നിതിൻ ജോസ്
പതിനാലാം ഐപിൽ യുഎഇയിൽ പുരോഗമിക്കുമ്പോൾ കഴിഞ്ഞ തവണത്തെ പരാജയങ്ങൾക്കു പകരം വീട്ടി ക്വാളിഫയർ റൗണ്ടിലേക്ക് എത്തിയ ആദ്യ ടീം ആയി ചെന്നൈ സൂപ്പർ കിങ്സ് മാറിയപ്പോൾ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തൊട്ടു പിന്നാലെ ക്വാളിഫൈ ചെയ്തു.. നാലാം സ്ഥാനത്തിന് വേണ്ടി ആവേശകരമായ പോരാട്ടം ആണ് നടന്നുകൊണ്ടിരിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് പുറത്താകുന്ന ആദ്യ ടീം ആയപ്പോൾ പഞ്ചാബും പുറത്താകലിന്റെ വക്കിലാണ്.നിലവിൽ ഒരു കളി ബാക്കി നിൽക്കെ 12 പോയിന്റുമായി നാലാം സ്ഥാനത്തു ഉള്ള കൊൽക്കത്തക്കു തന്നെയാണ് ഏറ്റവും സാധ്യത കൂടുതൽ.10 പോയിന്റ് വീതം ഉള്ള രാജസ്ഥാനും മുംബൈക്കും ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിക്കുകയും കൊൽക്കത്ത വിജയിക്കാതിരിക്കുകയും വേണം. റൺറേറ്റും നിർണ്ണായക ഘടകം ആകും എന്ന് ഉറപ്പ്.
ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ കെ എൽ രാഹുൽ 528 റൺസ്സുമായി മുന്നിട്ട് നിൽക്കുമ്പോൾ ചെന്നൈയുടെ യുവഓപ്പണർ ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും തൊട്ടു പിന്നാലെയുണ്ട്. 26 വിക്കറ്റുമായി ഹർഷൽ പട്ടേൽ പർപ്പിൾ ക്യാപ്പ് പോരാട്ടത്തിൽ ഏറെ മുന്നിലാണ്. 21 വിക്കെറ്റ് നേടിയ ആവേശ് ഖാൻ രണ്ടാമതും 18 വിക്കറ്റുമായി മുഹമ്മദ് ഷമി മൂന്നാമതും നിൽക്കുന്നു.
അരങ്ങേറിയ രണ്ടാം മത്സരത്തിൽ തന്നെ അർദ്ധസെഞ്ച്വറി നേടിയ കൊൽക്കത്തയുടെ യുവ ഓപ്പണർ വെങ്കിടേശ് അയ്യർ പഞ്ചാബിനെതിരെ 67 റൺസ് നേടി മികച്ച ഫോം തുടർന്നു പുത്തൻ താരോദയം ആയപ്പോൾ തന്റെ മികച്ച പ്രകടനം തുടർന്ന ഋതുരാജ് ഗെയ്ക്വാദ് ഐപി ൽ പുനരാരംഭിച്ചതിനു ശേഷമുള്ള ആദ്യ സെഞ്ചുറിക്കു ഉടമയായി. ചെന്നൈക്കെതിരെ 19 ബോളിൽ അർദ്ധ സെഞ്ച്വറി നേടിയ യാഷ്സവി ജെയ്സവാളും ഡൽഹിയുടെ പേസർ ആവേശ് ഖാനും ഭാവി വാഗ്ദാനങ്ങൾ ആകുമെന്ന പ്രതീക്ഷയേകുന്നു.
ഈ ഐപിഎൽ അവസാന ഐപിഎൽ ആകുമെന്ന് പ്രതീക്ഷിക്കുന്ന എംഎസ് ധോണിയും ഇത്തവണ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനമൊഴിയും എന്ന് പ്രഖ്യാപിച്ച വിരാട് കോലിയും മികച്ച ഫോമിൽ കളിക്കുന്ന ഡൽഹിയും കപ്പിനു വേണ്ടി പോരാടുമ്പോൾ ഇനിയുള്ള മത്സരങ്ങൾ യുഎഇയിലെ മരുചൂടിൽ തീപാറും എന്ന് ഉറപ്പ്.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം