പാരീസ് : കളിമൺ കോർട്ടിൽ തനിക്കൊത്ത എതിരാളി ഇനിയും പിറന്നിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച സ്പാനിഷ് കരുത്തൻ റാഫേൽ നദാൽ തന്റെ കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം നേടി 20 കരിയർ ഗ്രാൻസ്ളാമുകൾ എന്ന റോജർ ഫെഡററുടെ റെക്കാഡിനൊപ്പമെത്തി. ഇന്നലെ റൊളാംഗ് ഗോരോയിൽ നടന്ന ഫൈനലിൽ നിലവിലെ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നദാൽ ചരിത്രം സൃഷ്ടിച്ചത്. സ്കോർ : 6-0,6-2,7-5
ഒരു ഗെയിം പോയിന്റ് പോലും നേടാൻ അനുവദിക്കാതെയാണ് നദാൽ ആദ്യ സെറ്റ് സ്വന്തമാക്കിയത്. നൊവാക്കിന്റെ മൂന്ന് സർവുകളും നദാൽ ബ്രേക്ക് ചെയ്തുകളഞ്ഞു.രണ്ടാം സെറ്റിൽ അൽപ്പമൊന്ന് പൊരുതാൻ ലോക ഒന്നാം നമ്പർ താരമായ നൊവാക്ക് ശ്രമിച്ചെങ്കിലും നദാലിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മൂന്നാം സെറ്റിൽ സർവ് ബ്രേക്ക് ചെയ്യപ്പെടുന്നതിന്റെ വക്കിൽ നിന്ന് തിരികെയെത്തിയ നൊവാക്ക് ഇഞ്ചോടിഞ്ച് പൊരുതിനോക്കി.എന്നാൽ അവസാനം കീഴടങ്ങേണ്ടിവന്നു. രണ്ട് മണിക്കൂർ 41 മിനിട്ടുകൊണ്ടായിരുന്നു നദാലിന്റെ വിജയം.
കഴിഞ്ഞ 16 വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് കിരീടത്തിൽ നദാലിന്റെ ചുംബനം പതിയാതിരുന്നത്.
56
നൊവാക്കും നദാലുംതമ്മിൽ ഇതുവരെ നടന്ന പോരാട്ടങ്ങളുടെ എണ്ണം.
29-27
വിജയങ്ങളുടെ എണ്ണത്തിൽ മുന്നിൽ നൊവാക്കാണ്.
9
ഗ്രാൻസ്ളാം ഫൈനലിൽ മുഖാമുഖം വന്നത് ഒൻപതാം തവണ.അഞ്ചുതവണ നദാൽ വിജയം നേടി.
27
എല്ലാ ടൂർണമെന്റുകളിലുമായി ഇരുവരും നേർക്കുനേർ വന്ന ഫൈനലുകളുടെ എണ്ണം.ഇതിൽ 15-12ന് നൊവാക്കിന് ലീഡ്.
7-1
ഫ്രഞ്ച് ഓപ്പണിൽ ഇതുവരെ നേർക്കുനേർ കളിച്ച എട്ട് മത്സരങ്ങളിൽ നോവക്ക് ഒരു വിജയം നേടിയപ്പോൾ ഏഴ് വിജയം നദാലിന്. മൂന്ന് ഫൈനലുകളും ഉൾപ്പെടുന്നു.
20
ഈ കിരീടനേട്ടത്തോടെ നദാൽ റോജർ ഫെഡററുടെ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾ എന്ന റെക്കാഡിലെത്തി.
13
നദാലിന്റെ ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പണുകൾ നേടിയ താരമാണ് നദാൽ.
18
നൊവാക്ക് ഇതുവരെ നേടിയ ഗ്രാൻസ്ളാം കിരീടങ്ങളുടെ എണ്ണം.
നദാൽ സ്ളാം
റാഫേൽ നദാൽ ഇതുവരെ നേടിയ ഗ്രാൻസ്ളാം കിരീടങ്ങളും വർഷവും
ഫ്രഞ്ച് ഓപ്പൺ : 2005,2006,2007,2008,2010,2011,2012,2013,2014,2017,2018,2019,2020
ആസ്ട്രേലിയൻ ഓപ്പൺ : 2009
വിംബിൾഡൺ : 2008,2010
യു.എസ് ഓപ്പൺ : 2010,2013,2017,2019
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം