നം മൂലം നവജ്യോത് സിങ് സിദ്ധു നാട്ടിലേക്ക് മടങ്ങിയതും,സഞ്ജയ് മഞ്ചരേക്കറിന് പരിക്ക് മൂലം കളിക്കാൻ സാധിക്കാതെ വന്നതും ഗാംഗുലിക്ക് അവസരമായി.അങ്ങനെ രണ്ടാം ടെസ്റ്റിൽ സൗരവ് ഇന്ത്യക്കായി പാഡ് കെട്ടി.
രണ്ടാം ടെസ്റ്റ് നടന്നത് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്‌സിലാണ് നടന്നത്.അന്ന് അവിടുത്തെ മണ്ണ് ഓഫ് സൈഡിലെ ദൈവത്തിന്റെ അവതാരത്തിന് സാക്ഷ്യം വഹിച്ചു..വരാൻ പോകുന്ന ഒരു യുഗത്തിന്റെ തുടക്കമായിരുന്നു അത്.
സച്ചിൻ – ഗാംഗുലി ഓപ്പണിങ് കൂട്ട്കെട്ട് എത്രയെത്ര ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ചു.തിരികെയെത്തിയ സൗരവ് ഒരു വിസ്മയമായി മാറുകയായിരുന്നു.സഹാറ കപ്പിൽ തുടർച്ചയായ നാല് മാൻ ഓഫ് ദി മാച്ച്,ഇൻഡിപെൻഡൻസ് കപ്പിലെ പ്രകടനം ഒക്കെ സൗരവ് എന്ന കളിക്കാരനെ ഇന്ത്യൻ ടീമിലെ മികച്ചവരുടെ പട്ടികയിലേക്ക് ഉയർത്തി.
ഒരു ബാറ്റ്സ്മാൻ മാത്രമായി അല്ല, തന്റെ മീഡിയം പേസ് പന്തുകൾ കൊണ്ടും അയാൾ ടീമിനെ സഹായിച്ചു.പാകിസ്ഥാനെതിരെ നേടിയ 5 വിക്കറ്റ് പ്രകടനം ഒരു ചെറിയ ഉദാഹരണം മാത്രം.ബാറ്റ് കൊണ്ടും ,പന്തുകൊണ്ടും എത്രയോ മികച്ച പ്രകടനങ്ങൾ അയാൾ നടത്തുകയുണ്ടായി.
2000 എന്ന വർഷം ഇന്ത്യൻ ക്രിക്കറ്റിന്റെ ഇരുണ്ട കാലഘട്ടം ആയി മാറി..കോഴ വിവാദം ടീമിനെ തകർത്തു.ഇന്ത്യൻ ടീമിന്റെ ഭാവി ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ പതറി നിൽക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി ഗാംഗുലിക്ക് ഇന്ത്യൻ ടീം നായകത്വം കൈ വരുന്നത്.ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച ഏറ്റവും ശക്തമായ,വിപ്ലവകരമായ ഒരു മുന്നേറ്റം ആയിരുന്നു അത്.അതേ വർഷം നടന്ന
ICC നോക്ക്ഔട്ട് ടൂർണമെന്റിൽ ഫൈനലിൽ എത്തിക്കുന്നതിൽ ഒരു ക്യാപ്റ്റൻ എന്ന നിലയിലും ,കളിക്കാരൻ എന്ന നിലയിലും സൗരവ് ആണ് മുൻകൈ എടുത്തത്.മറ്റ് ക്രിക്കറ്റ് രാജ്യങ്ങൾക്ക് മുൻപിൽ അപഹസ്യരായി,തല കുനിച്ചു നിന്നിരുന്ന ഒരു ടീമിന് അമൃത് പോലെ ആയിരുന്നു ആ ഫൈനൽ പ്രവേശനം..വലിയൊരു തുടക്കത്തിന്റെ ആരംഭം.”ഇന്ത്യൻ ക്രിക്കറ്റ് ടീം” എന്ന ലേബലിൽ നിന്നും ,”ടീം ഇന്ത്യ” എന്ന വൻ ശക്തിയിലേക്ക് ഉള്ള ആദ്യ ചുവട് ആയിരുന്നു അത്.
തുടർച്ചയായ 15 ടെസ്റ്റ് വിജയങ്ങളുടെ അകമ്പടിയോട് കൂടി ഇൻഡ്യയിൽ വിരുന്നെത്തിയ ഓസീസിനെതിരെ ഇൻഡ്യ നേടിയ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും സൗരവിനാണ്.അയാളുടെ സുപ്രധാനമായ തീരുമാനങ്ങളായിരുന്നു ആ വിജയങ്ങളുടെ അടിത്തറ. VVS ലക്ഷ്മണന് ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകിയതും,,ഹർഭജൻ എന്ന യുവ ബൗളർക്ക് അവസരം നൽകിയതും,,നിർണായക സമയങ്ങളിൽ സച്ചിനിലെ ബൗളറെ ഉപയോഗിച്ചതും ഒക്കെ അവയിൽ കുറച്ചു മാത്രം.
2002 ലെ നാറ്റ് വെസ്റ്റിലെ ചരിത്ര വിജയം,2003 ലോകകപ്പിലെ പ്രകടനം,പാകിസ്താനിൽ നടന്ന സമ്പൂർണ്ണ ടെസ്റ്റ് വിജയം,ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് വിജയം ഒക്കെ ആ നായക മികവിന്റെ കീഴിൽ ഇൻഡ്യ നേടിയെടുത്തു.നാറ്റ് വെസ്റ്റ് സീരീസ് ജയിച്ച സമയം ജേഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തിയ സൗരവ് ,ഓരോ ഇൻഡ്യൻ ക്രിക്കറ്റ് ആരാധകരെയും രോമാഞ്ചപെടുത്തി.
ദാദാ എന്ന വിളിപ്പേര് വെറുതെ കിട്ടിയതല്ല സൗരവിന്..തന്റെ ടീമിലെ മറ്റ് കളിക്കാരോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ അത് പോലെയായിരുന്നു.കഴിവുള്ള കളിക്കാർക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ അയാൾ,,അവരുടെ മോശം സമയത്തും ചേർത്തു നിർത്തി.
സെവാഗ്, ഹർഭജൻ, കൈഫ്, സഹീർ, യുവരാജ്, പത്താൻ, ധോണി etc ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകൾ എടുത്തു പരിശോധിച്ചാൽ ഇവർക്കൊക്കെ ഗാംഗുലി നൽകിയ പരിഗണനയും,കരുതലും വ്യക്തമായി കാണാം.
കളിക്കളത്തിൽ ഇന്ത്യൻ ടീമിന്റെ പരീക്ഷണ കാലം ഏറെക്കുറെ കഴിഞ്ഞെങ്കിലും ,. ജോൺ റൈറ്റ് എന്ന മാന്യനായ പരിശീലകന്റെ വിട പറച്ചിലിന് ശേഷം ഇന്ത്യൻ പരിശീലകൻ ആയി എത്തിയ ഗ്രെഗ് ചാപ്പൽ എന്ന തുഗ്ലക്ക് പരിഷ്കാരങ്ങളുടെ കൂട്ട്കാരന്റെ വരവോട് കൂടി ഇന്ത്യൻ ടീമിൽ വീണ്ടും അത് തലപൊക്കി തുടങ്ങി.ബാറ്റിങ്ങിലെ ഫോമില്ലായ്മ ചൂണ്ടി കാട്ടി അയാൾ സൗരവിന് നിർബന്ധിത വിശ്രമം നൽകുകയും,ദ്രാവിഡിനെ നായക സ്ഥാനം ഏൽപ്പിക്കുകയും ചെയ്തു.ഇന്ത്യൻ ക്രിക്കറ്റിലെ നിഴൽ യുദ്ധങ്ങൾക്കും,, ആഭ്യന്തര,രാഷ്ട്രീയ പകപോക്കലുകൾക്കും ഗാംഗുലി വീണ്ടും ഇരയാവുകയായിരുന്നു.
അങ്ങനെ 2008 ഇൽ ഓസീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തോട് കൂടി ആ നായകൻ ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറഞ്ഞു.ടെസ്റ്റിന്റെ അവസാന സെഷൻ ,ടീമിനെ നയിക്കാൻ അപ്പോഴത്തെ ക്യാപ്റ്റൻ ധോണി ,,ഗാംഗുലിയെ ക്ഷണിച്ചു.ഒരു ചെറു പുഞ്ചിരിയോട് കൂടി ഗാംഗുലി അതേറ്റെടുത്തപ്പോൾ,,ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ കണ്ണ് നിറഞ്ഞിട്ടുണ്ടാവാം.ഓഫ് സൈഡിലെ ദൈവത്തിന്റെ ഷോട്ടുകൾ,,ക്രീസ് വിട്ടിറങ്ങി ഉള്ള സിക്സറുകൾ ,ഇനിയില്ല എന്നവർ മനസിലാക്കിയിട്ടുണ്ടാവാം.രാജ്യം പത്മശ്രീ കൊടുത്ത് ആ പ്രതിഭയെ ആദരിച്ചു.ഇന്ത്യൻ ടീമിന്റെ ഭാവി മുൻകൂട്ടി കണ്ട് മികച്ച ഒരു പിടി കളിക്കാർക്ക് അവസരം നൽകിയ അയാൾ ഇന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്ത് ഉണ്ട് എന്നത് ,അയാളെ ഇഷ്ട്ടപ്പെടുന്ന എന്നെ പോലെയുള്ള ആളുകൾക്ക് സന്തോഷം നൽകുന്നു.
കോട്ടയം കടുത്തുരുത്തി സ്വദേശിയായ റിനീഷ് സദാശിവൻ 2001ലെ ക്രിക്കറ്റ് ഒളിമ്പ്യാഡ് ക്വിസ് കോട്ടയം ജില്ലാ ചാമ്പ്യനും സംസ്ഥാന റണ്ണറപ്പും ആണ്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .