ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്. വാശിയേറിയ പോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി ട്രോഫി കൈയിലെടുക്കാൻ കഴിഞ്ഞത് ക്ലോപ്പിന്റെ മിന്നുംഫോമിലുള്ള സംഘത്തിന് ഇരട്ടിമധുരമായി.
ഗോൾമഴ പെയ്ത മത്സരത്തിൽ ചെൽസിയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുയർത്തി. നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നെങ്കിലും വാശിയേറിയ പോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി ട്രോഫി കൈയിലെടുക്കാൻ കഴിഞ്ഞത് ക്ലോപ്പിന്റെ മിന്നുംഫോമിലുള്ള സംഘത്തിന് ഇരട്ടിമധുരമായി. തൊട്ടുമുന്നത്തെ മത്സരത്തിൽ ലിവർപൂളിനെ വീഴ്ത്തിയ ആർസനൽ ആസ്റ്റൻവില്ലയോട് തോറ്റപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തം തട്ടകത്തിൽ വെസ്റ്റ്ഹാമിനോട് സമനില വഴങ്ങി.
മൂന്നു ഗോളിന് പിറകിലായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ചെൽസിയാണ് ആൻഫീൽഡിലെ മത്സരത്തെ ആവേശഭരിതമാക്കിയത്. 23-ാം മിനുട്ടിൽ നാബി കെയ്റ്റയും 38-ാം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് അലക്‌സാണ്ടർ അർനോൾഡും 43-ാം മിനുട്ടിൽ വിനാൽഡമും ഗോൾ നേടിയപ്പോൾ ലിവർപൂൾ അനായാസ ജയം നേടുമെന്ന് തോന്നിച്ചു. എന്നാൽ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഒലിവർ ജിറൂഡ് സന്ദർശകർക്ക് പ്രതീക്ഷ നൽകി.
54-ാം മിനുട്ടിൽ റോബർട്ടോ ഫിർമിനോയുടെ ഗോളിൽ ലിവർപൂൾ മൂന്നുഗോൾ ലീഡ് തിരിച്ചുപിടിച്ചെങ്കിലും ടാമി എബ്രഹാം (61-ാം മിനുട്ട്), ക്രിസ്റ്റ്യൻ പുലിസിച്ച് (73) എന്നിവർ ചെൽസിക്കു വേണ്ടി രണ്ട് ഗോൾ കൂടി മടക്കി. സമനില ഗോളിനായി സന്ദർശകർ ആഞ്ഞുപിടിക്കുന്നതിനിടെ അലക്‌സ് ഓക്‌സ്ലേഡ് ചേംബർലൈൻ ലിവർപൂളിന്റെ വിജയമുറപ്പിച്ചു.
ചാമ്പ്യൻസ് ലീഗ് സ്‌പോട്ടിനു വേണ്ടി ശക്തമായി രംഗത്തുള്ള മാഞ്ചസ്റ്റർ ഒരു ഗോൾ വഴങ്ങിയ ശേഷമാണ് സമനിലയുമായി രക്ഷപ്പെട്ടത്. 45-ാം മിനുട്ടിൽ ഫ്രീകിക്ക് തടയുന്നതിനിടെ പോൾ പോഗ്ബ ബോക്‌സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടപ്പോൾ വെസ്റ്റ്ഹാമിന് പെനാൽട്ടി കിക്ക് ലഭിച്ചു. കിക്കെടുത്ത മിക്കയ്ൽ അന്റോണിയോ അനായാസം ലക്ഷ്യം കാണുകയും ചെയ്തു. 51-ാം മിനുട്ടിൽ ഗ്രീൻവുഡ്ഡിലൂടെ യുനൈറ്റഡ് ഗോൾ മടക്കിയെങ്കിലും പിന്നീട് വിജയഗോൾ കണ്ടെത്താനായില്ല.
റെലഗേഷൻ ഭീഷണി നേരിടുന്ന ആസ്റ്റൻവില്ല, മഹ്മൂദ് ഹസൻ ട്രെസഗേ നേടിയ ഏക ഗോളിനാണ് കരുത്തരായ ആർസനലിനെ കീഴടക്കിയത്. 27-ാം മിനുട്ടിലായിരുന്നു ഗോൾ. 34 പോയിന്റുമായി 17, 18 സ്ഥാനങ്ങളിലുള്ള ആസ്റ്റൻവില്ലക്കും വാറ്റ്‌ഫോഡിനും പ്രീമിയർ ലീഗിൽ തുടരണമെങ്കിൽ അടുത്ത റൗണ്ടിലെ മത്സരങ്ങൾ നിർണായകമാണ്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .