നിതിൻ ജോസ്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ. ഫൈനലിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വെദേവിനെ തകർത്താണ് നദാൽ കിരീടത്തിൽ മുത്തമിട്ടത്.
ഈ കിരീടനേട്ടത്തോടെ സമാനതകളില്ലാത്ത ചരിത്ര നേട്ടം ആറാം സീഡായ നദാൽ സ്വന്തം പേരിൽ കുറിച്ചു. ടെന്നീസിൽ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡാണ് നദാൽ സ്വന്തം പേരിൽ കുറിച്ചത്. റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവരെ മറികടന്നാണ് 35 കാരനായ നദാൽ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം പിന്നീട് മൂന്ന് സെറ്റുകൾ നേടിക്കൊണ്ട് നദാൽ മത്സരം സ്വന്തമാക്കി. സ്കോർ; 2-6, 6-7, 6-4, 6-4, 7-5
മെദ്വെദേവ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും പരിചയസമ്പത്തിന്റെ കരുത്തിൽ നദാൽ തിരിച്ചടിക്കുകയായിരുന്നു. മൂന്ന്, നാല്, അഞ്ച് സെറ്റുകളിൽ നദാലിന്റെ മാരക ഫോമിന് മുന്നിൽ പിടിച്ചുനിൽക്കാൻ മെദ്വെദേവിന് സാധിച്ചില്ല.
നദാൽ നേടുന്ന രണ്ടാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ഇതിന് മുൻപ് 2009-ലാണ് താരം കിരീടത്തിൽ മുത്തമിട്ടത്. അന്ന് സാക്ഷാൽ റോജർ ഫെഡററെ കീഴടക്കിയാണ് നദാൽ കിരീടം സ്വന്തമാക്കിയത്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .