നിതിൻ ജോസ് ( സ്പോർട്സ് റിപ്പോർട്ടർ )
പതിനാലാം ഐപിഎൽ പ്രാഥമിക ഘട്ടം കഴിയുമ്പോൾ ഡൽഹിയും ചെന്നൈയും ആദ്യ രണ്ടു സ്ഥാനക്കാർ ആയപ്പോൾ ബാംഗ്ലൂർ മൂന്നാമതും കൊൽക്കത്ത നാലാമതും എത്തി ക്വാളിഫയർ കളിക്കാൻ അർഹത നേടി.
കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പ് ആയ ഡൽഹി ക്യാപിറ്റൽസ് ഇത്തവണ ആദ്യറൗണ്ട് കഴിയുമ്പോൾ 10 വിജയങ്ങളുമായി ഒന്നാമതെത്തിയാണ് ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. ഒരു ടീം എന്ന നിലയിൽ അവർ കാണിക്കുന്ന ഒത്തിണക്കവും പോണ്ടിങ് എന്ന ചാണക്യന്റെ തന്ത്രങ്ങളും ചേരുമ്പോൾ അവർ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല എന്ന് സാരം.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ കേട് തീർത്ത് കൊണ്ടാണ് ധോണിയും കൂട്ടരും ഇത്തവണ ക്വാളിഫയർ കളിക്കാൻ അർഹത നേടിയത്. 9 വിജയങ്ങളും ആയി 18 പോയിന്റുമായി രണ്ടാമത് അവർ എത്തി. ഓപ്പണർമാരായ റിതുരാജ് ഗെയ്ക്വാദിന്റെയും ഡ്യൂപ്ലിസിയുടെയും മികച്ച ഫോമും ഓൾറൗണ്ടർ ജഡേജയുടെയും വെറ്ററൻ താരം ബ്രാവോയുടെ ബൗളിംഗ് മികവും അവരെ ശക്തരാക്കുമ്പോൾ ധോണിയുടെയും റെയ്നയുടെയും ബാറ്റിംഗിലെ ഫോം ഇല്ലായ്മ അവരെ അലട്ടുന്നുണ്ട്.
എട്ടു വിജയങ്ങളും ആയി പതിനാറു പോയിന്റോടെ ബാംഗ്ലൂർ മൂന്നാമത് എത്തി. മാക്സ്വെല്ലിന്റെ ബാറ്റിംഗ് മികവും ഹർഷൽ പട്ടേലിന്റെയും ചാഹാലിന്റയും നേതൃത്വത്തിൽ ഉള്ള ബൗളിംഗ് നിരയും ബാംഗ്ലൂരിനു വേണ്ടി മികവ് പുലർത്തുന്നു.
പതിനാലു പോയിന്റുമായി നെറ്റ് റൺ റേറ്റിൽ മുംബൈയെ പിന്തള്ളിയാണ് കൊൽക്കത്ത നാലാം സ്ഥാനക്കാരായി യോഗ്യത നേടിയത്. വെങ്കിടെഷ് അയ്യറും ഗില്ലും അടങ്ങുന്ന യുവ ബാറ്റിംഗ് നിരയും നരയ്ന്റെ നേതൃത്വത്തിൽ ഉള്ള ബൗളിംഗ് നിരയും യുഎയിൽ ഫോമിലേക്ക് ഉയർന്നതാണ് അവരുടെ കരുത്ത്.
കൊൽക്കത്തക്കൊപ്പം പോയിന്റ് നേടിയെങ്കിലും മുൻ ചാമ്പ്യൻമാരായ മുംബൈക്ക് നെറ്റ് റൺ റേറ്റിൽ പുറത്താകാൻ ആയിരുന്നു വിധി. മധ്യനിരയുടെ ബാറ്റിംഗ് പരാജയം അവരെ പിന്നോട്ട് വലിച്ചപ്പോൾ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അവർക്ക്.
ഇത്തവണയും പതിവ് തെറ്റിക്കാതെ പഞ്ചാബ് ആറാം സ്ഥാനക്കാരായി പുറത്തായി. രാഹുലിന്റെ ഒറ്റയാൾ പ്രകടനം മാത്രം എടുത്തു പറയാനുള്ള അവർക്കു മറ്റൊരു സീസൺ കൂടെ പരാജയത്തിന്റെതായി മാറി.
ചെറിയ പ്രതീക്ഷകൾ നൽകിയെങ്കിലും സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ അവസാന രണ്ടുമത്സരങ്ങളിലെ കനത്ത പരാജയത്തോടെ ഏഴാം സ്ഥാനത്തു ആണ് ഫിനിഷ് ചെയ്‌തത്.
പാതിവഴിയിൽ ക്യാപ്റ്റൻ ഡേവിഡ് വർണറേ മാറ്റി വില്ലിംസണെ കൊണ്ട് വന്നെങ്കിലും സൺ റൈസേഴ്സ് ഹൈദരാബാദിനു മൂന്നു വിജയങ്ങളുമായി അവസാന സ്ഥാനത്തായി കയ്പ്പേറിയ ഒരു സീസൺ ആണ് കടന്നു പോയത്. എല്ലാ സീസണും ഒറ്റയ്ക്ക് എന്നപോലെ അവരെ തോളിലേറ്റിയ വർണറുടെ ഫോം ഇല്ലായ്മയും അതിനു ശേഷം അദ്ദേഹത്തിന് അവസരം കൊടുക്കാത്തതും വളരെയധികം ചർച്ചാവിഷയമായി.
ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ 626 പോയിന്റുമായി കെഎൽ രാഹുൽ മുൻപിലാണെങ്കിലും പുറകിൽ നിൽക്കുന്ന ഡ്യൂപ്ലിസിക്കും(546), ധവാനും(544), ഋതുരാജിനും(533), മാക്സ്വെലിനും(498), ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്നുള്ളത് ഇത്തവണത്തെ പോരാട്ടം ശക്തമാക്കുന്നു
പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഹർഷൽ പട്ടേൽ ഏതാണ്ട് 30 വിക്കറ്റുമായി ഒറ്റയ്ക്ക് മുന്പിൽ ആണ്.22 വിക്കെറ്റ് എടുത്ത ആവേശ് ഖാൻ രണ്ടാമതു ഉണ്ടെങ്കിലും മൂന്നും നാലും സ്ഥാനത്തുള്ള ബുമ്രക്കും (21) ഷമിക്കും (19) ഇനി മത്സരങ്ങൾ ഇല്ല താനും.ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കെറ്റ് നേടുന്ന ഇന്ത്യൻ ബൗളർ എന്ന ബുമ്രയുടെ (29) റെക്കോർഡ് പട്ടേൽ പഴങ്കഥയാക്കിയപ്പോൾ ഒരു സീസണിലെ ഏറ്റവും കൂടുതൽ വിക്കെറ്റ് എന്ന ബ്രാവോയുടെ (32) നേട്ടം മറികടക്കാൻ സാധിക്കുമോ എന്ന് കണ്ടറിയാം.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .