സ്പോർട്സ് ഡെസ്ക്
ദോഹ : ലോകകപ്പിനെത്തുമ്പോൾ ആരും അത്ര ശ്രദ്ധിക്കാതിരുന്ന ഒരു ടീമിന്റെ പടയോട്ടത്തിനാണ് ഖത്തർ സാക്ഷ്യം വഹിക്കുന്നത്. അപരാജിത തേരോട്ടം എത്തിനിൽക്കുന്നത് ലോകകപ്പ് സെമിഫൈനലിൽ. ലോകകപ്പ് സെമിഫൈനലിൽ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രനേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയിരിക്കുന്നത്; അതും വീരോചിതമായിതന്നെ.
കാമറൂൺ, സെനഗൽ, ഘാന എന്നീ രാജ്യങ്ങളാണ് മുൻപ് ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. കാമറൂൺ 1990 ലും സെനഗൽ 2002 ലും ഘാന 2010 ലുമാണ് ക്വാർട്ടർ കളിച്ചിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ മൊറോക്കോയുടെ അപരാജിത ജൈത്രയാത്രയുടെ തുടർച്ചയാണ് പ്രീക്വാർട്ടറിലും ക്വാർട്ടറിലും കണ്ടത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച മൊറോക്കോ, രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു.
അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു ജയിച്ച മൊറോക്കോ, മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റോടെ ഗ്രൂപ്പ് എഫ് ചാംപ്യന്മാരായാണ് പ്രീക്വാർട്ടറിൽ കടന്നത്. ഈ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാർട്ടറിൽ കടന്നത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ അട്ടിമറിച്ചത്. സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ, 3–0നാണ് മൊറോക്കോയുടെ വിജയം. 1970ലെ മെക്സിക്കോ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച മൊറോക്കോയുടെ 52 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ആദ്യ ക്വാർട്ടർ പ്രവേശനം.
പിന്നാലെ, 1966നു ശേഷം ആദ്യ ലോകകപ്പ് സെമി സ്വപ്നം കണ്ട് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങിയ പോർച്ചുഗലിനെ 42–ാം മിനിറ്റിൽ യൂസഫ് എൻ നെസിറിയുടെ ഗോളിൽ മറികടന്ന് ആഫ്രിക്കൻ കരുത്തരുടെ സെമിപ്രവേശം. ഫ്രാൻസ് – ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലെ വിജയികളാണ് സെമിയിൽ മൊറോക്കോയുടെ എതിരാളികൾ.
More Stories
കേഫാക്ക് ലീഗിൽ ചരിത്രം കുറിച്ച് അൽ ഹൈത്തം കേരള ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ